പകിട്ടേറിയ പ്രേമലേഖനം

പകിട്ടേറിയ പ്രേമലേഖനം

പകിട്ടേറിയ പ്രേമലേഖനം

ജോമോൻ സ്കറിയ, കുമളി

ഫെബ്രുവരി പതിനാല്, ലോകത്തുള്ള ബഹുഭൂരിപക്ഷം യുവജനങ്ങളും ആവേശത്തോടും, അത്യുത്സാഹത്തോടും, അതിയായ പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്ന ദിവസമാണ് വാലന്റയ്ൻസ് ഡേ അല്ലെങ്കിൽ സെന്റ് വാലന്റയ്ൻസ് ഡേ.

ആദ്യകാലത്ത് ക്രിസ്തീയ ഓർമ്മപ്പെരുന്നാളിന്റെ അഥവാ ആദ്യ നൂറ്റാണ്ടുകളിലെ ക്രിസ്തീയ രക്തസാക്ഷികളുടെ ഓർമ്മകൾ പുതുക്കിയിരുന്ന ദിവസമായിരുന്നിത്. എന്നാൽ ജനങ്ങൾ പിന്നീടതിനെ സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും; സാംസ്‌കാരികവും, മതപരവും, വാണിജ്യപരവുമായ ആഘോഷത്തിന്റെ ഭാഗമാക്കി മാറ്റി. നിരവധി ചരിത്രങ്ങൾ ഈ ദിവസത്തിന്റെ പിന്നിൽ പുകമറയായി നിൽക്കുന്നുണ്ട്. മറ്റൊരു ചരിത്രം ഇങ്ങനെയാണ്. കിരാതമായ റോമാ ഭരണകൂടത്തിൽ നിന്നും ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ക്രിസ്തു മാർഗത്തിനെതിരെയുള്ള പീഡനം, മൂന്നാം നൂറ്റാണ്ടിൽ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി. നിരവധി ക്രിസ്തീയ ശിഷ്യന്മാർ കഠിനമായ പീഡനത്തിനിരയായി. ആക്കൂട്ടത്തിൽ ഒരാളായിരുന്നു

വാലന്റയിൻ. അദ്ദേഹത്തെ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ പരിണിത ഫലമായി തന്റെ തടവറയുടെ സൂക്ഷിപ്പുകാരനായ മേലുദ്യോഗസ്ഥന്റെ അന്ധത ബാധിച്ച മകൾക്കു കാഴ്ച ലഭ്യമായി. ദിവസങ്ങൾക്കുശേഷം തന്റെ മരണവിധി നടപ്പാക്കുന്നതിനു തൊട്ടു മുമ്പ് തന്റെ പ്രാർത്ഥനയിലൂടെ സൗഖ്യം പ്രാപിച്ച ആ പെൺകുട്ടിക്ക് ആശംസകൾ നേർന്നു കൊണ്ട്, തന്റെ ഒപ്പും "നിങ്ങളുടെ വാലന്റയ്ൻ" ( "Your Valentine") എന്ന ഒരു കത്ത് അയച്ചു എന്നാണ് പതിനെട്ടാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ചരിത്രത്തിനു അധികം ചാരുതയേക തക്കവിധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

  ആഘോഷദിവസങ്ങളുടെ എണ്ണം കൂടുന്നു എന്നതും, കാരണം പല കാരണങ്ങളാൽ പല ദിവസങ്ങളും ഇപ്പോൾ ആഘോഷദിവസങ്ങളായി മാറുന്നു. അതിനൊപ്പം ആഘോഷങ്ങൾ അതിരു കടക്കുന്നു എന്നതും അത്യധികം ആധി ഉളവാക്കുന്ന വസ്തുതയാണ്‌. ആഘോഷങ്ങളുടെ സത്ത നഷ്ടപ്പെടുത്തി, അനാവശ്യ പ്രവണതകൾ തുടരുന്നത് അതിവേഗം നാം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ ആഘോഷങ്ങൾ ആനന്ദത്തെക്കാളുപരി അപകടങ്ങളിൽ എത്തിക്കുമെന്നതിൽ തർക്കമില്ല. വാലന്റയ്ൻസ് ഡേ ആഘോഷിക്കുവാൻ ആസക്തിയോടെ നിൽക്കുന്നവരോട് അതിപ്രധാനമായ ചില 'സ്നേഹസന്ദേശങ്ങൾ' കൈമാറട്ടെ.

1) സ്നേഹത്തിന്റെ ചതിക്കുഴികളെ സൂക്ഷിക്കുക

 ഇത് ഇന്റർനെറ്റിന്റെ (Internet) കാലമാണ്. അതുകൊണ്ട് തന്നെ ആളുകളെ കുടുക്കുവാനുള്ള വല(Net)യാണ് എല്ലായിടത്തും. വലകളുടെ പ്രത്യേകത കണ്ണഞ്ചിപ്പിക്കുന്നതും, ആകർഷിപ്പിക്കുന്നതുമായ നിരവധി വസ്തുക്കൾ ഇരകളെ വീഴ്ത്തുവനായി അതിന്റെ ചുറ്റും കാണുമെന്നുള്ളതാണ്. എന്നാൽ പ്രഥമദൃഷ്ടിയിൽ യാതൊരു വിധത്തിലുമുള്ള ചതിയും തിരിച്ചറിയുവാനാവുകയുമില്ല. കാരണം അത്തരത്തിലുള്ള ചതികൾ ഒരുക്കുന്നത് നാം ചങ്കെന്ന ഓമനപ്പേരിൽ വിളിക്കുന്നവരിലൂടെയാകാം.

ചിലപ്പോൾ നാം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആഹാരപദാർത്ഥങ്ങളിലൂടെയും ആകാം. മറ്റുചിലപ്പോൾ നാം കാണുവാനും, രുചിക്കുവാനും ആസ്വദിക്കുവാനും അതിയായി ആഗ്രഹിച്ച മറ്റേതെങ്കിലും

വസ്തുക്കളിലൂടെയും ആകർഷിച്ചുമാകാം. എന്നാൽ ഇത്തരത്തിലുള്ള ചതിക്കുഴികൾ ആരംഭത്തിൽ ആനന്ദവും, ആവേശവുമാകുമെങ്കിലും ഒടുവിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന 'മരണക്കെണിയായി' മാറുന്നു എന്നതിന്റെ നിരവധി തെളിവുകൾക്കു മുമ്പിൽ മൂകസാക്ഷികളായി നാം ഇന്ന്‌ നിൽക്കുകയല്ലേ? അത്തരം ഏതെങ്കിലും വലകളിൽ അകപ്പെട്ടോ, അകപ്പെടുവാൻ സാധ്യതയുള്ള ഏതെങ്കിലും സാഹചര്യത്തിലോ ആണ് നിങ്ങൾ എങ്കിൽ വേഗത്തിൽ അത് തിരിച്ചറിയുവാനും, പുറത്തെത്തിക്കുവാനും ആഗ്രഹിക്കുന്ന ദൈവത്തിന്റെ സ്നേഹ സന്ദേശമായി ഇതിനെ കരുതികൊൾക. മോശയുടെ രക്ഷപെടൽ നൈൽ നദിയുടെ മരണവലയിലേക്ക് വലിച്ചെറിയുവാൻ കാത്തിരുന്ന അനേകം കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കു കാരണമായത് പോലെ നിങ്ങളുടെ രക്ഷപെടൽ അനേകർ അവരുടെ വലകളെ കീറി പുറത്തു വരുന്നതിനു കാരണമാകട്ടെ. ചതിക്കുഴികൾ സകലയിടത്തും ഉണ്ടെന്ന സത്യം എപ്പോഴും ഓർക്കുക. അപരിചിതരോട് എപ്പോഴും ആവശ്യത്തിനുള്ള അകലം പാലിക്കുക. അനാവശ്യമായ വിവരങ്ങളും, വിവരണങ്ങളും ആർക്കും നൽകാതെ സൂക്ഷിക്കുക. ഏറ്റവും ഉറ്റവർക്കു മുമ്പിൽ പോലും നിങ്ങളുടെ ജീവിതത്തിലേക്കുള്ള രഹസ്യവാതിൽ തുറക്കാതെ സൂക്ഷിക്കുക. ഇനിയും വലകളെ കണ്ടു പരിഭ്രാന്തരാകുന്നവരോട് ഒരു വാക്ക്. വലകളെ കണ്ടു വിഭ്രാന്തി വേണ്ട. നമ്മുടെ കണ്ണുകൾ എപ്പോഴും കർത്താവിങ്കലേക്ക് മാത്രമായാൽ അവൻ നമ്മുടെ കാലുകളെ വലകളിൽ നിന്നും വിടുവിക്കും. തീർച്ച!!(Psa:25:15).

2) യഥാർത്ഥ സ്നേഹമുള്ളവരായി മാറുക

 യഥാർത്ഥ സ്നേഹം(True Love) ഇന്ന്‌ ദുർല്ലഭമായി. ഒരുഭാഗത്തു ബന്ധങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു, മറുഭാഗത്തു ആവശ്യത്തിനായി ഉപയോഗിച്ചതിന് ശേഷം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന (Use and Throw) പാഴ് വസ്തുക്കൾക്ക് സമാനമായി ബന്ധങ്ങൾ മാറുന്നു. മാനുഷീക ബന്ധങ്ങൾക്കും, സ്നേഹത്തിനും നശിച്ചു പോകുന്ന പുല്ലിന്റെ വിലപോലും മനുഷ്യർക്കിടയിൽ ഇന്നില്ല. ഉള്ളതാകട്ടെ വാക്കിനാലും, നാവിനാലുമുള്ള വെറും പ്രഹസനവും, പ്രകടനവുമായ പുറമെയുള്ള സ്നേഹം മാത്രം! ഇതിന്റെ നടുവിൽ ഹൃദയംഗമായും യഥാർത്ഥമായും സ്നേഹിക്കുക എന്നത് തികച്ചും വെല്ലുവിളി തന്നെയാണ്. നമ്മുടെ സ്നേഹം ഹൃദയത്തിൽ നിന്നുള്ളതാകട്ടെ. 

സ്നേഹം നിർവ്യാജമാകട്ടെ.

പ്രവർത്തികൾ സ്നേഹത്താൽ നിറഞ്ഞതാകട്ടെ. (1 Cori:16:14).  ദൈവത്തെ വളരെ ആത്മാർത്ഥമായി സ്നേഹിച്ച ഒരമ്മച്ചിയെ ഇടയ്ക്കൊക്കെ ശുശ്രൂഷിക്കുവാൻ അവസരം കിട്ടിയപ്പോൾ എപ്പോഴും ആ മാതാവ് എപ്പോഴും എല്ലാവരോടുമായി പറയുന്ന ഒരുപദേശമായിരുന്നു ആരെയും 'കള്ളത്തരത്തിൽ സ്നേഹിക്കരുതെന്നു'. അതൊരു ദൈവശബ്ദം പോലെ പലപ്പോഴും എന്റെ കാതിൽ ഞാൻ കേൾക്കാറുണ്ട്. അതെ നമ്മുടെ സ്നേഹം സത്യസന്ധത നിറഞ്ഞതു മാത്രമാകട്ടെ..

3) യഥാർത്ഥ സ്നേഹവും യഥാർത്ഥ സ്നേഹിതനെയും തിരിച്ചറിയുക.

 ഒരാളുടെ ജീവിതത്തെ ഏറ്റവും മനോഹരവും, ഏറ്റവും മോശവുമാക്കുവാൻ സാധിക്കുന്ന പ്രാധാനപ്പെട്ട വ്യക്തിയാണ്‌ ഏറ്റവുമധികം നാമും നമ്മെയും സ്നേഹിക്കുന്നയാൾ.

A friend can bring impact another friends life, whether it is in good or bad way.

അങ്ങനെയെങ്കിൽ നമ്മെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതാരാണ്? അതെങ്ങനെ അറിയാനാണല്ലേ?. നമ്മോടുള്ള സ്നേഹത്തെ അളന്നു മനസ്സിലാക്കുവാനോ, തുരന്നു നോക്കി കണ്ടെത്തുവാനോ മാർഗ്ഗങ്ങളോന്നും ഇല്ലല്ലോ. പിന്നെന്താണോരു പരിഹാരം? അതിനൊരു ലളിതമായ മാർഗ്ഗമുണ്ട്.

ആരാണ് യഥാർത്ഥ സ്നേഹിതൻ ? എന്താണ് യഥാർത്ഥ സ്നേഹം? ഈ രണ്ടു ചോദ്യത്തിനും ഉത്തരം കണ്ടെത്തിയാൽ യഥാർത്ഥ സ്നേഹവും, യഥാർത്ഥ സ്നേഹിതനെയും വേഗത്തിൽ കണ്ടെത്തുവാനാകും. ഈ രണ്ടു ചോദ്യത്തിനും പൊതുവായൊരു ഉത്തരം നൽകാം. യേശുക്രിസ്തുവാണ് ആ ഉത്തരം പറഞ്ഞത്. സ്നേഹിക്കുന്നവർക്ക് വേണ്ടി സ്നേഹിക്കുന്നു എന്നു അവകാശപ്പെടുന്നവൻ ജീവനെ വെച്ചുകൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം. ആ വ്യക്തിയാണ്‌ യഥാർത്ഥ സ്നേഹിതനും. അങ്ങനെയെങ്കിൽ ഇക്കാലത്തു നാം ചങ്ക് സ്നേഹിതരെന്ന് വിളിക്കുന്നവരോ, നമ്മെ ചങ്ക് സ്നേഹിതർ എന്നു വിളിക്കുന്നവർക്കോ വേണ്ടി അവരോ, നാമോ ജീവനെ വെച്ചുകൊടുത്തു സ്നേഹിക്കുമോ? സാധ്യതയില്ല. കാരണം എല്ലാവരും അവരവരുടെ ജീവനെയാണ് ഏറ്റവുമധികം സ്നേഹിക്കുന്നത്.

അങ്ങനെയെങ്കിൽ യഥാർത്ഥ സ്നേഹമോ, യഥാർത്ഥ സ്നേഹിതനോ ഇല്ലേ? ഉണ്ട്. അങ്ങനെ ഒരേ ഒരാളെ ഉള്ളൂ. തന്റെ സ്വന്തജീവനെ വിലയേറിയതായി എണ്ണാതെ നമുക്കെല്ലാവക്കുമായി ഏല്പിച്ചു തന്ന ഏക സ്നേഹിതൻ!!യഥാർത്ഥ സ്നേഹിതൻ!! യേശു ക്രിസ്തു മാത്രം!!!. കുരിശിലേക്ക് നോക്കി യേശുവിനോട് ചോദിക്കുക. അങ്ങ് എന്നെ എത്ര മാത്രം സ്നേഹിക്കുന്നു. കവി ഭാവനയിൽ പറഞ്ഞാൽ ഇരു കരങ്ങളും പരമാവധി വിരിച്ചു ക്രൂശിൽ കിടന്ന് ക്രിസ്തു ഇങ്ങനെ പ്രതിവചിക്കും. ദാ...ഇത്രയും.. അർത്ഥം.. അപരിമിതമായി.മറ്റാരെക്കാളും അധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നു. വാലന്റയ്ൻസ് ദിവസത്തിൽ ഏറ്റവുമധികം ആളുകൾ അവരവരുടെ മനസ്സിൽ സൂക്ഷിച്ച സ്നേഹം തുറന്ന് പറഞ്ഞു പരസ്പരം ഒന്നാകുന്ന ദിവസമാണ്. അങ്ങനെയെങ്കിൽ ഈ വാലന്റയ്ൻസ് ദിനത്തിൽ യഥാർത്ഥ സ്നേഹമായ, യഥാർത്ഥ സ്നേഹിതനായ ക്രിസ്തുവിനായി നിങ്ങളുടെ ഹൃദയങ്ങൾ കൈമാറിയിട്ടില്ലെങ്കിൽ ഇന്നാകട്ടെ ആ മനോഹരദിവസം. കൈമാറാമോ നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിന് വാഴുവാനായി? അതെ ക്രിസ്തുമാത്രമാണ് യഥാർത്ഥ സ്നേഹിതൻ. ക്രിസ്തുവിനോട് മാത്രമാകട്ടെ നമ്മുടെ ഏറ്റവും വലിയ സ്നേഹവും. 

 

Advertisement