പശ്ചിമ ബംഗാളില്‍ ഭവന പ്രാര്‍ത്ഥനയ്ക്കിടയിൽ സുവിശേഷ വിരോധികളുടെ ആക്രമണം

0
1625

ചാക്കോ കെ തോമസ് ബാംഗ്ലൂർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഞ്ച് ഗച്ചിയ ഗ്രാമത്തില്‍ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ക്രൈസ്തവ വിശ്വാസികൾക്ക് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം. പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കിയ ഫുള്‍ ഗോസ്പല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പാസ്റ്റര്‍ ആനന്ദ് ഹരി ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. പാസ്റ്റര്‍ ആനന്ദ് ഹരിക്ക് പുറമേ 8 സ്ത്രീകളും, 2 കുട്ടികളുമാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 20 ബുധനാഴ്ച ബര്‍ധമാന്‍ ജില്ലയിലെ പാഞ്ച് ഗച്ചിയായില്‍ വൈകിട്ട് 7 മണിയോടെയായിരുന്നു ആക്രമണം. സ്ത്രീകളും ആക്രമണത്തിനിരയായെന്നാണ് ഇന്ത്യയിലെ മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന പേഴ്സെക്ക്യൂഷന്‍ റിലീഫ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബ്രദർ.ഷിബു തോമസ്‌ പറഞ്ഞത്. പ്രാര്‍ത്ഥനായോഗം ആരംഭിച്ച് 15-20 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ 20 പേര്‍ അടങ്ങുന്ന ആക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും പ്രാർഥനയിൽ പങ്കെടുത്തിരുന്നവരെ അകാരണമായി ആക്രമിക്കുകയായിരുന്നു. മുഷ്ടികൊണ്ടും വടികൊണ്ടുമായിരുന്നു ആക്രമണം.
മുറിവേറ്റവരെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ടാണ് അക്രമികള്‍ പോയത്. സംഭവമറിഞ്ഞ് ആളുകള്‍ എത്തിയതിനു ശേഷമാണ് പരുക്കേറ്റ പാസ്റ്ററെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗികള്‍ക്കും, സ്വന്തം കുടുംബത്തിനും, രാഷ്ട്രത്തിനും, രാഷ്ട്രീയക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റാണോ എന്നാണ് ബ്രദർ. ഷിബു തോമസ്‌ ചോദിക്കുന്നു. അതേസമയം ഇന്ത്യന്‍ ഭരണഘടന മത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്വകാര്യ ഭവനങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് പോലും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ ആശങ്കാകുലരാണ് പ്രദേശവാസികള്‍.
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പാസ്റ്ററിനെയും സഹവിശ്വാസികളെയും പൂർണ വിടുതൽ ലഭിക്കേണ്ടതിനും സമാധാന അന്തരീക്ഷം ഉണ്ടാകേണ്ടതിനും ഏവരും പ്രാർഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here