കൗമാരമനസ്സുകൾ അക്രമാസക്തമാകുന്നതെന്തുകൊണ്ട്‌? അറിഞ്ഞിരിക്കണ്ട ചില അനിവാര്യമായ കാര്യങ്ങൾ!

0
1706

ലേഖനം

 കൗമാരമനസ്സുകൾ അക്രമാസാക്തമാ കുന്നതെന്തുകൊണ്ട്‌? അറിഞ്ഞിരിക്കണ്ട ചില അനിവാര്യമായ കാര്യങ്ങൾ!

പ്രിയ വെസ്ളി ഡാളസ്

ഒരു പെൺകുട്ടിയെ പ്രേമം നിരസിച്ചതിന്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച പതിനെട്ടുകാരന്റെ മാനസിക അവസ്ഥ അവൻ എങ്ങനെ കൈവരിച്ചു? പ്രണയമാണിവിടുത്തെ പ്രമേയമെങ്കിലും ഇത്തരം അക്രമാസക്തി ഏതുതരം ബന്ധങ്ങളിലുമുണ്ടാവാം. വെറും പതിനെട്ടോ പത്തൊൻപതോ വയസ്സിൽ ഇങ്ങനെ ആയിത്തീരുന്നതെന്തുകൊണ്ടന്നുള്ളത്‌ ചിന്തനീയമാണു കാരണം പഠനത്തിനൊ ജോലിക്കോ ആയി ഈ കുട്ടികൾ വീടുവിട്ടു സ്ഥിരമായി എങ്ങും പോയിട്ടുപോലുമില്ല. ഭാഗികമായി പകൽസമയങ്ങളിൽ മാത്രം ഭവനങ്ങളിൽ നിന്നും ഇറങ്ങിപ്പോകുന്ന നമ്മുടെ കുട്ടികൾക്കെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?ഒരു ദിവസംകൊണ്ട്‌ പെട്ടെന്നുണ്ടായ ഒരു തീരുമാനമാണെങ്കിലും അയാളുടെ വ്യക്തിത്വത്തെ ഈ സ്ഥിതിയിലേക്ക്‌ നയിച്ച അനേകം ഘടകങ്ങളുണ്ട്‌. പെട്ടെന്നുണ്ടാകുന്ന ഒരു പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ എല്ലാം ശരീരത്തിൽ ഒരു ‘അഡ്രിനാലിൻ റഷ്‌ ‘ ഉണ്ടാവും. എങ്കിലും ഒരേ സാഹചര്യത്തെ വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതികളിലാണു നേരിടുന്നത്‌. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതും മതവൽക്കരിക്കുന്നതും അപ്പാടെ കുറ്റം വിധിക്കുന്നതും മാനുഷികമാണു. കൊലപാതകശ്രമം ഏതു പ്രായത്തിൽ ആരു ചെയ്താലും അതു കുറ്റകരം തന്നെയാണു. ഒരു മനുഷ്യന്റെ എല്ലാ ചെയ്തികളും നാളുകൾ കൊണ്ട്‌ ഉണ്ടാക്കിയെടുക്കപ്പെടുന്ന സ്വഭാവരൂപീകരണത്തിന്റെ ഭാഗമാണു. അവനോ അവളോ വളർന്നു വരുന്ന എല്ലാ സാഹചര്യങ്ങളും ചുറ്റുപാടുകളും അവരുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. നല്ല മാതാപിതാക്കളിൽ നന്നായി വളർത്തപ്പെട്ടാലും ചില സാഹചര്യങ്ങളാണു കുട്ടികളെയും മുതിർന്നവരെയും നല്ലതും ചീത്തയുമാക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചാണു അവരുടെ പിന്നീടുള്ള ജീവിതം നിയന്ത്രിക്കപ്പെടുന്നത്‌.

ക്രിമിനൽ മൈൻഡുള്ളവർ എല്ലാത്തരം ഷേപ്പിലും നിറത്തിലും പ്രായത്തിലുമുള്ളവരാകാമെന്നാണു പഠനങ്ങൾ പറയുന്നത്‌. തലച്ചോറിനകത്തുള്ള ‘അമിഗ്ഡല’ എന്നൊരു ആൽമൻഡ്‌ ഷേപ്പിലുള്ള ന്യൂറോൺസാണു നമ്മുടെ ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുന്നത്‌. ക്രിമിനൽ മൈൻഡ്‌ ഉള്ളവരിൽ ഇതിന്റെ വലിപ്പവും പ്രവർത്തനക്ഷമതയും കുറഞ്ഞ അളവിൽ കാണപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അമിഗ്ഡലയുടെ കുറവ്‌ മൂന്നാം വയസ്സിൽ കണ്ടുപിടിച്ചാൽ ഇരുപത്തിമൂന്നാം വയസ്സിൽ ആ വ്യക്തി ഒരു ക്രൈം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഠനം തെളിയിക്കുന്നു. ACC എന്നു പേരായ തലച്ചോറിലുള്ള മറ്റൊരു ഘടകത്തിന്റെ കുറവുമൂലവും സ്വഭാവനിയന്ത്രണത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു.  ഇത്തരം പ്രവണതകൾ തടയാൻ നമുക്ക്‌ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌.

മൂന്നാം വയസ്‌ മുതൽ പോഷകാംശങ്ങളടങ്ങിയ ക്രമീകൃതാഹാരം, വ്യായാമം, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന, മനസ്സിനെ ഏകാഗ്രമാക്കുന്ന നല്ലതരം വ്യായാമങ്ങൾ/ഗൈംസ്‌ ഇവയൊക്കെ ചെയ്ത കുട്ടികളിൽ 23 വയസ്സായപ്പോളുള്ള ക്രിമിനൽ പ്രവണത ഇവയൊന്നും കിട്ടാതിരുന്ന കുട്ടികളേക്കാൾ 34 ശതമാനം കുറവുണ്ടെന്ന് കണ്ടതായി റിപ്പോർട്ടുകളുണ്ട്‌.

എന്റെ സ്വന്തം അനുഭവത്തിൽ നിന്നു  പറയട്ടെ; കൊല്ലാനും മരിക്കാനും ചിലരെയൊക്കെ ഇല്ലാതാക്കാനുമൊക്കെ മനസ്സിൽ തോന്നിയ നിമിഷങ്ങളുണ്ട്‌. പെട്ടെന്നുണ്ടാകുന്ന ഇത്തരം ചിന്തകളെ നമ്മൾ ഏതു രീതിയിൽ വികസിപ്പിച്ചെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പിന്നീടുള്ള കാര്യങ്ങളുടെ ഗതി. അവിടെയാണു നമ്മൾ നമ്മുടെ മാനസിക ആരോഗ്യത്തിനനുസരിച്ചുള്ള പ്രതികരണശേഷി കാണിച്ചുതുടങ്ങുന്നത്‌. അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതലുള്ള എല്ലാ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഒരു കുട്ടിയുടെ വ്യക്തിത്ത്വ രൂപീകരണത്തിനു സുപ്രധാന പങ്ക്‌ വഹിക്കുന്നു. ചെറുപ്രായത്തിൽ പരീക്ഷക്ക്‌ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല എനിക്ക്‌. എന്നാൽ കൂട്ടത്തിൽ പിടിക്കപ്പെട്ട കുട്ടി ആദ്യം പറഞ്ഞത്‌ താൻ ചത്തുകളയുമെന്നായിരുന്നു. കോപ്പിയടിച്ചത്‌ ശരി എന്നത് കൊണ്ടല്ല പക്ഷേ അതൊന്നും മരിക്കാനുള്ള കാരണമായി തോന്നത്തക്കവിധം മനസ്‌ വികലമായി പോകാഞ്ഞതുകൊണ്ടാണു അങ്ങനൊന്നും തോന്നാതിരുന്നത്‌. പ്രാർത്ഥിക്കുന്ന മാത്രമല്ല എന്തും എപ്പോഴും തുറന്ന് സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു അപ്പനെയാണു അത്തരം സാഹചര്യങ്ങളിൽ ആദ്യം ഓർമ്മ വരാറുണ്ടായിരുന്നത്‌. മാതാപിതാക്കൾ കുട്ടികൾക്ക്‌ സുഹൃത്തുക്കളെപ്പോലെയാണെങ്കിൽ അവർ എന്തും നമ്മോട്‌ തുറന്ന് പറയും. ടീനേജ്‌ കുട്ടികളെ ആ പ്രായത്തിൽ കിട്ടാൻ ബുദ്ധിമുട്ടാണെ ങ്കിലും പെൺകുട്ടികൾ കൂടുതലും അപ്പന്മാരോടും ആൺകുട്ടികൾ അമ്മമാരോടുമാണു അടുപ്പം കൂടുതൽ കാണിക്കുന്നതായി കണ്ടുവരുന്നത്‌. അങ്ങനെ ഒരാൾക്കെങ്കിലും അവരെ ആ പ്രായത്തിൽ സ്വാധീനിക്കാൻ സാധിക്കുമെങ്കിൽ അവരുടെ മനസ്സിലുള്ള കാര്യങ്ങൾ പിടിച്ചെടുക്കാനും കഴിയും. അങ്ങനെയൊരു അടുപ്പം ദിവസവും സൂക്ഷിക്കാൻ സാധിച്ചാൽ അവരിൽ സംഭവിക്കുന്ന ചെറിയ മാറ്റം പോലും കണ്ടുപിടിക്കാൻ ഒരു പരിധിവരെ കഴിയും.

 നാം വിശ്വസിക്കുന്ന ദൈവത്തെ മക്കളും മുറുകെ പിടിക്കുന്നുണ്ടെന്നുറപ്പു വരുത്തുക. സോഷ്യൽ മീഡിയായുടെ അതിപ്രസരം മുതിർന്നവരെപ്പോലും വഴിതെറ്റിക്കുമ്പോൾ കുട്ടികൾക്ക്‌ കഴിവതും നിയന്ത്രണമേർപ്പെടുത്തുക. കുട്ടികളുടെ കൂട്ടുകാർ ആരാണെന്നും ആരുമായാണു അവരുടെ നിരന്തരമുള്ള കൂട്ടുകെട്ടെന്നും മനസ്സിലാക്കുക. നല്ല കൂട്ടുകാരുടെ സ്വാധീനം നല്ല മനസ്സുകളെ ഊട്ടിയുറപ്പിക്കുന്നതുപോലെതന്നെ ചീത്ത കൂട്ടു കെട്ടുകൾ ചീത്ത്‌ സ്വഭാവങ്ങളെയും വളർത്തും. ഇത്രയുമൊക്കെ ചെയ്തിട്ടും സംഭവിക്കുന്നതൊക്കെ ഒരുപക്ഷേ നമ്മുടെ ആരുടെയും നിയന്ത്രണത്തിൽ പെടാതെ തെന്നിയൊഴിഞ്ഞു പോയ സ്വഭാവ വികലതകളുടെ പ്രകടനങ്ങളാവാം. ഇത്തരം സംഭവങ്ങൾ സമൂഹ മനസ്സാക്ഷിയെത്തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണല്ലൊ. നമ്മുടെ കുട്ടികൾക്കിതൊന്നും ഒരു പ്രചോദനമായി മാറരുത്‌. ഇത്തരം ദാരുണ സംഭവങ്ങൾ ഇനിയും ഭാവിയിൽ ഒഴിവാക്കപ്പെടേണ്ടത്‌ അത്യാവശ്യമാണു. സ്കൂളുകളിൽ കുട്ടികളുടെ അകാഡമിക്‌ പുരോഗമനത്തോടൊപ്പം സ്വഭാവത്തെപ്പറ്റിയും കൂടെക്കൂടെ അറിയുന്നതിനൂ അധ്യാപകരും മാതാപിതാക്കളുമായുള്ള കൂടികാഴ്ച്ചകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക. സ്കൂളുകളിലും കോളേജുകളിലുമൊക്കെ സൈക്കോളജിസ്റ്റുകളെയും കൗൺസിലർമാരെയും വോളന്റിയർമാരെയുമൊക്കെ ആവശ്യത്തിനു നിയമിക്കേണ്ടത്‌ പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ നമ്മുടെ രാജ്യത്തും അത്യന്താപേക്ഷിതമാണ്.  ഇങ്ങനെ ഇരയായ കുട്ടികളുടെ കൂട്ടുകാരും സമപ്രായക്കാരും ഇതിന്റെ പ്രത്യാഘാതമെന്നോണം ദീർഘ കാലത്തേക്ക്‌ മാനസികരോഗികളാവാനുള്ള സാധ്യതകളേറെയാണു. അതുകൊണ്ട്‌ ഇത്തരം പ്രവണതകളെ അപലപിക്കുന്നത്‌ തെറ്റല്ലെങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്കൊ വേണ്ടപ്പെട്ടവർക്കോ ഉണ്ടാവാതിരിക്കാൻ നമ്മാലാവത്‌ ചെയ്യുവാൻ ശ്രമിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here