ഏജിഐഎഫ്എന്‍എ ഫാമിലി കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 1 മുതല്‍
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 1 - 4 വരെ ഇല്ലെന്‍വില്ലിലെ ഹോണേഴ്സ് ഹെയ്വെന്‍ റിസോര്‍ട്ടില്‍ നടക്കുന്ന എജിഐഎഫ്എന്‍എ ഫാമിലി കോണ്‍ഫ്രന്‍സിലെ പ്രധാന പ്രസംഗകര്‍ റവ. ഡോ. വില്‍ഫ്രഡോ ചോക്കോ, റവ. മൈക്ക് സിഗ്നരെല്ലി, റവ. ടി.ജെ. സാമുവേല്‍, റവ. രാജേഷ് മാത്യു, റവ. അനില്‍ കൊടിത്തോട്ടം, റവ. ഡോ. സാബു വര്‍ഗീസ് എന്നിവര്‍ ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
2013-ല്‍ ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും ജനസ്വാധീനമുള്ള 100 പേരില്‍ ഒരാളായി തിരഞ്ഞെടുത്ത റവ. ചോക്കോ അമേരിക്കയിലെ വലിയ എജി സഭകളിലൊന്നായ ചിക്കാഗോ ന്യൂ ലൈഫ് കവനെന്‍റ് മിനിസ്ട്രീസ് സീനിയര്‍ പാസ്റ്ററാണ്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുകയെന്ന വലിയ ആത്മീയശുശ്രുഷയ്ക്ക് തുടക്കം കുറിച്ച അദ്ദേഹം അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ സഭകളുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇപ്പോള്‍ എജി ജനറല്‍ ട്രഷററായി സേവനം അനുഷ്ഠിക്കുന്നു. ഈടുറ്റ പ്രഭാഷകനും 'അമേസിങ് ഫെയ്ത്', 'ഇന്‍ ദി ഗ്യാപ്' തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
'ഓരോരുത്തരും എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതായിത്തീരുവാന്‍ യേശുക്രിസ്തുവിലൂടെ അവരെ പ്രാപ്തരാക്കുക' എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സുവിശേഷകനാണ് ന്യൂയോര്‍ക്കിലെ D1 ചര്‍ച്ചിന്‍റെ സ്ഥാപകപാസ്റ്ററായ റവ. മൈക്ക് സിഗ്നരെല്ലി. 'കം ഔട്ട് ഇന്‍ ജീസസ് നെയിം', 'ഡോമിനോ റിവൈവല്‍' എന്നീ വിശ്വാസാധിഷ്ഠിത സിനിമകളുടെ സഹനിര്‍മാതാവായ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിനു അനുയായികളുണ്ട്.
റവ.ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് (നാഷണൽ കൺവീനർ), പാസ്റ്റർ ജെയിംസ് ജോർജ് ( ഡയറക്ടർ ഓഫ് ഫിനാൻസ്), പാസ്റ്റർ തോമസ് വർഗീസ്( ഡയറക്ടർ ഓഫ് അഡ്മിനിസ്ട്രേഷൻ), പാസ്റ്റർ ജോർജ് വി.എബ്രഹാം ( ഡയറക്ടർ ഓഫ് ലോജിസ്റ്റിക്സ് ) എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ ഭാരവാഹികളാണ് കോൺഫറൻസിനു നേതൃത്വം നല്കുന്നത്.