വിശ്വാസസമൂഹം വിശുദ്ധിയിലേക്ക് മടങ്ങിവരണം:  പാസ്റ്റർ ജോർജ് പി. ചാക്കോ

വിശ്വാസസമൂഹം വിശുദ്ധിയിലേക്ക് മടങ്ങിവരണം:   പാസ്റ്റർ ജോർജ് പി. ചാക്കോ

അടൂർ: വിശ്വാസസമൂഹം വിശുദ്ധിയിലേക്കു മടങ്ങി വരണമെന്നും വിശുദ്ധിയില്ലാത്ത ജീവിതം അർത്ഥരഹിതമാകുമെന്നും ക്രൈസ്റ്റ് എ.ജി മിനിസ്ട്രിസ് സ്ഥാപകനും സീനിയർ പാസ്റ്ററുമായ ജോർജ് പി. ചാക്കോ പ്രസ്താവിച്ചു.

വചന ചരിത്രത്തിൽ അശുദ്ധിയും വിശുദ്ധിയും തമ്മിൽ കൃത്യമായ വേർതിരിവ് ദൈവം കല്പിച്ചിട്ടുണ്ട്. വചന വിരുദ്ധമായ ജീവിതം നയിച്ചാൽ അത് എത്ര വലിയ വ്യക്തിയാണെങ്കിലും തള്ളപ്പെട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിൽ വിശുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട്. എത്ര മികവാർന്ന ജീവിതം നയിച്ചാലും പ്രമുഖനാണെന്നു സമൂഹം അംഗീകരിച്ചാലും ലക്ഷ്യപ്രാപ്തിയിൽ എത്തുവാൻ ജനം വിശുദ്ധജീവിതം നയിക്കണം. കാലത്തിൻ്റെ മാറ്റത്തിൽ മാലിന്യപ്പെടുവാനുള്ള സാധ്യതയെക്കുറിച്ച് ബോധവാൻമാരായി വിശ്വാസികൾ ജീവിക്കണം. വിശുദ്ധി ദൈവത്തിൻ്റെ സ്വഭാവമാണ്. ആ സ്വഭാവം നമ്മുടെയും മുഖമുദ്രയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വാർഷിക ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് ആറിനു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ തോമസ് ഏബ്രഹാം പ്രസംഗിച്ചു.പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, പാസ്റ്റർ റെജി ഒതറ എന്നിവർ അനുമോദന പ്രസംഗം നടത്തി.

മദ്ധ്യമേഖലാ മുൻഡയറക്ടർ പാസ്റ്റർ എ.ബനാൻസോസ് അദ്ധ്യക്ഷത വഹിച്ചു.

ദൈവത്തിൻ്റെ അതിരുകളില്ലാത്ത സ്നേഹം നാം പരിശീലിക്കണം. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയവനെപോലും ഞാൻ കരുതുന്നു എന്നു യേശുനാഥൻ പറഞ്ഞിട്ടുണ്ട്. ഇന്ന് ഏകാന്തതയിൽ വീർപ്പുമുട്ടുന്ന ജനതയിലേക്ക് വ്യവസ്ഥകളില്ലാതെ എത്തിച്ചേരുവാൻ നമുക്ക് കഴിയണം. അതിന് പ്രാർത്ഥനാ നിർഭരമായ ജീവിതം ഉണ്ടാവുകയും ആത്മീയത പകരുന്ന ഉൾക്കരുത്തിൽ മുന്നേറുവാൻ ഓരോരുത്തർക്കും കഴിയണം എന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു. പാർലമെൻ്റംഗങ്ങളായ ആൻ്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരും രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ആശംസാപ്രഭാഷണം നടത്തി.

രാവിലെ ഒമ്പതിന് നടന്ന സുവിശേഷ സെമിനാറിൽ പാസ്റ്റർമാരായ സി.ഗുണശീലൻ, ജെ.ജോൺസൻ,ബിജി ഫിലിപ്പ്, സാംകുട്ടി ജോൺ, ജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പതിനൊന്നിന് നടന്ന ദൗത്യസെമിനാറിൽ പാസ്റ്റർ ജോർജ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ മനോജ് തോമസ് മുഖ്യസന്ദേശം നല്കി. സഭയുടെ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ അവാർഡുകൾ വിതരണം ചെയ്തു.

ഉച്ചയ്ക്ക് രണ്ടിനു നടന്ന വിശ്വാസി സംഗമത്തിൽ പാസ്റ്റർ കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ അജി കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു മുഖ്യപ്രഭാഷണം നടത്തി. 

ഇന്ന് ശനി രാവിലെ ഒമ്പതിന് വിദ്യാർത്ഥി സമ്മേളനം നടക്കും. സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി.വർഗീസ് അദ്ധ്യക്ഷത വഹിക്കും.പാസ്റ്റർ മാനുവേൽ ജോൺസൻ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് യുവജനസമ്മേളനത്തിൽ പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി.ജോർജ് നേതൃത്വം നല്കും. പാസ്റ്റർ ഐസക് 

ജപലാൽ സന്ദേശം നല്കും. വൈകിട്ട് ആറിന് പൊതുയോഗത്തിൽ പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസംഗിക്കും. സഭാ മുൻ സെക്രട്ടറി പാസ്റ്റർ ഫിന്നി ജോർജ് അദ്ധ്യക്ഷത വഹിക്കും.