മണിപ്പൂർ : ക്രിസ്ത്യൻ സംഘടനകൾ ബാംഗ്ലൂരിൽ സമാധാനറാലി നടത്തി

മണിപ്പൂർ : ക്രിസ്ത്യൻ സംഘടനകൾ ബാംഗ്ലൂരിൽ സമാധാനറാലി നടത്തി

ചാക്കോ കെ. തോമസ്, ബെംഗളൂരു     

ബെംഗളൂരു : മണിപ്പൂർ കലാപത്തിൽ അക്രമത്തിനിരയായവരോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ഓൾ കർണാടക യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ബെംഗളൂരുവിൽ സമാധാനറാലി നടത്തി. കലാപത്തിനിടെ ക്രിസ്ത്യൻ പള്ളികൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ക്രിസ്ത്യാനികൾക്കെതിരേയുണ്ടായ ഭീഷണികളും ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്ന് റാലിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാരും നിയമപാലകരും സാമുദായിക നേതാക്കളും മുൻഗണന നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. 

 

 ഫ്രീഡം പാർക്കിൽ നടന്ന റാലിയിൽ കന്യാസ്ത്രീ്കളുൾപ്പെടെ പാസ്റ്റർമാരും ക്രൈസ്തവ സഭാ നേതാക്കളും വിശ്വാസികളും സംബന്ധിച്ചു. അസംബ്ലീസ് ഓഫ് ഗോഡ്, ഐപിസി , സ്വതന്ത്ര പെന്തെക്കോസ്ത് സഭകൾ,ബാപ്റ്റിസ്റ്റ്, ബിലീവേഴ്‌സ്, കത്തോലിക്കാസഭ, സി.എസ്.ഐ., ഫെഡറേഷൻ ഓഫ് ക്രിസ്ത്യൻ ചർച്ചസ്, യാക്കോബായ സഭ, ഓർത്തഡോക്സ് സഭ, ലുതേറൻ സഭ, മലങ്കര ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, മെത്തൊഡിസ്റ്റ് സഭ, സെവൻത്‌ഡേ അഡ്വന്റിസ്റ്റ്, എന്നിവയിലെ അംഗങ്ങൾ പങ്കെടത്തു.

റാലിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ കണ്ട് നിവേദനവും നൽകി. ബെംഗളൂരു ബിഷപ്പ് പീറ്റർ മച്ചാഡോ, മുൻ ഗവർണർ മാർഗരറ്റ് ആൽവ തുടങ്ങിയവർ തുടങ്ങിയവർ നേതൃത്വം നൽകി.