യോസേഫും മറിയയും മാതാപിതാക്കൾക്ക് ഉദാത്ത മാതൃക

0
787

ലേഖനം

യോസേഫും മറിയയും
മാതാപിതാക്കൾക്ക് ഉദാത്ത മാതൃക

അനീഷ് കൊല്ലംകോട്

ലോകം കണ്ട ഏറ്റവും നല്ല ഭക്തരായ മനുഷ്യരായിരുന്നു യോസേഫും മറിയയും. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട വാർത്ത ദൂതൻ മറിയയെ അറിയിച്ചപ്പോൾ യാതൊരു തടസ്സവും പറയാതെ മറിയ ദൈവീക ആലോചന ശിരസ്സാവഹിച്ചു. അതേസമയം ദൈവ സാനിധ്യം ഇറങ്ങിവസിക്കുന്ന ദൈവാലയത്തിൽ ധൂപം കാട്ടുന്ന സമയത്ത് സെഖര്യാവിനോട്‌ ദൂതൻ ദൈവീക അരുളപ്പാടറിയിക്കുമ്പോൾ പുരോഹിതനായിരുന്നിട്ടു കൂടി ദൈവാലോചനയെ സംശയിക്കുന്ന സാഹചര്യത്തെയും കൂടി കണക്കിലെടുക്കുമ്പോഴാണ് കന്യകയായ മറിയ താൻ ഗർഭവതിയാകുമെന്ന സന്ദേശം ഉൾക്കൊണ്ടതിലെ വിശ്വാസത്തിന്റെ ശ്രേഷ്ഠത മനസിലാക്കാൻ സാധിക്കുകയുള്ളു.

നസ്രേത്തിൽ വച്ച് യോസഫിന്റെയും മറിയയുടെയും വിവാഹ നിശ്ചയം നടന്നുകഴിഞ്ഞതാണ്. യെഹൂദാ പ്രമാണമനുസരിച്ച് വിവാഹ നിശ്‌ചയത്തോടുകൂടി വധൂ വരന്മാർ നീയമപരമായിത്തന്നെ ഭാര്യാഭർത്താക്കൻമാരാകുകയാണ്. എന്നാൽ ഒരു വർഷമെങ്കിലും കഴിഞ്ഞു വരന്റെ പിതാവ് നിശ്‌ചയിക്കുന്ന ദിവസം ഔദ്യോഗികമായി വിവാഹ കർമം നടക്കുന്നതോടുകൂടിയാണ് അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുന്നത്. അതുവരെ വധു അവളുടെ വീട്ടിലും വരൻ തന്റെ പിതാവിന്റെ ഭവനത്തിൽ വിവാഹശേഷമുള്ള തങ്ങളുടെ കുടുംബ ജീവിതത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുമാണ് പതിവ്.

മറിയയെ വിവാഹ നിശ്ചയം ചെയ്‌ത യോസേഫ് ഭാര്യയോടൊപ്പം താമസിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മറിയ ഗർഭവതിയാണെന്ന വാർത്ത യോസഫിന്റെ ചെവിയിലെത്തുന്നത്.
അന്നത്തെകാലത്ത് പ്രത്യേകാൽ യെഹൂദാ മതത്തിൽ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന കാലത്ത് ഏതു നിസാര കാരണം പറഞ്ഞും ഭാര്യയെ ഉപേക്ഷിക്കാൻ ഒരു യെഹൂദന് നിഷ്പ്രയാസം കഴിയുമായിരുന്നു. കറിക്ക് ഉപ്പില്ലെങ്കിൽ, തലമുടി ചീകി കെട്ടിയില്ലെങ്കിൽ, അന്യ പുരുഷനോട് സംസാരിച്ചാൽ, സംസാരം പുരയ്ക്കു മുകളിൽ കേട്ടാൽ..എന്നു തുടങ്ങി ഏതു നിസാരകാര്യവും ഭാര്യയെ ഉപേക്ഷിക്കാൻ ധാരാളമായിരുന്നു.

ഈ സാഹചര്യത്തിൽ മറിയയെ ഉപേക്ഷിക്കാൻ സമൂഹം മുഴുവൻ തനിക്ക് ഒത്താശ നല്കുമെന്നിരിക്കെ
മറിയയെ പരസ്യമായി അപമാനിക്കാതിരിക്കാൻ യോസേഫ്
അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു.യോസഫിന്റെ മാന്യതയാണ് അവിടെ വെളിവാകുന്നത്.

എന്നാൽ മറിയയെ ഏറ്റുകൊള്ളുവാൻ ശങ്കിക്കേണ്ട എന്നും അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത് മാവിലാണെന്നും ദൂതൻ സ്വപ്നത്തിൽ യോസഫിനെ അറിയിച്ചു. ദൂതന്റെ വാക്കുകളെ കേവലം ഒരു സ്വപ്നമായി തള്ളിക്കളയാതെ ദൈവീക ദൂതായിത്തന്നെ ഏറ്റെടുത്ത യോസഫിന് പകരം വെയ്ക്കാൻ പുരുഷാധിപത്യം കൊടി കുത്തിവാണ അക്കാലത്ത് മറ്റാരും തന്നെയുണ്ടാകാൻ സാധ്യതയില്ല എന്നതാണ് സത്യം. ഇവിടെ യോസഫിന്റെ ധീരതയും ലോകം തിരിച്ചറിയുന്നു.

അതേസമയം മറിയയാകട്ടെ, തനിക്ക് സംഭവിക്കാൻ സാധ്യതയുള്ള ലോകാപവാദങ്ങളെപ്പറ്റി ചിന്തിക്കാതെ ദൈവഹിതത്തിനുവേണ്ടി തന്നെത്താൻ അപമാനിക്കപ്പെടാൻ പോലും സന്നദ്ധയായി
ഏൽപ്പിച്ചുകൊടുത്തതിലൂടെ ലോകത്തിലെ സകല സ്ത്രീകളിലും വച്ച് ആദരിക്കപ്പെടേണ്ടവളാണ്.

മറിയയുടെ സുധീരമായ തീരുമാനം മൂലമാകണം സാക്ഷാൽ പുത്രനായ യേശുപോലും മറിയയെ പരസ്യമായി അഭിസംബോധന ചെയ്തത് “സ്ത്രീയേ” എന്നായിരുന്നു.അതാകട്ടെ കേവലം സ്ത്രീലിംഗത്തെ ദ്യോതിപ്പിക്കുന്ന ഒരു പ്രയോഗം എന്നതിലുപരി പിശാചിന്റെ തലതകർക്കുന്ന സന്തതിയുടെ മാതൃത്വത്തിനുള്ള ഔദ്യോഗിക അംഗീകാരം കൂടിയാണ്. ശുശ്രുഷയുടെ ആരംഭത്തിൽ മാത്രമല്ല, മരിക്കുന്നതിന് തൊട്ടുമുൻപ് ഒരിക്കൽക്കൂടി മറിയയുടെ ദൗത്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക നാമം യേശു ഉച്ചരിച്ചു. മറിയയുമായി ബന്ധപ്പെട്ട സ്ത്രീ എന്ന പ്രയോഗം പണ്ഡിതന്മാർക്കിടയിൽ തർക്കവിഷയമാണെങ്കിലും പിശാചിന് ആ പ്രയോഗത്തിന്റെ അർത്ഥം കാര്യമായി തന്നെ മനസിലായി.

കാനാവിലെ വിവാഹ വീട്ടിൽ വച്ചുണ്ടായ മറിയയോടുള്ള യേശുവിന്റെ പ്രതികരണം അത്ര പോസിറ്റീവ് അല്ലായിരുന്നു എന്ന് നമുക്ക് തോന്നാമെങ്കിലും യേശുവിനെ നന്നായി അടുത്തറിഞ്ഞിരുന്ന മറിയയുടെ തൊട്ടടുത്ത പ്രതികരണം നമ്മെ കൂടുതൽ ചിന്തിപ്പിക്കേണ്ടതാണ്.

മറ്റൊരിക്കൽ
അമ്മയും സഹോദരങ്ങളും പുറത്ത് നിൽക്കുന്നു എന്ന് ആരോ യേശുവിനെ അറിയിക്കുമ്പോൾ എന്റെ വചനം കേൾക്കുന്നവരത്രെ എന്റെ അമ്മയും സഹോദരങ്ങളും എന്നുള്ള യേശുവിന്റെ വാക്കുകൾ മറിയയെ ഒരു തരത്തിലും മുഷിപ്പിച്ചതായി നമ്മൾ കാണുന്നില്ല.
പന്ത്രണ്ടാം വയസ്സിൽ യേശു പറഞ്ഞ ചില മാർമിക കാര്യങ്ങൾ മറിയ ഹൃദയത്തിൽ സംഗ്രഹിച്ചു എന്ന് വായിക്കുന്നതിലൂടെ യേശുവിനെപ്പറ്റിയുള്ള മറിയയുടെ അഹംബോധമാണ് വെളിവാകുന്നത്.
ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളും പരിഹരിക്കുവാൻ യേശുവിന് കഴിയുമെന്നും മറ്റുള്ളവരുടെ വിഷയങ്ങൾ പോലും നമുക്ക് യേശുവിന്റെ അടുക്കൽ കൊണ്ടുചെല്ലാമെന്നുമുള്ള ആദ്യപാഠം ലോകത്തിന് നൽകിയതും മറിയയാണ്.

“പിതാവേ എന്റെ ആത്മാവിനെ തൃക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു” എന്ന പ്രാർത്ഥന ഒരു യെഹൂദാ ബാലന് നാലാമത്തെ വയസ്സിൽ അപ്പൻ പഠിപ്പിച്ചു നൽകുന്നതാണ്. മരണ സമയത്ത് യേശു ഈ പ്രാർത്ഥന നടത്തുന്നതിലൂടെ യേശുവിന് പിതാവ് എന്ന നിലയിൽ യോസഫിലൂടെ ലഭിച്ച ആത്മീയ ശിക്ഷണമാണ് വെളിവാകുന്നത്.

12 വയസ്സ് ആകുമ്പോൾ ഭക്തിയുള്ള പിതാക്കന്മാർ മകനെ യെരുശലേമിൽ കൊണ്ടുപോകുമായിരുന്നു.മക്കളെ ആത്മീയ ശിക്ഷണത്തിൽ വളർത്താത്ത പിതാക്കന്മാർക്ക് അതു സാധിക്കുകയില്ല എന്ന് മാത്രമല്ല, കൊണ്ടുപോയാൽ തന്നെ അവർ കുട്ടികളെ പരിശോധിക്കുന്ന ശാസ്ത്രിമാരുടെ മുൻപിൽ അപമാനിതരാകുകയും ചെയ്യും. മക്കളെ ന്യായപ്രമാണം പഠിപ്പിക്കാത്ത
അപ്പനെ ചവറ് എന്ന് എണ്ണണമെന്ന റബ്ബിമാരുടെ താക്കീത് നിലനിൽക്കുന്ന കാലത്ത് യേശുവുമായി പന്ത്രണ്ടാമത്തെ വയസ്സിൽ ദൈവാലയത്തിൽ ചെല്ലുന്ന യോസേഫ് ഒരു മാതൃകാ പിതാവ് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. ശാസ്ത്രിമാർക്ക് യേശു നൽകിയ മറുപടി അവരെ വിസ്മയിപ്പിക്കുന്നതായിരുന്നു എന്ന് നമ്മൾ വായിക്കുമ്പോൾ യേശുവിനെ കരുതലോടെ വളർത്തിയ യോസഫിലെ മാതൃകാ പിതാവിനെയും കൂടി നമ്മൾ കാണണം.

“മകനെ ഒരു തൊഴിൽ എങ്കിലും പഠിപ്പിക്കാത്ത അപ്പൻ മകനെ കള്ളനാക്കുന്നു” എന്നുള്ള റബ്ബിയുടെ ശാസന നിലനിൽക്കുന്ന കാലത്ത് യോസഫിലെ പിതാവ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. സാധാരണ പിതാക്കന്മാർ തങ്ങൾക്കറിയാവുന്ന തൊഴിലാണ് മക്കളെ പഠിപ്പിക്കാറ്. അതിൽ ധനിക ദരിദ്ര വ്യത്യാസമൊന്നുമില്ലായിരുന്നു.
യോസേഫ് യേശുവിനെ ആശാരിപ്പണി പഠിപ്പിച്ചു.യേശുവിനെ ജനങ്ങൾ തച്ചന്റെ മകൻ എന്നു മാത്രമല്ല, തച്ചൻ എന്നും വിളിച്ചിരുന്നു. കേവലം കടമ നിർവഹിക്കൽ എന്നതിലപ്പുറം യേശുവിനെ യോസേഫ് ഒരു സമ്പൂർണ തച്ചനാക്കി മാറ്റിയിരുന്നു. എല്ലാറ്റിലുമുപരി , പന്ത്രണ്ടാം വയസ്സിൽ ദൈവാലയത്തിൽ വച്ച് ” ഞാൻ എന്റെ പിതാവിനുള്ളതിൽ ഇരിക്കേണ്ടത് എന്ന് നിങ്ങൾ അറിയുന്നില്ലയോ’ എന്ന ചോദ്യം യോസഫിന് പിതാവ് എന്ന നിലയിൽ യാതൊരു ബുദ്ധിമുട്ടും ഉളവാക്കിയില്ല എന്നതിലൂടെ യോസഫിലെ ആത്മീയ സ്വഭാവമാണ് വെളിവാകുന്നത്.

ലോകത്തിൽ വച്ച് ഏറ്റവും വലിയ വെല്ലുവിളി ഏറ്റെടുത്തവർ എന്ന നിലയിലും ദരിദ്രരെങ്കിലും യേശുവിന് വളരാൻ നല്ല ഭവനാന്തരീക്ഷം ഒരുക്കിയവർ എന്ന നിലയിലും ലോകത്തിലെ സകല മാതാപിതാക്കൾക്കും ഉത്തമ മാതൃകകളാണ് യോസഫും മറിയയും.
അവരിലൂടെ ക്രിസ്തു വളർന്നു. ക്രിസ്തുവിനെ ഉള്ളിൽ സ്വീകരിക്കുന്നതിൽ മറിയ നൽകുന്ന പാഠവും ക്രിസ്തുവിനെ ലോകത്തിന് സമർപ്പിക്കുന്നതിൽ യോസേഫ് നൽകുന്ന പാഠവും നിസ്സാരമല്ല.

യേശുവിന്റെ ജനനം ആഘോഷമാക്കുന്നവർ….. യേശുവിന് ജനിക്കാൻ ഉപകരണമായി വർത്തിച്ച മറിയയെയും ലോകക്കാരുടെ അഭിപ്രായത്തെക്കാൾ ദൈവീക ആലോചനയെ ശിരസ്സാവഹിച്ച് യേശുവിന് ഭൂമിയിലേക്കുള്ള വഴി ഒരുക്കിയ യോസഫിനെയും നമുക്ക് ഓർക്കാം. യേശുവിന് വഴിയൊരുക്കാൻ വന്ന സാക്ഷാൽ സ്നാപക യോഹന്നാന് പിറകിൽ അണിയറ പ്രവർത്തകരായി വർത്തിച്ച യോസഫും മറിയയും
എക്കാലത്തെയും ഭക്തന്മാർക്ക് വെല്ലുവിളികൾ നിറഞ്ഞ മാതൃകകളാണ്.

ഇന്നും യേശുവിന് ജനഹൃദയങ്ങളിൽ ജന്മമെടുക്കണമെങ്കിൽ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ള യോസഫിനെപ്പോലുള്ള പുരുഷന്മാരും ഏത് അപമാനത്തെയും വകവയ്ക്കാത്ത മറിയയെ പോലുള്ള സ്ത്രീകളും മുന്നോട്ടു വരേണ്ടതുണ്ട്. ക്രിസ്തുവിന്റെ നിന്ദ വലിയ ധനമെന്ന് എണ്ണുവാൻ കഴിയുന്ന ഭക്തന്മാർ യോസഫിനെയും മറിയയെയും പോലെ നമ്മിൽ നിന്നും ഉളവാകട്ടെ!!!

 

LEAVE A REPLY

Please enter your comment!
Please enter your name here