നേതാക്കളും നമ്മുടെ നട്ടെല്ലും

നേതാക്കളും നമ്മുടെ നട്ടെല്ലും

നേതാക്കളും നമ്മുടെ നട്ടെല്ലും

പാസ്റ്റർ ബി. മോനച്ചൻ കായംകുളം

ശുദ്ധിക്കും അനീതിക്കും എതിരെ വേദികളിൽ സിംഹംഗർജനം നടത്തുന്ന പല പ്രസംഗകരും പ്രവാചകരും എഴുഞ്ഞുകാരും ചില നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളച്ചുനിൽക്കുന്നു.  അഹങ്കാരികളും അധാർമികരുമായ ഭരണകർത്താക്കളുടെ മുൻപിൽ പ്രവാചകന്മാൻ പേടിച്ചരണ്ടിരിക്കുന്നു. കൊലപാതകവും വ്യഭിചാരവും ചെയ്ത ദാവീദിനോട്  'ആ മനുഷ്യൻ നീ തന്നെ' എന്നു പറഞ്ഞ നാഥാൻപ്രവാചകൻ എവിടെ? 'നീ ഇതു ചെയ്തതുകൊണ്ടു കയറിക്കിടക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നീ മരിക്കും' എന്നു ദൈവത്തിന്റെ അരുളപ്പാടറിയിച്ച ഏലിയാപ്രവാചകൻ എവിടെ? 'രാജാവേ നിനക്ക് ഇതു വിഹിതം അല്ല' എന്നു ഹെരോദാവിനോടു പറഞ്ഞ യോഹന്നാൻ സ്‌നാപകൻ എവിടെ? നിങ്ങളുടെ ലക്ഷ്യം കേവലം സ്റ്റേജുകൾ മാത്രമോ അതോ ഈ ആയുസ്സിൽ ദൈവാലോചനയ്ക്കു ശുശ്രൂഷ ചെയ്യണം എന്നതോ?

തെറ്റിനെ തെറ്റായി, അശുദ്ധിയെ അശുദ്ധിയായി കാണിച്ചുകൊടുക്കാൻ നിങ്ങൾക്കു ധാർമിക ബാധ്യത ഇല്ലയോ? പടചേർത്തവനെ പ്രസാദിപ്പിക്കുക, ദാസന്മാരുടെ ദാസനാകാതിരിക്കുക. നമ്മുടെ മുൻഗാമികളെ പ്പോലെ നീതിക്കായി ശബ്ദം ഉയർത്തുന്നതു നിമിത്തം വരുന്ന നഷ്ടങ്ങൾ സഹിക്കാൻ തയ്യാറാക്കുക. ആത്യന്തിക ജയം പിശാചിനല്ല, നമ്മുടെ കർത്താവിനും സഭയ്ക്കും അത്രേ. അതുകൊണ്ടു നേരിന്റെ ശബ്ദമാകുക, ഇടറാത്ത ശബ്ദവും ഉറയ്ക്കുന്ന കാൽവെപ്പുകളും ഉള്ളവരാകുക. 'നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?'  (സങ്കീർ. 94:20) ഇല്ലാ യഥാർത്ഥ ദൈവഭക്തന്മാർക്കു ദുഷ്ടസിംഹാസനങ്ങളുമായി സഖ്യത ഉണ്ടാകില്ല. ഉണ്ടാകാൻ പാടില്ല ഏതു കാലഘട്ടത്തിലെയും പ്രവാചകശ്രേഷ്ഠന്മാർ സുവിശേഷസന്ദേശവാകർ അനീതിയുടെ ദുഷ്ടസിംഹാസനത്തോട് എതിരിട്ടവർ ആയിരുന്നു. നമ്മുടെ കർത്താവ് തന്നെ പീലാത്തോസിനോടും ഹെരോദാവിനോടും സഖ്യതയിൽ പോയിരുന്നുവെങ്കിൽ ക്രൂശിലേറേണ്ടിവരില്ലായിരുന്നല്ലോ? യോഹ ന്നാൻ സ്‌നാപകൻ അനീതിക്കെതിരെ ശബ്ദിച്ചില്ലായിരുന്നെങ്കിൽ തല നഷ്ടപ്പെടേണ്ടി വരില്ലാ യിരുന്നു?

പഴയനിയമത്തിലെയും പുതിയനിമയമത്തിലെയും ഭക്തന്മാർ കഠിന പീഡനങ്ങളിലൂടെ പോകേ ണ്ടിവന്നതും ചിലർ ജീവാർപ്പണം നടത്തേണ്ടിവന്നതും അനീതിയുടെ ദുഷ്ട സിംഹാസനങ്ങൾക്കെതിരെ പോരാടിയതുകൊണ്ടല്ലേ. അനീതിയും അശുദ്ധിയും അതിക്രമവും കണ്ട് മിണ്ടാതിരുന്നിരുന്നെങ്കിൽ, ഈ ദുഷ്ടസിംഹാസനങ്ങൾക്ക്  ഒത്താശ ചെയ്തിരുന്നെങ്കിൽ രാജകീയ പദവി കളും മാനങ്ങളും ലഭിക്കുമായിരുന്നു. അപ്പോൾ അവരുടെ ദൈവവിളി നിവർത്തിക്കപ്പെടുകയില്ലായിരുന്നു. സഭയും രാഷ്ട്രവും കൂടുതൽ അന്ധകാരത്തിലേക്കു പോകുമായിരുന്നു. എന്നാൽ, സ്വന്തം ജീവനെക്കാൾ, നേട്ടത്തെക്കാൾ ദൈവഹിതത്തിനായി അവർ സമർപ്പിക്കപ്പെട്ടവരായിരുന്നു. അതുകൊണ്ട് നിയോഗങ്ങളുടെ നിവൃത്തിക്കായി അവർ പലതും ത്യജിക്കുവാൻ തയ്യാറായി. അതുകൊണ്ടുതന്നെ ഇത്തരം സിംഹാസനങ്ങളെ അവർ ഭയപ്പെട്ടില്ല അവരുടെ ആജ്ഞാനവർത്തികളായവർ മാറിയില്ല. അതെ നമുക്കു കാലഘട്ടത്തിന്റെ ശബ്ദമായി മാറാം. നമ്മെ വിളിച്ച് സർവശക്തനായ ദൈവത്തെ മാത്രം ഭയപ്പെട്ട് അവിടുത്തെ പ്രാസാധിപ്പിച്ചുമുന്നേറാം.

Advertisement