Featured ArticleIndian NewsWorld

അരോഗ ദൃഢഗാത്രനായ പാസ്റ്റർ റ്റി.ജി. ഉമ്മൻ്റ മുഖത്ത് തുപ്പലേറ്റപ്പോഴും മറുവാക്ക് (‘മറുഭാഷ’) പറഞ്ഞില്ല; പറഞ്ഞത് “സ്ത്രോത്രം” മാത്രം

ചരിത്രത്തിൽ നിന്നും

അരോഗ ദൃഢഗാത്രനായ പാസ്റ്റർ റ്റി.ജി. ഉമ്മൻ്റ മുഖത്ത് തുപ്പലേറ്റപ്പോഴും മറുവാക്ക് (‘മറുഭാഷ’) പറഞ്ഞില്ല, പറഞ്ഞത് “സ്ത്രോത്രം” മാത്രം

സന്ദീപ് വിളമ്പുകണ്ടം

പാസ്റ്റർ റ്റി.ജി. ഉമ്മനെ ഒരു ‘ആജാനുബാഹു’ എന്നു വിളിച്ചാൽ അതിൽ അതിശയോക്തിയില്ല. ഒത്തവണ്ണവും ഒത്ത ഉയരവുമുള്ള ശക്തനായ മനുഷ്യൻ! എന്നാൽ ബലവാനായിരുന്ന ആ മനുഷ്യൻ അസാമാന്യ സഹനശക്തിയുള്ളവനായിരുന്നു എന്നറിയുന്നിടത്താണ് നമുക്കദ്ദേഹത്തോടുള്ള ആദരവ് ഏറെ വർദ്ധിക്കുന്നത്. റ്റി.ജി. ഉമ്മന്റെ ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ അദ്ദേഹം തനിക്കുണ്ടായ ഉപദ്രവങ്ങളോടു പ്രതികരിച്ചത് ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1930 ജൂൺ :

നെല്ലിക്കമണ്ണിൽ ഒരു പ്രാർത്ഥനായോഗം കഴിഞ്ഞ് രാവിലെ ആറു മണിയോടെ പാസ്റ്റർ ഉമ്മൻ ഭവനത്തിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽവെച്ച് ഒരു യാക്കോബായ സന്യാസി അദ്ദേഹത്തെ പരിചയപ്പെട്ടു. ഉമ്മൻ ഒരു പെന്തെക്കോസ്തുകാരനാണെന്നറിഞ്ഞ് സന്യാസി അദ്ദേഹത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി. മുഖത്ത് തുപ്പൽ വന്നു പതിച്ചപ്പോഴും ഉമ്മച്ചന്റെ വായിൽ നിന്ന് ഒരു വാക്കു മാത്രമേ പുറത്തുവന്നുള്ളൂ…  “സ്ത്രോത്രം”,  പിന്നെ വഴിവക്കിൽ വെള്ളമൊഴുകുന്ന ഒരു തോടുകണ്ടപ്പോൾ അവിടെയിറങ്ങി മുഖം കഴുകി വീട്ടിലേക്കു മടങ്ങിപ്പോയി.

1931:

കുമ്പളംതാനം കവലയിൽ പരസ്യയോഗം കഴിഞ്ഞപ്പോൾ മൂന്നു നാലു യുവാക്കൾ റ്റി.ജി. ഉമ്മന്റെ അടുത്തുവന്ന് കഴുത്തിൽ കിടന്ന നേര്യത് പിടിച്ച് മുമ്പോട്ടും പിന്നോട്ടും വലിച്ച്, കഴുത്ത് ഇറുക്കി ശ്വാസം മുട്ടിച്ചു. “ദൈവകൃപയും ശക്തിയും ഇല്ലായിരുന്നുവെങ്കിൽ ഞാൻ തേറ്റുപോകുമായിരുന്നു” എന്ന് ഉമ്മച്ചൻ പറയുന്നു. ദൈവകൃപയില്ലായിരുന്നെങ്കിൽ അദ്ദേഹം ആ യുവാക്കളെ ശാരീരികമായി എതിരിട്ട് തോൽപ്പിച്ചേനെ ശക്തിയില്ലായിരുന്നുവെങ്കിൽ അദ്ദേഹം അന്ന് ശ്വാസം മുട്ടി മരിച്ചേനെ.

1933:

കുമ്പളംതാനത്ത് ഒരു സഹോദരന്റെ വീട്ടുമുറ്റത്ത് ക്രമീകരിച്ചിരുന്ന പ്രാർത്ഥനായോഗത്തിൽ റ്റി.ജി. ഉമ്മൻ വചനം ശുശ്രൂഷിച്ചശേഷം പ്രാർത്ഥിക്കുമ്പോൾ ഒരാൾ കിണറ്റിന്റെ പാലത്തടി പൊക്കിയെടുത്ത് അദ്ദേഹത്തിന്റെ തലയിൽ ഇട്ടു. എന്നാൽ അത്ഭുതകരമായ നിലയിൽ അത് തലയിൽ വീഴാതെ തെറ്റി വഴുതി എങ്ങനെയോ താഴെ വീണു. തന്റെ ഉന്നം തെറ്റിയെന്നു കണ്ട് അരിശം മൂത്ത ആ മനുഷ്യൻ ഗദപോലുള്ള ഒരു മുളവടികൊണ്ട് ഉമ്മച്ചന്റെ നട്ടെല്ലിന് ഇടിച്ച് അരിശം തീർത്തു. (പാലത്തടി പൊക്കിയെടുക്കാൻ തക്കശക്തിയുള്ള മനുഷ്യന്റെ അടിയാണെന്നോർക്കണം). എന്നാൽ റ്റി.ജി. ഉമ്മനോ, മറ്റു വിശ്വാസികളോ അദ്ദേഹത്തോട് എതിരിടാതെ എല്ലാവരും ആത്മാവിൽ ബലപ്പെട്ട് ഹല്ലേലൂയ്യായും സ്തോത്രവും പറഞ്ഞ് പിരിഞ്ഞുപോയി.

ഈ കഥ അവിടംകൊണ്ട് തീരുന്നില്ല. ഇതിനൊരു പശ്ചാത്തലകഥയും ഒരു അനുബന്ധ കഥയും ഉണ്ട്.

പശ്ചാത്തല കഥ

പാസ്റ്റർ റ്റി.ജി. ഉമ്മനും വിശ്വാസികളായ മുപ്പതുപേരും ഒരുമിച്ച് കുമ്പനാട്ടു നടക്കുന്ന മാസയോഗത്തിൽ പങ്കെടുക്കുവാൻ വഴിയിലൂടെ ജാഥയായി പാട്ടു പാടി പോകുകയായിരുന്നു. അപ്പോൾ മുന്നിൽ മദ്ധ്യവയസ്കയായ ഒരു സ്ത്രീ ഒരു വലിയ ചുമട് ചുമന്നുകൊണ്ട് പോകുന്നത് ഉമ്മച്ചൻ കണ്ടു. മകളെ വിവാഹം കഴിപ്പിച്ചയച്ച ഭവനത്തിലേക്ക് പോവുകയായിരുന്നു അവർ. ഉമ്മച്ചൻ അവരുടെ അടുത്തുചെന്ന് ആ ചുമട് സ്വന്തം തലയിലേറ്റി മകളുടെ ഭവനം വരെ ചുമന്നെത്തിച്ചു. ഈ സ്ത്രീയുടെ ഭർത്താവാണ് ആറുമാസങ്ങൾക്കുശേഷം ഉമ്മച്ചനെ പാലത്തടികൊണ്ട് അടിച്ചത്.

അനുബന്ധകഥ :

ഉമ്മച്ചനെ തന്റെ ഭർത്താവ് മർദ്ദിച്ച വിവരം ആ സ്ത്രീയറിഞ്ഞു. നേരം വെളുത്തപ്പോൾ അവർ കരഞ്ഞുകൊണ്ട് രണ്ടുമൈൽ അകലെത്താമസിക്കുന്ന ഉമ്മച്ചന്റെ വീട്ടിൽ വന്നു. “എന്റെ മകനെ, ഇന്നലെ എന്റെ മാപ്പിള മോനെ ഇടിച്ചുവെന്നറിഞ്ഞു. അപ്പോൾ മുതൽ എനിക്കു വേദനയായി. മോൻ എന്റെ കൂടെ വരണം” എന്നു പറഞ്ഞ് നിർബന്ധിച്ച് അദ്ദേഹത്തെ അവരുടെ വീട്ടിൽ കൊണ്ടു പോയി. ഭർത്താവിനെ വിളിച്ച്  “നിങ്ങളാണോ, ഈ കുഞ്ഞിനെ ഇന്നലെ ഇടിച്ചത്? ഞാനിന്നാളിൽ നമ്മുടെ മോടെ വീട്ടിൽ പോയപ്പോൾ ഈ കുഞ്ഞാണ് എന്റെ ചുമട് വാങ്ങി സഹായിച്ചത്. നിങ്ങളിപ്പോൾ ഈ കുഞ്ഞിനോട് ക്ഷമ ചോദിക്കണം” എന്ന് പറഞ്ഞു ബദ്ധപ്പെടുത്തി. അയാൾ ഉമ്മച്ചന്റെ കാൽക്കൽ വീണ് പാദത്തിൽ കെട്ടിപ്പിടിച്ച് ക്ഷമ ചോദിച്ചു.

1935 ഡിസംബർ 8:

ടി.ജി. ഉമ്മൻ കുടുംബമായി മേൽപാടത്തു ശുശ്രൂഷിക്കുന്ന സമയം. സഭയിലെ സുവിശേഷതല്പരരായ വിശ്വാസികളുമൊത്ത് അദ്ദേഹം മാന്നാറിൽ ഒരു പരസ്യയോഗത്തിനായി പോയി. പ്രസംഗം തുടങ്ങിയതും, നാട്ടുകാരായ ചില സമുദായസ്ഥർ സുവിശേഷസംഘത്തെ ഉപദ്രവിക്കുവാൻ തുടങ്ങി.

ആയിടെ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടു വന്ന നാട്ടുകാരായ ആറ് യുവാക്കൾ ആ സംഘത്തിലുണ്ടായിരുന്നു. ആക്രമികൾ അവരെ തിരഞ്ഞു പിടിച്ചു തല്ലി. സംഘത്തിലെ കെ.ജി. മാത്യു (മേല്പാടം കൊച്ചുകുഞ്ഞ്) എന്ന സുവിശേഷകനെയും അവർ ഉപദ്രവിച്ചു. പിന്നൊരാൾ റ്റി.ജി. ഉമ്മനെ മുമ്പോട്ട് ആഞ്ഞു തള്ളി. വലതു കൈകൊണ്ട് വിലാപ്പുറത്ത് ശക്തിയോടെ ഇടിച്ചു. റ്റി.ജി. ഉമ്മൻ നിന്നിടത്തു നിന്ന് മുകളിലേക്ക് ഉയർന്നു പോയി. എന്നാൽ അപ്പോഴും അദ്ദേഹം “ഹല്ലേലുയ്യാ” എന്ന് ഉച്ചത്തിൽ ആർത്ത് ദൈവത്തെ മഹത്വപ്പെടുത്തി. ശ്രോതാക്കളിൽ സ്ത്രീകളും കുട്ടികളും ഇതുകണ്ടു കരഞ്ഞു. സുവിശേഷസംഘാംഗങ്ങളുടെ പുസ്തകങ്ങളും തമ്പറുമെല്ലാം അവർ നശിപ്പിച്ചുകളഞ്ഞു. ഇതു നിമിത്തം ഉമ്മച്ചൻ മൂന്നുദിവസം പനിപിടിച്ചു കിടപ്പിലായി.

1936 :

വളഞ്ഞവട്ടത്ത് വാലയിൽ ഉണ്ണൂണ്ണിയച്ചന്റെ (പാസ്റ്റർ വി.ജി.ജോൺ) ക്ഷണമനുസരിച്ച് റ്റി.ജി. ഉമ്മൻ അവിടൊരു കൺവൻഷൻ നടത്തുവാൻ പോയി. ഞായറാഴ്ച രാത്രിയിൽ ശുശ്രൂഷയ്ക്കായി റ്റി.ജി. ഉമ്മൻ എഴുന്നേറ്റു നിന്നു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ വേദപുസ്തകം വായിക്കുകയും, ആരോ എറിഞ്ഞ കല്ലുകൊണ്ട് പെട്രോമാക്സ് തകർന്നു. പന്തലിലാകെ ഇരുട്ടു പരന്നു. പിന്നെ തുടർച്ചയായ ഏറുതന്നെ. പന്തലിൽ കരച്ചിലും ഞരക്കവും മുളിച്ചയും കേൾക്കുന്നു. ഉമ്മച്ചൻ ഉച്ചത്തിൽ സ്തോത്രം, സ്തോത്രം, സ്തോത്രം,എന്നു പറഞ്ഞുകൊണ്ടിരുന്നു. അനുഭാവികളിലാരോ മണ്ണെണ്ണ വിളക്കും റാന്തലുമായി വന്നപ്പോൾ ഏറ് മൂലമുള്ള പരുക്കുകളാൽ പത്തുപേർ വീണു കിടപ്പുണ്ട്. ഇഷ്ടികമുറികൾ പന്തലിൽ ചിതറിക്കിടക്കുന്നു. പരുക്കേറ്റവർ പരസഹായത്തോടെ തങ്ങളുടെ വീടുകളിലെത്തി. വീണു കിടക്കുന്ന രണ്ടുപേരെ ഫെയ്ത് ഹോമിലാക്കി ശുശ്രൂഷിച്ചു. അവരിലൊരാൾ ചില ദിവസങ്ങൾക്കുള്ളിൽ മരിച്ചുപോയി. മറ്റെയാൾ മൂന്നു മാസത്തിനുശേഷം എഴുന്നേറ്റെങ്കിലും ചുമച്ചും ചോരതുപ്പിയും കുറെ വർഷങ്ങൾ ജീവിച്ച് കർത്താവിനെ സാക്ഷിച്ച് മരിച്ചു.

വിവരം ആരോ പോലീസിൽ അറിയിച്ചതനുസരിച്ച് മൊഴി കൊടുക്കുന്നതിനുവേണ്ടി അവർ ഉമ്മച്ചനെ സമീപിച്ചു. എന്നാൽ അദ്ദേഹം കേസ് രജിസ്റ്റർ ചെയ്യുന്നതിനു സമ്മതിക്കാതെ “ഞങ്ങളുടെ കേസ് സ്വർഗ്ഗത്തിലേക്കയച്ചിരിക്കുകയാണ്” എന്നുപറഞ്ഞ് പോലീസുകാരെ പറഞ്ഞയക്കുകയാണുണ്ടായത്.

1905 ഒക്ടോബർ 8 നു ചെങ്ങന്നൂർ പുത്തൻകാവ് തെരുവിൽ തലവടിപീടികയിൽ ഉമ്മൻ ഗീവർഗീസിന്റെ മകനായി ജനിച്ച റ്റി.ജി. ഉമ്മൻ 1924 ൽ രക്ഷിക്കപ്പെട്ട് സ്നാനപ്പെടുകയും 1929 ആഗസ്റ്റ് മാസത്തിൽ ഒരു  ബ്രദറൺ യോഗത്തിൽ പരസ്യമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കവെ അന്യഭാഷ അടയാളത്തോടെ ആത്മസ്നാനം പ്രാപിക്കുകയും ചെയ്തു.

ആദ്യ വർഷങ്ങളിൽ പൂവൻമലയിൽ പ്രവർത്തിച്ച ഉമ്മച്ചൻ 1935 മുതൽ 38 വരെ മേൽപ്പാടത്ത് പെന്തെക്കോസ്ത് സന്ദേശമറിയിച്ചു. 38 മുതൽ അദ്ദേഹം കൊട്ടാരക്കര തൃക്കണ്ണമംഗൽ താമസിച്ചുകൊണ്ട് ആ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. 1940 – ലാണ് അദ്ദേഹം പത്തനാപുരത്ത് താമസമാക്കുന്നത്. പിന്നീട് മരണംവരെ അദ്ദേഹം അവിടെയായിരുന്നു താമസം. പ്രഗത്ഭനായ ഒരു വേദാദ്ധ്യാപകൻ എന്ന നിലയിലാണ് റ്റി.ജി. ഉമ്മൻ പൊതുവെ പുറംലോകത്ത് അറിയപ്പെടുന്നത് പ്രൗഢങ്ങളായ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ അഖിലേന്ത്യാ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുള്ള ഉമ്മച്ചൻ പ്രഗത്ഭനായ ഒരു ഭരണകർത്താവായിരുന്നു. എന്നും സ്വന്ത അഭിപ്രായങ്ങൾ ധീരമായി പ്രസ്താ വിച്ചിട്ടുള്ള റ്റി.ജി. ഉമ്മൻ പുറം ലോകത്തും ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. 1985 -ൽ ശുശ്രൂഷ തികച്ച് അദ്ദേഹം മഹത്വത്തിലേക്ക് പ്രവേശിച്ചു .

കടപ്പാട്: കേരള പെന്തെക്കോസ്ത് ചരിത്രം

Advertisement

IPC Edinburg ad till

Matrimony
Back to top button
Translate To English »
error: Content is protected !!