കുവൈറ്റ്: യുദ്ധസ്മൃതിയിൽ 32 വർഷങ്ങൾ

ഷിബു മുള്ളംകാട്ടിൽ
1990 ആഗസ്റ്റ് 2
അർധരാത്രിയിൽ ഇറാക്കി പട്ടാളം ആക്രമിക്കുമ്പോൾ മണലാരുണ്യത്തിലെ പറുദീസയായ കുവൈറ്റ് സുഖ സുക്ഷുപ്തിയിലാണ്. കാതടപ്പിക്കുന്ന വെടിയൊച്ച കേട്ടാണ് ജനം ഉണർന്നത്. കുവൈറ്റ് ഭരണാധികാരികൾ അതിർത്തി കടന്നു സൗദി അറേബ്യയിലേക്ക് രക്ഷപ്പെട്ടു. സദ്ദാം ഹുസൈന്റെ മൂന്നു ലക്ഷത്തിലേറെ സൈനികരാണ് കുവൈറ്റിൽ സംഹാരതാണ്ഡവം നടത്തിയത്. വിമാനത്താവളങ്ങളും ബഹുനിലകെട്ടിടങ്ങളും ബോംബിട്ടു തകർത്തു. കുവൈറ്റികളെ തെരെഞ്ഞുപിടിച്ചു വെടിവെച്ചു. സമ്പത്ത് കൊള്ളയടിച്ചു, സ്വദേശി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു. ആലപ്പുഴ ജില്ലയുടെ അത്രയും വലിപ്പമുള്ള കുവൈറ്റ് നഗരത്തിന്റെ സമ്പന്നതയിൽ ഇറാക്കികൾ ആവേശഭരിതരായി. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസിയുള്ള രാജ്യം, എണ്ണ ഉല്പാദനത്തിൽ ലോകത്തു രണ്ടാം സ്ഥാനമുള്ള രാജ്യം ഒരു രാത്രികൊണ്ട് അസ്തമിച്ചു!
കുവൈറ്റ് ഇറാക്കിന്റെ ഒരു പ്രവിശ്യ മാത്രമാണെന്ന് സദ്ദാം ഹുസൈൻ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസി ഫലത്തിൽ ഇല്ലാതായി. ഇന്ത്യൻ സ്ഥാനപതി ബുദ്ധ് രാജിനെ ഇറാക്കിലെ ബസ്രയിലുള്ള കോൺസുലേറ്റിലേക്കു മാറ്റി. സർക്കാർ ഉദ്യോഗസ്ഥരെല്ലാം കൈയൊഴിഞ്ഞപ്പോൾ ഇന്ത്യക്കാർക്കായി എല്ലാം ചെയ്തത് സാമൂഹ്യ പ്രവർത്തകനും ഐപിസി – പി സി കെ സഭാ അംഗവും ആയിരുന്ന
കുമ്പനാട്ടുകാരൻ എം മാത്യൂസ് എന്ന ടൊയോട്ട സണ്ണിച്ചായനാണ്. ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ എയർ ഇന്ത്യയെകൊണ്ട് ചാർട്ടർ ചെയ്യിച്ചു. 1.7 ലക്ഷം പേരെ അഞ്ഞൂറോളം വിമാനങ്ങളിൽ നാട്ടിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഈ ‘എയർ ലിഫ്റ്റ്’ ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചു. 59 ദിവസങ്ങൾ കൊണ്ട് മഹത്തായ ദൗത്യം പൂർത്തീകരിച്ചതിനുശേഷം അവസാനമായിയാണ് സണ്ണിച്ചായൻ മടങ്ങിയത്. നാട്ടിലേക്കു പോകില്ലെന്ന് തീരുമാനിച്ച 10,000 പേർ മാത്രമാണ് കുവൈറ്റിൽ ശേഷിച്ചത്.

അമേരിക്കയുടെ നേതൃത്വത്തിൽ 32 രാജ്യങ്ങൾ അണിനിരന്നപ്പോൾ 1992 ഫെബ്രുവരി 25 ന് ഇറാക്ക് കീഴടങ്ങി. സദ്ദാമിനോ യുദ്ധങ്ങൾക്കോ തങ്ങളെ തകർക്കാനാവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ് ഉയിർത്തെഴുന്നേറ്റു. നഷ്ടപ്പെട്ടതെല്ലാം ശരവേഗത്തിൽ അവർ തിരിച്ചുപിടിച്ചു. രാജ്യംവിട്ട പ്രവാസികളെ തിരിച്ചു കൊണ്ടുവന്നു അവർക്കു മാന്യമായ നഷ്ടപരിഹാരം നൽകിയും കുവൈറ്റ് മാതൃകയായി. ഇന്ത്യാക്കാരുൾപ്പെടെ ലക്ഷക്കണക്കിനു പ്രവാസികൾക്ക് ഇന്നും അഭയകേന്ദ്രമായി കുവൈറ്റ് പ്രശോഭിക്കുന്നു.
