ജനം വചനത്തിൻ്റെ കരുത്തറിയാൻ മടങ്ങിവരണം: പാസ്റ്റർ കെ.ജെ. മാത്യു
ജനം വചനത്തിൻ്റെ കരുത്തറിയാൻ മടങ്ങിവരണം: പാസ്റ്റർ കെ.ജെ. മാത്യു
അടൂർ-പറന്തൽ: ജനം വചനത്തിൻ്റെ കരുത്തറിയാൻ ദൈവത്തിങ്കലേക്കു മടങ്ങി വരണമെന്നും അപ്പോൾ ഉണ്ടാകുന്ന പരിവർത്തനം അത്ഭുകരമാകുമെന്നും വലിയ പരിവർത്തനങ്ങൾക്കു ഈ തലമുറ സാക്ഷികളാകണമെന്നും സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷനിൽ രണ്ടാം ദിനം രാത്രിയിൽ പൊതുസമ്മേളനത്തിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനമാകുന്ന ക്രിസ്തുവിങ്കലേക്കു ജനം വരിക എന്നതാണ് കാലഘട്ടത്തിൻ്റെ ആവശ്യം അതിനു തയ്യാറാകുന്ന ഇടങ്ങളിൽ ഉണർവ്വിൻ്റെ പുതിയ ചലനങ്ങൾ രൂപപ്പെടുമെന്നും അതിൽ പങ്കാളിയാകുവാൻ ഓരോരുത്തരും തയ്യാറാകണമെന്നും പാസ്റ്റർ കെ.ജെ. മാത്യു തുടർന്നു. സഭയുടെ ദക്ഷിണമേഖലാ ഡയറക്ടർ പാസ്റ്റർ പി.കെ.യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺ സാമുവേൽ സന്ദേശം നല്കി.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ്, പെന്തക്കോസ്തൽ അസംബ്ലി, മസ്കറ്റ് സെക്രട്ടറി ജോർജ് കെ.സാമുവേൽ, എ ജി.മലബാർ ഡിസ്ട്രിക്ട് മുൻ സെക്രട്ടറി പാസ്റ്റർ കെ.കെ.മാത്യു എന്നിവർ ആശംസാപ്രസംഗം നടത്തി. ലില്ലി ജസ്റ്റസ്, ബേബി ഡാനിയേൽ, പാസ്റ്റർമാരായ ജെ.എം.രജീഷ്, സ്റ്റീഫൻ വർഗീസ്, ജോൺലി.ഡി എന്നിവർ പ്രാർത്ഥന നയിച്ചു. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ, അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവർ നേതൃത്വം നല്കി.