Indian NewsObituaryWorld

പാസ്റ്റർ വി. എ. തമ്പി (81) കർത്തൃസന്നിധിയിൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ മൂലംകുളം ബദേസ്ഥയിൽ പാസ്റ്റർ വി.എ.തമ്പി (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സംസ്കാരം ഓഗസ്റ്റ് 23നു രാവിലെ 8 മുതൽ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം ഉച്ചയ്ക്ക് 3 ന് നടക്കും.

കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഓഗസ്റ്റ് 18 ഇന്ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു.

1941 ഏപ്രിൽ ഒൻപതിനു കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന വി.എ. തമ്പി ശക്തമായ എതിർപ്പുകളെ അതിജീവിച്ച് പെന്തെക്കോസ്ത് ആശയങ്ങളുടെ പ്രചാരകനായി ഉറച്ചു നിന്നു. കഷ്ടതയുടെയും ത്യാഗത്തിന്റെയും ആദ്യ കാലഘട്ടങ്ങൾ പിന്നിട്ട് ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലൂടെ പതിനായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ഈ തലമുറയിലെ അതുല്യനായ അപ്പാസ്തലനായിരുന്നു പാസ്റ്റർ വി.എ. തമ്പി. മികച്ച പ്രഭാഷകനും സുവിശേഷകനുമായ പാസ്റ്റർ വി.എ തമ്പി വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ദൈവവേലയിൽ പ്രശോഭിച്ചു.

ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങളിൽ അഭ്യുദയകാംക്ഷിയും ഉപദേശകനുമായിരുന്ന പാസ്റ്റർ വി.എ.തമ്പി ഒട്ടനവധി ലേഖനങ്ങൾ ഗുഡ്ന്യൂസിലൂടെ എഴുതിയിട്ടുണ്ട്.

1976 ലാണ് ന്യൂ ഇന്ത്യാ ദൈവസഭയ്ക്ക് തുടക്കം കുറിച്ചത്. ഭാരത്തിൽ നാലായിരത്തിലധികം ലോക്കൽ സഭകളും ഒട്ടേറെ വിദ്യാഭ്യാസ, ആതുരസേവന സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി വളർന്നു. ആറ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളും ഗ്വാളിയറിൽ ബദേസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് എൻജിനീയറിംഗ് കോളജുമുണ്ട്. 12 അനാഥശാലകളും വിവിധയിടങ്ങളിലുണ്ട്.

ഭാര്യ: മറിയാമ്മ തമ്പി (സുവിശേഷ പ്രഭാഷക). മക്കൾ : ബിജു തമ്പി (ന്യൂ ഇന്ത്യാ ദൈവസഭ വൈസ് പ്രസിഡൻ്റ്) , ബിനി തമ്പി , ബീന തമ്പി , ബിനു തമ്പി ( മിഷൻ ഡയറക്ടർ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കൊൽക്കത്ത). മരുമക്കൾ: സെക്കുന്ദ ബിജു, ഷിബു സഖറിയ, മാർട്ടിൻ ഫിലിപ്പ്, ഡീന ബിനു.

Matrimony
Back to top button
Translate To English »
error: Content is protected !!