കുമ്പനാട്?
വിശ്വാസികൾ കാത്തിരിക്കുന്നു കുമ്പനാട് കൺവെൻഷനുവേണ്ടി
നിശ്ചയിച്ചതുപോലെ നടക്കുമെങ്കിൽ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ നൂറ്റൊന്നാമതു ജനറല്‍ കണ്‍വന്‍ഷനു ഇനി അഞ്ചു ആഴ്ചകൂടിയേ ബാക്കിയുള്ളു. വളരെ പ്രതീക്ഷയോടെയാണ് വിശ്വാസികളും സംഘാടകരും കൺവൻഷനായി കാത്തിരിക്കുന്നത്.
ഐ.പിസിയുടെ മാത്രമല്ല, കേരളത്തിലെ പെന്തെക്കോസ്തുകാരുടെയെല്ലാം പൊതുകണ്‍വന്‍ഷനായിട്ടാണു ഈ വാർഷിക ജനറൽ കണ്‍വന്‍ഷന്‍ അംഗീകരിക്കപ്പെട്ടു പോരുന്നത്. അതിനാല്‍ കുമ്പനാട് കണ്‍വന്‍ഷന്‍ വിശ്വാസികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷക്കൊത്ത് ഉയരേണ്ടത് ആവശ്യമാണ്.
ആദ്യകാല കണ്‍വന്‍ഷനുകളുടെ മധുരസ്മരണകള്‍ നെഞ്ചിലേറ്റികഴിയുന്ന ധാരാളം പ്രായമുള്ളവർ പെന്തെക്കോസ്തു സഭകളിലുണ്ട്. പഴയ തലമുറയിലെ ഇന്നു ശേഷിച്ചിരിക്കുന്ന ചില ദൈവദാസന്മാരുടെയും സഭാവിശ്വാസികളുടെയും പൂർവകാല കൺവൻഷൻ അനുഭവങ്ങൾ വരും ലക്കത്തിൽ ഗുഡ്‌ന്യൂസിൽ ഉണ്ടാകും.
അവയിലൂടെ നമ്മൾ കടന്നുപോകുമ്പോൾ പരിമിതികൾക്കിടയിലും കൺവൻഷന്റെ ആത്മീയ ചൈതന്യം ചോർന്നുപോകാതിരുന്നതിന്റെ രഹസ്യം നമുക്ക് മനസിലാകും. അതുകൊണ്ടുതന്നെയാണ് പെന്തെകോസ്തു വിശ്വാസികളുടെ ഹൃദയത്തുടിപ്പായി കുമ്പനാട് കൺവൻഷൻ മാറുന്നത്.
ചിലർ തെറ്റായി ധരിച്ചിരിക്കുന്നതുപോലെ ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ യശസ്സ് ഉയർത്താനുള്ള മഹായോഗങ്ങളല്ല പകരം വിശ്വാസത്തിനുവേണ്ടി വിയർപ്പൊഴുക്കുകയും നിന്ദസഹിക്കയും ചെയ്ത പരശ്ശതം സാധാരണക്കാരായ വിശ്വാസികളെ സ്മരിക്കുവാനും മങ്ങാതെയും കെട്ടുപോകാതെയും അവർ കാത്തുസൂക്ഷിച്ച പെന്തെക്കോസ്തിന്റെ അഗ്നിയും ജീവിതവും അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സന്ദർഭം കൂടിയായിട്ടാണ് ഈ മഹായോഗങ്ങളെ എല്ലാവരും കാണുന്നത്; അതോടൊപ്പം ദൈവത്തിനു നന്ദി പറയാനുള്ള കൂടിച്ചേരൽക്കൂടിയാണിത്.
എന്നാൽ കോവിഡു കാലത്തല്ലാതെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അലസത ക്രമീകരങ്ങളിൽ വരുന്നുണ്ടോ എന്ന് വിശ്വാസികൾ സംശയിക്കത്തക്ക സാഹചര്യം ഇക്കൊല്ലം പൊതുവെ കാണുന്നുവെന്ന് പറയപ്പെടുന്നു. കുമ്പനാട് കൺവൻഷനെക്കുറിച്ചുള്ള അപ്ഡേറ്റുകളാരാഞ്ഞ് ഗുഡ് ന്യൂസ് ഓഫീസിൽ നിരവധി അന്വേക്ഷണങ്ങളാണ് വരുന്നത്. ഇതിനോടകം മാധ്യമങ്ങൾക്കോ സഭകൾക്കോ ലഭിക്കേണ്ട അറിയിപ്പുകളൊ പത്രക്കുറിപ്പുകളോ എവിടെയും കണ്ടിട്ടില്ല. നേതൃത്വത്തിന്റെ അഭാവം, സാമ്പത്തിക ആവശ്യങ്ങൾ, വരുമാനക്കുറവ്, വിദേശ സഭകളുടെ നിസ്സഹകരണം എന്നിങ്ങനെ കാരണങ്ങൾ പലതുണ്ടാകാം. അതോടൊപ്പം അദ്യക്ഷന്റെ അനാരോഗ്യവും.
പാളിച്ചകൾ കണ്ടു മനസിലാക്കിയും പഴയ കാലത്തേതുപോലെ ആലോചനകളും ക്രമീകൃതമായ ഒരുക്കങ്ങളും ചെയ്യേണ്ട സമയം അതിക്രമിച്ചെന്നു ഞങ്ങൾ കരുതുന്നു.
കേരളത്തിലെ സഭയെയും ചുമതലക്കാരെയും വിശ്വാസത്തിലെടുത്തും ഒരു മേശയ്ക്കു ചുറ്റുമിരുന്നു വന്നുപോയതോ വരുത്തിവച്ചതോ ആയ ദൗർബല്യങ്ങൾ പറഞ്ഞുതീർത്തും എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തി സഭയേയും കൺവൻഷനെയും അനുഗ്രഹമാക്കുവാൻ നേതൃത്വം ഇനിയെങ്കിലും മുന്നിട്ടിറങ്ങണം.
പറഞ്ഞും തിരുത്തിയും ചർച്ച ചെയ്തും തീർക്കാനുള്ള പ്രശ്നങ്ങളെ സഭയ്ക്കുള്ളുവെന്നു എല്ലാവർക്കും അറിയാം. അതിനു തടസംനിൽക്കുന്നവരുടെ സ്വാർത്ഥതയാണ് കൺവെൻഷനെ ബാധിക്കുന്നതെന്നു പൊതുവെ പറഞ്ഞുകേൾക്കുന്നു. അതു മാറ്റിയെടുക്കാൻ കൂട്ടായ ശ്രമം വേണം, അല്ലെങ്കിൽ നഷ്ടമാകുന്നത് നൂറുവർഷം പിന്നിട്ട ഒരു ആത്മീയ സംഗമത്തിന്റെ ചൈതന്യവും വിശ്വാസികളുടെ ആത്മാർത്ഥതയും ആയിരിക്കും.
വചനഘോഷണമാണല്ലോ കണ്‍വന്‍ഷനിലെ മുഖ്യ ആകര്‍ഷണം. ഉപഭോഗസംസ്കാരത്തിന്‍റെ പിടിയിലമരുന്ന ആധുനിക തലമുറയെ യാഥാര്‍ഥ്യബോധത്തിലേക്കു നയിക്കാനുതകുന്ന ചിന്തകള്‍ കണ്‍വന്‍ഷന്‍ വേദികളില്‍നിന്നുയരും എന്നു കരുതുന്നു. അതോടൊപ്പം പ്രതീക്ഷ നഷ്ടപ്പെട്ട ലോകത്തിനു മാർഗദർശനം നൽകുന്നതിനുള്ള പങ്കും വിസ്മരിച്ചുകൂടാ. സഭയിലെ അനീതിക്കെതിരെ രണ്ടു വാക്കു പറഞ്ഞാൽ കുമ്പനാടു വേദി നഷ്ടമായേക്കാമെന്ന് ഭയന്നു മിണ്ടാതിരിക്കുന്ന പ്രമുഖ പ്രസംഗകരെ ഓർക്കുമ്പോഴാണ് ഇവരുടെ പ്രസംഗം കേൾക്കാൻ ആളുകൾ എത്താതിരിക്കുന്നതിൻ്റെ പൊരുൾ മനസിലാകുന്നത്.
മേൽതട്ടുമുതൽ താഴെയറ്റംവരെയുള്ള എല്ലാവർക്കും കണ്‍വന്‍ഷന്‍ അനുഗ്രഹമാക്കുന്നതില്‍ പങ്കുണ്ട്. ഈ ആത്മീയ സംഗമം അനുഗ്രഹപൂർണമാക്കിത്തീര്‍ക്കുവാന്‍ ഓരോരുത്തരും പരമാവധി ശ്രമിക്കണം. വചനകേള്‍വിക്കു പുറമെ താമസവും ജോലിയുമൊക്കെയായി ബന്ധപ്പെട്ടു അകലെ കഴിയുന്നവര്‍ക്കു ആണ്ടില്‍ ഒരിക്കൽ കണ്ടുമുട്ടാനും ദൈവസ്നേഹം പങ്കുവയ്ക്കാനും പരസ്പരം സ്നേഹം പുതുക്കാനുമൊക്കെ ലഭിക്കുന്ന അവസരം വളരെ വിലപ്പെട്ടതായി കരുതുന്നുണ്ടാകണം.
കുമ്പനാടു കണ്‍വന്‍ഷന്‍ മുടക്കമില്ലാതെ നടക്കുവാനും പങ്കെടുക്കുന്നവർ ആത്മീയതയുടെ ഉന്നത തലങ്ങളിലേക്കു ഉയർത്തപ്പെടാനും സുവിശേഷീകരണത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തു ഇനിയും സുവിശേഷം അറിഞ്ഞിട്ടില്ലാത്ത ഇടങ്ങളിലേക്ക് ആത്മാവിൽ കത്തുന്ന ജ്വാലയുമായി കടന്നുപോകുവാനും ഈ വര്‍ഷത്തെ കൺവൻഷൻ മുഖാന്തരമായിത്തീരട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
Advertisement