ക്രോധം കടന്നു പോകുവോളം ഒളിച്ചിരിക്ക
ലേഖനം
ക്രോധം കടന്നു പോകുവോളം ഒളിച്ചിരിക്ക
പാസ്റ്റർ സുഭാഷ് കെ.റ്റി
കൊല്ലൻ്റെ ആലയിൽ തീക്കനലിനിടയിൽ ഇരുമ്പ് കഷണം മറച്ചു വയ്ക്കുമ്പോൾ അത് മറയപ്പെടുകയാണെങ്കിലും അല്പസമയം കഴിയുമ്പോൾ തീക്കനലിൽ നിന്നെടുത്ത് തല്ലി പദം വരുത്തി മൂർച്ചയുള്ളതാക്കി പുറത്തുകൊണ്ടുവരുമ്പോൾ അത് ഏറ്റവും പ്രയോജനപ്രദം ആകുന്നു. ചാരത്തിനടിയിൽ മറയപ്പെട്ടിരുന്ന കനലിലേക്ക് ഊതുമ്പോൾ കരിക്കഷണത്തിലെ തീ വർണ്ണ ശോഭയോടെ കത്തിപ്പടർന്ന് തീക്കനലിൽ മാത്രമല്ല അതിൽ വച്ചിരിക്കുന്ന ഇരുമ്പ് കഷണത്തിന്മേലും വ്യാപരിക്കും. ഈ കനലിൽ നിന്ന് പുറത്തെടുത്ത് പണിത ആയുധം ചിലപ്പോൾ അടുക്കളയിലെ ചെറിയ ഉപയോഗത്തിനോ അല്ലെങ്കിൽ മരം മുറിക്കുന്നതിനോ ചിലപ്പോൾ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിനോ ആയിരിക്കും. അങ്ങനെയെങ്കിൽ ചുരുങ്ങിയ സമയം മറയപ്പെട്ടത് അഥവാ ഒളിക്കപ്പെട്ടത് ആയുധത്തിന്റെ ഇഷ്ടത്തിന് വേണ്ടിയല്ല, ഉടമസ്ഥന്റെ ഹിതമനുസരിച്ചാണ്.
ഒളിച്ചിരിക്കുക, മറയുക, തുടങ്ങിയ പദപ്രയോഗങ്ങൾ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ആണ് ഉപയോഗിക്കപ്പെടുന്നത്. പോലീസ് കള്ളനെ പിടിക്കാൻ വരുമ്പോൾ കള്ളൻ ഒളിച്ചിരിക്കുന്നത് പോലെയോ, ഇരയെ ആക്രമിച്ചു പിടിക്കാൻ പതിയിരിക്കുന്ന മൃഗങ്ങളെ പോലെയോ അല്ല. ദൈവം പണിതെടുക്കുവാൻ വേണ്ടിയാണ് ഒളിപ്പിക്കുന്നത്.
'അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും (സങ്കീ.27:5-6). ദൈവം നമ്മെ ഒളിപ്പിക്കുന്നത് തന്റെ കൂടാരത്തിലും തിരുവാസത്തിന്റെ മറവിലും ആണ്. ദൈവം ഒളിപ്പിക്കുന്നത് എന്നേക്കുമായി അടച്ചു വയ്ക്കാൻ വേണ്ടിയല്ല ക്രിസ്തു ആകുന്ന പാറമേൽ നമ്മെ ഉയർത്തുവാൻ വേണ്ടിയാണ്.
ഒരിക്കലും തല ഉയരില്ലെന്ന് നമ്മെക്കുറിച്ച് ശത്രുക്കൾ ചിന്തിച്ചപ്പോൾ കർത്താവ് നമ്മുടെ തലയെ അഭിമാനത്തോടെ ഉയർത്തി. അബ്രഹാം പറഞ്ഞു നീ എൻ്റെ തല ഉയർത്തുന്നവനാണ്. ദൈവത്തിനു നമ്മെ മറയ്ക്കുവാൻ വൻ മതിലുകൾ ഒന്നും വേണ്ട തന്റെ തൂവലുകൾ മാത്രം മതി. ദൈവീക പരിപാലനം ഉണ്ടെങ്കിൽ ചിലന്തിവല പോലും വൻമതിൽ പോലെ നിൽക്കും.ദൈവികമായ പരിപാലനം ഇല്ലെങ്കിൽ വൻമതിൽ പോലും ചിലന്തിവല പോലെയാണ്.
ആക്രമിക്കാൻ വരുന്ന പരുന്തുകളുടെ മുൻപിൽ ചെറു ശബ്ദമുണ്ടാക്കി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ മറവിൽ മറയ്ക്കുന്നതുപോലെ കഴുകൻ കണ്ണുകളിലും ശത്രുവിന്റെ കരങ്ങളിലും അകപ്പെടാതെ നമ്മെ പരിപാലിക്കുന്ന ദൈവത്തിന്റെ പരിപാലനം എത്ര വലുതാണ്.
യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.(മത്തായി 23:37). ശബ്ദം പുറപ്പെടുവിക്കുന്ന അമ്മക്കോഴി ആഗ്രഹിക്കുന്നത് കുഞ്ഞുങ്ങൾ നിൽക്കുന്ന സ്ഥലത്ത് എല്ലാം പോയി ചിറകു വിരിക്കുവാൻ വേണ്ടിയല്ല; ശബ്ദം കേൾക്കുമ്പോൾ തന്റെ ചിറകടിയിൽ കുഞ്ഞുങ്ങൾ വരുവാൻ വേണ്ടിയാണ്. ദൈവവും നമ്മോട് പലപ്പോഴും തന്റെ ആലോചന അറിയിക്കുന്നത് കർത്താവിന്റെ ചിറകിൻ കീഴിൽ വന്ന് അഭയം തേടുവാൻ വേണ്ടിയാണ്. ദൈവവചനത്തിലൂടെയും ശുശ്രൂഷകന്മാരിലൂടെയും ദൈവം നിരന്തരം നമ്മോട് അരുളപ്പാടുകൾ അറിയിക്കുമ്പോൾ അതിനെ തള്ളിക്കളയാതെ ദൈവശബ്ദത്തിനു മുമ്പാകെ നമ്മെ സമർപ്പിച്ചാൽ ഒരു കഴുകൻ കണ്ണുകൾക്കും നമ്മെ ആക്രമിക്കുവാൻ കഴിയുകയില്ല.
ചില കോഴിമുട്ടകളുമായി ഒരു അമ്മ കോഴി അടയിരിക്കുമ്പോൾ ചിലപ്പോൾ ഇരുട്ടു മുറിയിൽ ആയിരിക്കാം. മറ്റു കോഴികൾ മുറ്റത്തും പരിസരത്തുമായി ചിക്കി ചികഞ്ഞ് കൊത്തി പെറുക്കുമ്പോൾ അടയിരിക്കുന്ന കോഴി ഒരു വലിയ ദൗത്യവുമായി ഏകാന്തതയിലിരിക്കുന്നു. ഒറ്റയ്ക്കിരിക്കുന്ന ഈ അമ്മക്കോഴിയെ നോക്കി മറ്റു കോഴികൾ പറഞ്ഞേക്കാം ഞങ്ങളെ നോക്കൂ.. ഞങ്ങളെല്ലാം ചിക്കി ചീകി കൊത്തിപ്പെറുക്കി നടക്കുമ്പോൾ നീ മാത്രം എന്തിനാ ഈ ഇരുട്ട് മുറിയിൽ ഏകാന്തതയിൽ ഇരിക്കുന്നത്?. അതിനും വേണ്ടും വണ്ണം മറുപടി കൊടുക്കാതെ ചില നാളുകൾ കഴിയുമ്പോൾ താൻ അടയിരുന്ന കുഞ്ഞുങ്ങളുമായി അമ്മക്കോഴി പുറത്തുവരും. നാളിതുവരെയായി ചോദ്യം ചോദിച്ച മറ്റുള്ള കോഴികളോട് അമ്മകോഴി പറയും ഇതിനായിട്ടാണ് ഇത്രയും നാൾ ഞാൻ ഏകാന്തതയിൽ ഇരുന്നത്.
ദൈവസന്നിധിയിൽ നാം ഇരുന്നതുപോലെയല്ല പുറത്തുവരുന്നത് ജീവനുള്ള നന്മകളും ആയിട്ടാണ്. പുറത്തുള്ളവരെക്കാൾ പുഷ്ടിയായി അഭിവൃദ്ധി പ്രാപിച്ചവർ ആയിട്ട് നാം പുറത്തുവരണമെങ്കിൽ ദൈവം ആഗ്രഹിക്കുന്നത് പോലെ കർത്താവുമായി ഒരുമിച്ച് ചിലനാൾ നാം വേറിട്ടിരിക്കണം. വേറിട്ടിരിക്കുന്നത് വെറുതെയാകില്ല. കൂലി അവൻ്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ട്. കൂലിയും പ്രതിഫലവും നൽകി മഹത്തരമായ അനുഭവത്തിലേക്ക് നമ്മെ നയിക്കുവാൻ ദൈവം ശക്തനാണ്.
പതിറ്റാണ്ടുകളായി അടിമത്വത്തിന്റെ സാമ്രാജ്യത്തിൽ ആയിരുന്ന ഊഴിയ വിചാരകന്മാരുടെ മർദ്ദനത്താലും കഠിനമായ വേലയാലും നിലവിളിച്ച യിസ്രായേൽ ജനത്തോട് ദൈവം പറഞ്ഞു ഈ രാത്രിയിൽ കട്ടിളക്കാലിന്മേലും കുറുമ്പടി മേലും കുഞ്ഞാടിന്റെ രക്തം പുരട്ടി പിറ്റേന്നാൾ വെളുക്കും വരെ നിങ്ങളിൽ ആരും വാതിലിന് പുറത്തിറങ്ങരുത്. കഴിഞ്ഞ രാത്രിയിൽ മിസ്രയീമ്യരൊക്കെയും പുറത്തിറങ്ങി ആഘോഷത്തോടെ വട്ടം കൂടിയും പൊട്ടിച്ചിരിച്ചും ആർത്തുല്ലസിച്ചും സമയം ചെലവഴിച്ചപ്പോൾ ദൈവശബ്ദം കേട്ട് അനുസരിച്ച ഒരു കൂട്ടം ആളുകൾ പുറത്തിറങ്ങാതെ കുഞ്ഞാടിന്റെ രക്തം അടയാളമായി കട്ടിളക്കാലിൽ മേലും കുറുമ്പടി മേലും പുരട്ടി വാതിൽ അടച്ചകത്തിരുന്നുവെങ്കിൽ പിറ്റെന്നാൾ പുലരുന്നത് അകത്തിരുന്നവർക്ക് ഉല്ലാസയാത്രയും പുറത്ത് കളിച്ചു നടന്നവർക്ക് നിലവിളിയും ആയിരുന്നു. കർത്താവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് ആയുസ്സ് മുഴുവൻ ഒളിച്ചിരിക്കാൻ വേണ്ടിയല്ല ഒരു പരിമിതമായ സമയം മാത്രമാണ് നമ്മോട് ഒളിച്ചിരിക്കാൻ പറയുന്നത്. പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പ് ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ തന്നെ സമയവും ക്രമീകരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലും പ്രതികൂല സാഹചര്യങ്ങളും കഷ്ടതകളും പരീക്ഷകളും വരുമ്പോൾ അല്ല സമയം തീരുമാനിക്കുന്നത്. മറിച്ച് സമയം തീരുമാനിച്ചിട്ടാണ് ദൈവം നമുക്ക് പരീക്ഷ തരുന്നത്. ഒരു ആയുസ്സ് മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടും പ്രതിഫലം തരാതിരുന്നവരുടെ മുമ്പാകെ യിസ്രായേൽ ജനത്തെ ദൈവം യാത്രയാക്കിയത് വെറുംകയ്യോടെ അല്ല സമൃദ്ധമായ നന്മകളോടു കൂടിയാണ്. ദൈവഹിത പ്രകാരം നാം ഒളിച്ചിരുന്നാൽ നാം പുറത്തു വരുമ്പോൾ നമ്മുടെ ജീവനും ഭക്തിക്കും ആവശ്യമുള്ളതെല്ലാം നൽകിയാണ് ദൈവം നമ്മെ പുറത്തുകൊണ്ടുവരുന്നത്.
പ്രവാചക ഗണത്തിൽ പ്രധാനിയായിരുന്ന ഏലിയാവ് വധിക്കാനും വിധിക്കാനും കഴിവുള്ള രാജാവിനോട് ദൈവീകമായ അരുളപ്പാട് അറിയിച്ചതിനു ശേഷമായി ഇസബേലിനെ പേടിച്ച് താൻ ഒളിച്ചിരിക്കേണ്ടി വന്നു. ഒളിച്ചിരുന്ന ഏലിയാവിന് കനലിൽ ചുട്ട അടയും തുരുത്തിയിൽ വെള്ളവും കൊടുത്തു. ദൂതൻ തട്ടി ഉണർത്തി ദൂരെ യാത്രയ്ക്കായി നിയോഗിച്ചു. ദൈവം നമ്മെ തട്ടി ഉണർത്തുമ്പോൾ ചാടി എഴുന്നേറ്റ് ദൗത്യം ആരംഭിക്കണം. മാനുഷികമായ നിലവാരത്തിൽ ശക്തിക്ക് ആവശ്യമായ അപ്പം നൽകിയിട്ടാണ് ദൈവം ഏലിയാവിനു ഒരു ദൂരയാത്ര നൽകിയത്. ആ ദൂരയാത്ര ശത്രുവിന്റെ താവളത്തിലേക്ക് അല്ല മറിച്ച് ദൈവത്തിന്റെ പർവ്വതമായ ഹോരേബിലേക്ക് ആയിരുന്നു. നമ്മെക്കുറിച്ച് ഉത്തരവാദിത്വമുള്ള കർത്താവ് നമ്മെ നയിക്കുന്നത് ദൈവത്തിന്റെ തിരുവാസത്തിലേക്കാണ്. ഒളിച്ചിരുന്നപ്പോൾ അവനെ പരിപാലിക്കുകയും കഴിക്കുവാനും കുടിക്കുവാനും ആവശ്യമുള്ളത് ദൈവം അവനു നൽകുകയും ചെയ്തു. ഒരു വലിയ ദൂത് രാജാവിനോട് പറഞ്ഞു ശുശ്രൂഷയിൽ ശോഭിക്കുന്ന സമയത്ത് ഒളിച്ചിരിക്കാൻ ആവശ്യപ്പെട്ടാൽ ഒരുപക്ഷേ നമ്മൾ ആയിരുന്നെങ്കിൽ പറയുമായിരുന്നു ശുശ്രൂഷയിൽ ശോഭിച്ചു വരുന്ന ഈ സമയത്ത് ഒളിച്ചിരിക്കാൻ ആകില്ലെന്ന്. എന്നാൽ ശുശ്രൂഷ ഏൽപ്പിച്ച ദൈവത്തിന് അറിയാം ശുശ്രൂഷയുടെ പുതിയ തലങ്ങളിലേക്ക് നമ്മെ നിയോഗിക്കുവാൻ. ചില സന്ദർഭങ്ങളിൽ നമ്മെ മാറ്റിനിർത്തുന്നതും ജീവിതത്തിന്റെ ഏകാന്തതയും കഷ്ടതയുടെ കഠിന ചൂളയും അനുഭവിച്ച് കടന്നു പോകുന്നത് നമ്മെ പണിതെടുത്ത് ഒരു നല്ല ഉപകരണം ആക്കി മാറ്റാൻ വേണ്ടിയാണ്.
ദേശം ഒറ്റു നോക്കുവാൻ പോയവർക്ക് ശത്രുക്കളുടെ മുമ്പിൽ നിന്ന് രക്ഷ നേടാൻ ലഭിച്ച ഒളിയിടം രാഹാബ് എന്ന വേശ്യ സ്ത്രീയുടെ ഭവനമായിരുന്നു. അവരെ ഒളിപ്പിക്കുക മാത്രമല്ല ഒളിച്ചിരുന്നിടത്ത് ഉറപ്പിക്കുന്ന സന്ദേശം കൂടെ നൽകി അവരോട് ആ ദേശത്തിലെ ജനങ്ങളുടെ കാഴ്ചപ്പാടിനെ കുറിച്ചും അവരോട് അറിയിച്ചു. അക്ഷരാർത്ഥത്തിൽ അഭയം തേടാൻ പറ്റിയ ഭവനമായിരുന്നില്ലെങ്കിലും ദൈവം അവിടേക്ക് അയച്ചത് ദൈവീകമായ പദ്ധതിയുടെ ഭാഗമായിരുന്നു. മോശ ദൈവ ഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ ദൈവത്തിന്റെ വിശ്വസ്തന്മാരെ ദൈവം അയക്കുമ്പോൾ അവരെങ്ങനെ പോകും എന്തായി തീരും എന്നുള്ളത് കർത്താവിന് അവരെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ സോഷ്യൽ മീഡിയകാരുടെ ആളിക്കത്തുന്ന ചർച്ചാവിഷയമായി മാറുമായിരുന്നു. ഏലിശയുടെ കാലഘട്ടത്തിൽ മഹാ ക്ഷാമത്തിൽ നിന്നും രക്ഷ നേടുവാൻ പ്രവാചകൻ പറഞ്ഞതുപോലെ നാളെ ഈ നേരത്ത് എന്നുള്ളത് നിവർത്തിക്കാൻ കുഷ്ഠരോഗിയെ ഉപയോഗിച്ചെങ്കിൽ ദൈവത്തിന്റെ പ്രവർത്തിക്ക് ദൈവം ആരെയും ഉപയോഗിക്കും. വസ്തുക്കളോ വ്യക്തികളോ അല്ല പ്രാധാന്യം ദൈവത്തിൻ്റെ പ്രവർത്തിക്കാണ്.
ഇസ്രായേൽജനത്തിന്റെ മോചകനായി ദൈവത്താൽ നിയോഗിതനായ മോശ ജനിച്ച സമയം നാളിതുവരെ ഇല്ലാത്ത നിയമസംവിധാനങ്ങൾ അവിടെ വന്നപ്പോൾ നാട്ടുകാരെല്ലാവരും ചെയ്തതുപോലെ നൈൽ നദിയുടെ ആഴങ്ങളിലേക്ക് പിഞ്ചോമന കുഞ്ഞിന് അമ്മ നൽകി വലിച്ചെറിയാമായിരുന്നു. എന്നാൽ പെട്ടകം പണിത് അകത്തും പുറത്തും കീൽ തേച്ച് ദൈവത്തിന്റെ കൃത്യസമയത്ത് നൈൽ നദിയിൽ ഒഴുക്കി വിടുമ്പോൾ അവനെ ഒളിപ്പിച്ചുവെച്ച മൂന്നുമാസ സമയം നിയമവിരുദ്ധം ആണെങ്കിലും ദൈവത്തിന്റെ തക്ക സമയമായിരുന്നു. മൂന്നുമാസക്കാലം അവനെ ഒളിപ്പിച്ചു വെച്ചത് അപ്പന്റെയും അമ്മയുടെയും ഇഷ്ടപ്രകാരമല്ല ദൈവീക പദ്ധതിയായിരുന്നു. നൈൽ നദിയിൽ മോശയുടെ രക്ഷകയായ ഫറവോൻ്റെ പുത്രി വരുന്ന സമയം വരെ കാര്യങ്ങൾ നിയന്ത്രിച്ചതും ദൈവത്തിന്റെ പദ്ധതിയാണ്. വളർത്തില്ല എന്ന് പറഞ്ഞവന്റെ മടിത്തട്ടിൽ വളർത്തിയത് ദൈവത്തിന്റെ കരത്തിന്റെ ശ്രേഷ്ഠതയാണ്. നിന്നെ വളർത്തുകയില്ല എന്നു പറഞ്ഞ് ജീവനെ അപായപ്പെടുത്താൻ നോക്കിയവനെ കൊണ്ട് തന്നെ നിൻ്റെ ജീവനെ പരിപാലിപ്പിക്കുന്ന ദൈവം വലിയവനാണ്.
പ്രവാചക ശിഷ്യ ഗണത്തിൽ ഒരുവൻ മരിച്ചപ്പോൾ അവൻ്റെ ഭാര്യ വന്ന് ഏലീശയോട് ജീവിതാനുഭവങ്ങളെ പങ്കുവയ്ക്കുമ്പോൾ നശിച്ചു പോകാൻ പോകുന്ന അഥവാ അടിമത്വത്തിലേക്ക് പോകുന്ന തലമുറയോർത്ത് വേദനപ്പെട്ടപ്പോൾ പ്രവാചകൻ അവളോട് പറഞ്ഞു നീയും നിന്റെ മക്കളും വെറും പാത്രങ്ങളുമായി നിൻ്റെ വീട്ടിനകത്ത് വാതിൽ അടച്ച് എണ്ണ വെറും പാത്രങ്ങളിലേക്ക് പകരുവാൻ. വാതിൽ അടച്ചില്ലെങ്കിലും ദൈവപ്രവർത്തി നടക്കും. പക്ഷേ കർത്താവ് അവരോട് പറഞ്ഞത് വാതിൽ അടച്ച് എണ്ണ പകരാനാണ്. ഇന്നലെ വരെ ആ വീട് അറിയപ്പെട്ടത് കടഭാരം കേറി മുടിഞ്ഞ വീട് എന്നാണെങ്കിൽ വീടിന്റെ പേര് മാറുവാൻ പോവുകയാണ്. വാതിലടച്ച് അല്പസമയം ഒളിച്ചിരിക്കാൻ അഥവാ അകത്തളങ്ങളിൽ സമയങ്ങൾ വേർതിരിക്കാൻ ദൈവികമായ ആലോചനക്ക് കീഴ്പ്പെടുവാൻ തയ്യാറാണെങ്കിൽ വാതിൽ അടച്ച് അകത്തിരുന്നതുപോലെയല്ല പേരുമാറിയവരായി ആളുമാറിയവരായി തൊഴിൽ മാറിയവരായി നമ്മെ പുറത്തു കൊണ്ടുവരുവാൻ ദൈവം ശക്തനാണ്. നാട്ടുകാരിട്ട പേരിനെ മാറ്റി നാട്ടുകാരുടെ വാ കൊണ്ട് തന്നെ വ്യാപാര കേന്ദ്രംഎന്ന നിലയിൽ നിരവധിയാളുകൾ എണ്ണ വാങ്ങുവാൻ കാലിപാത്രവുമായി വീടിന്റെ മുമ്പിൽ ക്യൂ നിൽക്കുമ്പോൾ ഒരു കാര്യം ഓർക്കണം ദൈവം പറഞ്ഞത് അനുസരിച്ചാൽ നിന്നെ നിന്ദിച്ച അവരുടെ മുമ്പിൽ മാനിക്കുവാൻ ദൈവം ശക്തനാണെന്ന്. ഇത് നിഗളിക്കാനോ അഹങ്കാരം കാണിക്കാനോ വേണ്ടിയുള്ളതല്ല മറിച്ച് ദൈവ പ്രവർത്തിയുടെ മഹത്വം വെളിപ്പെടുത്തുവാൻ വേണ്ടിയാണ്.
വാതിൽ അടച്ചിടുവാൻ ദൈവത്തിന്റെ സ്വന്തം ജനത്തോട് ദൈവാത്മ പ്രേരിതനായി യെശയ്യാവ് ദൂത് പറയുമ്പോൾ ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക എന്നാണ് ആഹ്വാനം ചെയ്തത്. കടിഞ്ഞൂൽ സംഹാരം പോലെ അതിഭയങ്കരമായ കിരാത ശക്തികൾ വാതിലിനു പുറത്തുകൂടെ പോകുമ്പോൾ വാതിൽ അടച്ച് അകത്തിരുന്നത് ദൈവ നിയോഗം അനുസരിച്ചാണെങ്കിൽ അകത്ത് സംരക്ഷണവും ദൈവികമായ ആലോചനയും ആത്മീക ഭൗതിക നന്മകളും നൽകി നമ്മെ പുറത്തുകൊണ്ടു വരുന്ന ദൈവം വിശ്വസ്തനാണ്. മന്നയുടെ മുകളിൽ മഞ്ഞുമൂടി കിടന്നതുപോലെ നന്മകളുടെ മുകളിൽ മഞ്ഞുപാളികൾ വന്നു പതിച്ചിരിക്കുമ്പോൾ നന്മ കാണുവാൻ കഴിയുകയില്ല. എന്നാൽ നീതി സൂര്യനായ ദൈവത്തിന്റെ പൊൻപ്രഭ മഞ്ഞിന്റെ മുകളിൽ വരുമ്പോൾ മഞ്ഞുരുകി മാറി അകത്തുള്ള മന്ന പുറത്തു കാണപ്പെടുന്നത് പോലെ ചിലപ്പോൾ നമ്മുടെ നന്മകൾ മഞ്ഞുമൂടി കിടക്കുന്നുണ്ടാകും. നമ്മുടെ കൺമുമ്പിൽ തന്നെ കിടക്കുന്നുണ്ടാകും. എന്നാൽ ദൈവത്തിൻ്റെ സാന്നിധ്യമനുഭവിച്ചപ്പോൾ നന്മകൾ വെളിപ്പെട്ടതുപോലെ ഈ നാളുകളിൽ ദൈവാത്മ നിയോഗത്താൽ വാതിലടച്ച് അകത്തിരുന്നാൽ പൊന്നുപോലെ വിലയുള്ളവരായി പുറത്തുകൊണ്ടുവരുവാൻ ദൈവം ശക്തനാണ്. അറ തേടി മറ്റൊരിടത്തേക്ക് പോകേണ്ട ആവശ്യമില്ല നിൻ്റെ വീട്ടിനകത്ത് അറയിൽ കടന്ന് വാതിൽ അടച്ചിരുന്നാൽ മതി. നാം ആയിരിക്കുന്ന ഏത് പരിമിതമായ സാഹചര്യത്തിലും നമ്മോട് അടുത്ത് വരുവാൻ കഴിവുള്ള ദൈവത്തിന്റെ പ്രവർത്തിക്കായി കാത്തിരിക്കാം.