മറഞ്ഞതു മലയാളികളുടെ ഭക്തഗായകൻ

പാസ്റ്റർ ഭക്തവത്സലൻ അനുസ്മരണം |ചാക്കോ കെ.തോമസ്, ബെംഗളൂരു

മറഞ്ഞതു മലയാളികളുടെ ഭക്തഗായകൻ

മറഞ്ഞതു മലയാളികളുടെ ഭക്തഗായകൻ 

കർത്തൃസന്നിധിയിൽ ചേർക്കപ്പെട പാസ്റ്റർ ഭക്തവത്സലനെ, ചാക്കോ കെ.തോമസ്, ബെംഗളൂരു അനുസ്മരിക്കുന്നു

ദൈവഭക്തിയും ദൈവവാത്സല്യവും തുളുമ്പിനിൽക്കുന്ന ഇരുനൂറ്റൻപതിലധികം ഗാനങ്ങൾ സമ്മാനിച്ച മലയായിളികളുടെ ഭക്തഗായകനായിരുന്നു അന്തരിച്ച പാസ്റ്റർ ഭക്തവത്സലൻ. ഹൃദയത്തിൽ ദൈവസ്തുതികൾ നിറയുമ്പോൾ അവ സംഗീതമായി അദ്ദേഹത്തിന്റെ നാവിൻതുമ്പിലൂടെ കേൾവിക്കാരുടെ മനസ്സിലേക്ക് ഒഴുകിയെത്തും. അത് അവരിൽ ആശ്വാസവും പ്രത്യാശയും ഉയർത്തും. "സർവേശ്വരാ നിൻ സാമീപ്യലഹരിയിൽ സർവം മറന്നങ്ങു പാടുന്നു ഞാൻ, ആശ്രയമായ് എനിക്ക് യേശു മാത്രം.. തുടങ്ങിയവ അങ്ങനെയുള്ള ഗാനങ്ങളാണ്. അഞ്ചു പതിറ്റാണ്ടിലധികം ലോകമെമ്പാടുമുള്ള അനേകായിരം ദൈവമക്കൾക്കു ധൈര്യവും ആവേശവും നിറച്ച് ആത്മീയാനന്ദം പ്രദാനം ചെയ്യുന്ന ഗാനങ്ങൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. ആത്മീയ ചൈതന്യം തുടിക്കുന്ന ഇരുന്നൂറ്റൻപതിൽപരം അനശ്വരഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു സമ്മാനിച്ചപാസ്റ്റർ പി.എം ഭക്തവത്സലനെ മൂന്നു പതിറ്റാണ്ടു മുൻപു പരിചയപ്പെടാനിടയായി. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ ഹാർട്ബീറ്റ്‌സ് നടത്തിയിരുന്ന ഗാനശുശ്രൂഷയിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും 1992-ലാണ് അടുത്തറിയാൻ ഇടയായത്. 

ഭക്തച്ചായന്റെ സഹോദരി കല്ലൂരിൽ എന്റെ വീടിനടുത്തു താമസിച്ചിരുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമ സമാക്കിയിരുന്ന അദ്ദേഹം സഹോദരിയുടെ ഭവനത്തിൽ വരുന്ന സന്ദർഭങ്ങളിലായിരുന്നു ഞങ്ങൾ കൂടുതൽ അടുത്തത്. സംഗീതത്തിലൂടെ തനിക്ക് ഇനിയും കൂടുതൽ സുവിശേഷം അറിയിക്കണമെന്ന ആഗ്രഹം അപ്പോഴൊക്കെ പറയുമായിരുന്നു. 

പിന്നീട് കേരളത്തിലെ പെന്തെക്കൊസ്തു കൂട്ടായ്മയിലെ വിവിധ കലാകാരന്മാരെ കോർത്തിണക്കി 'ഹാർവെസ്റ്റ്' സംഗീത ഗ്രൂപ്പ് ആരംഭിച്ചു. അതിൽ എനിക്കും ഭാഗവാക്കാകാൻ സാധിച്ചു. ഹാർവെസ്റ്റ് ടീമിന്റെ കേരളത്തിലെ കോർഡിനേറ്ററായി എന്നെ ചുമതലപ്പെടുത്തി. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഹാർവെസ്റ്റ് ടീമിനൊടും ഭക്തച്ചായനൊടുമൊപ്പം സംഗീതശുശ്രൂഷയിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്താൻ എനിക്കും അങ്ങനെ ഇടയായി. 

ഒരിക്കൽ മൂവാറ്റുപുഴ വാളകം ഐപിസി കൺവൻഷനിൽ പാടാൻ ഹാർവെസ്റ്റ് ടീമിനെ ക്ഷണിച്ചു. ക്രൈസ്തവ ഗായകൻ ഭക്തവൽസലൻ നയിക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കും എന്ന പോസ്റ്റർ ഫോട്ടോ സഹിതം സംഘാടകർ പരസ്യപ്പെടുത്തിയിരുന്നു. അടൂരിൽ നിന്നും കോട്ടയത്തു നിന്നുമുള്ള ടീമിലെ കലാകാരന്മരെയുംകൂട്ടി ഞാൻ കൺവൻഷൻ സ്ഥലത്ത് എത്തി. എന്നാൽ സംഘാടകർ തിരയുന്നതു ഭക്തവൽസലൽ എന്ന ഗായകനെയായിരുന്നു. ബെംഗളൂരുവിൽ ആയിരുന്ന ഭക്തച്ചായനു കാലിനുണ്ടായ പ്രയാസം കാരണം എത്തിചേരാൻ സാധിച്ചില്ല. രണ്ടു ദിവസം അദ്ദേഹമില്ലാതെ ഗാനശുശ്രൂഷ നിർവഹിച്ചു. വിശ്വാസികൾക്കും സംഘാടകർക്കും അദ്ദേഹം വരാതെ ഗാനശുശ്രൂഷ നടത്തുന്നതിൽ നീരസമുണ്ടെന്ന് എനിക്കു മനസിലായി. സാധിക്കുമെങ്കിൽ എങ്ങനെയെങ്കിലും അച്ചായൻ വരണമെന്നു കൺവൻഷൻ സ്ഥലത്തെ സാഹചര്യം ഫോണിലൂടെ ഞാൻ ഭക്തച്ചായനെ അറിയിച്ചു. ദൈവകൃപയാൽ പിറ്റേന്നു രാവിലെ ശാരീരിക ക്ലേശം മറന്ന് അദ്ദേഹം വിമാനമാർഗം എത്തിച്ചേർന്നു. തുടർന്നുള്ള രണ്ടു ദിവസത്തെ ഗാനശുശ്രൂഷയിൽ പരിശുദ്ധാത്മിന്റെ വൻ കവിഞ്ഞൊഴുക്കായിരുന്നു. കൺവൻഷൻ കഴിഞ്ഞ് സംഘാടകർ നേരത്തെ പറഞ്ഞിരുന്ന തുകയും തന്നു. എന്നാൽ അസുഖംമൂലം അദ്ദേഹം വിമാനത്തിൽ വന്നതിനാൽ വാദ്യോപകരണം വായിച്ചവർക്ക് ഒന്നും കൊടുക്കാൻ സാധിച്ചില്ല. അവരെല്ലാം സാഹചര്യം മനസിലാക്കി പ്രവർത്തിക്കുന്നവരായതിനാൽ അന്നു പ്രാർഥനയോടും സന്തോഷത്തോടുംകൂടെ ഏവരും ഭവനങ്ങളിലേക്കു മടങ്ങി. അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഓർത്തെടുക്കാൻ കഴിയും. 

ജോലിയോടുള്ള ബന്ധത്തിൽ ഞാൻ 1993 ൽ ബാംഗ്ലൂരിൽ വന്നപ്പോൾ ഭക്തച്ചായനും കുടുംബവുമായി വീണ്ടും സ്‌നേഹബന്ധം പുതുക്കാനിടയായി. ബാംഗ്ലൂരിലെ ആരംഭ നാളുകളിൽ പത്രപ്രവർത്തനരംഗത്ത് എനിക്കു സഹായിയായിരുന്നു. 2004 മുതൽ ചർച്ച് ഓഫ് ഗോഡ് കർണാടക സഭയുടെ ശുശ്രൂഷകനായിരുന്നു. സഭാശുശ്രൂഷകനായി ഒതുങ്ങാതെ എല്ലാ വിഭാഗക്കാരോടും സുവിശേഷം അറിയിക്കണം എന്ന ദൈവദൂതു കേൾക്കാനിടയായി. ഇതു എറണാകുളം ഫെയ്ത്ത് സിറ്റി ചർച്ച് സ്ഥാപകൻ പരേതനായ പാസ്റ്റർ പി. ആർ. ബേബിയോടു പറയാനിടയായി. അത്ഭുതമെന്നു പറയട്ടെ, ഇതെ സംഭവം ദർശനത്തിൽ വെളിപ്പെട്ട ബാംഗ്ലൂരിലുള്ള ബിജു മാത്യൂ എന്ന സഹോദരന്റെ ഫോൺ നമ്പർ പാസ്റ്റർ പി. ആർ. ബേബി കൊടുത്തു. ബാംഗ്ലൂരിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ബിജു മാത്യൂവിനെ കണ്ടു വിവരങ്ങൾ പറഞ്ഞു. ദൈവം നൽകിയ ദർശനം ഇരുവരും ഏറ്റെടുത്തു. 2006 മുതൽ 2022 വരെ 'പെന്തെക്കൊസ്ത്' എന്ന പേരിൽ ബാംഗ്ലൂരിലെ പെന്തെക്കോസ്തു വിശ്വാസികളെയും ശുശ്രൂഷകരെയും ഒത്തൊരുമിപ്പിച്ച് ആത്മീയ സമ്മേളനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ആരംഭം മതൽ വാർത്തകൾ മാധ്യമത്തിൽ കൊടുക്കാൻ ഭക്തച്ചായൻ എന്നെ വിളിക്കുമായിരുന്നു. ബാംഗ്ലൂരിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) വാർത്താപത്രിക പ്രകാശനം ചെയ്തതു പെന്തെക്കൊസ്ത് 2008ലെ വേദിയിലാണ്.

 സഭാവ്യത്യാസമെന്യ സംഗീതവാസനയുള്ള കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്നതിനായി സ്റ്റാർ സിംഗർ പോലെ 'അമേസിങ് വോയ്‌സ്' എന്ന സംഗീത മത്സരം അദ്ദേഹം നടത്തിയത് ഏറെ ശ്രദ്ധേയമായി.

തന്റെ ജീവിതസഖി ബീന ആന്റി നല്ലൊരു ഗായികയാണ്. ബിബിൻ, ബിനി, ബെഞ്ചി എന്നീ മൂന്നു മക്കളെ ദൈവം നൽകി. അവർ ഇന്നു പിതാവിന്റെ പാത പിൻതുടർന്നു ദൈവം നൽകിയ താലന്തുകൾ അവിടുത്തെ മഹത്ത്വത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  

ഭക്തഗായകൻ നമ്മെ വിട്ടുപോയെങ്കിലും അദ്ദേഹം നമുക്കു സമ്മാനിച്ച ഗാനങ്ങൾ കാലങ്ങളെയും തലമുറകളെയും അതിജീവിച്ച് മനുഷ്യമനസ്സുകളിൽ സ്വർഗീയ സന്തോഷത്തിന്റെ ദിവ്യപ്രകാശം പരത്തി കൊണ്ടിരിക്കും, തീർച്ച.

Advertisement