ഒരു മരണം; ഒരു വിചിന്തനം

ഒരു മരണം;  ഒരു വിചിന്തനം

ഒരു മരണം;

ഒരു വിചിന്തനം

റെജി മൂലേടം

മഴ പെയ്തു കഴിഞ്ഞിട്ടും മരം പെയ്യുന്നതുപോലെ, മരിച്ചുകഴിഞ്ഞും മഹത്വം വര്‍ദ്ധിക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതം കേരളത്തിന്റെ ഒരു വികാരമായി മാറിയിരിക്കുന്നു. മൂന്നു ദിവസമെടുത്തിട്ടും ജനലക്ഷങ്ങളുടെ മുഴുവന്‍ ആദരവും നല്‍കാനാവാത്ത നിലയില്‍ അത്യപൂര്‍വ്വമായ ഒരു വിടവാങ്ങലിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇട്ടിരുന്ന വെള്ളവസ്ത്രത്തിന്റെ പരിശുദ്ധി ഉള്ളിലും കാത്തുസൂക്ഷിച്ചുവെന്ന് ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തിയത് ആരേയും അമ്പരിപ്പിക്കുന്നതാണ്. ഔദ്യോഗിക ബഹുമതിയേക്കാളും ജനലക്ഷങ്ങളുടെ ഹൃദയത്തിന്റെ ബഹുമതിയും ആദരവും ഏറ്റുവാങ്ങിയ ഈ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ മരണം, പല ആത്മീയ ചിന്തകള്‍ക്കും വിഷയീഭവിക്കുന്നതാണ്.

എല്ലാ ക്രിസ്തുശിഷ്യര്‍ക്കും വിശേഷാല്‍, 'വേര്‍പെട്ട' വിശ്വാസികളെന്ന് അഭിമാനിക്കുന്നവര്‍ക്കും ഒരുപോലെ സ്വയം വിചിന്തനം ചെയ്യുവാനും ആത്മപരിശോധന നടത്തുവാനും ഈ സംഭംവം കാരണമാകുന്നു.

ഒന്നാമതായി, നിസ്വാര്‍ത്ഥവും കാപട്യവുമില്ലാത്ത സ്‌നേഹം കൊണ്ടുനടന്ന ഒരു നേതാവിനെയാണ് നാം കാണുന്നത്. പൊയ്മുഖമണിയാതെ, പുറത്ത് പ്രകടിപ്പിക്കുന്ന സ്‌നേഹം തന്നെ ഹൃദയത്തിലും കൊണ്ടുനടന്നിരുന്നു. വചനം വളരെ വ്യക്തമായി നമ്മോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല; എന്നാല്‍ സത്യം അനുസരിക്കയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദരപ്രീതിക്കായി നിര്‍മലീകരിച്ചുകൊണ്ട്, ഹൃദയപൂര്‍വ്വം അന്യോന്യം ഉറ്റുസ്‌നേഹിപ്പിന്‍. (1 പത്രോ. 1:22) പകരം ഒന്നും പ്രതീക്ഷിക്കാതെ സ്വയം ത്യജിച്ചുകൊണ്ടുള്ള നിസ്വാര്‍ത്ഥമായ 'അഗപ്പെ'യാണ് ഈ ജീവിതത്തില്‍ നിഴലിച്ചിരുന്നതെന്ന് നിസ്സംശയം പറയാന്‍ കഴിയും.

ദീര്‍ഘക്ഷമയാണ് മറ്റൊരു സ്വഭാവ സവിശേഷത. തന്റെ കറപുരളാത്ത വ്യക്തിജീവിതത്തെ അധിക്ഷേപിച്ചവരോടെല്ലാം ക്ഷമിക്കുന്ന ഹൃദയത്തിന്റെ ഉടമയായിരുന്നു. അതുകൊണ്ടാണ്, സോളാര്‍ സമരകാലത്ത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് നസീര്‍, പിന്നെ നേരില്‍ക്കണ്ട് മാപ്പ് പറഞ്ഞപ്പോഴും 'അതൊന്നും മാപ്പ് പറയേണ്ട കാര്യമല്ല' എന്ന് പറഞ്ഞത്. ഇന്നത്തെ എത്ര വിശ്വാസികള്‍ക്കും പാസ്റ്റേഴ്‌സിനും പ്രാഗത്ഭ്യമുണ്ടാകും ഇങ്ങനെ പറയുവാന്‍?

അദ്ദേഹത്തിന്റെ ദയ, പരോപകാരം, വിനയം എന്നീ ഗുണങ്ങളെപ്പറ്റി ഒരാഴ്ചയായി ആയിരക്കണക്കിന് ആളുകളാണ് വാഴ്ത്തി പാടിയത്. സഹിഷ്ണതയ്ക്ക് ഉദാഹരണമായി നിയമസഭയിലെ ഒരു സംഭവം ശ്രദ്ധേയമാണ്. വ്യക്തിഹത്യയോളം പോന്ന ആക്രമണം നിയമസഭയില്‍ ഉണ്ടായ സമയം 'അറിയാവുന്ന കാര്യങ്ങള്‍ തിരിച്ചുപറയാമായിരുന്നില്ലേ' എന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു; എങ്കില്‍പിന്നെ ഞാനും അവരും തമ്മില്‍ എന്താണ് വ്യത്യാസം? എത്ര 'വേര്‍പെട്ട' വിശ്വാസികള്‍ക്കോ ഇടയന്മാര്‍ക്കോ ഇങ്ങനെയൊരു പ്രതികരണം നല്‍കാന്‍ കഴിയുമെന്ന് നാം ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ ആത്മീയമൂല്യത്തിന്റെ നിലപാട് വ്യക്തമാക്കിയ ഒരു അഭിമുഖം കൈരളി ചാലനില്‍ ഉണ്ടായിരുന്നു. 'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. അതിനെക്കാളുപരി ഞാന്‍ ദൈവഭയമുള്ള വ്യക്തിയാണ്. ഞാന്‍ ദൈവത്തെ ഭയപ്പെടുന്നു. ഒരു തെറ്റ് ചെയ്താല്‍ അതിനുള്ള ശിക്ഷ ഉണ്ടാകുമെന്ന് എനിക്കറിയാം.' ഒരു ചോദ്യത്തിനുളള മറുപടി. ഇന്നത്തെ എത്ര വിശ്വാസികള്‍ക്ക്, എത്ര ദൈവദാസന്മാര്‍ക്ക് ദൈവഭയമുണ്ട്? 'മനുഷ്യന്‍ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധി ദിവസത്തില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും' എന്ന് കര്‍ത്താവ് പറഞ്ഞ വചനത്തെ ഭയപ്പെടുന്നവര്‍ക്ക് എങ്ങനെ മറ്റുള്ളവരെപ്പറ്റി അപവാദവും കുറ്റവും പറയുവാന്‍ കഴിയും?

ശുദ്ധമനസാക്ഷിയുടെ ഒരു ഉടമയായിരുന്നു താന്‍. 'എന്റെ മനസാക്ഷിയാണ് എന്റെ ശക്തി'. എന്തൊരു പ്രാഗത്ഭ്യം? ഇതുതന്നെയല്ലേ പൗലോസും രേഖപ്പെടുത്തിയത്; 'ഞങ്ങള്‍ നിങ്ങളോട്.... വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസാക്ഷിയുടെ സാക്ഷ്യം തന്നെ ഞങ്ങളുടെ പ്രശംസ' (1 കൊരി. 1:12) 'ഞാന്‍ ഇന്നേ ദിവസത്തോളവും നല്ല മനസാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു.' (പ്രവ 23:1)

തന്റെ സ്വകാര്യജീവിതവും പരസ്യജീവിതവും വേര്‍തിരിക്കാനാവാതെ തുറന്ന പുസ്തകം ആയിരുന്നു. വാക്കും പ്രവര്‍ത്തിയും ഒന്നിച്ചുകൊണ്ടുപോയ 'പരമാര്‍ത്ഥത'യുടെ പര്യായം എന്നു പറയാം. ലളിതജീവിതം, കഠിനാധ്വാനം, ദൈവഭക്തി, സൗമ്യത എന്നിവയെല്ലാം മുഖമുദ്രയാക്കി മാറ്റിയ അപൂര്‍വ്വ വ്യക്തിത്വം. രാഷ്ട്രീയംകൊണ്ട് തനിക്കോ തലമുറകള്‍ക്കോ ഒരു നേട്ടവും ഉണ്ടാക്കുന്നതില്‍ 'ദ്രവ്യാഗ്രഹത്തിന്റെ ഒരു ഉപായവും' അന്വേഷിക്കാതെ കറപുരളാത്ത ഈ ജീവിതം, ആധുനിക വിശ്വാസസമൂഹത്തിന് ഒരു വെല്ലുവിളിയായി നിലകൊള്ളുന്നു.

ഒരു ക്രിസ്തു വിശ്വാസിയില്‍ ഉണ്ടായിരിക്കണമെന്ന് വേദപുസ്തകം ആവശ്യപ്പെടുന്ന ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ, അശുദ്ധിയുടെ ഉടവുപറ്റാതെ ജീവിതവസ്ത്രം കാത്തുസൂക്ഷിച്ച അതുല്യവ്യക്തിപ്രഭാവം. കസേര (Chair) യേക്കാള്‍ അതില്‍ ഇരിക്കുന്ന (Chariman) ആളുടെ മഹത്വം തിരിച്ചറിഞ്ഞ്, സേവനത്തിനായി, അധികാരം ഉപയോഗിച്ച 'സേര്‍വന്റ് ലീഡര്‍'.

കാത്തുസൂക്ഷിച്ച ജീവിത മൂല്യങ്ങള്‍ മൂന്ന് മക്കളിലേക്കും സന്നിവേശിപ്പിക്കുവാന്‍ കഴിഞ്ഞ ഉദാത്തമായ 'പേരന്റിംഗിന്റെ' ഉടമ. മരണശേഷം ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച ഒരു നടനെതിരെ കേസെടുക്കരുതെന്ന് ശഠിച്ച മകന്‍ ചാണ്ടി പറഞ്ഞത്; പിതാവുണ്ടായിരുന്നെങ്കിലും ഇതുതന്നെ ചെയ്യുമായിരുന്നുള്ളൂ. അപ്പന്റെ പാതയില്‍ നടക്കുന്ന മകന്‍. അവരുടെ ജീവിതവും ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവും അതിന് മതിയായ തെളിവ് തന്നെ.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവ് വരുമ്പോള്‍ ഉണ്ടാകുന്ന ഫലങ്ങളില്‍ ഒട്ടുമിക്കതും, 'സ്‌നാനപ്പെട്ട് വേര്‍പെടാത്ത' എന്ന് മുദ്രകുത്തപ്പെടുന്ന ഈ വ്യക്തിയില്‍ നിഴലിച്ചുനില്‍ക്കുന്നുവെന്ന് മാത്രമല്ല, ജഢത്തിന്റെ പ്രവര്‍ത്തികളായ കോപം, ക്രോധം, നിഗളം, അസൂയ എന്നിവയൊക്കെ നമ്മളിലുള്ളതിനേക്കാള്‍ തീരെ കുറവായിരുന്നുവെന്നും തിരിച്ചറിയുക.

ഇത് നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുവാന്‍ പ്രേരകമാകട്ടെ. മാത്രമല്ല, നമ്മുടെ ആത്മീയ നിലവാരം വിചിന്തനം ചെയ്യുവാന്‍ സഹായമാകട്ടെ. എങ്കില്‍ മാത്രമെ നമ്മുടെ ജീവിതംകൊണ്ടും ആരെയെങ്കിലും സ്വാധീനിക്കുവാന്‍ കഴിയൂയെന്ന് വിസ്മരിക്കരുത്.

ഒരു മരം മുറിക്കുമ്പോള്‍ മാത്രം അളക്കാന്‍ കഴിയുന്നെങ്കില്‍, മുറിച്ചിട്ടിട്ടും ഇനിയും അളന്നു തീരാത്ത ഒരു വടവൃക്ഷമാണ് ഉമ്മന്‍ചാണ്ടി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശോക്തിയല്ല.

Advertisement