'റിവൈവൽ' - ഒരു വിശകലനം
അക്വിൽ ചെറിയകളത്തിൽ
“റിവൈവൽ” - ചില ദിവസങ്ങളായി നാം സോഷ്യൽ മീഡിയയിലൂടെയും മറ്റും കേട്ടുകൊണ്ട് ഇരിക്കുന്ന ഒരു പദമാണ്. സംഭവം നടക്കുന്നത് കേരളത്തിൽ അല്ലെങ്കിൽ പോലും മലയാളം പ്രാഥമിക ഭാഷയായി കൈകാര്യം ചെയ്യുന്നവർ തന്നെയാണ് ഇതിന് പുറകെ ഉള്ളത്.
എന്തൊക്കെയോ വലിയ കാര്യങ്ങൾ നടക്കുന്നു എന്ന് പറഞ്ഞ് രാജ്യത്തിന്റെയും മറ്റും വിവിധ ഭാഗങ്ങളിൽ നിന്ന് അനേകരെ വിളിച്ചുവരുത്തുകയും, ഇത് ചിലതിന്റെ ആരംഭം ആണ് എന്ന് മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ച് നിർത്താതെയുള്ള തൽസമയ സംപ്രേഷണങ്ങളും മറ്റും കണ്ട് ദൈവവചന അടിസ്ഥാനത്തിൽ അതിനെ വിശകലനം ചെയ്ത് ഭാരം തോന്നിയ ഒരു വ്യക്തി എന്ന നിലയിലാണ് ഈ വരികൾ ഞാൻ ഇവിടെ കുറിക്കുന്നത്.
വായിക്കുമ്പോൾ ഒരു വിമർശനാത്മകമായി തോന്നുമെങ്കിൽ പോലും ദൈവവചന അടിസ്ഥാനത്തിൽ മാത്രമാണ് ഈ വാക്കുകൾ ഇവിടെ കുറിക്കുന്നത്. അതുകൊണ്ടുതന്നെ മുൻവിധി കൂടാതെ സാവധാനം മനസ്സിലാക്കി വായിക്കുവാൻ വായനക്കാരെ ഞാൻ പ്രാരംഭത്തിൽ ഓർപ്പിക്കട്ടെ.
ക്രിസ്തീയ ഗോളത്തിൽ 'ഉണർവ് ' എന്ന പദത്തിന് വിവിധ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ഉണ്ട്. ചിലർ തങ്ങളുടേതായ രീതിയിൽ ഇതിനെ വ്യാഖ്യാനിച്ചും, വളച്ചൊടിച്ചുകൊണ്ട് ഒരു തെറ്റായ ചിത്രം ഇതിന് നൽകുന്നു. എന്നാൽ യഥാർത്ഥ ഉണർവ്വ് എന്നുള്ളത് ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും, ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവിക ഇടപെടൽ ആണ്.
ചരിത്രപരമായി വിവരണങ്ങളിൽ നിന്നും ദൈവവചന വെളിച്ചത്തിൽ നിന്നുകൊണ്ട് യഥാർത്ഥ ഉണർവ് എന്തെന്ന് നമുക്കൊന്ന് ചിന്തിക്കാം.
ഉണർവ്വ് എന്നത് ദൈവം തന്നെ ആഗ്രഹിക്കുന്ന ഒരു ദൈവമനുഷ്യൻറെ ജീവിതത്തിലുള്ള ദൈവീക ഇടപെടലാണ്. ഉണർവ്വ് യോഗങ്ങളും വൈകാരിക അനുഭവങ്ങളും ഈ ആത്മീയ ചലനത്തോടൊപ്പം ഉണ്ടാകാം എന്നത് സത്യമാണെങ്കിലും വിശ്വാസികളുടെ ഹൃദയത്തിൽ നടക്കുന്ന ആഴമേറിയതും അഗാധവുമായ പ്രവർത്തനത്തിന്റെ പ്രകടനങ്ങൾ മാത്രമാണ് അത്.
യഥാർത്ഥ ഉണർവ്വ് എന്നാൽ എന്ത്?
ഉണർവിനെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ എന്നുള്ളത് അത് കേവലം പാട്ടുകളും വൈകാരിക പ്രതികരണങ്ങളും കൊണ്ട് അടയാളപ്പെടുത്തുന്ന വലിയ ഒത്തുചേരലുകൾ മാത്രമുള്ളതാണ് എന്നതാണ്. ഈ നവോത്ഥാന കാലഘട്ടങ്ങളിൽ ഇത്തരം ഒത്തുചേരലുകൾ തീർച്ചയായും സംഭവിക്കാമെങ്കിലും ഇത് ഉണർവിന്റെ മാത്രമായുള്ളതല്ല മറിച്ച് യഥാർത്ഥ ഉണർവ്വ് വികാരങ്ങളുടെ ബാഹ്യ പ്രകടനങ്ങൾക്കപ്പുറമാണ്. അതിൽ ഹൃദയത്തിന്റെയും ആത്മാവിന്റെയും യഥാർത്ഥ പരിവർത്തനം ഉൾപ്പെടുന്നു. ഉണർവ് എന്നത് വികാരങ്ങളെ ഇളക്കി വിടുക മാത്രമല്ല ജീവനുള്ള ദൈവത്തെ യഥാർത്ഥമായി കണ്ടുമുട്ടുകയും ജീവിതത്തെ മാറ്റിമറിക്കുന്നതുമായുള്ള രീതിയിൽ ചലനം ഉണ്ടാക്കുന്നതും ആണ്.
കൂടാതെ ഈ ഉണർവിന്റെ കേന്ദ്ര ഭാഗത്തിൽ അത് സഭയിലും ദൈവജനത്തിന്റെ വ്യക്തിഗത ജീവിതത്തിലും ആത്മീയ ചൈതന്യത്തിന്റെ ഒരു പുനസ്ഥാപനത്തെ ഉയർത്തി കാണിക്കുന്നു. നിശ്ചലമായ ഹൃദയങ്ങളിൽ പുതുജീവൻ നൽകുന്ന ഒരു ദൈവിക ഇടപെടൽ ആണിത്. ഈ ഉണർവിലൂടെ ദൈവജനത്തെ ദൈവവുമായുള്ള ആഴത്തിലുള്ള കൂട്ടായ്മയിലേക്ക് നയിക്കുകയും നമ്മുടെ സൃഷ്ടാവുമായുള്ള അടുപ്പത്തിന്റെ ആവേശകരമായ അന്വേഷണത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു. അത് പരിശുദ്ധാത്മ നിറവിൽ ഉള്ള ഒരു ജീവിതം നയിക്കുവാനും വിശുദ്ധിക്ക് വേണ്ടിയുള്ള തീവ്രമായുള്ള ഒരു ആഗ്രഹം ഉണ്ടാക്കുവാനും കൂടാതെ ദൈവരാജ്യ ലക്ഷ്യങ്ങളോടുള്ള തീവ്രമായ അഭിനിവേശം ഉണ്ടാക്കുവാനും കാരണമാകുന്നു.
ഉണർവ് എന്നത് ഒരു മനുഷ്യന്റെ പരിശ്രമം അല്ല മറിച്ച് ദൈവകൃപയുടെ അമാനുഷിക പ്രവർത്തിയാണ്. അത് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം കൊണ്ടുവരികയും വിശ്വാസികളെ ദൈവത്തിലേക്ക് അടുപ്പിക്കുകയും അവരുടെ വിശ്വാസത്തെ പ്രതികൂലങ്ങളുടെ മധ്യേ മുറുകെ പിടിച്ചു കൊണ്ട് ധീരമായി ലോകത്ത് ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ചരിത്രത്തിൽ ഉടനീളം ആത്മീയ മൂല്യച്യുതിയുടെയും തകർച്ചയുടെ കാലഘട്ടങ്ങളിൽ ഒരു മാറ്റം കൊണ്ടുവരുവാൻ ദൈവത്തിൻറെ വലിയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ കൊളോണിയൽ അമേരിക്കയിൽ ഉണ്ടായ മഹത്തായ ഉണർവ് ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. തീക്ഷണമായ പ്രബോധനവും വ്യാപകമായ പരിവർത്തനവും ഈ ഉണർവിന്റെ ഒരു മുഖമുദ്രയായി മാറുന്നു. സമൂഹത്തെ തന്നെ ആഴത്തിൽ സ്വാധീനിക്കുകയും ഒരു വിപ്ലവത്തിന് അടിത്തറ പാകുവാനും ഈ ഒരു ആത്മീയ ഉണർവ് കാരണമായി തീർന്നു.
അതുപോലെ പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ ജോൺ വെസ്ലിയുടെയും, ജോർജ് വൈറ്റ്ഫീൽഡിന്റെയും പ്രവർത്തനങ്ങളിലൂടെ ഉണ്ടായ ഉണർവ് അനേകരുടെ ജീവിതത്തെ മാറ്റിമറിക്കുകയും, അവരുടെ ദൈവവചന പഠിപ്പിക്കലുകളും മറ്റും വ്യക്തിപരമായ വിശുദ്ധിക്ക് ഊന്നൽ നൽകി എണ്ണമറ്റ ജീവിതങ്ങൾ രൂപാന്തരപ്പെടുവാനും സഭയുടെ പുനരുജ്ജീവനത്തിനും, വ്യക്തമായ സാമൂഹിക പരിഷ്കരണത്തിനും കാരണമായി തീർന്നു.
ഈ ചരിത്രം ദൈവത്തിൻറെ ജനത്തോടുള്ള വിശ്വസ്തതയുടെയും ആത്മീയ ആവശ്യങ്ങളുടെ സമയങ്ങളിൽ ഇടപെടാനുള്ള അവൻറെ സന്നദ്ധതയുടെയും ശക്തമായ ഓർമ്മപ്പെടുത്തലുകളായി നമുക്ക് കാണാം. ഉണർവ് ഒരു മനുഷ്യപ്രയത്നം മാത്രമല്ല അഗാധമായ സാമൂഹ്യവും ആത്മീയവുമായ പരിവർത്തനം കൊണ്ടുവരുവാൻ കഴിയുന്ന ദൈവകൃപയുടെ ഒരു പ്രവൃത്തിയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ദൈവവചനത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുമ്പോൾ നെഹമ്യാവ് എട്ടാം അധ്യായത്തിൽ ഒരു ഉണർവിൻ്റെ മാതൃക അവിടെ കാണുന്നുണ്ട്. വർഷങ്ങളുടെ പ്രവാസത്തിനും ആത്മീയ ശോഷണത്തിനും ശേഷം യിസ്രായേൽജനം യെരുശലേമിലേക്ക് മടങ്ങി നെഹമ്യാവിന്റെയും, എസ്രായുടെയും നേതൃത്വത്തിൽ തങ്ങളുടെ ജീവിതം അവർ വീണ്ടും ആരംഭിക്കുവാൻ തുടങ്ങി. ആത്മീയ ശോഷണത്തിൽ നിന്ന് തീക്ഷണമായ ദൈവീക അനുഭവത്തിലേക്കുള്ള അവരുടെ യാത്ര ഒരു ഉണർവിന്റെ ശക്തമായ ദൃഷ്ടാന്തത്തെ വരച്ചു കാണിക്കുന്നു.
നെഹമ്യാവ് എട്ടിൽ ന്യായപ്രമാണം വായിച്ചു കേൾക്കുവാനായി ആളുകൾ ഒന്നായി ഒത്തുകൂടുന്നത് നാം കാണുന്നു . ദൈവവചനം കേൾക്കുവാനുള്ള അവരുടെ ശ്രദ്ധേയമായ ആഗ്രഹവും ആത്മീയ സത്യത്തിനായുള്ള വിശപ്പും ദാഹവും അവിടെ പ്രതിഫലിക്കുന്നുണ്ട്. അപ്പോൾ തന്നെ എസ്ര ന്യായപ്രമാണ പുസ്തകത്തിൽ നിന്ന് വായിച്ചപ്പോൾ ആളുകൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുന്നത് ദൈവവചനത്തോടുള്ള ആദരവും അവരുടെ സ്വീകാര്യതയും പ്രകടമാക്കുന്നു.
മാത്രവുമല്ല ജനങ്ങൾ ഹൃദയംഗമായ ആരാധനയോടെ പ്രതികരിക്കുകയും സ്തുതിച്ചുകൊണ്ട് കൈകൾ ഉയർത്തുകയും ബഹുമാനത്തോടെ തങ്ങളെ തന്നെ താഴ്ത്തി ദൈവത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അവിടെ നമുക്ക് വ്യക്തമായി കാണുന്നു. ഈ പ്രതികരണം ദൈവത്തിൻറെ വിശുദ്ധിയെ കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള മനസ്സിലാക്കലുകളെയും ദൈവത്തിൻറെ സാന്നിധ്യത്തിൽ ഉണ്ടാകുന്ന അഗാധമായ ദൈവഭയത്തെയും പ്രതിഫലിപ്പിക്കുന്നു. കൂടാതെ തങ്ങളുടെ അനുസരണക്കേടിനെ കുറിച്ച് ബോധ്യപ്പെട്ടതിനാൽ, പാപത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിലാപം ഈ ഉണർവിന്റ ഒരു സുപ്രധാന വശമാണ്. പാപത്തെക്കുറിച്ചുള്ള ഈ യഥാർത്ഥ ഭാരം ദൈവത്തിൻറെ ക്ഷമയും കൃപയും അനുഭവിക്കുന്നതിലൂടെ ദൈവത്തിൻറെ കരുണയിൽ സന്തോഷകരമായ ആനന്ദത്തിലേക്ക് നയിക്കുന്നു.
അവസാനമായി ദൈവത്തിൻറെ കൽപ്പനകളോടുള്ള അവരുടെ വർദ്ധിച്ചു വരുന്ന അനുസരണം, ഉണർവിനോടൊപ്പം ഉള്ള ഒരു യഥാർത്ഥ ജീവിതത്തിന്റെ മാറ്റത്തെയും കൂടിയാണ് സൂചിപ്പിക്കുന്നത്. വിശ്വസ്തതയോട് കൂടി ദൈവവചനത്തോട് പ്രതികരിക്കുമ്പോൾ അവരുടെ ജീവിതം രൂപാന്തരപ്പെടുകയും അവർ അവരുടെ സമൂഹത്തിൽ ആത്മീക നവീകരണത്തിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നു.
ഈ ദൈവവചന ഭാഗത്തിലൂടെ യഥാർത്ഥ ഉണർവിന്റെ ഒരു സമഗ്രമായ ചിത്രമാണ് നമുക്ക് മനസ്സിലാകുന്നത്. കേവലം ലൗകികമായി എന്തെങ്കിലും ലഭിക്കുന്നതോ എന്തെങ്കിലും നേട്ടം നേടുന്നതോ സ്വന്തം പേരും പ്രസ്ഥാനവും വലുതാക്കാനും ഉള്ള ലക്ഷ്യങ്ങളോ, പറച്ചിലുകളോ അല്ല അവിടെ കാണുന്നത് മറിച്ച് ദൈവവചനത്തോടുള്ള യഥാർത്ഥമായ ഒരു വിശപ്പും, ഭക്തിയും യഥാർത്ഥ മാനസാന്തരവും, ദൈവത്തിൻറെ കരുണയിലുള്ള സന്തോഷകരമായ ആനന്ദവും, അനുസരണമുള്ള ജീവിതവും അതിൻറെ ഭാഗമായി എടുത്തുകാണിക്കാവുന്നതാണ്.
യഥാർത്ഥ ഉണർവിൽ സംഭവിക്കുന്നത് ദൈവജനത്തിന് ദൈവവചനത്തിനായുള്ള ആഴമായ ദാഹം ആണ്. അത് കേവലം ജിജ്ഞാസകൊണ്ടോ എന്തെങ്കിലും വ്യക്തിപരമായ നേട്ടത്തിനോ ഉള്ളതല്ല, അതിനു ഉപരിയായി ദൈവത്തെ കണ്ടുമുട്ടാനും ദൈവഹിത പ്രകാരം ജീവിതം നയിക്കുവാനും ഉള്ള ഒരു ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. അല്ലാതെ നമുക്ക് ഇവിടെ വചനം വേണ്ട എന്നു പറഞ്ഞ് പാട്ടുകൾ പാടുന്നതിലൂടെയും അന്യഭാഷകൾ പറയുന്നതിലൂടെയും അത് വ്യക്തമായി വരച്ചു കാണിക്കുന്നു അത് യഥാർത്ഥ ഉണർവ്വല്ല!
വ്യക്തികളും സമൂഹങ്ങളും ദൈവവചനത്തിന്റെ പഠനത്തിലും ശുശ്രൂഷകളിലും മുഴുകുമ്പോൾ അതിലെ ജീവദായകമായ സത്യങ്ങളാൽ അവർ രൂപാന്തരപ്പെടുന്നു. ദൈവജനം തിരുവെഴുത്തിലൂടെ പ്രബോധനത്തെയും പഠിപ്പിക്കലിനെയും വളരെ ഭയത്തോടും ആദരവോടും കൂടി സമീപിക്കുന്നതിലൂടെ ജീവനുള്ള ദൈവത്തിൽ നിന്നാണ് തങ്ങൾ കേൾക്കുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ബാഹ്യമായുള്ള ആദരവ് മാറ്റി ആത്മീയ പരിവർത്തനം കൊണ്ടുവരുവാനും ദൈവവചനത്തിന്റെ ആധികാരികതയെയും ശക്തിയെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിൽ നിന്ന് അവരുടെ ജീവിതത്തിൽ രൂപാന്തരം വരുന്നു. ദൈവവചനത്തോടുള്ള ആഴമായ ദാഹത്തിലൂടെ, ഉണർവിൽ ദൈവജനം ദൈവത്തിൻറെ സ്വഭാവത്തിന്റെ സൗന്ദര്യത്തിലും മഹത്വത്തിലും ആകർഷിക്കപ്പെടുകയും ആത്മീയ സത്യങ്ങളിലൂടെ ആരാധനയുടെ ഹൃദയംഗമായ ആവിഷ്കാരങ്ങൾ നൽകാൻ അവരെത്തന്നെ നയിക്കുകയും ചെയ്യുന്നു.
കൂടാതെ ഉണർവിലെ ആരാധന എന്ന് പറയുന്നത് ദൈവത്തിൻറെ സാന്നിധ്യവുമായി ഉള്ള യഥാർത്ഥ ഏറ്റുമുട്ടലിൽ നിന്നാണ് ഒഴുകുന്നത്. ജനം ദൈവത്തിന്റെ മഹത്വം ദർശിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ ഭയഭക്തിയും ആദരവും കൊണ്ട് ഉണർത്തപ്പെടുകയും വിനയത്തോടും, നന്ദിയോടും, താഴ്മയോടും കൂടി പ്രതികരിക്കുവാൻ അവർ തങ്ങളെ തന്നെ ഒരുക്കുകയും ചെയ്യുന്നു.
അതുകൂടാതെ ഉണർവ്വ് വ്യക്തിപരമായ പാപത്തെ കുറിച്ചുള്ള ആഴത്തിലുള്ള അവബോധവും ദൈവമുൻപാകെ ഹൃദയംഗമായ അനുതാപവും നൽകുന്നു. ജനം അവരുടെ സ്വന്തം അനുസരണക്കേടിന്റെയും, ദൈവത്തിൻറെ വിശുദ്ധിക്കെതിരായ മത്സരത്തിന്റെയും യാഥാർത്ഥ്യത്തെ അവിടെ അഭിമുഖീകരിക്കുന്നു. ഇത് ആഴമായ നിലവിളിയിലേക്കും, പശ്ചാത്താപത്തിന്റെ ബോധത്തിലേക്ക് ജനത്തെ നയിക്കുന്നു. പാപത്തെ കുറിച്ചുള്ള ഈ ഭാരവും, വിലാപവും ക്ഷണികം അല്ല മറിച്ച് അത് പരിശുദ്ധനായ ദൈവത്തിന്റെ മഹത്വത്തെയും വിശുദ്ധിയേയും മനസ്സിലാക്കി അവിടെ നിന്ന് ഉത്ഭവിക്കുന്നതാണ്.
പഴയ നിയമത്തിൽ യെശയ്യാവിൻ്റെയും, പുതിയ നിയമത്തിൽ പത്രോസിന്റെയും ജീവിതത്തിൽ ദൈവം മഹത്വം മനസ്സിലാക്കിയപ്പോൾ ഉള്ള പ്രതികരണങ്ങൾ പോലെ ദൈവത്തിൻറെ വിശുദ്ധി മനസ്സിലാക്കി കഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിതത്തിൽ ആകമാനം മാറ്റം സംഭവിക്കുന്നു. ദൈവത്തിൻറെ വിശുദ്ധിയും നീതിയും മുഖാമുഖം അഭിമുഖീകരിക്കുമ്പോൾ സ്വന്തം അയോഗ്യതയും അപര്യാപ്തതയും കുറിച്ച് അവർ ബോധ്യപ്പെടുകയും ആത്മാർത്ഥമായ മാനസാന്തരത്തിനായും പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് വിശുദ്ധിയെ പിന്തുടരുവാനുള്ള ആഗ്രഹത്തിലേക്ക് അത് കാരണമായിതീരുന്നു. ഈ പാപത്തെ കുറിച്ചുള്ള ബോധ്യത്തിൽ നിന്ന്, ഉണർവ്വ്, ദൈവത്തിന്റെ ക്ഷമയുടെയും, കരുണയുടെയും ആഴം മനസ്സിലാക്കിത്തരുന്നു. യേശുക്രിസ്തുവിലൂടെ ദൈവത്തിൻറെ അതിരുകളില്ലാത്ത സ്നേഹവും, ഹൃദയവും കാണുമ്പോൾ ദൈവജനത്തിന് സന്തോഷവും നന്ദിയും അനുഭവപ്പെടുന്നു. ഈ സന്തോഷം ക്ഷണികമായ വികാരങ്ങൾ അടിസ്ഥാനമാക്കിയുള്ളതല്ല മറിച്ച് രക്ഷയുടെയും, ദൈവമായുള്ള ബന്ധത്തിന്റെയും ഉറപ്പിൽ വേരൂന്നിയുള്ളതാണ്. കൂടാതെ ഈ സന്തോഷം ജനത്തിന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുകയും അവരുടെ വീക്ഷണത്തെയും മനോഭാവത്തെയും പെരുമാറ്റത്തെയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. സമാധാനത്തിന്റെയും സംതൃപ്തിയുടെയും പ്രത്യാശയുടെയും ആഴത്തിലുള്ള ബോധത്തിൽ അവർ പിന്നീട് ജീവിതം നയിക്കുവാൻ കാരണമാകുന്നു. ദൈവത്തിൻറെ വിശ്വസ്തതയുടെയും കരുണയുടെയും നിരന്തരമായ ഓർമ്മപ്പെടുത്തലുകളായി നിലനിൽക്കുന്ന ഈ സന്തോഷം പരീക്ഷകളുടെയും പ്രയാസങ്ങളുടെയും സമയങ്ങളിൽ ദൈവമക്കളെ നിലനിർത്തുന്നു.
കൂടാതെ യഥാർത്ഥ ഉണർവ്വ് സംഭവിക്കുന്നതിലൂടെ ദൈവകൽപ്പനകൾ അനുസരിക്കുവാൻ ദൈവജനം തയ്യാറാകുന്നു. ഉണർവിലൂടെ ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ യഥാർത്ഥമായ ഒരു രൂപാന്തരം ഉണ്ടാകുകയും അവ ക്രിസ്തുവിന്റെ സാദൃശ്യത്തോട് കൂടുതൽ ആയിത്തീരുകയും ചെയ്യുന്നു. ഈ അനുസരണം നിർബന്ധിതമായ ഉള്ളതല്ല മറിച്ച് ദൈവത്തോടുള്ള ആത്മാർത്ഥമായ സ്നേഹത്തിൽ നിന്നും എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ്. മാത്രമല്ല ഉണർവിലൂടെ ഒരു വിശുദ്ധ ജീവിതത്തിനായി നിരന്തരമായുള്ള പരിശുദ്ധാത്മനിറവിൽ ഉള്ള ഒരു ജീവിതത്തിനും ഈ അനുഭവം കാരണമാകുന്നു. അനുസരണത്തിലൂടെ വിനയം, ആശ്രയത്വം , ദൈവത്തിൻറെ വഴികളിൽ നടക്കുവാൻ വിശ്വാസികളെ ശക്തികരിക്കുന്നതിനും പ്രാപ്തരാക്കുന്നതിനും ഉള്ള വിശ്വാസവുമായി അതിനെ അടയാളപ്പെടുത്തുന്നു.
ഇതൊന്നുമല്ലാതെ ദൈവവചനത്തെ മാറ്റി നിർത്തിക്കൊണ്ട് ചില കാട്ടിക്കൂട്ടലുകളായി 'റിവൈവൽ' എന്ന പേരിൽ നടക്കുന്ന എല്ലാ ക്രമീകരണങ്ങളും ദൈവവചനത്തിൽ നിന്ന് ഏറെ അകന്നിരിക്കുന്നു എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. വിവിധ രാജ്യങ്ങളുടെ കറൻസികൾ നിങ്ങളുടെ വീടുകളിൽ നിറയുമെന്നും, നിങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം വരുകയാണെന്നൊക്കെ പറഞ്ഞ് കേവലം മാനുഷികമായ ലക്ഷ്യങ്ങളെ മാത്രം ഊന്നൽ കൊടുത്തുകൊണ്ട് പ്രസംഗിക്കുന്ന ഈ യോഗങ്ങൾ ദൈവവചന അടിസ്ഥാനത്തിൽ എങ്ങനെ ഉണർവാണെന്ന് പറയുവാൻ സാധിക്കും? ഇടയ്ക്കിടയ്ക്ക് ദൈവവചനത്തിലെ ചില ഭാഗങ്ങളെ ഉദ്ധരിക്കുകയും അവിടെയും ഇവിടെയും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ദൈവവചനത്തെ വ്യാഖ്യാനിച്ച് കാര്യങ്ങൾ പറയുകയും ചെയ്യുന്നതുകൊണ്ട് അത് ദൈവവചന അടിസ്ഥാനത്തിൽ നിന്നുകൊണ്ടുള്ള ശുശ്രൂഷകൾ ആണെന്ന് ഒരിക്കലും പറയുവാൻ സാധിക്കില്ല. ഇത്തരത്തിലുള്ള പ്രവർത്തികളെക്കുറിച്ച് ദൈവമക്കൾ ബോധവാന്മാരാക്കുകയും, ദുരുപദേശ കൂട്ടായ്മകൾക്കെതിരെ പ്രതികരിക്കുവാൻ ആർജ്ജവം നേടുകയും വേണം. ദൈവ വചനത്തെ യഥാർത്ഥമായി പഠിപ്പിക്കുവാനും പ്രസംഗിക്കുവാനുമായുള്ള ഇടങ്ങളായി നമ്മുടെ പ്രസംഗ പീoങ്ങൾ മാറട്ടെ! അതിലൂടെ ദൈവവചനത്തിൽ മായം കലർത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഈ പ്രവർത്തികളിൽ നിന്ന് ജനങ്ങൾ ബോധവാന്മാരാകുകയും, ദൈവവചന അടിസ്ഥാനത്തിൽ ജീവിതം നയിക്കുവാൻ തങ്ങളെ തന്നെ ഒരുക്കുകയും ചെയ്യും. അതിനു നമ്മുടെ സഭകളും ദൈവദാസന്മാരും മുൻകൈയെടുത്ത് പ്രവർത്തിക്കുവാൻ ദൈവം സഹായിക്കട്ടെ.
നമ്മുടെ സഭകളിലും , സമൂഹങ്ങളിലും ഒരു യഥാർത്ഥ ഉണർവിനായി നാം കാംക്ഷിക്കുമ്പോൾ, അത് നമ്മിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് നമുക്ക് തിരിച്ചറിയാം. ദൈവാത്മാവ് നമ്മുടെ ഇടയിൽ ചലിക്കുന്നതിനും , ഹൃദയങ്ങളെ യഥാർത്ഥ സത്യത്തിലേക്ക് ഉണർത്തപ്പെടേണ്ടതിനും , ജീവിതങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനുമായി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിൽ, യഥാർത്ഥ ആത്മീയ നവീകരണത്തിനായും ഉണർവിനായും സഭയെയും വ്യക്തികളെയും ദൈവം ഒരുക്കട്ടെ!