ക്രൈസ്തവചിന്ത വി.എം. മാത്യു പുരസ്‌ക്കാരം ജനു. 23 - ന്
ക്രൈസ്തവ ചിന്ത വി.എം. മാത്യു പുരസ്‌ക്കാരം ജനുവരി 23 - ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ എം.ഫിലിപ്പിന് സമ്മാനിക്കും
റാന്നി : ക്രൈസ്തവചിന്തയുടെ വി. എം. മാത്യു പുരസ്ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രമുഖ സാമൂഹിക പ്രവർത്തകനായ മുംബൈ സീൽ ആശ്രമ ഡയറക്ടർ കെ.എം. ഫിലിപ്പിന് സമ്മാനിക്കും.
ജനുവരി 23 ന് റാന്നി, പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കുന്ന സമ്മേളനത്തിലാണ് കെ. എം.ഫിലിപ്പ് പുരസ്ക്കാരം ഏറ്റുവാങ്ങുന്നത്. 50,000 രൂപയും ഫലകവുമാണ് അവാർഡ്. സംഘാടക സമിതി ചെയർമാൻ പാസ്റ്റർ രാജു മേത്ര അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, മുൻ എം.എൽ.എ. രാജു എബ്രഹാം എന്നിവർ പങ്കെടുക്കും. വി.എം.മാത്യു സാറിന്റെ കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
പ്രശസ്ത ഗായകരായ ജോസ് പ്രകാശ് കരിമ്പിനേത്തും, നിർമ്മല പീറ്ററും ഗാനങ്ങൾ ആലപിക്കും.
എല്ലാവർഷവും ക്രൈസ്തവചിന്ത മാധ്യമ -സാഹിത്യ- ചാരിറ്റി മേഖലകളിൽ പ്രവർത്തിക്കുന്ന സമർത്ഥരെ കണ്ടെത്തി വി.എം മാത്യു പുരസ്കാരം നൽകി വരുന്നു. ക്രൈസ്തവചിന്ത എഡിറ്റർ ഷാജി ആലുവിളയെ ക്രൈസ്തവചിന്ത പത്രാധിപസമിതി സീൽ ആശ്രമം സന്ദർശിക്കാൻ ചുമതലപ്പെടുത്തി.
അദ്ദേഹം സീൽ ആശ്രമം സന്ദർശിച്ച ശേഷം ആശ്രമത്തെ കുറിച്ച് ക്രൈസ്തവചിന്തയിലൂടെ എഴുതിയ ഹൃദയസ്പൃക്കായ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. മുംബൈയിലെ തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അഗതികളെ മാറോടണക്കുന്ന മഹാസ്നേഹത്തിന്റെ പൊരുളായ കെ. എം. ഫിലിപ്പിനെ ഈ പുരസ്‌കാരത്തിന് അങ്ങനെയാണ് തെരഞ്ഞെടുത്തത്. ക്രൈസ്തവചിന്ത ഓവർസീസ് എഡിറ്ററും ഐ.പി.സി ജനറൽ കൗൺസിൽ അംഗവുമായ വർഗീസ് ചാക്കോ , മാത്യു കോര ( ഫിന്നി -കെല്ലർ ഡാളസ് ), ഡോ. ഓമന റസ്സൽ എന്നിവരടങ്ങിയ സമിതിയാണ് പാസ്റ്റർ കെ. എം.ഫിലിപ്പിനെ തെരഞ്ഞെടുത്തത്.