BusinessContentFeatured ArticleWorld

എൺപതുകളിലും ജ്വലിക്കുന്ന സുവിശേഷാഗ്നിയുമായി പാസ്റ്റർ വി. എ. തമ്പി

തയ്യാറാക്കിയത്
സന്ദീപ് വിളമ്പുകണ്ടം

പ്രായത്തിന്റെ ക്ഷീണമേൽക്കാത്ത ശബ്ദം, ഹൃദയത്തിൽ കത്തുന്ന സുവിശേഷാത്മാവ് നിഴലിക്കുന്ന മുഖം, സംഭാഷണത്തിലുടനീളം സുവിശേഷാഹ്വാനവും സഭ സ്ഥാപിക്കലും, ആകർഷകമായ ഇടപെടൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പിയുമായി ചെലവഴിച്ച സമയം എം. സി. കുര്യൻ സാറിനും എനിക്കും പുതിയ അനുഭവമായിരുന്നു.

1960 കളിൽ തകര മെഗാഫോണിലൂടെ സുവിശേഷം വിളിച്ചുപറഞ്ഞു തുടങ്ങിയ തമ്പിച്ചായൻ ഇന്നും നിരവധി രാജ്യങ്ങളിൽ യാത്രചെയ്തു സുവിശേഷത്തിന്റെ കുഴലൂത്തുകാരനാണ്. 81 പിന്നിട്ട അദ്ദേഹം ദൈവത്തോടൊപ്പം നടന്ന  62 വർഷങ്ങൾ ഓർത്തെടുത്തപ്പോൾ ദൈവത്തെ സ്തുതിക്കാൻ സംഭവങ്ങൾ നിരവധിയാണ്. ക്രിസ്തീയ ജീവിതത്തിൽ അദ്ദേഹം തരണംചെയ്ത  പ്രതിസന്ധികളും, എണ്ണിയാൽ തീരാത്ത അത്ഭുതങ്ങളും വിവരിക്കുന്നതു കേട്ടപ്പോൾ ഞങ്ങൾക്കു ദൈവത്തെ മഹത്ത്വപ്പെടുത്താതിരിക്കാൻ കഴിഞ്ഞില്ല.

1941 ഏപ്രിൽ ഒൻപതിനു കുട്ടനാട്ടിൽ നീലംപേരൂർ എന്ന ഗ്രാമത്തിൽ മഞ്ഞപ്പള്ളത്ര വീട്ടിൽ ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വീട്ടിലും വിദ്യാലയത്തിലും തലവേദനയായിരുന്ന താൻ നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. പത്താം ക്ലാസ്സിൽ പരീക്ഷപോലും എഴുതാൻ സമ്മതിക്കാതെ സ്കൂൾ മേധാവി പുറത്താക്കി.

പിന്നീട് വടക്കൻ മലബാറിൽ റബ്ബർ പ്ലാറ്റേഷനിൽ സൂപ്പർവൈസറായത് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1960 ഡിസംബർ 23നു “ഇന്ന് നീ മരിച്ചാൽ നിന്റെ നിത്യത എവിടെയാകും?” എന്ന് ജോലിസ്ഥലത്തു സന്ദർശിച്ച സി.എസ്.ഐ ഉപദേശി കെ. പി. ജോസഫിന്റെ ചോദ്യം അദ്ദേഹത്തെ അലട്ടി. ആദ്യം കുപിതനായി ഉപദേശിയെ ഓടിച്ചെങ്കിലും പിന്നീട് ചോദ്യത്തിന് മറുപടിയ്ക്കായി ഉപദേശിയുടെ വീട്ടിലെത്തി സംവാദിച്ചു. അവസാനം യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു.

ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ തമ്പിക്കു വട്ടാണെന്നു പലരും ചിന്തിച്ചു. സുവിശേഷമറിയിക്കാനുള്ള വിളി ഹദയത്തിൽ ഉയർന്നു. ജോലി രാജിവെച്ചാൽ എങ്ങനെ ജീവിക്കും എന്നോർത്തു ഒരു വർഷം വരെ അവിടെ തുടർന്നു. മാർത്ത എന്ന സാധുവായ സ്ത്രീയിലൂടെ ദൈവാത്മാവ് ശക്തമായി പ്രവചനം അറിയിച്ചതിനാൽ മനസാന്തരസന്ദേശവുമായി ജോലി വിട്ടു വീട്ടിലേക്കു തിരിച്ചു.

മകന്റെ മാനസാന്തരവാർത്ത വീട്ടിൽ അസ്വസ്ഥത ഉണ്ടാക്കി. മകൻ നാട്ടിലെല്ലാം യേശു രക്ഷിക്കുമെന്നൊക്കെ വിളിച്ചു പറയാൻ തുടങ്ങിയതറിഞ്ഞ്ത് അമ്മ കലിതുള്ളി! പെന്തെക്കോസ്തുകാർ പറ്റിച്ചതാണെന്ന നിഗമനത്തിൽ എത്തി. ഹൃദയത്തിൽ  അടക്കാൻ കഴിയാത്ത സുവിശേഷാത്മാവ് ഉണ്ടായിരുന്ന 21 കാരനെ ഇതൊന്നും ബാധിച്ചില്ല. വീട്ടിൽ മണ്ണെണ്ണ ഒഴിച്ചുവയ്ക്കുന്ന പാട്ടയുമായി കൊല്ലന്റെ അടുത്തെത്തി തകരമെ​ഗാഫോണാക്കി സുവിശേഷം വിളിച്ചുപറയാൻ തുടങ്ങി. രാവിലെ നാലുമണിക്കു മൈക്കുമായി മാവിലോ തെങ്ങിലോ കയറിയിരുന്ന് വചനം വിളിച്ചുപറയും. പകലന്തിയോളം ഏകനായി പരസ്യയോഗങ്ങൾ നടത്തും.

വീടുകളുടെ മുൻപിൽ നിന്ന് ഹാല്ലേലൂയ്യാ എന്നു വിളിച്ചുപറയും. ഇതുമൂലം നാട്ടുകാർ അസഭ്യം പറഞ്ഞതും ചാണകം എറിഞ്ഞതും, കട്ടൻ ചായ തന്നതും അങ്ങനെ നല്ലതും വിഷമമേറിയതുമായ അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. പ്രസംഗം കേട്ട്ശ്ര രക്ഷിക്കപ്പെട്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആത്മഹത്യചെയ്യാൻ കഴുത്തിൽ കയറിട്ടപ്പോൾ തന്റെ “ഹാല്ലേലൂയാ” ശബ്ദം കേട്ടതിനെത്തുടർന്നു മരണത്തിൽ നിന്നും പിന്മാറിയ ഒരു വീട്ടമ്മയുടെ അനുഭവവും അദ്ദേഹം വിവരിച്ചു. അക്കാലത്തു ണ്ടായ അത്ഭുതവും രസകരവുമായ നിരവധി അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു.

കുറിച്ചി കപ്പക്കാലയിൽ ഒരു കൂട്ടം ആളുകൾ ആത്മാവിൽ ആരാധിക്കുന്നെന്നു കേട്ടെത്തി, അവിടെ മേശക്കാലിൽ പിടിച്ചു ആത്മനിറവിനായി പ്രാർഥിച്ചു. മൂന്നു മിനിറ്റിനകം അന്യഭാഷ ലഭിച്ചു. തുടർന്നു ചിങ്ങവനത്തും കുറിച്ചിയിലുമൊക്കെ കൂട്ടായ്മകൾ ആരംഭിച്ചു. ആലപ്പുഴ ജോർജ്കുട്ടി ഉപദേശിയുടെ മാസയോഗത്തിൽ പങ്കെടുക്കാൻ പോയതിനെത്തുടർന്നു 1961 ഡിസംബർ നാലിനു സ്നാനമേറ്റു. തുടർന്ന് ചിങ്ങവനത്ത് ഒരു മുറി വാടകയ്ക്ക് എടുത്തു ഗുഡ്‌ന്യൂസ് ട്രാക്ട് സൊസൈറ്റി എന്ന ബോർഡുവച്ച് ലഘുലേഖവിതരണം ആരംഭിച്ചു. പല സ്ഥലങ്ങളിലേക്കും സുവിശേഷം അറിയിക്കാൻ യാത്രചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ട് നല്ലവണ്ണം അലട്ടിയെങ്കിലും ആരെങ്കിലും തരുന്ന സ്ത്രോത്രക്കാഴ്ച സുവിശേഷ പ്രവർത്തകർക്കു കൊടുക്കാനും ഒട്ടും മടി കാണിച്ചില്ല. വാടകകൊടുക്കാനും മറ്റും ദൈവം അത്ഭുതമായി തുറന്ന വിവിധ വഴികളും അദ്ദേഹം പങ്കുവെച്ചു. ഇതിനിടയിൽ വടക്കേ ഇന്ത്യയിലും സുവിശേഷവുമായി യാത്രചെയ്തു. ഈ യാത്രയിൽ പരിചയപ്പെട്ട  രാജസ്ഥാനിലെ പ്രവർത്തനത്തിനായി ഒരു ജീപ്പ് വാങ്ങുന്നതിനായി തന്റെ മോട്ടോർസൈക്കിൾ വിറ്റ പണം നൽകി.

ജന്മസ്ഥലത്തു കൺവൻഷൻ നടത്താൻ തീരുമാനിച്ച അദ്ദേഹത്തിന് ലഭിച്ചതു വിഷമിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. പ്രസംഗകനായ ഭാഗവതർ പാപ്പച്ചായനെ കൂട്ടാൻ പോയപ്പോൾ സമീപത്തെ ക്രിസ്ത്യാനികളായ മദ്യപന്മാർ വന്നു യോഗം അലങ്കോലപ്പെടുത്തി, വന്നവരെ ഉപദ്രവിച്ചു. പ്രസംഗിക്കാനെത്തിയ പാപ്പച്ചായനെ കള്ളുകുടിപ്പിക്കാൻ നിർബന്ധിച്ചു. എന്നാൽ പിന്നീട് ഹൈന്ദവരുടെ പിൻതുണയോടെ അവിടെ കൺവൻഷൻ നടത്തി.

തെങ്ങേലി പള്ളിയിലുണ്ടായ ഉണർവ് വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. തെങ്ങേലി അച്ചൻ ഉൾപ്പെടെ 168 പേരുടെ സ്നാനം അദ്ദേഹത്തിന്റെ സുവിശേഷപ്രവർത്തനത്തിനിടയിലെ മധുരിക്കുന്ന ഓർമയാണ്.അച്ചനുമായി ചേർന്ന് നിരവധി യോഗങ്ങൾ നടത്തി. പള്ളികളിൽ നിന്നും കൂട്ടമായി ആളുകൾ രക്ഷിക്കപ്പെട്ടു. ഒരിക്കൽ രാത്രിയോഗം കഴിഞ്ഞു മടങ്ങവേ കരിമ്പിൻ കാട്ടിൽവെച്ചുണ്ടായ ക്രൂരമായ ഉപദ്രവം, വധഭീഷണികൾ, താക്കീതുകൾ എല്ലാം ഇതിനിടയിൽ സംഭവിക്കുന്നുണ്ടായിരുന്നു. പിന്നീട് അച്ചനെ പള്ളിക്കാർ  പിടിച്ചുകൊണ്ടുപോയി, ബ്രെയിൻ വാഷ് ചെയ്തു തിരികെ കൊണ്ടുപോയത് തനിക്കു വലിയ വെല്ലുവിളിയായിരുന്നു.

1970 ഒക്ടോബർ 26നു പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥരായിരുന്ന രഞ്ജിത് സിംഗിന്റെയും ഏലിയാമ്മയുടെയും മൂത്തമകൾ മറിയാമ്മയെ വിവാഹം ചെയ്തു. മറിയാമ്മയുടെ മാതാവിന്റെ പൂർവികാരായിരുന്നു പി.വി. തൊമ്മി ഉപദേശിയും വർക്കി ആശാനും. വീട്ടുകാർ സഹകരിച്ചില്ലെങ്കിലും നിരവധിയാളുകൾ കല്യാണത്തിൽ പങ്കെടുത്തു. പാസ്റ്റർ കെ.ഇ. ഏബ്രഹാം വിവാഹം നടത്തി.

പൊലീസുകാരനായ ജ്യേഷ്ഠൻ ആദ്യദിനം വീട്ടിലേക്കു വിളിച്ചു ക്‌നാനായ സഭാരീതിയിൽ‍ രണ്ടാം കല്യാണം നടത്താൻ ശ്രമിച്ചതും താൻ സമ്മതിക്കാഞ്ഞതിനാൽ ഉണ്ടായ കലുഷിതമായ രംഗങ്ങളും അദ്ദേഹം വിവരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ടുകാരുടെ വീട്ടിലും ബസ്‌സ്റ്റാന്റിലും രാത്രിസമയങ്ങൾ ചെലവഴിച്ചു, പകലന്തിയോളം സുവിശേഷ പ്രവർത്തനം. ആ ദിവസങ്ങളിൽ കടന്നുപോയ ദുഷ്കരമായ സാഹചര്യത്തിലും നല്ല സൗകര്യത്തിൽ ജീവിച്ച പത്തൊൻപതുകാരി മറിയാമ്മ തന്നോടൊപ്പം ഉറച്ചുനിന്നതു തനിക്കു ലഭിച്ച തുണയുടെ ദർശനവും സമർപ്പണവും തെളിയിക്കുന്നതായിരുന്നു എന്നും അദ്ദേഹം വിവരിച്ചു.

ആയിടയ്ക്കാണ് 85 രൂപ വാടകയ്ക്ക് പെരുന്ന ടൗണിൽ വീട് വാടകയ്ക്ക് എടുത്തു “ക്രൈസ്റ്റ് ഈസ് ദി ആൻസർ ” എന്ന ബോർഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. രണ്ടു പേരു തൂങ്ങിമരിച്ച വീടായതുകൊണ്ടു കുറഞ്ഞ വാടകയ്ക്ക് അതു ലഭിച്ചു. പിട്ടിണിയിയും കൊടും ദാരിദ്ര്യവും അനുഭവിച്ച നാളുകൾ.

ഒരിക്കൽ പാസ്റ്റർമാരായ കെ.സി. ജോണും സുഹൃത്തും വന്നപ്പോൾ വീട്ടിൽ പട്ടിണി. അടുപ്പു പുകഞ്ഞിട്ടു ദിവസങ്ങളായെന്നറിഞ്ഞ അവർ ടൗണിൽ നിന്നും ഉണക്ക മീനും കപ്പയും വാങ്ങി വന്നു പാകം ചെയ്തു കഴിച്ച സന്തോഷകരമായ അനുഭവങ്ങൾ. വ്യക്തിപരമായ വിഷയങ്ങൾക്കോ കുടുംബത്തിലെ കാര്യങ്ങൾക്കോ പ്രാധാന്യം നൽകാതെ സുവിശേഷത്തിനായി മാത്രം ജീവിച്ച മനുഷ്യനാണ് തമ്പിച്ചായൻ. സാമ്പത്തിക പ്രതിസന്ധിയാൽ തങ്ങളുടെ മക്കളായ ബിജു, ബീന, ബിനു എന്നിവർ ചെറുപ്പകാലഘട്ടത്തിൽ അനുഭവിച്ച ദുരിതങ്ങളും നിന്ദകളും അദ്ദേഹം ഓർത്തെടുത്തു.

കൈവശമുള്ള സ്വത്തെല്ലാം വിറ്റു ട്രാക്ട പ്രിന്റ് ചെയ്യാനും, സഭാഹാളുകൾ പണിയാനും ഇതര സുവിശേഷ പ്രവർത്തനങ്ങൾക്കും പണം ചെലവാക്കിയ ദൈവമനുഷ്യൻ! സ്വന്തം ഷർട്ട് പോലും വിറ്റു സുവിശേഷപ്രവർത്തങ്ങൾക്കായി പണം വിനിയോഗിച്ച അഭിഷക്തൻ എന്നിങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങൾ ഏറെ. മക്കളെല്ലാം ഇന്ന് തന്നോടൊപ്പം സുവിശേഷപ്രവർത്തനത്തിൽ നേതൃത്വ നിരയിലുണ്ട്. എല്ലാറ്റിനും താങ്ങായിരുന്ന ഭാര്യ മറിയാമ്മ തികവുറ്റ സുവിശേഷകയും സഹോദരിമാരുടെ ഐക്യസംരഭങ്ങളുടെ സജീവ വക്താവുമാണ്.

തമ്പിച്ചായൻ്റ പ്രവർത്തനഫലമായി ഇതിനിടയിൽ 10 കൂട്ടായ്മകൾ ഉടലെടുത്തു. വിവാഹം, ശവസംസ്‌കാരം മുതലായവ ഒരു ചോദ്യമായപ്പോൾ, കാനം അച്ചന്റെ നിർദേശം പ്രകാരം 1976 ൽ പാസ്റ്റർ വി.എ. തമ്പി പ്രസിഡന്റായി  ന്യൂ ഇന്ത്യ ദൈവസഭ എന്ന പേരിൽ സഭ രജിസ്റ്റർ ചെയ്തു.

ചങ്ങനാശ്ശേരിയിൽ വാടകയ്ക്ക് ബൈബിൾ സ്കൂൾ നടത്തിയിരുന്ന കെട്ടിടം സഭയ്ക്കുവേണ്ടി വാങ്ങിച്ചു, സ്വന്തം കാർ വിറ്റു കിട്ടിയ പതിനായിരം രൂപയാണ് അഡ്വാൻസായി നൽകിയത്. ബെഥേസ്ഥ എന്ന പേരിൽ അറിയപ്പെട്ട ഈ ബൈബിൾ കോളേജ് അനേകരുടെ വചനപാഠശാലയായിത്തീർന്നു. തുടർന്ന് ലേഡീസ് ബൈബിൾ സ്കൂളും ആരംഭിച്ചു. പിന്നീടങ്ങോട്ട് ന്യൂ ഇന്ത്യ ദൈവസഭയുടെ വിപ്ലവകരമായ വളർച്ചയുടെ കാലഘട്ടമായിരുന്നു. ക്നാനായക്കാർ മാത്രമല്ല എല്ലാ വിഭാഗത്തിലുള്ളവരും തമ്പിച്ചായന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിൽ ആകർഷ്ടരായി, ദൈവസഭയോട് ചേർന്നു.

സഭയുടെ ജനറൽ കൺവൻഷൻ ഉൾപ്പെടെ നിരവധി മഹാസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ലോകരാജ്യങ്ങളിൽ സഞ്ചരിച്ചു. സഭകളുടെ എണ്ണം വർധിച്ചു. കേരളത്തിന് പുറത്തോട്ടും പ്രവർത്തനങ്ങൾ വ്യാപിച്ചു. വിവിധ രാജ്യങ്ങളിലും ന്യൂ ഇന്ത്യ ദൈവസഭയ്ക്കു സഭകൾ സ്ഥാപിക്കപ്പെട്ടു.

ഇന്ന് ഈ പ്രസ്ഥാനത്തിന് 3500 ൽ അധികം സഭകളുണ്ട്. 18 അനാഥാലങ്ങൾ, ഒൻപതു അക്കാദമിക് സ്കൂളുകൾ, ഒരു എൻജിനിയറിംഗ് കോളേജ്, 11 ബൈബിൾ സ്കൂളുകൾ, 60 ടെയ്ലറിങ് ട്രെയിനിങ് സെന്ററുകൾ, മുംബയിൽ മൊബൈൽ ക്ലിനിക്, വൊക്കേഷനൽ ട്രെയിനിങ് സെന്റർ, ഇന്ത്യയിലെ വിവിധ പട്ടണങ്ങളിൽ തെരുവുകുട്ടികൾക്കു ഭക്ഷണം നൽകുന്ന പ്രോഗ്രാം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണു പാസ്റ്റർ വി.എ തമ്പി നേതൃത്വം നൽകുന്ന ഈ പ്രസ്ഥാനത്തിന്റെ കീഴിലുള്ളത്.

Matrimony
Back to top button
Translate To English »
error: Content is protected !!