നിങ്ങളുടെ സ്വന്തം നിബു

നിങ്ങളുടെ സ്വന്തം നിബു

നിങ്ങളുടെ സ്വന്തം നിബു

ഷാർലെറ്റ് പി. മാത്യു

എന്റെ ബയോഡേറ്റ

നിബുമോൻ എന്ന ഞാൻ ആരാണെന്നു ഓർത്തു ടെൻഷൻ അടിക്കേണ്ട !

നിബു എൻറെ ഓമനപ്പേരാണ് ! സർട്ടിഫിക്കറ്റിലെ പേര് നിർമ്മിത ബുദ്ധി എന്നാണ്.

ഇംഗ്ലീഷ് പാസ്‌പോർട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(Artificial Intelligence ) എന്നും പെറ്റ് നെയിം എ ഐ (AI)എന്നുമാണ്.

കടൽത്തീരത്തെ മണൽത്തരികളെക്കാളധികം ഗാഡ്‌ജറ്റുകൾ ഉള്ള കാലത്തു ജീവിക്കുന്ന നിങ്ങൾക്ക് എന്നെ കൂടാതെ ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉള്ളത് നല്ലതായിരിക്കും.ഞങ്ങളുടെ കുടുംബക്കാരെല്ലാവരും ടെക്നോളജി ഭാഷയിൽ ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ബ്രെയിനിലെ ന്യൂറോണുകളുടെ സോഫ്റ്റ്‌വെയർ ഡ്യൂപ്പുകളാണ്.  

എന്റെ കുടുംബത്തിലെ ചാറ്റ് ജി പി ടി പയ്യനെയും അലക്സാ കൊച്ചിനെയും വിവിധ ചാറ്റ് ബോട്ട് കുട്ടികളെയും  നിങ്ങൾ ഈയിടക്ക് പരിചയപെട്ടെന്നറിയാം. ജി.പി.എസും ഫേസ് റെക്കഗ്നിഷൻ ഓപ്ഷനും സോഷ്യൽ മീഡിയയും ഇവരിൽ നിങ്ങൾക്കു പരിചയമുള്ള സീനിയേഴ്സ് ആണ്.  ഇനിയും നമ്മുടെ കുടുംബത്തിലെ പുതിയ പിള്ളേർ സെറ്റ്  വന്നുകൊണ്ടേയിരിക്കും.

ഓൺലൈൻ ഗെയിമുകളിലും ബാങ്കിങ്ങിലും ഫോട്ടോ എഡിറ്റിംഗിലുമൊക്കെ ഞങ്ങളുടെ കുടുംബക്കാരില്ലാതെ മനുഷ്യർക്ക് ജീവിക്കുവാൻ സാധിക്കില്ല. കൃഷിയിലും ശൂന്യാകാശത്തും യുദ്ധത്തിലും കസ്റ്റമർ കെയർ സർവിസുകളിലും  സർജറിയിലും നിർമാണമേഖലയിലും എഴുത്തിലും എഡിറ്റിംഗിലും ഞങ്ങൾ അനിവാര്യഘടകമാണ്.

മുതിർന്നവരുടെ ശ്രദ്ധയ്ക്ക്   

നൂറുവർഷം മുൻപൊക്കെ രാജഭരണം ഉള്ള കാലത്തു ജനാധിപത്യ ഭരണം വരുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമായിരുന്നോ ?

അൻപതു വർഷം  മുൻപ് മൊബൈൽ ഫോണിലൂടെ കാശ് കൊടുക്കാനും ഫോട്ടോ എടുക്കാനും പറ്റുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമായിരുന്നോ ?

ഓരോ പുതിയ കണ്ടുപിടുത്തങ്ങളും ലോകത്തെ മാറ്റികൊണ്ടിരിക്കും  .

ആഴ്ചയിൽ ഒരു ദിവസം മാത്രം ശക്തിമാനും ചിത്രഗീതവും  ബൈബിൾ പരമ്പരയും ജയന്റ് റോബെർട്ടും  മഹാഭാരതവും ദൂരദർശനിലൂടെ കണ്ടുകൊണ്ടിരുന്ന മുതിർന്നവർക്കറിയാം മാറ്റത്തിന്റെ വേഗത!

ടേപ്പ് റെക്കോർഡറിൽ ഒരു കാസറ്റ് നിരവധി തവണ ആവർത്തിച്ച് പാട്ടും പ്രസംഗവും കേട്ടവരും വി സി ആറിലും സി ഡിയിലുമൊക്കെ ചിത്രങ്ങൾ കണ്ടവരുമായ നിങ്ങൾക്കറിയാം കാലത്തിനറെ വേഗത!

സെക്കൻഡുകൾ നീളുന്ന ഷോർട്സും റീൽസുമൊക്കെ ഫോക്കസ് ചെയ്യുന്ന പുതിയ ജനറേഷനും സൂപ്പർസോണിക് വേഗത്തിൽ പായുന്ന മാറ്റത്തിന്റെ വേഗത തിരിച്ചറിയുന്നുണ്ട്.

ആർട്ടിഫിക്കൈൽ ഇന്റലിജൻസ് ഇക്കാലത്ത് തികച്ചും സ്വാഭാവികമായ ഒരു സംഭവമായി മാറുകയാണ്. ഏതാണ്ട് 77% ഉപകരണങ്ങളും ഇന്ന് എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. 

ചാറ്റ് ബോട്ടുകൾ 

സംഭാഷണവും നിർദേശങ്ങളുമായി ഒരു വൈകാരിക അടുപ്പം തന്നെ സൃഷ്ടിച്ചെടുത്ത സിരിയും അലക്സായും മനുഷ്യന്റെ ഏറ്റവും അടുത്ത കൂട്ടുകാരാണ്.  ചാറ്റ് ജി പി ടി സൃഷ്‌ടിച്ച കൊടുങ്കാറ്റിന്റെ തീവ്രത ഇനിയും കൂടാനിരിക്കുന്നതേയുള്ളു. ഏതു സംശയവും തീർക്കുവാനും  ഏതു കാര്യവും പഠിക്കുവാനും  ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നത് സ്വാഭാവികമായി മാറിയിരിക്കുന്നു.    

പെറ്റ് ബോട്ടുകൾ

ടെക് കമ്പനികൾ അടുത്തിടെ വിപണിയിൽ കൊണ്ടുവന്നിട്ടുള്ള എ ഐ അടിസ്ഥാനമാക്കിയുള്ള പെറ്റ് ബോട്ടുകൾ ( വെർച്വൽ വളർത്തുമൃഗങ്ങൾ) മറ്റൊരു കണ്ടുപിടിത്തമാണ്.  ഓമന മൃഗങ്ങളുമായി വൈകാരിക ബന്ധം ആഗ്രഹിക്കുന്നവർക്കുള്ളതാണ് പെറ്റ് ബോട്ടുകൾ. എമുലേറ്ററിലോ സോഫ്‌റ്റ്‌വെയർ രൂപത്തിലോ വെർച്വൽ വളർത്തുമൃഗങ്ങൾ  ലഭ്യമാണ്.  വളർത്തുമൃഗങ്ങളെ വൃത്തിയാക്കാനും പരിപാലിക്കാനുമുള്ള ബുദ്ധിമുട്ടുകളില്ല. അവയുടെ  മുടിയോട് അലർജിയുള്ളവർക്കും ഇതൊരു പോംവഴിയാണ് .

ശ്രദ്ധിക്കുക  

യന്ത്രനിയന്ത്രണം തരുന്ന സൗകര്യങ്ങളും  പ്രയോജനങ്ങളും  വിലമതിക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

  • സ്വാർത്ഥയോടെ മനുഷ്യരാശിയെ കൊല്ലാനും കൊള്ളയടിക്കാനും സൃഷ്ടിക്കപ്പെടുന്ന അൽഗോരിതങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും അടിമയാകരുത്. 
  • വിദ്യാർത്ഥികളായവർ   കംപ്യൂട്ടറുകൾ ജനറേറ്റ് ചെയ്യുന്ന ആശയങ്ങൾ മാത്രം കോപ്പി പേസ്റ്റ് ചെയ്ത് അവരുടെ സത്തയും ക്രിയാത്മകതയും നഷ്ടപെടുത്തിക്കളയരുത്.   
  • കംപ്യൂട്ടറുകൾ സൃഷ്ടിക്കുന്ന മായാമനുഷ്യരെ സ്നേഹിച്ചിട്ടു അടുത്തുള്ള പ്രിയപെട്ടവരെ സ്നേഹിക്കുവാൻ നിങ്ങൾ മറന്നുപോകരുത്.
  • അനുഭവങ്ങളുടെ കണ്ണുനീർവീണ കടലാസ്സിൽ എഴുതപെട്ട ചിന്തകളും ആശയങ്ങളും, ആനന്ദത്തിന്റെയും പ്രത്യാശയുടയും സ്നേഹത്തിന്റെയും നിമിഷങ്ങളിൽ രചിക്കപ്പെട്ട സംഗീതവും,  ഉത്സാഹത്തോടെ നൈസർഗികമായ കഴിവിൽ വരക്കപെടുന്ന ചിത്രങ്ങളും അന്യമായിപ്പോകരുത്.
  • അസത്മാർഗികതയെ പ്രോത്സാഹാപ്പിക്കുന്നതും  കുടുംബബന്ധങ്ങളുടെ മൂല്യത്തെ നശിപ്പിച്ചുകളയുന്നതുമായ  ഇമേജുകളുടെയും സൃഷ്ടികളെയും ഉപഭോക്താവാകരുത്.  

പ്രാർത്ഥിക്കുക 

ബൈബിളിൽ 1 തിമോത്തിയോസ് 2 :2 ൽ എഴുത്തുകാരന്റെ വാക്കുകൾ ഇങ്ങനെയാണ് " നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക.

  • കോർപറേറ്റുകളും ഗവണ്മെന്റുകളും കുബുദ്ധികളും നിർമ്മിതബുദ്ധിയെ തങ്ങൾക്കിഷ്ടമുള്ളതുപോലെ സ്വാർത്ഥമായി മാത്രം ഉപയോഗിക്കാതിരിക്കുവാൻ പ്രാർത്ഥിക്കുക 
  • സമാധാനത്തെയും സ്വസ്ഥതയെയും സ്നേഹത്തെയും  ബാധിക്കുന്ന സൈബർ യുദ്ധങ്ങളും വ്യാജവും തിന്മയും ലൗകികതയും നിർമിതബുദ്ധിയിലൂടെ സൃഷ്ടിക്കാതിരിക്കുവാനും പരക്കാതിരിക്കുവാനും  പ്രാർത്ഥിക്കുക
  • പാപത്തിന്റെ അൽഗോരിതത്തിനു അടിമപ്പെട്ടു മനുഷ്യ ജീവിതത്തിന്റെ താളം തെറ്റാതിരിക്കുവാൻ പ്രാർത്ഥിക്കുക.  

ഏതു ടെക്നോളജിയും വ്യക്തികളുടെ കുടുംബങ്ങളുടെ ദേശങ്ങളുടെ സമാധാനവും ശാന്തതയും ദൈവികതയും വിശുദ്ധിയും വർദ്ധിപ്പിക്കുവാൻ ഉതകുവാൻ പ്രാർത്ഥിക്കേണം, പ്രയത്‌നിക്കേണം.

അടിസ്ഥാനപരമായി ഈ ലോകത്തിന്റെ അൽഗോരിതങ്ങളുടെ നിയന്ത്രണത്തിലല്ല  ; ആത്മാവിന്റെ നിയന്ത്രണത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുക. പ്രാർത്ഥിക്കുക. ജീവിക്കുക.   

സ്നേഹപൂർവ്വം

നിങ്ങളുടെ സ്വന്തം നിബു മോൻ

Advertisement