വികസനത്തിനു കൊതിക്കുന്ന ഐപിസി കുറവിലങ്ങാട് സെന്റര്‍

സപ്ലിമെന്റ്
വികസനത്തിനു കൊതിക്കുന്ന ഐപിസി കുറവിലങ്ങാട് സെന്റര്‍
പാസ്റ്റര്‍ കെ. ജെ. മാത്തുകുട്ടി
ഇന്ത്യയുടെ പ്രഥമ പൗരന് മുതല്‍ താഴേക്ക് അനവധി വ്യക്തി പ്രഭാവമുള്ളവരെ രാജ്യത്തിന് സംഭാവന ചെയ്യുവാന്‍ കഴിഞ്ഞ ജില്ലയാണു കോട്ടയം. വിദ്യാഭ്യാസത്തിനും സാമൂഹിക, രാഷ്ട്രീയ മേഖലകള്‍ക്കും അതിലുപരി ആത്മീയതയ്ക്കും ഒരു പടി മുന്നില്‍ നില്ക്കുന്ന കോട്ടയത്തിന്റെ ക്രൈസ്തവ പാരമ്പര്യത്തിനു പ്രൗഢി പകര്‍ന്നുകൊണ്ടു നസ്രാണികളുടെ തറവാടായി കുറവിലങ്ങാട് അറിയപ്പെടുന്നു.
ഏകദേശം നൂറു വര്‍ഷമായ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയ്ക്ക് തൊണ്ണൂറു
വര്‍ഷങ്ങളിലും കുറവിലങ്ങാട് ഒരു ചരിത്രം ഇല്ലായിരുന്നു. വളരെ വൈകിയെങ്കിലും ഇവിടെ ഐപിസിക്ക് ഒരു സെന്റര്‍ ഉണ്ടായത് അഭിമാനകരമാണ്. 2009 ജൂലൈയില്‍ പിറന്നുവീണ ഈ സെന്ററിന് എട്ട് സഭകള്‍ ഉാണ്ടയിരുന്നു. എണ്ണത്തില്‍ പകുതിയും പുതിയ വേലസ്ഥലങ്ങള്‍ ആയിരുന്നു. പിറവം സെന്ററില്‍ നിന്നും തലയോലപ്പറമ്പ് സെന്ററും, അവിടെ നിന്നും കുറവിലങ്ങാട് സെന്ററും രൂപപ്പെട്ടു.

പ്രഥമ സെന്റര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ സുരേഷ് കീഴൂര്‍ നിയമിതനാകുകയും ചെയ്തു. പാസ്റ്റര്‍ ബാബു ചെറിയാന്റെ സെന്ററില്‍ അനേക തവണ സെന്റര്‍ ട്രഷറര്‍ ആയിരുന്നയാളിന്റെ മകനായ അദ്ദേഹം മികച്ച നേതൃത്വം സെന്ററിന് നല്കി.
പത്തു വര്‍ഷത്തിനുശേഷം പാസ്റ്റര്‍ സുരേഷ് സ്ഥലം മാറാന്‍ ആഗ്രഹിച്ചപ്പോള്‍
അദ്ദേഹം ഈ സെന്ററില്‍ കൊണ്ടുവന്ന ആളും പത്തു വര്‍ഷമായി തന്നോടൊപ്പം പ്രവര്‍ത്തിക്കുകയും പിന്നീട് മുണ്ടക്കയം സെന്ററിന്റെ ശുശ്രൂഷകനും, കേരള സ്റ്റേറ്റ് പ്രെസ്ബിറ്ററി അംഗവും ആയ പാസ്റ്റര്‍ സുനില്‍ വേട്ടമലയെ നിയമിക്കാന്‍ സെന്ററും സ്റ്റേറ്റ് പ്രെസ്ബിറ്ററിയും തയ്യാറായി. 2019 ഡിസംര്‍ 1ന് ചുമതലയേറ്റ പാസ്റ്റര്‍ സുനില്‍ വേട്ടമലയുടെ വരവ് ഊര്‍ജം പകരുന്നതായിരുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ പിന്നാക്കം ആയിരുന്നെങ്കിലും ആത്മീയ, സുവിശേശീകരണ രംഗങ്ങളില്‍ ഏറ്റവും മികച്ചുനിന്നു. വാടകകൊടുത്തു പുതിയ സ്ഥലങ്ങള്‍ ഏറ്റെടുക്കുക, ശുശ്രൂഷകന്മാരെ സപ്പോര്‍ട്ട് ചെയ്യുക എന്നതു ദുഷ്കരമായതിനാല് സെന്ററിനെ വളര്‍ത്തുക ശ്രമകരമായിരുന്നു. എങ്കിലും മൂന്നു വര്‍ഷത്തിനിടെ മൂന്നു പുതിയ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞു. എട്ടു മാസമായി ബഹുമാന്യനായ ഒരു വ്യക്തി പുതിയ പ്രവര്‍ത്തനത്തിന് വാടക കൊടുക്കാനുള്ള തുക നല്‍കിവരുന്നതു ദീര്‍ഘ നാളായുള്ള പ്രാര്‍ഥനയുടെ ഫലമാണ്.

മറ്റൊരു സഭ പുതിയ ഒരു വേല സ്ഥലത്തെ വാടകയും നല്കിവരുന്നു. ചില വേലസ്ഥലങ്ങളില് കൂടി സഹായിക്കാന്‍ ചിലര്‍ എഴുന്നേല്ക്കാന് ആശിച്ചുപ്രാര്ഥിക്കുന്നു. വര്‍ഷം രണ്ടു പുതിയ വേലസ്ഥലങ്ങള്‍ ആരംഭിക്കണമെന്നാണു ആഗ്രഹം. ഒന്നിടവിട്ടുള്ള മാസങ്ങളുടെ ഒന്നാം ഞായറാഴ്ച സെന്റര്‍ കമ്മിറ്റിയും രണ്ടു മാസത്തില്‍ ഒരിക്കല്‍ പുത്രി കാസംഘടനകളുടെ കമ്മിറ്റിയും വിളിച്ചു പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.
സെന്ററിനു പുറത്തുള്ള സുവിശേഷസ്നേഹികളെക്കൂടി ചേര്‍ത്ത് കുറവിലങ്ങാട് ഗോസ്പല്‍ ടീം രൂപീകരിച്ചു ഭവന സന്ദര്‍ശനവും പരസ്യയോഗവും നടത്തിവരുന്നു. 16 ശുശ്രൂഷകന്മാരും പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ ഉള്ളത്. അഞ്ചിടങ്ങളിലേസ്വന്തമായി ആരാധനാലയങ്ങളുള്ളൂ.

പുത്രികാസംഘടനകളുടെ പ്രവര്‍ത്തനത്തില്‍കൂടി സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ സെന്ററിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞു. സെന്റര്ശുശ്രൂഷകന്റെ നേതൃത്വപാടവവും പ്രവര്‍ത്തനശൈലിയും കൗണ്‍സിലിന്റെ ഏകോപിച്ചുള്ള പ്രവര്‍ത്തനവും സെന്ററിനെ ഉത്തരോത്തരം വിജയത്തില്‍ എത്തിക്കുന്നു.
എല്ലാ മാസവും ഒരു നിശ്ചിതതുക സെന്റര്‍ ഫണ്ടില്‍ ഏല്‍പ്പിക്കാന്‍ സെന്റര്‍ പാസ്റ്ററും എല്ലാ സെന്റര്‍ കമ്മിറ്റി അംഗങ്ങളും ശ്രദ്ധിക്കുന്നു. എവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും ഒരു ലക്ഷം രൂപയില്‍ കുറയാതെ സെന്റര്‍ നല്കുന്നു. മിഷന്, ചാരിറ്റി, ഇവാന് ജലിസം എന്നിവക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നു.

കുറവിലങ്ങാട് പട്ടണത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഇനിയും ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രവര്‍ത്തനം പോലുമില്ലാത്ത പഞ്ചായത്തുകള്‍ ഇവിടുണ്ട്. മൂവായിരം ഇടവകാംഗങ്ങള്‍ ഉള്ള കുറവിലങ്ങാട് പള്ളിക്കും, രണ്ടായിരത്തഞ്ഞൂറ് കുടുംബങ്ങള്‍ ഉള്ള അതിരമ്പുഴ പള്ളിക്കും, ഏറ്റുമാനൂര്‍ പോലുള്ള ഹൈന്ദവ പാരമ്പര്യം ഉള്ള സ്ഥലത്തും, പാലാ, കടുത്തുരുത്തി മുതലായ കത്തോലിക്കാപാരമ്പര്യം ഉള്ള ഈ സ്ഥലങ്ങളില്‍ നമുക്കു നല്ല ഹോളും പാഴ്സനേജും ഇല്ലെന്നുള്ളത് സഭാവളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ട്. കത്തോലിക്കാ സഭയല്ലാതെ മറ്റൊരു ക്രൈസ്തവ സഭയും ഇവിടെയില്ല എന്നതാണ് ഈ മേഖലയുടെ മറ്റൊരു പ്രത്യേകത.

വാടകവീടുകളിലും വായനശാല ക്കെട്ടിടങ്ങളിലും വ്യാപാരഭവന് ഓഡിറ്റോറിയത്തിലും ഉള്ള കൂട്ടായ്മ പാരമ്പര്യ ക്രിസ്ത്യാനികള്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കാതെ വരുന്നതു പ്രതിസന്ധി ആണെന്ന് മനസിലാക്കുന്നു. പുതിയ കെട്ടിടങ്ങളും ആരാധനാസൗകര്യങ്ങളും ഉണ്ടാകാന്‍ ആശിച്ചുപ്രാര്ഥിക്കുന്നു. കുറവിലങ്ങാട്ടെ പാരമ്പര്യം അവകാശപ്പെടുന്ന എല്ലാ ക്രിസ്ത്യാനികളും പെന്തെക്കോസ്തുകാരും ഐപിസി കുറവിലങ്ങാട് സെന്ററിന്റെ ഉദ്ധാരണത്തിനായി പ്രാര്‍ഥനയും സഹകരണവും അഭ്യര്‍ഥിക്കുന്നു. ഇത്രത്തോളം നടത്തിയ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു