യഥാർത്ഥ പെസഹാ ആവുക !

യഥാർത്ഥ പെസഹാ ആവുക !

യഥാർത്ഥ പെസഹാ ആവുക !

നെവിൻ മങ്ങാട്ട്

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ ക്രൂശ് മരണവും ഉയർപ്പും അനുസ്മരിക്കുന്ന കഷ്ടാനുഭവ ആഴച്ചയിലാണല്ലോ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി വേഗത്തിൽ നിങ്ങളെയും ചേർപ്പാൻ മടങ്ങി വരുമെന്ന് പറഞ്ഞ നല്ല നാഥനെ ചിലർ നോമ്പ് ആചരിച്ചും മറ്റുചിലർ ഉപവാസത്തോടെയും ഒക്കെയായി ഓർക്കുന്ന വർഷത്തിലെ ഒരു ആഴ്ച്ച. കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തോടുള്ള ബന്ധത്തിൽ ഒന്നാമത്തേതായി നടന്ന ഒരു  സംഭവമാണ് കർത്താവിനോട് ചേർന്ന് നടന്ന പണസഞ്ചി സൂക്ഷിപ്പുകാരൻ യൂദാ മുപ്പത് വെള്ളിക്കാശിനു കർത്താവിനെ പടയാളികൾക്ക് ഒറ്റുകൊടുത്തത്. അതേ രാത്രി കർത്താവു നമുക്ക് കാണിച്ചു തന്ന ഒരു വലിയ മാതൃക നാം മനസിലാക്കാതെ പോവരുത്. നമ്മളുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികം ആക്കേണ്ട ഒരു മാതൃക ആകുന്നു അത് യഥാർത്ഥത്തിൽ.

1 കൊരിന്ത്യർ 11ൻറെ 23ൽ നാം വായിക്കുന്ന പോലെ "കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത് സ്തോത്രം ചൊല്ലി നുറുക്കി". ഇവിടെ അപ്പം എന്നത്‌ കർത്താവിന്റെ ശരീരത്തിന്റെ പ്രതീകമായിട്ടാണ് കാണിച്ചിരിക്കുന്നത്. കർത്താവും ശിഷ്യന്മാരുമായുള്ള ഈ അന്ത്യ അത്താഴത്തെയാണ് നമ്മൾ പെസഹാ എന്ന് പറയുന്നത്. കർത്താവിനെ യൂദാ മുപ്പത് വെള്ളിക്കാശിനു പടയാളികൾക്ക് ഗുരോ എന്ന് വിളിച്ചു ഒരൊറ്റ ചുംബനം കൊണ്ട് ഒറ്റു കൊടുക്കുമെന്ന് നാഥന് അറിയാമായിരുന്നു. എങ്കിൽ എന്താണ് യഥാർത്ഥ പെസഹാ ? കർത്താവ് നമുക്ക് കാണിച്ചു തന്ന മാതൃക എങ്ങനെ നമ്മളുടെ ജീവിതത്തിലും അന്വർത്ഥം ആക്കാം ?

പെസഹാ എന്ന പദത്തിന്റെ അർത്ഥം "കടന്നു പോക്ക്" അല്ലെങ്കിൽ “Passover”എന്നാണ്. പഴയതിൽ നിന്നും പുതിയ ഒന്നിലേക്കുള്ള ഒരു സംക്രമണത്തെയാണ് പെസഹാ ചൂണ്ടി കാണിക്കുന്നത്. 1 കൊരിന്ത്യർ 11ൽ കർത്താവ് തന്നേ പറയുന്നു ഇത് എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു എന്ന്. അപ്പോൾ പഴയ എന്തിൽ നിന്നോ പുതുക്കത്തിലേക്ക് വരുന്ന അനുഭവത്തെയാണ് പെസഹാ എന്ന് പറയുന്നത്. തന്നെ ഒറ്റു കൊടുക്കുമെന്ന് അറിവുള്ള യുദായോടും, തള്ളി പറഞ്ഞ് തന്നെ വിട്ട് ഓടിപ്പോവുമെന്ന് അറിയാവുന്ന പത്രോസിനോടും ഒക്കെ ചേർന്ന് ഒരുമിച്ച് ഒരേ പന്തിയിൽ യാതൊരു പന്തിഭേദമോ മുഖപക്ഷമോ ഇല്ലാതെ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന കർത്താവിന്റെ നല്ല മനസ്സ് നമ്മളുടെ ഓരോരുത്തരുടെ ജീവിതത്തിലും പകർത്തി എഴുതാവുന്നതാണ്. കർത്താവിന്റെ കഷ്ടദിവസങ്ങൾ അടുത്ത സമയങ്ങളിൽ ഒരു കല്ലേറ് ദൂരത്തിൽ കർത്താവ് പോയിരുന്നു പ്രാത്ഥിച്ചു മടങ്ങി വന്നപ്പോൾ ഉറങ്ങുന്ന ശിഷ്യന്മാരെ ആണ് കണ്ടത്. കഷ്ടദിവസത്തിൽ ഒന്ന് കൂടെയിരിക്കാൻ പോലും കഴിയാതെ പോയ ശിഷ്യന്മാരുടെ ഒപ്പമിരുന്നു ആഹാരം കഴിക്കുന്ന കർത്താവിന്റെ വലിയ മനസാണ്‌ നാമും ശരീരത്തിൽ വഹിക്കേണ്ടത്. കൂടെ നടന്ന യൂദായും, ഏറ്റവും സ്നേഹിച്ച ശിഷ്യനും, അത്ഭുതങ്ങൾ കണ്ട് കൂടെ സഞ്ചരിച്ച മറ്റു ശിഷ്യന്മാരും അടങ്ങുന്ന കർത്താവിന്റെ ശിഷ്യഗണങ്ങളെ നല്ലതുപോലെ ഉള്ളറിഞ്ഞിട്ടും അവരോട് യാതൊരു നീരസവും കർത്താവു കാണിച്ചതായിട്ട് തിരുവചനത്തിൽ കാണുന്നില്ല.

പ്രിയരേ, നമ്മുടെ സ്നേഹിതർ, ബന്ധുക്കൾ, സ്വന്ത സഹോദരങ്ങൾ നമ്മളോട് ചെയ്ത മുറിവുകൾ അവരോട് മനഃപൂർവ്വമായി ക്ഷമിക്കാൻ കഴിയുന്നില്ലെങ്കിൽ യഥാർത്ഥ പെസഹാ അപ്പം ആകുവാൻ നമുക്ക് കഴിയുകയില്ല. ക്രിസ്തു നമുക്കൊരു മാതൃക വെച്ചിട്ട് പോയത് നമ്മളുടെ ജീവിത സാഹചര്യങ്ങളിൽ അത് പ്രാവർത്തികം ആക്കി യഥാർത്ഥ ശിഷ്യർ ആകുവാൻ ആണ്. പഴയനിയമ കാലത്ത് യാഗം അർപ്പിക്കുവാൻ കൊണ്ട് വരുന്ന അപ്പം പുളിപ്പില്ലാത്തത് ആയിരിക്കേണം എന്നൊരു നിബന്ധന ഉണ്ടായിരുന്നു. അതുപോലെ ക്രിസ്തുവിന്റെ സന്നിധിയിൽ പെസഹാ അപ്പമായി നമ്മളെ തന്നെ നുറുക്കി യാഗം ആക്കേണമെങ്കിൽ ഒട്ടും പുളിപ്പ്‌ നമ്മളിൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ഹൃദയത്തിൽ പുളിപ്പ് ഉണ്ടായിരിക്കേ ദൈവത്തെ പ്രസാദിപ്പിക്കാൻ ആർക്കും സാധിക്കുന്നില്ല എന്ന് തിരുവചനം നമ്മളെ പഠിപ്പിക്കുന്നു. പഴയ മാവ് നമ്മളുടെ ഉള്ളിൽ കിടക്കുന്നിടത്തോളം പുളിപ്പിന്റെ അനുഭവം മാറുകയില്ല. നാം ഓരോരുത്തരും പുതിയനിയമത്തിൽ കർത്താവിന്റെ നല്ല അപ്പം ആകുവാൻ ശ്രമിക്കുമ്പോഴാണ് നമ്മളുടെ ആരാധനയിൽ ദൈവം പ്രസാദിക്കുന്നത്.

നമ്മിലെ അയോഗ്യത കർത്താവിൽ നിന്ന് നമ്മളെ അകറ്റുന്നു. വിശുദ്ധ ജീവിതത്തിന് തടസ്സമാവുന്നത് എന്തും അയോഗ്യത ആണ്. ശത്രുവായ സാത്താൻ നമ്മുടെ നേരെ വിരൽ ചൂണ്ടുവാൻ സംഗതി വരാതെവണ്ണം ജീവിതത്തെ കാത്ത് സൂക്ഷിക്കേണ്ടത്  ഏറ്റവും അനിവാര്യമാണ്. കർത്താവ് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് കൊടുത്ത അപ്പം കർത്താവിൻറെ ശരീരത്തിന്റെ പ്രതീകം ആണെങ്കിൽ ആ ശരീരത്തിൽ കർത്താവിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വഭാവ സവിശേഷതകൾ കർതൃമേശ അനുഷ്ഠിക്കുന്ന നമ്മളിൽ ഇന്ന് ഉണ്ടോ?. നമ്മൾ ലോകത്തോട് കൂടെ പുളിച്ച അപ്പമായി ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു പലപ്പോഴും നമുക്ക് ശിക്ഷണം നൽകുന്നു. നല്ല അപ്പം ആവണമെങ്കിൽ നിരപ്പ് പ്രാപിക്കേണ്ട വിഷയങ്ങളിൽ നമ്മൾ ക്രമീകരണം വരുത്തിയിരിക്കണം. കർത്താവിനോട് നമ്മൾ ചെയ്യുന്നതുപോലെ കർത്താവും നമ്മളോട് തിരിച്ചു ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മൾ പലരും തകർന്നടിഞ്ഞു മാറുമായിരുന്നില്ലേ. എന്നാൽ ഇത് പുതിയനിയമത്തിലുള്ള അപ്പമാകകൊണ്ട് കർത്താവും നമ്മളോട് ക്ഷമിച്ചു നമ്മുടെ ഹൃദയത്തെ കാഠിന്യത്തിനു ഏൽപ്പിക്കാതെ നല്ല അപ്പവും മാന്യരുമാക്കി തീർത്തു.

കർത്താവിനെ പോലെ ക്ഷമിക്കാനും, സ്നേഹിക്കുവാനും, കരുതുവാനും ഒക്കെ ഉള്ള നല്ല മനസിന്റെ ഉടമകളായാൽ നല്ലൊരു അപ്പമായി യാഗമാകുവാൻ നമുക്കും സാധിക്കും.കർത്താവ് നമ്മളെ സ്നേഹിക്കുന്നപോലെ കർത്താവിനെ  സ്നേഹിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് നമ്മെത്തന്നെ പരിശോധന ചെയ്യണം. നല്ല അപ്പം അനേകർക്ക് ആശ്വാസം ആണ്. ഒരുപാട് ജീവിതങ്ങളുടെ വിശപ്പ് അകറ്റുവാൻ നല്ല അപ്പത്തിന് സാധിക്കും. പോർ വിളിച്ചും പോരടിച്ചും നമ്മിലെ മാധുര്യത കളയാതെ അനേകർക്ക് ആശ്വാസവും തണുപ്പും ആകുവാൻ സാധിച്ചാൽ അതിലും മീതെ ഒരു അനുഗ്രഹം ഈ ഭൂമിയിൽ നമുക്കുണ്ടാവില്ല. അങ്ങനെ നമുക്ക് ഓരോരുത്തർക്കും സാധിക്കുന്നു എങ്കിൽ സ്വർഗ്ഗം നമ്മളെ ഓർത്തു സന്തോഷിക്കുന്ന ഒരു ഈസ്റ്റർ പ്രഭാതവും ഉണ്ടാവും നിശ്ചയം.

Advertisement