ഇനി ഞാന്‍ ഉറങ്ങട്ടെ !

ഇനി ഞാന്‍ ഉറങ്ങട്ടെ !

ഇനി ഞാന്‍ ഉറങ്ങട്ടെ!

നുഷ്യന്‍റെ ഏറ്റവും വലിയ ആന്തരീക ഭീതിയാണ് മരണം. രംഗബോധമില്ലാത്ത കോമാളിയെ അവര്‍ വെറുക്കുന്നു. ശവക്കച്ച പുതച്ചുകിടക്കുന്ന രംഗം ഭാവനയില്‍പ്പോലും ദർശിക്കുവാൻ ഭയമാണ്. മോര്‍ച്ചറിയും റീത്തും കറുത്ത കൊടിയും മനസ്സിനെ അസ്വസ്ഥമാക്കുന്നു.

'സമയമാം രഥത്തില്‍...' എന്ന ഗാനം ശവസംസ്കാരവേളയില്‍ മാത്രമാണല്ലോ നാം പാടാറുളളത്. ഇതൊരു സെമിത്തേരി ഗാനമാകുമെന്ന് അതിന്റെ രചയിതാവ് നാഗല്‍സായ്പ്പ് സ്വപ്നേപി കരുതിയില്ല!. ആരാധനാ വേളയിലും കണ്‍വന്‍ഷന്‍ വേദികളിലും ഈ ഗാനം എന്തുകൊണ്ട് വിലക്കപ്പെട്ടിരിക്കുന്നു.? ഇവിടെയാണ് മരണഭീതിയുടെ ചിത്രം തെളിയുന്നത്. 

അലറി കൂവിയവർ

മരണം നിശ്ചയമാകയാല്‍ അതിനോടുളള പ്രതികരണമാണ് പ്രസക്തമാകുന്നത്. "ഭീരുക്കള്‍ മരണത്തിനു മുമ്പ് നിരവധി തവണ മരിക്കുന്നു. എന്നാല്‍ ധീരന്‍ ഒരിക്കല്‍ മാത്രം മരിക്കുന്നു". വില്യം ഷേക്സ്പിയറിന്‍റെ മൊഴികള്‍ പ്രസക്തമാണ്. മഹാന്മാരെന്ന് ലോകം വിധിയെഴുതിയവരില്‍ ചിലര്‍ അന്ത്യനിമിഷമെത്തിയപ്പോള്‍ അലറികൂവിയതായി ചരിത്രം പറയുന്നു. ദൈവമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചവരും മരണവേളയില്‍ പരിഭ്രമിച്ചു എന്നത് ചിന്തനീയമാണ്. ഭൂമിയുടെ പകുതി പിടിച്ചടക്കിയ അലക്സാണ്ടര്‍ മഹാന്‍ മരണപാരവശ്യം ഉണ്ടായപ്പോള്‍ നിസഹായകനായി തന്‍റെ വെറും കൈകള്‍ മലര്‍ത്തിക്കാട്ടി വിടപറഞ്ഞു. എത്യോപ്യ രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായി പ്രകീര്‍ത്തിക്കപ്പെട്ട് അനേകം ബഹുമതികള്‍ ഏറ്റുവാങ്ങിയ ഹെയ്ലീസ് സലാസി പിന്നീട് ചക്രവര്‍ത്തി സ്ഥാനത്തു നിന്നും നിഷ്കാസിതനായി, ഒടുവില്‍ ഒരു മണ്‍കുടിലില്‍ ജീവിതം തളളി നീക്കി അന്ത്യശ്വാസം വലിക്കുകയായിരുന്നു.

"സമയത്തിന് മുമ്പേ ഞാന്‍ മരിക്കുന്നു. എന്‍റെ ശരീരം പുഴുക്കള്‍ക്ക് ഭക്ഷണമാകും. എന്‍റെ നിത്യശോകത്തിന്‍റെയും സ്വര്‍ഗ്ഗത്തിലെ നിത്യതയുടെയും ഇടയിലെ അകലം എത്ര അഗാധമാണ്". നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ അന്ത്യ വാക്കുകളാണിവ. "നിത്യനാശത്തിനായി വിധിക്കപ്പെട്ടവന്‍റെ വേദന ഞാന്‍ അനുഭവിക്കുന്നു. നിത്യതയെപ്പറ്റി ചിന്തിക്കാതിരിപ്പാന്‍ എനിക്ക് മയക്കുമരുന്നു തരൂ, ഇതാ ഞാന്‍ കൂരിരുട്ടിലേക്ക് കുതിച്ചു ചാടുന്നു". ഇംഗ്ലണ്ടിലെ നാസ്തികനായിരുന്ന ഹോബ്സിന്‍റെ വിധിയാണിത്. ഫ്രഞ്ച് വിപ്ലവനേതാവായിരുന്ന വോള്‍ട്ടയര്‍ അന്ത്യനിമിഷങ്ങളില്‍ വിറച്ചുപോയി. ഇതാ ഞാന്‍ ദൈവത്താല്‍ കൈവിടപ്പെട്ടവനായി മരിച്ചേ തീരൂ എന്നായിരുന്നു അവസാന വാക്കുകള്‍. ഇംഗ്ലണ്ടിലെ രാഷ്ട്രരത്നമായിരുന്ന തോമസ് സ്കോട്ടും മരണത്തിന് മുമ്പില്‍ പതറി. "ഈ നിമിഷം വരെ ദൈവവും നരകവും ഇല്ലെന്ന് ഞാന്‍ കരുതി. ഇപ്പോഴിതാ അവ രണ്ടും ഉണ്ടെന്ന് ഞാന്‍ അറിയുന്നു. ഞാനിതാ ആത്മ പീഡയിലേക്ക് ന്യായം വിധിച്ചു തളളപ്പെട്ടിരിക്കുന്നു".

ഇനി ഞാൻ മരിക്കട്ടെ

തികഞ്ഞ പ്രത്യാശയോടെ മരണത്തെ വരവേറ്റവരുടെ ചരിത്രവും നമ്മുടെയിടയിലുണ്ട്. അവര്‍ ക്രിസ്താനുയായികളാണ്. മരണത്തെ കേവലം ഉറക്കമായി കരുതുന്നവര്‍. "ഉറക്കംപോലെ മരണവും നമ്മില്‍ നടക്കേണ്ട ഒരു പ്രക്രിയയാണ്. പുതുക്കത്തോടെ നാം പ്രഭാതത്തില്‍ എഴുന്നേറ്റുവരും" ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍റെ വാക്കുകള്‍ ക്രിസ്തു ശിഷ്യരുടെ ശബ്ദമാണ്. "ഞാന്‍ നല്ല പോര്‍ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു". പൗലോസിനെപ്പോലെ ലക്ഷ്യബോധമുളളവര്‍ക്കേ ഇങ്ങനെ പറയാനാവൂ.

നിത്യനാം പിതാവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്‍റെ ആത്മാവിനെ അവിടുത്തെ കരങ്ങളിലേക്ക് ഭരമേല്പ്പിക്കുന്നു എന്ന് ഉദ്ധരിച്ചിട്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ യാത്രയായത്. തോമസ് എഡിസനും മരിക്കുന്നതിനു മുമ്പേ എത്തിച്ചേരുന്ന സ്ഥലം വ്യക്തമായിരുന്നു, "അതാ അവിടെ കാണുന്ന ദൈവ സന്നിധി അത്യധികം മനോഹരമാണ്". വില്യം കേറിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്, "അരിഷ്ടനും നിസാരനുമായ ഒരു പുഴു അങ്ങയുടെ ദയയുളള കരങ്ങളില്‍ വീഴുന്നു". ക്രൈസ്തവ സമൂഹത്തിന് സുപരിചിതനായ സാധു കൊച്ചുകുഞ്ഞുപദേശി മരണത്തിന് അമിതപ്രാധാന്യം നല്‍കുന്നില്ല, "ഇതാണോ മരണം, സാരമില്ല". ജോണ്‍ വെസ്ലിയുടെ മൊഴികള്‍ ഇങ്ങനെയാണ് "മുറിയെത്ര ശോഭനമായിരിക്കുന്നു. ദൂതന്മാര്‍ അതില്‍ നിറഞ്ഞിരിക്കുന്നു. ദൈവം നമ്മോടുകൂടെ വസിക്കുന്നു എന്നത് എല്ലാറ്റിനെക്കാളും വിശേഷമായിരിക്കുന്നു".

ഉല്‍കൃഷ്ടമായ ലക്ഷ്യം നേടിയെടുക്കുവാന്‍ ജീവന്‍ ത്യജിച്ചവരാണ് ക്രൈസ്തവ രക്തസാക്ഷികള്‍. ക്രൂരമായ പീഡനത്തില്‍ പതറാതിരുന്ന അവരുടെ അന്ത്യമൊഴികള്‍ നമുക്കൊരു ചോദ്യചിഹ്നമാണ്. മരണത്തിന്‍റെ വഴിയില്‍ നിന്നും ഒളിച്ചോടാതെ സിംഹങ്ങള്‍ക്കിരയായ ബിഷപ്പ് ഇഗ്നേഷ്യസിന്‍റെ അവസാന വാക്കുകള്‍ ശ്രദ്ധിക്കുക."കര്‍ത്താവേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു. അപ്പോസ്തോലനായ പൗലോസിന് ലഭിച്ചതുപോലെ ഇത്തരമൊരു അവസ്ഥ നല്‍കി എന്നെയും മാനിച്ചിരിക്കയാല്‍ ഞാന്‍ അങ്ങയെ വാഴ്ത്തുന്നു". ആളിക്കത്തുന്ന തീയില്‍ കിടന്ന് "ക്രിസ്തുവിന്‍റെ ക്രൂശേ സ്വാഗതം. നിത്യജീവനേ സല്‍ക്കാരം " എന്നുരുവിട്ട് അന്ത്യശ്വാസം വലിച്ച ധീര ഭടനായിരുന്നു ലോറൻസ് സാൻഡേഴ്സ്. മരണ വേളയിൽപ്പോലും ഒരു ആത്മാവിനെ ആദായപ്പെടുത്തുവാൻ ലോറൻസിനു കഴിഞ്ഞു. റോമൻ പടയാളിക്കാണ് രൂപാന്തരമുണ്ടായത്.

മരണം ഒരു ഭാഗ്യാവസ്ഥ 

മരണത്തെ മുഖാമുഖം കണ്ടവരുടെ പ്രതികരണങ്ങളിലെ അന്തരമാണ് നാം ശ്രദ്ധിക്കേണ്ടത്. യുക്തിവാദികളും നിരീശ്വരൻമാരും അന്ത്യ നിമിഷങ്ങളിൽ ഭയന്നു വിളറിയപ്പോൾ ക്രിസ്തു ശിഷ്യർ പുഞ്ചിരിക്കുകയായിരുന്നു. മരണത്തിനപ്പുറത്തെ ജീവിതമാണ് അവരെ പ്രത്യാശഭരിതമാക്കിയത്. മരണം കലണ്ടർ സൂക്ഷിക്കുന്നില്ല എന്നു പറഞ്ഞത് ജോർജ് ഹെർബട്ടാണ്. അതെ, മരണ വണ്ടി എപ്പോൾ വേണമെങ്കിലും വരാം, അതൊരു യാഥാർഥ്യമാണ്. 

എന്നാൽ മരണാനന്തരം ശരീരത്തിന്റെ വീണ്ടെടുപ്പ് ക്രിസ്തുഭക്തനു ഒരു പുത്തൻ ജീവിതത്തിന്റെ തുടക്കമാണ്. ശലഭപ്പുഴു സമാധിയിൽ നിന്നും മനോഹരമായ പൂമ്പാറ്റയായി പാറിപ്പറന്നു പോകുന്ന അനുഭവ സമാനത ! ദൈവ മക്കൾക്ക്‌ മരണം ഒരു ഭാഗ്യാവസ്ഥയാണ്. തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നും വിശ്രമിക്കുന്ന സന്ദർഭം! (വെളിപ്പാട് 14:13).

Advertisement