ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ശതാബ്ദി ആഘോഷം നാളെ സെപ്റ്റം. 7 ശനിയാഴ്ച
മാവേലിക്കര: ഫസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി ഓഡിറ്റോറിയത്തിൻ്റെ സമർപ്പണവും നാളെ ശനിയാഴ്ച സെപ്റ്റംബർ 7ാം തീയതി മാവേലിക്കരയിൽ നടക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. അസംബ്ലിസ് ഓഫ് ഗോഡ് ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവേൽ ഓഡിറ്റോറിയം സമർപ്പിക്കും. പ്രസിഡൻ്റ് പാസ്റ്റർ സ്റ്റാൻലി പി വർഗീസ് അധ്യക്ഷനാകും.
1914-ൽ അമേരിക്കയിൽ രൂപീകൃതമായ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ മിഷനറിയായി കേരളത്തിൽ എത്തിയ മേരി ചാപ്മാൻ 1920 മുതൽ മാവേലിക്കര കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. അധ്യാപകനും വാഗ്മിയും ആയിരുന്ന എ. ജെ. ജോണുമായി ചേർന്നു 1924 - ൽ ഫസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മാവേലിക്കരയിൽ സ്ഥാപിക്കുക ആയിരുന്നു. 1927 നവംബർ 27-ന് അന്തരിച്ച മേരി ചാപ്മാന്റെ ഭൗതികശരീരം മാവേലിക്കര ഫസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
സഭയുടെ ശതാബ്ദിയുടെ ഭാഗമായാണ് നവീകരിച്ച ആരാധനാലയത്തിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും സമർപ്പണം നടത്തുന്നതെന്ന് പാസ്റ്റർ സ്റ്റാൻലി ഫിലിപ് വർഗീസ്, സഭാ സെക്രട്ടറി സുനിൽ പി. വർഗീസ്, ട്രസ്റ്റി എം.കെ മത്തായി, റോഷിൻ പൈനുമൂട്, കെ ജോർജ് എന്നിവർ പറഞ്ഞു. ശതാബ്ദി ഓഡിറ്റോറിയത്തിന്റെ സമർപ്പണം നാളെ പത്തിന് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ നിർവഹിക്കും.