മലയാളിയുടെ ഹൃദയമന്ത്രം

മലയാളിയുടെ ഹൃദയമന്ത്രം

മലയാളിയുടെ ഹൃദയമന്ത്രം

സ്റ്റാൻലി ജോർജ്

മുക്ക്  വിരളിൽ എണ്ണാവുന്ന ചിലരെ ഹൃദയത്തോട് ചേർന്ന് നിൽക്കാനാകുമായിരിക്കാം. എന്നാൽ മലയാളികളുടെയെല്ലാം ഹൃദയത്തോട് ചേർന്ന് നിന്ന് ഒരു ജനതയുടെയാകെ ഉള്ളിൽ സ്ഥിര താമസമാക്കിയ ഒരാളേ നമ്മുടെ കാലത്ത് ജീവിച്ചിരുന്നുള്ളു. മലയാളികളുടെയാകെ ഹൃദയ മന്ത്രമായി മാറിയ ആ മഹാനുഭാവൻ ഒ. സി. എന്ന ദ്വയാക്ഷരത്തിനു ഒരുപാട് അർത്ഥവും അർത്ഥ തലങ്ങളും നൽകി. പകരം വയ്ക്കാനാവാത്ത ജീവിത മൂല്യങ്ങളുടെ ആൾരൂപം ആയിരുന്നു മഹാനായ ഉമ്മൻ ചാണ്ടി. കരുണയുടെ ആൾരൂപം എന്നതിനപ്പുറം ഒരു രാഷ്ട്രീയക്കാരൻ മനുഷ്യരുടെ പക്ഷത്തു നിന്ന് ഏങ്ങനെയാണ് ജീവിക്കണ്ടത് എന്ന് സ്വന്തം ജീവിതത്തിലൂടെ വെളിവാക്കിയ പച്ചയായ മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി.

ഒട്ടുമിക്ക മലയാളികൾക്കും ഉമ്മൻ ചാണ്ടിയെക്കുറിച്ച് വ്യക്തിപരമായി ഒരു അനുഭവം എങ്കിലും പറയാനുണ്ടാകും. അതിന്റെ തെളിവ് കൂടി ആയിരുന്നു അദ്ദേഹത്തിന്റെ വിലാപയാത്രയിൽ ഉടനീളം കണ്ട വികാര പ്രകടനങ്ങൾ. മലയാളിയുടെ വൈകാരിക തലങ്ങൾക്ക് ഒരു വെന്മേഘ ചിരിയിലൂടെ സ്നിഗ്ദ്ധത നൽകിയ അപൂർവ വ്യക്തിത്വം ആയിരുന്നു ഒ. സി.

സന്തോഷത്തിലും സങ്കടത്തിലും നമ്മളെ ചേർത്ത് നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതരസാധാരണമാണ്. വർഷങ്ങൾക്ക് മുൻപ് എന്റെ പിതാവ് പാസ്റ്റർ വി. സി. ജോർജിന്റ് നിര്യാണ വിവരം ഞാൻ ഉമ്മൻ ചാണ്ടിയെ അറിയിച്ചു. ഞങ്ങളെ സംബന്ധിച്ച് ഏറെ സങ്കടകരമായ ദിനം.അന്നദ്ദേഹം പ്രതിപക്ഷ നേതാവാണ്. കോൺഗ്രസ്‌ സ്ഥാനാർഥി ആയി വിജയിച്ച രാഷ്ട്രപതി പ്രതിഭ പാട്ടീൽ കേരളം സന്ദർശിക്കുന്ന ദിവസം കൂടി ആയിരുന്നു അന്ന്. ഉമ്മൻ ചാണ്ടി സാർ രാവിലെ ആണ് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തു എത്തിയത്. നിയമ സഭ നടക്കുന്നതിനാലും വൈകുന്നേരം രാഷ്ട്രപതിക്ക് തിരുവനന്തപുരത്തു സ്വീകരണം ഉള്ളതിനാലും എന്റെ പിതാവിന്റെ സംസ്കാര പരിപാടിയിൽ പങ്കെടുക്കാൻ ആവില്ലന്ന് അദ്ദേഹം എന്നെ അറിയിച്ചു. ഉമ്മൻ ചാണ്ടി സാറിന്റെ ഏറ്റവും തിരക്കുള്ള ഒരു ദിവസം ആയിരുന്നു അതു.

ഏതാണ്ട് ഉച്ച ആയപ്പോൾ സാക്ഷാൽ ഉമ്മൻ ചാണ്ടി ദാ നിൽക്കുന്നു എന്റെ പിതാവിന്റെ ബോഡിയുടെ മുന്നിൽ. എന്റെ സങ്കടങ്ങൾക്ക് ആശ്വാസം എകാൻ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന ചിന്ത ആണ് തിരക്കുകൾക്ക്‌ ഇടയിലും ഞങ്ങളുടെ വീട്ടിൽ ഓടി എത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നിയമ സഭയിൽ നിന്നും തിരക്കിട്ടു ഞങ്ങളുടെ വീട്ടിൽ വന്നിട്ട് വളരെ വേഗം നിയമ സഭയിലേക്ക് തന്നെ ആണ് അദ്ദേഹം മടങ്ങിയത്.

പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടപ്പോൾ എന്റെ പിതാവിന്റെ സംസ്കാര പരിപാടിയിൽ കൂടുതൽ സമയം നിൽക്കാൻ കഴിയാഞ്ഞതിൽ ഉള്ള പരിഭവം അദ്ദേഹം പങ്കുവെച്ചു. ആ വാക്കുകൾ ഉമ്മൻ ചാണ്ടി സാറിന്റെ വ്യക്തിത്വം കൂടുതൽ ദീപ്തമാക്കുന്നതായിരുന്നു. സമാനമായ ഒരുപാട് അനുഭവങ്ങൾ പലർക്കും ഉണ്ടാകും. അതുകൊണ്ട് ഒക്കെ ആണല്ലോ ഒരു സംസ്ഥാനം ആകെ ഒരു മനുഷ്യന്റെ ദേഹവിയോഗത്തിൽ തേങ്ങിയതും സംസ്കാരം കണക്കുകൂട്ടലുകൾക്കു അപ്പുറം മാറി മറിഞ്ഞതും. ഉമ്മൻചാണ്ടി സാർ മലയാളികളെ സ്നേഹിച്ചതിന്റെ ആഴം അളക്കുക അസാധ്യം. ആ സ്നേഹം മലയാളികൾ തിരികെ നൽകുമ്പോൾ സാമ്പ്രദായിക കണക്കു കൂട്ടലുകൾ പിഴയ്ക്കുക തന്നെ ചെയ്യും.

Advertisement