ചീരകത്ത് വീട്ടിലെ 'എവരി ഹോം' സ്നേഹസംഗമം
ടോണി ഡി. ചെവ്വൂക്കാരൻ
അരനൂറ്റാണ്ടു മുമ്പുള്ള ദീപ്‌തമായ ഓർമകളുടെ കടലിരമ്പം ഇരച്ചു കയറിയ നിമിഷങ്ങളായിരുന്നു തൃശ്ശൂർ കണ്ണാറയിലെ ചീരകത്തു വീട്ടിൽ നടന്ന സ്നേഹസംഗമം.
52 വർഷങ്ങൾക്കു മുമ്പ് അക്ഷരനഗരിയായ കോട്ടയത്ത് ഇന്ത്യ എവരി ഹോം ക്രൂസേഡിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ചുമതല ഏറ്റെടുക്കുമ്പോൾ സുവിശേഷ വയലിലേക്കുള്ള സി.വി. മാത്യു സാറിൻ്റെ ആദ്യ ചുവടുകളായിരുന്നു അത്.
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി പാരലൽ കോളേജ് അധ്യാപകനായി സേവനം ചെയ്യുമ്പോഴാണ് എവരി ഹോം ക്രൂസേഡിലേക്കുള്ള ക്ഷണം ലഭിച്ചത്. പ്രവർത്തനവീഥിയിൽ 60 വർഷം പിന്നിടുന്ന എവരി ഹോം ക്രൂസേഡ്, പ്രസ്ഥാനത്തിന് ഊടും പാവും നെയ്തെടുത്ത് വളർച്ച യുടെ പടവുകളിലേക്ക് കൈപിടിച്ചു ഉയർത്തിയവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പെന്തെക്കോസ്‌തു പത്രതറവാട്ടിലെ കാരണവരുടെ വീട്ടിൽ എവരി ഹോം ക്രൂസേഡിൻ്റെ പ്രവർത്തകർ ഒത്തുചേർന്നത്.
ശാരീരിക പ്രയാസങ്ങൾ നിമിത്തം ഭവനത്തിൽ വിശ്രമിക്കുന്ന സി.വി. സാറിന് എവരി ഹോം ക്രൂസേഡിന്റെ സ്തോത്ര ശുശ്രൂഷകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
1972-ലാണ് 'ആഹാരം ', ' പ്രാർഥിപ്പിൻ' എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതല മാത്യു സാർ ഏറ്റെടുത്തത്. നിരവധി പരിമിതികളും യാത്രാക്ലേശവും അതോടൊപ്പം അപരിചിതമായ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും യുവാവായിരുന്ന സിവിയുടെ ജീവിതത്തിൽ പുതിയൊരു അധ്യായം എഴുതിചേർത്തു.
13 വർഷം സ്തുത്യർഹമായ നി ലയിൽ പ്രവർത്തിച്ച് പ്രസിദ്ധീകര ണങ്ങളുടെ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ചു. ദൈവത്തിലുള്ള ആ ശ്രയവും സമർപ്പണവും കൊണ്ട് ഏല്പ്‌പിച്ച ചുമതലകൾ ഭംഗിയായി നിവർത്തിക്കാൻ തനിക്ക് കഴിഞ്ഞു. അതിനിടയിൽ 1978-ൽ ഗുഡ്‌ന്യൂസിന്റെ പിറവിയും കോട്ടയത്ത് നടന്നു.
പിന്നിട്ട പാതയിലേക്ക് തിരിഞ്ഞുനോക്കി ദൈവം നടത്തിയ അത്ഭുതവഴികളെ ഓർത്ത് നിറഞ്ഞ ഹൃദയത്തോടെ പ്രിയ പത്നി അമ്മിണിയും മകൻ ആശിഷ് എന്നിവരോടൊപ്പം മാത്യു സാർ ദൈവത്തിന് നന്ദി കരേറ്റി.
നവംബർ 12ന് കണ്ണാറയിലെ ഭവനത്തിൽ നടന്ന അനുമോദന ചടങ്ങിൽ ആൽപ്പാറ ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു സാമുവേലും വിശ്വാസികളും പങ്കെടുത്തു. എവരി ഹോം ക്രൂസേഡ് റീജണൽ മാനേജർ അജി എബ്രഹാം സി.വി. മാത്യൂസാറിനെ മൊമൊൻ്റോ നൽകി ആദരിച്ചു. സംഘടനാ പ്രവർത്തക രായ എം.ജി. തോമസ്, ജോൺസൺ സി.ഡി., തോമസ് ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു
Advertisement