അനീതിയുടെ നടുവിലെ ദൈവീക നീതി
അനീതിയുടെ നടുവിലെ ദൈവീക നീതി
ഇവാ. എബിൻ എബ്രഹാം കുമളി
ക്രൂര ബലാൽസംഗങ്ങൾ, ചുട്ടുകൊല്ലൽ, മൃഗീയ പീഡനങ്ങൾ, ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുവാനുള്ള ഭീകരമായ തന്ത്രങ്ങൾ, വെട്ടി നുറുക്കിയും ചുട്ടെരിച്ചും കൊന്ന ആയിരക്കണക്കിന് മനുഷ്യരുടെ ചരിത്രം മാത്രമല്ല ചാരിത്ര്യം കവർന്നെടുക്കപ്പെട്ടവരും ആൺതുണ നഷ്ടപ്പെട്ടവരും കൺമുമ്പിൽ മക്കൾ ഭീകരർക്കിരയാവുന്നതും മനസ്സ് തകർന്നവരുമായ സ്ത്രീകളും, മാതാപിതാക്കൾ കൊല്ലപ്പെടുന്നതും പിച്ചിച്ചീന്തപ്പെടുന്നതും കണ്ട് പകച്ചുപോയ കുഞ്ഞുങ്ങളെയും ആണ് നമ്മുടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
ആബാലവൃദ്ധം സ്ത്രീ ജനങ്ങൾ ആക്രമിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് കഴിഞ്ഞദിവസം ഏതാനും സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിച്ച ഭീകരകൃത്യം നടന്നപ്പോൾ അതിനെല്ലാം ഒത്താശ നൽകുന്ന വിധത്തിൽ ഭരണത്തലവന്മാരുടെ മൗനം രാജ്യത്തിന്റെ നീതിബോധത്തെ ചോദ്യം ചെയ്യുകയാണ്.
അനീതിയോടും മൗനത പാലിച്ച് അതിനെ ന്യായീകരിക്കുന്ന സമൂഹത്തിന്റെ നടുവിൽ ദൈവവചനത്തിന്റെയും ദൈവ സഭയുടെയും പ്രസക്തിക്ക് പ്രാധാന്യമേറുയുകയാണ്. വിശുദ്ധ വേദപുസ്തകത്തിലുടനീളം ദൈവീക നീതിയുടെ പ്രാധാന്യത വ്യക്തമാക്കിയിരിക്കുകയാണ്. എബ്രായ സംസ്കാരത്തിലെ ധാർമിക മുറകളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് മോശെക നിയമം. ആ പത്തു കല്പനകളിൽ നിറഞ്ഞുനിൽക്കുന്നത് ദൈവീക നീതിയാണ്.
അടിമകൾക്കും,സ്ത്രീകൾക്കും സ്വാതന്ത്ര്യവും വ്യക്തിജീവനും സുരക്ഷയും ഉറപ്പു നൽകുന്നതാണ് പത്തു കൽപ്പനകളുടെ അന്തസത്ത. വിദേശികൾ, വിധവമാർ, അനാഥർ എന്നീ ബലഹീനവിഭാഗത്തോട് ഉദാരമനസ്കതയോടും , അനുകമ്പയോടും വർത്തിക്കണമെന്നുമുള്ള അനുശാസനം പഴയ നിയമ ധർമ്മശാസ്ത്രത്തിന്റെ പ്രത്യേകതകളിലോന്നാണ്.
സഹായിക്കാൻ ആരും ഇല്ലാത്ത ഈ കൂട്ടരോട് അനീതി ചെയ്യരുതെന്ന് നിയമം നിഷ്കർഷിച്ചിരിക്കുകയാണ്. പിതൃസത്ത് കൈവശം വെച്ചുകൊണ്ടിരിക്കുവാൻ എല്ലാ പൗരന്മാർക്കും അവകാശമുള്ളപ്പോൾ കള്ള സാക്ഷികളെ നിർത്തി നാബോത്തെന്ന നിഷ്കളങ്കനെ കൊന്നൊടുക്കിയ ആഹാബിനെതിരെ നീതിയുടെ ദൈവശബ്ദമായി മാറിയ ഏലിയാവിലൂടെ ദൈവീക നീതി വെളിപ്പെട്ടു. ആക്രമപരമായി ബലഹീന വിഭാഗത്തിന്റെ വസ്തുവകകൾ കൈക്കലാക്കുക ,അമിതമായി പലിശ ഈടാക്കുക,അടിമ കച്ചവടം നടത്തുക, കൈക്കൂലിയും കോഴയും വാങ്ങി ന്യായം മറച്ചു കളയുക തുടങ്ങിയ സാമൂഹിക അരാജകത്വത്തിനെതിരെ ആമോസ്, ഹോശേയ,മീഖാ, യെശയ്യാവ് തുടങ്ങിയ പ്രവാചകന്മാർ ധർമ്മഭേരി മുഴക്കുന്നത് മാനവ സമുദായ ചരിത്രത്തിലെ അതി പ്രധാനപ്പെട്ട ഏടുകളാണ് .
ഒരു നവയുഗത്തിന്റെ ഹൃദയ പരിവർത്തനത്തിന്റെ സന്ദേശവുമായി കടന്നുവന്ന യോഹന്നാൻ സ്നാപകൻ തന്റെ പ്രസംഗത്തിലൂടെ സമത്വം, സാഹോദര്യം, സമാധാനം, സംതൃപ്തി എന്നിവ വ്യക്തമാക്കി. ലോകരക്ഷകനായി ഈ ഭൂമിയിൽ വന്ന കർത്താവായ യേശുക്രിസ്തു യഹൂദാ മതത്തിൽ അവഗണിക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും അംഗീകരിക്കുകയുണ്ടായി. ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ നാമത്തിൽ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടെ ജീവിതം ആരംഭിച്ച ആദിമ ക്രൈസ്തവ സമൂഹം തികച്ചും മാതൃകാപരമായ ദൈവിക നീതിയെയാണ് കാട്ടിയത്.
യേശുവിന്റെ സഭയിൽ നിലനിൽക്കേണ്ട ദൈവീക സമത്വത്തിനും നീതിക്കും വേണ്ടി നിലനിന്ന വ്യക്തിയായിരുന്നു പൗലോസ്. അങ്ങനെ പഴയ- പുതിയ നിയമചരിത്രത്താളുകളിലൂടെ നീതിയുടെ ശബ്ദം മാനവരാശിയുടെ കാതുകളിലെപ്പോഴും മുഴങ്ങി കേൾക്കുകയാണ്. ദൈവീക ശബ്ദമുയർത്തുവാൻ ദൈവത്തിന് ഏതു തലമുറയിലും ഒരു കൂട്ടർ ഉണ്ടായിരുന്നു. ഈ തലമുറയിൽ ദൈവീക ശബ്ദമായി നിലകൊള്ളാൻ ദൈവസഭയെകുറിച്ച് ദൈവം ആഗ്രഹിക്കുകയാണ്. ആയിരങ്ങൾ നീതി കിട്ടാതെ നശിക്കുകയാണെന്ന യാഥാർത്ഥ്യത്തെ മറന്ന് പണത്തിന്റെയും, പ്രൗഢിയുടെയും , പ്രശസ്തിയുടെയും മേടയിൽ ദൈവസഭ ഉറങ്ങുകയാണ്.
ശബ്ദം നഷ്ടപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തുവാൻ എത്രപേർ ജീവൻ നൽകണം, എത്രപേർ ബലാൽസംഗത്തിന് ഇരയാകണം ഈ ചോദ്യങ്ങൾക്ക് മുൻപിൽ നമുക്ക് സമർപ്പിതരാകാം. അനീതിക്കെതിരെ ദൈവീക ശബ്ദമായി നമുക്ക് മാറാൻ നമുക്ക് കഴിയട്ടെ.
Advertisement