വൈകല്യത്തോട് പോരാടി ഡാനി പി.ജോർജ് ഇനി അസിസ്റ്റന്റ് പ്രൊഫസർ

വൈകല്യത്തോട് പോരാടി ഡാനി പി.ജോർജ് ഇനി അസിസ്റ്റന്റ് പ്രൊഫസർ

മോൻസി മാമ്മൻ തിരുവനന്തപുരം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം സ്വദേശിയായ ഡാനി കഷ്ടപ്പാടുകൾക്കിടയിലും വിശ്രമമില്ലാതെ പഠിച്ചാണ് തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

അരയ്ക്കു താഴെ ചലനശേഷിയില്ലാതെയായിരുന്നു ജനനം. പോലീസ് കോൺസ്റ്റബിളായിരുന്ന ഡാനിയുടെ അച്ഛൻ പതിനഞ്ചു വർഷം മുമ്പ് സ്‌ട്രോക്ക് വന്ന് കിടപ്പിലായിരുന്നു.

ഡാനിയുടെ പിതാവ് ജോർജും അമ്മ എസ്തറും മകനെ ചികിത്സിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പട്ടാളത്തിൽ ജോലി ചെയ്യുന്ന ഡാനിയുടെ ഇളയ സഹോദരൻ മാത്യുവിന് വൃക്കരോഗം പിടിപെട്ടതോടെ ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വന്നു. 

കുട്ടിക്കാലത്ത്, വീൽചെയർ വാങ്ങാൻ പണമില്ലാത്തതിനാൽ നിലത്തിരുന്ന് ഇഴഞ്ഞും നിരങ്ങിയും വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നു. എങ്കിലും നല്ല മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.  

ഡാനി മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബികോമും ഹോസ്റ്റലിൽ താമസിച്ച് ടൂറിസത്തിൽ പിജിയും പഠിച്ചു.  

 ടൂറിസത്തിൽ പിജി കഴിഞ്ഞ് നെറ്റ്, ജെആർഎഫ് എന്നിവ പാസായി ഡാനി ടി.ജോർജ്. കോളജ് അധ്യാപക തസ്തികയിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞ മാസം അഡ്വൈസ് മെമ്മോ കിട്ടി. നിയമന ഉത്തരവ് ലഭിച്ചാലുടൻ ഡാനി അസിസ്റ്റൻ്റ് പ്രൊഫസറാകും. നിയമന ഉത്തരവ് കിട്ടിയാലേ ഏത് കോളേജിലാണെന്ന് വ്യക്തമാകൂ. വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം ഇപ്പോൾ കേരള സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്.

ഡാനിക്ക് യാത്രകൾ ഇഷ്ടമാണ്, അതുകൊണ്ടാണ് ടൂറിസത്തിൽ പിജി ചെയ്തത്.  പരിമിതികളെക്കുറിച്ച് പരാതി പറയുന്നതിൽ അർത്ഥമില്ല, എൻ്റെ ജീവിതം വിദ്യാർത്ഥികൾക്ക് പ്രചോദനമാകണം എന്നാണ് ഡാനിയുടെ വാചകങ്ങൾ.

ഐപിസി പൗഡിക്കോണം സഭയുടെ സജീവ അംഗമായ ഡാനി സജീവ പിവൈപിഎ പ്രവർത്തകനും കൂടിയാണ്.

Advertisement