ലഘുലേഖയുടെ സാമൂഹികശാസ്ത്രം

0
380

ലേഖനം

ലഘുലേഖയുടെ സാമൂഹികശാസ്ത്രം

 

നിബു അലക്സാണ്ടർ

വർത്തമാന സമൂഹത്തിൽ പുത്തൻ ചർച്ചകൾക്ക് വഴിമരു ന്നിടുകയും സംവാദങ്ങളുടെ വേറിട്ടതലങ്ങളിലേക്ക് നയിക്കുകയും ചെയ്ത വസ്തുതയാണ് ലഘുലേഖയും അതിന്റെ വിതരണവും. പൊതുവേദികളിലുപരി നവമാധ്യമങ്ങളിൽ ചൂടേറിയചർച്ചകൾക്കും ആശയപോരാട്ടങ്ങൾക്കും ലഘുലേഖ വിവാദം വഴിതെളിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും സഭാ-സമൂഹ-മത വ്യത്യാസമില്ലാതെ അനേകർ രംഗത്തെത്തി. ചരിത്ര യാഥാർഥ്യങ്ങളെ മറച്ചുകൊണ്ട്, സമത്വം/സാഹോദര്യം/മത സൗഹാർര്ദ്ദം തുടങ്ങിയ ആശയങ്ങളുടെ പുകമറ സൃഷ്ടിച്ചു ക്രൈസ്തവദർശനങ്ങൾക്കും പ്രവർത്തനങ്ങൾക്കും തടയിടുക എന്ന നിഗൂഢലക്ഷ്യം ഈ ചർച്ചകൾക്ക് പിന്നിലുണ്ട് എന്നത് യാഥാർത്ഥ്യം. ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവരും വസ്തുതകളെ വളച്ചൊടിച്ചു ഈ ചർച്ചയുടെ/വാർത്താവിശകലനത്തിന്റെ ഭാഗമായി എന്നത് നഗ്നസത്യം. ചില പട്ടത്വസഭാംഗങ്ങൾ പെന്തെക്കോസ്ത് വിശ്വാസികളെയും മിഷനറിമാരെയും അസഭ്യം പറയുവാൻ വീണുകിട്ടിയ അവസരമായിക്കണ്ട് ശരിക്കും മുതലെടുത്തു. ആശയപോരാട്ടങ്ങളും കപടസദാചാര വാദങ്ങളും അതേപോലെ നിൽക്കട്ടെ, എന്താണ് ലഘുലേഖ, അത് മുന്നോട്ട് വയ്ക്കുന്ന ആത്മീയതയും രാഷ്ട്രീയവും സാമൂഹികശാസ്ത്ര കാഴ്ചപ്പാടിൽ വിശകലനം ചെയ്യുകയാണിവിടെ.

ലഘുലേഖ എന്നത് ക്രിസ്തുമതത്തിന്റെ മാത്രം കുത്തകയല്ല. രാഷ്ട്രീയ-മത വിഭാഗങ്ങൾ അവരുടെ ആശയങ്ങളുടെ പ്രചാരത്തിനുവേണ്ടി ഇത്തരം ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവാദം ക്രിസ്ത്യൻലഘുലേഖ ആയതുകൊണ്ട് അതിൽ കേന്ദ്രീകരിച്ചു വിശകലനം നടത്താം. ക്രിസ്തുമത ലഘുലേഖകളിൽ ‘നിങ്ങൾ മതം മാറണം, ഇതര മതങ്ങൾ/വിശ്വാസം മോശമാണ്’ എന്ന് പറയപ്പെടുന്നില്ല. പലപ്പോഴും സാമൂഹിക വിപത്തുകൾക്കെതിരെ ശബ്‌ദിക്കുന്ന ലഘുസന്ദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മദ്യം-മയക്കുമരുന്ന്-പുകയില-ആത്മഹത്യ തുടങ്ങിയ വിപത്തുകളിൽ നിന്ന് മനുഷ്യന് മോചനം നേടുവാനുള്ള സന്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് ക്രൈസ്തവദർശനം. ‘നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന മഹത്തതായ ചിന്താധാര പലപ്പോഴും ക്രൈസ്തവദർശനത്തിന്റെ തലതൊട്ടപ്പന്മാരെന്ന് അറിയെപ്പെടുന്നവർ വിസ്മരിക്കുന്നുവെങ്കിലും, ക്രൈസ്തവദർശനത്തിന്റെ മൂല്യം കാലികപ്രസക്തമാണ്. ലഘുലേഖയിൽ ‘വിഗ്രഹാരാധന തെറ്റാണ്’ എന്ന് പറയുന്നു അത് വർഗ്ഗീയമാണ് എന്ന് ചിലർ ഉന്നയിക്കുന്നു. കേരളസമൂഹത്തിൽ വിഗ്രഹാരാധന തെറ്റാണന്ന് ആദ്യമായി കേട്ടത് ക്രിസ്ത്യൻ ലഘുലേഖയിലൂടെ ആണോ..?
1927 ജൂൺ 14ന് കളവങ്കോടത്തു ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതിന്റെ പിന്നിലെ സന്ദേശം എന്തായിരുന്നു…? ‘നീ തന്നെയാണ് നിന്റെ ഈശ്വരൻ, നിന്നിലാണ് ആത്മാവും ചൈതന്യവും, നീ നിന്നെ തിരിച്ചറിയുക’ എന്ന ആശയത്തിൽ അടിസ്ഥാനമിട്ടു വിഗ്രഹാരാധനക്ക് എതിരെയുള്ള ശക്തമായ താക്കീത് ആയിരുന്നില്ലേ? അപ്പോൾ വിഗ്രഹാരാധനയെ കുറിച്ച് ശബ്ദമുയർത്തിയത് ലഘുലേഖ മാത്രമല്ല.

ലഘുലേഖയുടെ പിന്നിൽ വർഗ്ഗീയ കാഴ്ചപ്പാടുകൾ/അജണ്ട ഉണ്ടെന്ന് ചിലർ ഉന്നയിക്കുന്നു. ഇതരമതങ്ങളെയും സമൂഹങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങൾ നടത്തിയാൽ നടപടി സ്വീകരിക്കുന്ന നിയമസംവിധാനങ്ങൾ ഉള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വർഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ ഉണ്ടങ്കിൽ കോടതിയിൽ ഹാജരാക്കി നിയമനടപടിയിലേക്ക് നീങ്ങിക്കൂടെ..? എന്തിനു വർഗ്ഗീയത എന്ന പുകമറ സൃഷ്ട്ടിച്ച് കപടസദാചാര ബോധത്തിന്റെ നിയമപാലകർ ആകുന്നത്? ലഘുലേഖ നാടിന്റ ക്രമാസമാധാനത്തിന് ഭീക്ഷണിയാണെങ്കിൽ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ ഉണ്ടെങ്കിൽ നാളിതുവരെ ലഘുലേഖ വിതരണം ചെയ്ത മിഷനറിമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാർത്തിയിട്ടുണ്ടോ? ഏറ്റവും അവസാനം കൊടുങ്ങല്ലൂർ സംഭവത്തിൽ ലഘുലേഖ വിതരണം ചെയ്തവർക്കെതിരെയല്ല മറിച്ച് അതിനെ എതിർക്കുകയും മിഷനറിമാരെ മർദിക്കുകയും ചെയ്തവർക്കെതിരെയാണ് പോലീസ് സ്വമേധേയാ കേസ്സ് എടുത്തിരിക്കുന്നതും, ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നതും.

നിങ്ങൾ എന്തിന് ലഘുലേയെ പേടിക്കുന്നു? കൈലേസിന്റെ വലുപ്പമുള്ള ലഘുലേഖ വായിച്ചാൽ തകിടംമറിയുന്നതാണ് നിങ്ങളുടെ ചിന്താധാര/വിശ്വാസമെങ്കിൽ അതിന്റെ ആധികാരികത പുനർചിന്തനത്തിന് വിധേയമാക്കുക. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകുന്ന സ്വാതന്ത്ര്യവും അവകാശവുമാണ് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള മതസ്വാതന്ത്ര്യം എന്നത്. നിങ്ങൾക്കും ലഘുലേഖക്ക് എതിരെ മറ്റൊരു വിയോജനകുറിപ്പ് പ്രസിദ്ധീകരിക്കാം. അതുപോലെ തുറന്ന ചർച്ചകൾ/സംവാദങ്ങൾ സംഘടിപ്പിക്കാം, ആശയത്തെ ആശയപരമായി നേരിടുവാനുള്ള മനസികാവളർച്ച പ്രാപിക്കാൻ തയ്യാറാകണം. എന്ത് എഴുതണം, എന്ത് വായിക്കേണം എന്ന് തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ കടന്നാക്രമണം നടത്തുന്ന ഫാസിസ്റ്റ് നീക്കങ്ങൾ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുകൾ വർഗ്ഗീയചിന്തയുടെ മറ്റൊരു മുഖമാണ്. പലപ്പോഴും നവമാധ്യമങ്ങളിൽ ഇത്തരംവിഷയങ്ങൾ അപക്വമായി ചർച്ചചെയ്യുകയും, മുഖപുസ്തകത്തിലെ മുഖം മറച്ചവർ(fake id) വർഗ്ഗീയമായി ഇത്തരംവിഷയങ്ങളെ ചിത്രീകരിക്കുകയും ചെയ്തുവെന്നത് യാഥാർത്ഥ്യം. നമ്മുടെ നാട്ടിൻപുറങ്ങളിൽ ക്രൈസ്തവഫിലിം പ്രദർശനം (ജീസസ്, മിശിഹാചരിത്രം, കത്തുന്ന നരകം) നടത്തുമ്പോൾ വേണ്ട ക്രമീകരങ്ങൾ ചെയ്തിരുന്നത് ജാതി-മത ഭേദമെന്യേ എല്ലാവരും ചേർന്നായിരുന്നു. ജാതിയും മതവും നോക്കാതെ ആഘോഷപിരിവുകളും നിർമ്മാണപിരിവുകളും എല്ലാവരും നൽകുന്ന നാടാണ് നമ്മുടെ കേരളം. അത്തരം സംസ്‌കാരമുള്ള ഈ നാട്ടിൽ വർഗ്ഗീയത പ്രചരിപ്പിക്കുന്നവരുടെ സ്വാർത്ഥതാല്പര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയുക.

കേരള സാമൂഹിക നിർമിതിയിൽ ലഘുലേഖകൾക്ക് വളരെ പ്രാധാന്യം ഉണ്ട്, ക്രൈസ്തവ ലഘുലേഖകൾ മാത്രമല്ല രാഷ്ട്രീയ ലഘുലേഖകളും ഇതിൽ ഉൾപ്പെടുന്നു. സാമൂഹികജീർണതകൾക്കും തിന്മകൾക്കും എതിരെ ശബ്‌ദിച്ച അക്ഷരക്കൂട്ടങ്ങളാണ് ലഘുലേഖകൾ. പ്രത്യേകിച്ചും ക്രൈസ്തവ ലഘുലേഖയിൽ മുന്നിട്ടുനിന്ന ആശയങ്ങളായ മദ്യം-മയക്കുമരുന്നിന്റെ ദൂഷ്യങ്ങൾ, ആത്മഹത്യപ്രേരണക്ക് എതിരെയുള്ള സന്ദേശങ്ങൾ, ഓരോ ഹൃദയത്തെയും സ്നേഹിക്കുന്ന ഈശ്വരചൈതന്യമുണ്ട് എന്ന സന്ദേശം. ഇത്തരം ലഘുലേഖകൾ അനേകരുടെ ജീവിതത്തിനു മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു ഉറപ്പിച്ചവർക്കു യാദൃശ്ചികമായി കിട്ടിയ ലഘുലേഖ വായിച്ചിട്ട് മനംമാറ്റം സംഭവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുണ്ട്.
കേരളത്തിലെ സാധാരണക്കാരന്റെ വായനാസംസ്ക്കാരത്തെ പരിപോഷിക്കുവാൻ ഇത്തരം ലഘുലേഖകൾക്ക്(മത-രാഷ്ട്രീയ) കഴിഞ്ഞിട്ടുണ്ട്. മിഷനറി ആഗമന ചരിത്രരേഖകളിൽ ലഘുലേഖകളുടെ പ്രാധാന്യം മനസിലാക്കാൻ സാധിക്കും. ‘പിന്മഴ, അർദ്ധരാത്രിയിലെ ആർപ്പുവിളി’ എന്നീ പേരുകളിൽ പെന്തെക്കോസ്ത് മുന്നേറ്റത്തിന്റെ ആരംഭ നാളുകളിൽ പുറത്തിറക്കിയ ലഘുലേഖകൾ ആയിരുന്നു. അക്കാലത്ത് ദേശ-ജാതി അടിസ്ഥാനത്തിൽ ഭാഷാപ്രയോഗം വ്യതാസപ്പെട്ടിരുന്നു. അച്ചടിഭാഷാപ്രയോഗം വായിച്ചും കേട്ടും മനസിലാക്കിയതിന്റെ ഭാഗമായി ഭാഷയെ ഏകോപിപ്പിക്കുന്നതിൽ ഇത്തരം ലഘുലേഖകളുടെ സാനിധ്യം ശ്രദ്ധേയമാണ്. അതുപോലെ 1990കളിൽ സജീവമായ സാക്ഷരത മിഷന്റെ പ്രവർത്തനഫലമായി അക്ഷരാഭ്യാസം ഇല്ലാത്ത സാധാരണ ജനങ്ങൾക്ക്‌ അക്ഷരാഭ്യാസം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. വായനാലോകത്തേക്കു കടന്നുവന്ന സാധാരണക്കാർക്ക് വലിയപുസ്തകങ്ങൾ(നോവലുകൾ/കഥകൾ) വായിക്കുവാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇവരുടെ വായനയുടെ ആദ്യപടിയെന്നത് ഇത്തരം ലഘുലേഖകൾ, നാടൻപാട്ടുകൾ അടങ്ങിയ പുസ്തകങ്ങൾ, ബൈബിൾ വാക്യങ്ങൾ തുടങ്ങിയവയാണ്. ലഘുലേഖകളിൽ ക്രൈസ്തവ ലഘുലേഖകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ലഘുലേഖകളും ഉൾപ്പെട്ടിരുന്നു.
‘ചെറിയ തുണ്ടുപേപ്പർ ആകുമ്പോൾ പെട്ടന്ന് വായിച്ചുതീരാമെല്ലോ, അതുപോലെ പണിക്കുപോകുന്നിടത്തു കൊണ്ടുപോകുകയും ചെയ്യാം’-ഇത്തരം അനുഭവങ്ങൾ തിരിച്ചറിഞ്ഞത് ഗവേഷണവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ നിന്നാണ്. ഇത്തരം ചെറിയ പേപ്പർ തുണ്ടുകൾ വായിച്ചുതുടങ്ങിയവർ പിൽക്കാലത്ത് ‘വായനാശീലം’ അവരുടെ ജീവിതത്തിന്റെ ഭാഗമായിമാറി. ഇതിൽകൂടി വായനാശീലം മാത്രമല്ല മനുഷ്യൻ എങ്ങനെ നല്ലൊരു സാമൂഹികജീവി ആയിരിക്കണമെന്നുള്ള ആശയങ്ങൾകൂടി സംവദിക്കുവാൻ ഈ ലഘുലേഖകൾക്ക് കഴിഞ്ഞു. ഇത്തരം ചിന്തകളും കേരളത്തിന്റെ സാമൂഹിക ചരിത്ര(Social History) രൂപീകരണത്തിന് വഴിമരുന്നിട്ടു. ചരിത്രരചനകൾ പലപ്പോഴും മുഖ്യധാരയെ കേന്ദ്രീകരിച്ചും വാഴ്ത്തിപ്പാടലും ആയിരുന്നതുകൊണ്ട് സാധാരണക്കാരന്റെ മനോമണ്ഡലത്തെയും ജീവിതസാഹചര്യങ്ങളെയും അവർക്ക് വന്ന മാറ്റങ്ങളെയും അപഗ്രഥിക്കുവാൻ തയ്യാറായില്ല. പിൽക്കാല ചരിത്രപഠിതാക്കൾ/ഗവേഷകർ ഇത്തരം യാഥാർഥ്യങ്ങളെ പഠനവിഷയമാക്കിയപ്പോഴാണ് പ്രസ്തുത ജീവിതാനുഭവങ്ങൾ നമ്മുടെ സാമൂഹികഘടനാരൂപീകരണത്തിൽ എത്രത്തോളം പങ്കുണ്ടന്ന് പൊതുസമൂഹവും അക്കാദമികലോകവും അറിഞ്ഞത്. എന്നാൽ ചിലർ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച്, നവമാധ്യമങ്ങളെ കൂട്ടുപിടിച്ച് ‘വർഗ്ഗീയത’ എന്ന മുഖമുദ്ര ചാർത്തപ്പെടുവാൻ വ്യഗ്രതകാട്ടുമ്പോൾ യാഥാർത്ഥ്യങ്ങൾ നാം തിരിച്ചറിയണം. ചരിത്രത്തെ വളച്ചൊടിക്കുന്ന വർത്തമാനകാല ഭരണകൂടനിർമിതിയിൽ തളർന്നുപോകാതെ ക്രൈസ്തവമൂല്യങ്ങൾ നാടിന്റ സാമൂഹികനിർമിതിയിൽ/പൊതുഘടനയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് വസ്തുതാപരമായി സംവദിക്കുവാൻ നമുക്ക് കഴിയണം. ചരിത്ര യാഥാർത്ഥ്യങ്ങൾ വരുംതലമുറക്ക് കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ പറഞ്ഞുകൊടുക്കുക.

ലഘുലേഖകൾ കാലഹരണപ്പെട്ട ആശയസംവാദ മാധ്യമമാണ്, നവമാധ്യമങ്ങളിലേക്ക് വഴിമാറണം എന്ന് അഭിപ്രായപെടുമ്പോൾ ചില തിരിച്ചറിവുകൾ അനിവാര്യമാണ്, ആൻഡ്രോയിഡ് സംസ്കാരം അരങ്ങുതകർക്കുമ്പോഴും ‘കീ-പാഡ്'(keypad) മൊബൈൽഫോൺ ഉപയോഗിക്കുന്നവരും മൊബൈൽഫോൺ ഉപയോഗിക്കുവാൻ അറിയാത്തവരുമായ വ്യക്തികൾ നമ്മുടെ പൊതുസമൂഹത്തിലുണ്ട്, അവിടേക്കു ഇത്തരം മാധ്യമങ്ങളാണ് ഉത്തമം. നമുക്ക് അച്ചടി മാധ്യമങ്ങളിൽ നിന്ന് ഇ-വായനയിലേക്ക് (e-reading) പെട്ടന്ന് മാറുവാൻ സാധിക്കില്ല. ഇവരണ്ടിന്റെയും വായനതലങ്ങൾ വ്യത്യസ്തതപുലർത്തുന്നതുകൊണ്ട്, ഒരു കാലഘട്ടംവരെയെങ്കിലും അച്ചടിമാധ്യമങ്ങളെയും പിന്തുണക്കണം. നവമാധ്യമങ്ങൾക്കു വിലക്കുകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു, വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും തുടങ്ങുവാൻ ഗവണ്മെന്റിന്റെ മുൻകൂട്ടി അനുവാദം വേണമെന്നുള്ള ചട്ടങ്ങൾ ചില സംസ്ഥാനത്ത് താൽക്കാലികമായി നിലവിൽവന്നു. നവമാധ്യമങ്ങൾ എത്രത്തോളം ആശയപ്രചാരണത്തിന് സാധ്യമാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉത്തരാധുനിക കാലഘട്ടത്തിൽ അച്ചടിമാധ്യമങ്ങളെയും നവമാധ്യമങ്ങളെയും ഒരുപോലെ ഉപയോഗിക്കുക.

ചരിത്രത്തെ വളച്ചൊടിച്ചു ആശയപ്രചാരണത്തിന് തടസ്സം സൃഷ്ട്ടിക്കുന്ന സ്രോതസ്സുകളെ തിരിച്ചറിയുക. പക്വമായ ഇടപെടലുകൾകൊണ്ടും ആശയസംവാദങ്ങൾകൊണ്ടും നാടിന്റെ സാഹോദര്യം നിലനിർത്തുവാനും, ഭരണഘടന നൽകുന്ന അവകാശങ്ങൾ മനസിലാക്കി പ്രവർത്തിക്കുവാനും കഴിയട്ടെ. കൂട്ടായ്മകളിൽ ചരിത്രയാഥാർഥ്യങ്ങൾ തലമുറകൾക്ക് പകർന്നുകൊടുക്കാം.
ക്രൈസ്തവ ലഘുലേഖകൾ വർഗ്ഗീയമല്ല, അത് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ചിന്തകൾക്ക് പുത്തനുണർവ്വ് പ്രധാനംചെയ്യുന്ന അക്ഷരക്കൂട്ടങ്ങളാണ്. അക്ഷരങ്ങളെ ഭയന്ന് അവയെ തകർക്കാൻ ശ്രമിച്ചാൽ, ഒരായിരം അക്ഷരക്കൂട്ടങ്ങൾ ഒന്നിച്ചുചേർന്നു ഒരു ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരും, അവ പലസാമ്പ്രദായിക രീതികളെ ചോദ്യം ചെയ്യുമെന്നത് ചരിത്രയാഥാർത്ഥ്യം.

-Matrimony-

Pentecostal parents invite proposal for their daughter (27/163cm) born again, Spirit filled, fair, slim, well settled (MBBS, MD) seeking alliance from pentecostal doctors (MBBS, MD) Ph: 9496192532

For more Ads click here

Pentecostal family settled in Bhopal, invites marriage proposal for their youngest son (29/5'9") M Tech, currently working in a Christian NGO, from parents of God fearing, Spirit filled and educated girls. If God leads, contact along with photograph.
Ph: +91 9747699473
e-mail id: god.leadeth.you@gmail.com

For more Ads click here
SHARE
Previous articleGN online07
Next articleGN online09