സക്കായിയുടെ ആത്മഗതം

സക്കായിയുടെ ആത്മഗതം

ഭാവന:

സക്കായിയുടെ ആത്മഗതം

ജോളി ജോൺ, ബാംഗ്ലൂർ

സൂര്യൻ പടിഞ്ഞാറേയ്ക്ക് പതുക്കെ മറയുവാൻ തുടങ്ങിയപ്പോൾ, വെളിച്ചം അൽപ്പമൊന്നു മങ്ങി, ചേക്കേറാൻ തിരക്കുകൂട്ടുന്ന കിളികളുടെ കലപില ശബ്ദം. മുറ്റത്തെ മനോഹരമായ പൂന്തോട്ടത്തിലെ കല്ലുബഞ്ചിൽ ഇരുപ്പു തുടങ്ങിയിട്ട് നേരം ഒത്തിരി ആയി. മനസ്സിന് വല്ലാത്തൊരു ശൂന്യത, എന്തിനെന്നറിയാത്ത ഒരു ഭയവും കുറ്റബോധവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. രാവിലെ മുതൽ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല, എല്ലാത്തിനോടും ഒരു വേണ്ടായ്മ, ഇന്ന് ചുങ്കം പിരിവിനും പോകാൻ തോന്നിയില്ല. മനസ്സ് ഭൂതകാലത്തിലേക്ക് ഊളിയിട്ടു, ദാരിദ്ര്യപൂർണ്ണമായ ബാല്യവും കൗമാരവും; യൗവനത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ ഏതുവിധേനയും പണം സമ്പാദിക്കണം എന്നുള്ള ആഗ്രഹത്തെയും ഒപ്പം കൂട്ടി. തന്റെ ദേശമായ യെരിഹോവിൽ ധാരാളം ധനവാന്മാർ ഉണ്ട്, അവരിൽ പലരും ചുങ്കം പിരിവിൽക്കൂടി ധനം സമ്പാദിച്ചവരാണ്. പെട്ടെന്ന് ധനവാനാകണമെന്നുള്ള ആഗ്രഹം, തന്നെ കൊണ്ടെത്തിച്ചത് ചുങ്കക്കാരുമായുള്ള കൂട്ടുകെട്ടിലാണ്. പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ, ചുങ്കക്കാർ ഇവരെല്ലാം സമാനവിഭാഗത്തിൽപ്പെട്ടവരായതുകൊണ്ട്, റോമാഗവണ്മെന്റിനുവേണ്ടി ചുങ്കം പിരിക്കുവാനുള്ള കരാറിൽ ഒപ്പുവെച്ചപ്പോൾ കൈയൊന്നു വിറച്ചു. ഇനിമുതൽ താൻ സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെടും, ആലയത്തിലേക്കുള്ള പ്രവേശനകവാടം തന്റെ മുൻപിൽ കൊട്ടിയടക്കപ്പെടും, പരീശൻമാരുടെയും ശാസ്ത്രിമാരുടെയും ശത്രുവായി മാറും. പക്ഷെ പെട്ടെന്ന് ധനവാനാകണമെന്നുള്ള അടങ്ങാത്ത മോഹം ഇത്തരം ചിന്തകളെ നിർദ്ധാക്ഷിണ്യം ആട്ടിപ്പായിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കാതെയുള്ള യാത്രയായിരുന്നു.

റോമാഗവണ്മെന്റ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ജനങ്ങളിൽനിന്നും പിരിച്ചെടുക്കുകയും, അധിക തുക താൻ പോക്കറ്റിലാക്കുകയും ചെയ്തു. അധികം താമസിയാതെതന്നെ ചുങ്കക്കാരിൽ പ്രമാണിയായി മാറി. ഇതിനിടയിൽ കൂർത്ത നോട്ടങ്ങളും, ഒറ്റപ്പെടുത്തലുകളും, കുത്തുവാക്കുകളും കണ്ടില്ലെന്നു നടിച്ചു. പകലന്തിയോളം അധികപ്പിരിവ് നടത്തി സമ്പാദിക്കുന്ന പണം വീട്ടിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ചു. ധനം പെരുകിത്തുടങ്ങിയപ്പോൾ അസമാധാനത്തിന്റെ ഒരു തിര ഉള്ളിൽ അലയടിക്കുവാൻ തുടങ്ങി. ഉറക്കം തീരെയില്ലാതായിരിക്കുന്നു.

ദൂരെയെവിടെയോ ഒരു വലിയ ആരവം കേട്ടപ്പോൾ ചിന്തയിനിന്നും ഞെട്ടിയുണർന്നു, പിടഞ്ഞെഴുന്നേറ്റ് ഇരുന്നിരുന്ന കല്ലുബഞ്ചിന്റെ മുകളിൽ കയറിനിന്ന് ദൂരേക്ക് തലയുയർത്തി നോക്കി. ആ നസ്രത്തിലെ മരപ്പണിക്കാരൻ ആണ്. ഈയിടെയായി പിരിവിനു പോകുമ്പോൾ പലയിടത്തുവെച്ചും കാണാറുണ്ട്, അവൻ പോകുന്നിടത്തെല്ലാം ആളുകൾ കൂട്ടമായി അനുഗമിക്കുന്നു. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള എന്തൊക്കെയോ സവിശേഷതകൾ ആനോട്ടത്തിലും ഭാവത്തിലും സംസാരത്തിലും ഒക്കെയുണ്ടെന്ന് പലരും പറയുന്നതു കേട്ടു. അവൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ ആണത്രേ. പക്ഷെ അവനെ ദൂരെനിന്ന് കണ്ടപ്പോഴൊക്കെ അടുത്തേക്ക് പോകാതെ ഞാൻ മനപ്പൂർവ്വം വഴി മാറിപ്പോയി. എന്റെ കൂടെ ജോലി ചെയ്തിരുന്ന മത്തായി ഇപ്പോൾ ചുങ്കം പിരിവ് ഒക്കെ നിർത്തി അവനോടൊപ്പം കൂടിയിക്കുകയാണ്. കഴിഞ്ഞ ദിവസം മത്തായി എന്നെ കാണാൻ വന്നപ്പോൾ, ഞാനിതുവരെ കണ്ടിട്ടില്ലാത്ത സന്തോഷമായിരുന്നു അവന്റെ മുഖത്ത്. അവൻ എന്നോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അഭൗമീകമായ ഒരു സമാധാനം എന്റെ ഉള്ളിലേക്കും ഞാൻ നിന്നിരുന്ന പരിസരങ്ങളിലേക്കും വ്യാപിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. എന്നെപ്പോലെ പാപിയായിരുന്ന ഈ മനുഷ്യന് ആ നസ്രേത്തിലെ തച്ചനുമായുള്ള കൂട്ടുകെട്ടിൽ വന്ന മാറ്റം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

ആരവം അടുത്തടുത്തു വരുന്നു, ഒന്നു പോയി കണ്ടാലോ. അവനെക്കുറിച്ച് ഞാൻ കേൾക്കുന്ന കേൾവി സത്യമാണോയെന്ന് അറിയാമല്ലോ; വേണ്ട എന്ന് മനസ്സ് വിലക്കുന്നതിന് മുൻപേ എന്റെ കാലുകൾ മുന്നോട്ടു കുതിച്ചു, ആരും സ്നേഹിക്കാത്ത, ചങ്ങാത്തം കൂടാൻ ഇഷ്ടപ്പെടാത്ത, മഹാപാപികളായ ചുങ്കക്കാരെ സ്നേഹിക്കുന്ന ഈ മനുഷ്യനെ ഒന്ന് കാണണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തോടെ.

അടുത്തെത്തിയപ്പോൾ ജനം അവന്റെ ചുറ്റും തിക്കിത്തിരക്കുന്നു, പരീശന്മാരും, ശാസ്ത്രിമാരും പള്ളിപ്രമാണികളും മൂപ്പന്മാരും ഒക്കെയുണ്ട്. അവരുടെയിടയിൽക്കൂടി നുഴഞ്ഞുകയറി യേശുവിന്റെ അടുത്തെത്താൻ ശ്രമിച്ച എന്നെ അവർ തങ്ങളുടെ കൈമുട്ടുകൾ കൊണ്ട് പുറകിലോട്ട് തള്ളിമാറ്റി രോഷത്തോടെ മുറുമുറുത്തു. 'നിനക്കെന്താ ഇവിടെ കാര്യം?. നിന്റെ തരക്കാർക്ക് കടന്നുവരാൻ പറ്റിയ ഇടം. അല്ല ഇത് 'എന്നു പറഞ്ഞുകൊണ്ട് അവർ എന്നെ ഊക്കൊടെ തള്ളിയപ്പോൾ നിലത്തേക്ക് വേച്ചു വീണുപോയി. പെട്ടെന്ന് ഞാൻ പിടഞ്ഞെഴുന്നേറ്റു. ഇടുങ്ങിയ മനസ്സുള്ള അവരുടെ ആകാശത്തോളം വളർന്ന ശരീരം യേശുവിനും എനിക്കും ഇടയിൽ വന്മതിൽ പോലെ നിന്നു. അവരുടെയത്ര 'പൊക്ക'വും എനിക്കില്ലായിരുന്നു. അവരുടെ ആക്രോശവും പരിഹാസവും തള്ളിമാറ്റലും ഒക്കെ യേശുവിനെ ഒരുനോക്കു കാണുവാനുള്ള എന്റെ ആഗ്രഹത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അപമാനവും പരിഹാസവും മൂലം തളർന്ന മനസ്സും ശരീരവുമായി ഒരു തികഞ്ഞ പരാജിതനെപ്പോലെ പകച്ചു നിൽക്കുമ്പോൾ, യേശുവും കൂട്ടരും മുന്നോട്ടു നടന്നു നീങ്ങി. ഈ വളവിനപ്പുറം സമൃദ്ധമായ ഇലകൾ ഉള്ള ഒരു കാട്ടത്തിമരം ഉള്ളത് പെട്ടെന്ന് ഓർമ്മയിലേക്ക് വന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. എല്ലാ ക്ഷീണങ്ങളും മറന്ന് ആൾക്കൂട്ടത്തെ പിന്നിലാക്കിക്കൊണ്ട് ഞാൻ ഓടി. നിറയെ മുള്ളുകൾ ഉള്ള മരത്തിന്റെ മുകളിലേക്ക് അതിവേഗം വലിഞ്ഞു കയറുമ്പോൾ, കൂർത്ത മുള്ളുകൾ ശരീരത്തിൽ കൊണ്ടു കയറുന്നതും ചോര കിനിയുന്നതും ഞാനറിഞ്ഞതേയില്ല. മരത്തിന്റെ ഏറ്റവും മുകളിൽ കയറി ഇലകളുടെ ഇടയിൽ ഒളിച്ചിരുന്നു, ആശ്വാസം; മരത്തിൽ കയറുന്നത് ആരും കണ്ടില്ല. വളവു തിരിഞ്ഞ് യേശുവും കൂട്ടരും നടന്നുവരുന്നു. ഞാൻ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ശരീരമാസകലം നീറ്റൽ അനുഭവപ്പെട്ടപ്പോൾ കൈകാലുകളിലേക്ക് നോക്കി, മുള്ളുകൾ കൊണ്ട് പോറൽ വീണ ഇടങ്ങളിൽ രക്തം കിനിയുന്നു. യേശു അടുത്തടുത്ത് വരുന്നു, എനിക്കിപ്പോൾ അവനെ നന്നായി കാണാം, ഞാൻ കേട്ടതൊക്കെ ശരിയാണ്, എന്തൊരു സൗമ്യതയും നൈർമല്യവുമാണ് ആ മുഖത്ത്, അവന്റെ അടുത്തേക്ക് ചെല്ലുവാനും ഒരു വാക്ക് സംസാരിക്കുവാനും വല്ലാത്ത ആഗ്രഹം തോന്നി. എത്രയോ നടക്കാത്ത കാര്യമാണെന്ന് ഓർത്തപ്പോൾ നിരാശയിൽ കുതിർന്ന ഒരു നെടുവീർപ്പ് പുറത്തേക്ക് വന്നു. സാരമില്ല, ഒന്നു കാണുവാൻ എങ്കിലും സാധിച്ചല്ലോ, ആരും എന്നെ കാണാത്തതു തന്നെ ഭാഗ്യം, അല്ലെങ്കിലും ഈ വലിയ ഇലകളുടെ ഇടയിൽ ഒളിച്ചിരിക്കുന്ന കൊച്ചു മനുഷ്യനെ ആര് കാണാൻ.

മരത്തിന്റെ അടിയിലെത്തിയ യേശു പെട്ടെന്നു നിന്നു. മുകളിലേക്ക് നോക്കി 'സക്കായിയെ' എന്ന് വിളിച്ചു. എന്റെ ഞെട്ടലിൽ മരം ഒന്നുലഞ്ഞു. വേഗത്തിലായ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം പെരുമ്പറ കൊട്ടുന്നതുപോലെ ഉച്ചത്തിൽ ആയി. യെരിഹോവിലെ ഏറ്റവും പാപിയായിരിക്കുന്ന എന്റെ പേരും, ഞാനീ മരത്തിന്റെ മുകളിലിരിക്കുന്ന വിവരവും അവനെങ്ങനെ അറിഞ്ഞു?. യേശുവിന്റെ ശബ്ദം വീണ്ടും എന്റെ കാതുകളിൽ മുഴങ്ങി, വേഗം ഇറങ്ങി വാ; ഇന്ന് ഞാൻ നിന്റെ വീട്ടിലാണ് പാർക്കുന്നത്.

എന്നെ മാറ്റിനിർത്തിയവരും തള്ളിയിട്ടവരും ഒക്കെ നിശ്ചലരായി.  അവരുടെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി, . യേശുവിന്റെ ശബ്ദം എനിക്ക് വിശ്വസിക്കുവാൻ പ്രയാസമായിത്തോന്നി, ഞാൻ അടിമുടി വിയർക്കുകയും എന്റെ ശരീരം വിറക്കുകയും ചെയ്തു, കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു തേങ്ങലോടെ, കുത്തിനോവിക്കുന്ന മുള്ളുകൾക്കിടയിലൂടെ ഞാൻ ബദ്ധപ്പെട്ട് താഴേക്കിറങ്ങി. തിങ്ങിക്കൂടി നിൽക്കുന്ന ജനത്തെ വകഞ്ഞുമാറ്റി യേശു അടുത്തേക്കു വന്ന് തന്റെ കരം എന്റെ നേരെ നീട്ടി. ഞങ്ങളൊരുമിച്ച് തൊട്ടടുത്തുള്ള എന്റെ വീട്ടിലേക്ക് നടന്നു.

എന്റെ സുഹൃത്ത് ലേവിയും മറ്റു ശിഷ്യന്മാരും യേശുവിന്റെ കൂടെയുണ്ടായിരുന്നു. അവർ എന്റെ വീട്ടിലേക്ക് കയറി. പതിമൂന്ന് ദരിദ്രനാരായണൻമാരുടെ മുൻപിൽ ഒരു ധനവാന്റെ സഹജപ്രകൃതമായ പൊങ്ങച്ചങ്ങളുടെയും ആഡംബരങ്ങളുടെയും വെച്ചുകെട്ടലുകളുമായി നിന്നപ്പോൾ സ്വതവേ കുറിയവനായ ഞാൻ ഒന്നുകൂടി ചെറുതാകുന്നതുപോലെ തോന്നി. അവരുടെ ഉള്ളിലെ സന്തോഷവും സമാധാനവും ഓരോരുത്തരുടെയും മുഖങ്ങളിൽ കാണാമായിരുന്നു. അവരുടെ സംസാരത്തിന്റെ ശൈലി പോലും മാറിയിരിക്കുന്നു. അവരിൽ നിന്നും എന്നെ വ്യത്യസ്തനാക്കുന്നത് എന്താണ്?.തീർച്ചയായും ഞാൻ അന്യായമായി സമ്പാദിച്ച് സൂക്ഷിച്ചു വച്ചിരിക്കുന്ന എന്റെ ധനം തന്നെയാണ്. ആ ബോധം എന്റെ ഉള്ളിലേക്ക് വന്നപ്പോൾ, ഞാൻ ഉറക്കെ പറഞ്ഞു; കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്ക് കൊടുത്തോളാം. ഉടനെ എന്റെ ഉള്ളിലെ കുറ്റബോധവും അസമാധാനവും പതുക്കെ അലിഞ്ഞില്ലാതെയാകുന്നത് ഞാനറിഞ്ഞു, ഞാൻ യേശുവിനെ നോക്കി, അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു നിൽക്കുന്നു. ആ ചിരി അടുത്തു നിന്ന ശിഷ്യൻമാരുടെ മുഖങ്ങളിലേക്കും പടർന്നുപിടിച്ചു. എനിക്കും ഇവരെപ്പോലെ ആകണമെങ്കിൽ എന്റെ മാനസാന്തരം പൂർണ്ണമാകണം, ഞാൻ ആവേശത്തോടെ വീണ്ടും പറഞ്ഞു; 'വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാലു മടങ്ങ് മടക്കിക്കൊടുക്കാം.' നാളുകളായി നെഞ്ചിൽ കൊണ്ടുനടന്ന ഭാരം മാറി കനമില്ലാത്ത ഒരു തൂവൽ പോലെ ഞാൻ യേശുവിനോടു ചേർന്നു നിന്നപ്പോൾ പതിന്നാല് ദരിദ്രനാരായണൻമാരുടെ സംഘമായി ഞങ്ങൾ മാറി.

ഏതെങ്കിലും തരത്തിൽ യേശുവുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, ലോകത്തിന്റെ എല്ലാ തരത്തിലുമുള്ള നേട്ടങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ ഭാരങ്ങൾ അപ്പാടെ കുടഞ്ഞു കളഞ്ഞ് കനമേതുമില്ലാതെ നിലകൊള്ളുന്നത് എത്ര അഴകാണ്.

ഞാൻ ഒരു കാര്യം നിങ്ങളോടു പറയട്ടെ; യേശു നിങ്ങളെ ഓരോരുത്തരെയും അറിയുന്നു. നിങ്ങളുടെ പേര്, നിങ്ങൾ ഒളിച്ചിരിക്കുന്ന ഇടം, നിങ്ങളുടെ ചിന്തകൾ, നിങ്ങളുടെ പ്രശ്നങ്ങൾ. എല്ലാവരും നിങ്ങളെ മാറ്റി നിർത്തുമ്പോൾ, അവഗണിക്കുമ്പോൾ നിങ്ങളിലെ സാധ്യത യേശു കാണുന്നു. ന്യായമല്ലാത്തത് എന്തെങ്കിലും നിങ്ങളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടെങ്കിൽ വിട്ടുകളഞ്ഞേക്കുക.

എന്ന് നിങ്ങളുടെ സ്നേഹിതൻ, സക്കായി.

Advertisement