Indian News

ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സുവി. ജെ.സി. ദേവ്

ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സുവി. ജെ.സി. ദേവ്

ടോണി ഡി. ചെവ്വൂക്കാരൻ

ളർന്ന ശരീരവും നിറം മങ്ങിയ ഓർമ്മകളുമായി രോഗക്കിടക്കയിൽ ജീവിതം തള്ളിനീക്കിയ ജെ.സി.ദേവ് ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സ്ട്രോക്ക് മൂലം ശരീരത്തിൻ്റെ വലതുവശം തളർന്നു പോയ ദേവിന് സംസാരശേഷിയും ഓർമ്മ ശക്തിയും നഷ്ടപ്പെട്ടിരുന്നു.

ആഴമായ ആത്മ സമർപ്പണവും ദൈവത്തിലുള്ള ആശ്രയവും അനേകരുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയും വൈദ്യശാസ്ത്രത്തിൻ്റെ കണക്ക് കൂട്ടലുകളെ മാറ്റി എഴുതി. പഴയതുപോലെ കാര്യങ്ങൾ ഓർത്തെടുക്കുവാനും സ്ഫുടമായി സംസാരിക്കാനും ദേവിന് ഇന്ന് കഴിയും. വേണ്ടുംവിധം എഴുതുവാൻ കഴിയുന്നില്ലെങ്കിലും ഹൃദയത്തിൽ ഉയർന്നു വരുന്ന ചിന്തകളും ആശയങ്ങളും ഭാര്യ ജോയ്സിനു പറഞ്ഞുകൊടുത്ത് എഴുത്തിൽ സജീവമായിക്കൊണ്ടിരിക്കുന്നു.

ഒരു വാക്കുപോലും വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്ന ഈ സുവിശേഷകൻ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ഭവനത്തിൽ ബൈബിൾ ക്ലാസും നടത്തി വരുന്നു. വചന പഠനത്തിനായി സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന ഫിലിപ്പ് എന്ന ചെറുപ്പക്കാരൻ യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും വിശ്വാസ സ്നാനം കൈക്കൊള്ളുകയും ചെയ്തു.

ഇക്കഴിഞ്ഞ സെപ്. 6 ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ ഒന്നിച്ച് കോട്ടയം നെടുങ്ങാടപ്പള്ളിയിലെ ഭവനത്തിൽ നടന്ന കൂടികാഴ്ച ഏറെ ഹൃദ്യവും സന്തോഷവും പകർന്ന അനുഭവമായി മാറി.

ദേവിൻ്റെ ഭവനത്തിലെ പ്രധാന മുറികൾ പുസ്തകങ്ങളും ആനുകാലികങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിശാലമായ അക്ഷരഖനിയുടെ അരികെയിരുന്നു ദീർഘനേരം പഴയ കാല ഓർമ്മകൾ പങ്കുവെച്ച് സൗഹൃദ സംഭാഷണം നടത്തിയ ജെ.സി ദേവിനെ ഏറെ ഉൻമേഷവാനായി കാണപ്പെട്ടു.

വളരെ നാളുകൾക്ക് ശേഷം നടന്ന ആ കൂടിക്കാഴ്ച ഗുഡ്ന്യൂസുമായുള്ള
ഇഴയടുപ്പം ഒന്നുംകൂടെ ദൃഢമാക്കി.

പ്രശസ്ത സാഹിത്യകാരനും സുവിശേഷകനുമായ ജെ.സി.ദേവ് പ്രേക്ഷിത പ്രവർത്തനത്തിൽ അരനൂറ്റാണ്ടും സാഹിത്യ രംഗത്ത് അഞ്ചര പതിറ്റാണ്ടും പിന്നിട്ടു.

സഭാ ചരിത്രകാരൻ, വേദഅദ്ധ്യാപകൻ, സംഘാടകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പത്രാധിപർ, അപ്പോളജിസ്റ്റ് എന്നിങ്ങനെ വിവിധ നിലകളിൽ ആത്മീയ രംഗത്ത് സജീവമായി പ്രവർത്തിച്ചു വന്ന ജെ.സി.ദേവ് നാല്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

മുൻകാലങ്ങളിലെ പോലെ ദീർഘദൂരം യാത്ര ചെയ്യാനുള്ള പരിമിതികൾ തനിയ്ക്കുണ്ടെങ്കിലും പൂർവാധികം ബലത്തോടെ കർതൃ ശുശ്രൂഷയിൽ മുന്നേറുവാനും, കരുത്തറ്റ തൂലികയിലൂടെ നിരവധി രചനകൾ വീണ്ടും വെളിച്ചം കാണുവാനും നമുക്ക് പ്രാർത്ഥിക്കാം.

Matrimony
Back to top button
Translate To English »
error: Content is protected !!