ഡേവിഡ്‌സ് ടെൻ്റ്: സ്നേഹജ്വാല ആളിക്കത്തിക്കുന്ന ആരാധനാ കൂടാരം

ഡേവിഡ്‌സ് ടെൻ്റ്: സ്നേഹജ്വാല ആളിക്കത്തിക്കുന്ന ആരാധനാ കൂടാരം

ഡേവിഡ്‌സ് ടെൻ്റ്: സ്നേഹജ്വാല ആളിക്കത്തിക്കുന്ന ആരാധനാ കൂടാരം

 ജെയിംസ് മുളവന

മേരിക്കയുടെ തലസ്ഥാന നഗരിയായ, ലോക തലസ്ഥാനമെന്ന് അറിയപ്പെടുന്ന വാഷിംഗ്‌ടൺ DC യിൽ 2015 മുതൽ 24x7 
ഇടതടവില്ലാതെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യേശുകർത്താവിനെ ആരാധിക്കുന്ന കേന്ദ്രമാണ് ഡേവിഡ്‌സ് ടെൻ്റ് എന്നറിയപ്പെടുന്ന ആരാധനാ കൂടാരം. പതിനായിരക്കണക്കിനു വിനോദ സഞ്ചാരികളും, അന്യമതസ്ഥരും, വിവിധ രാജ്യക്കാരും സന്ദർശിക്കുന്ന വൈറ്റ് ഹൗസിൻ്റെയും യു.എസ് പാർലെന്റിന്റെയും സമീപത്തുള്ള പരസ്യസ്ഥലമായ നാഷണൽ പാർക്കിലാണ് ഡേവിഡ്സ് ടെന്റ് സ്ഥിതി ചെയ്യുന്നത്.

പാസ്റ്റർ ജെയസ്‌ൺ ഹെർഷി എന്ന ദൈവമനുഷ്യന് 2012-ൽ ദൈവം നൽകിയ ദർശനത്തിന്റെ ഫലമായാണ് ഈ പ്രാർത്ഥനാ കൂടാരം നിർമ്മിക്കപ്പെട്ടത്. മൂവായിരം വർഷങ്ങൾക്കു മുമ്പ് യിസ്രായേലിൻ്റെ മധുര ഗായകനായ ദാവീദ് 33 വർഷത്തെ ഭര കാലത്ത്, തൻ്റെ കൊട്ടാരത്തിനടുത്ത് കൂടാരം നിർമ്മിച്ച് നാലായിരത്തി ഇരുന്നൂറ്റി ഇരുപത്തെട്ട് (4228) (1 ദിന.23:5; 25:7) ആരാധകരെ തുടർച്ചയായി കർത്താവിനെ ശുശ്രൂഷിക്കുവാൻ നിയോഗിച്ചു എന്ന വചനം വായിച്ചുകൊണ്ടിരിക്കുമ്പോളാണ്. ഈ കാലഘട്ടത്തിലും അതുപോലെ ഇടതടവില്ലാതെ ദൈവത്തെ ആരാധിക്കുന്ന ഒരു കൂടാരം നിർമ്മിക്കണമെന്ന ദർശനം പാസ്റ്റർ ജെയ്‌സണ് ലഭിക്കുന്നത്.

ആരാധ്യനായ യേശുകർത്താവിന് തൻ്റെ തലമുറയിൽ തക്ക മഹത്വം കൊടുക്കണമെന്നും, തുടർമാനമായ ആരാധനയിലൂടെ യേശുകർത്താവിലേക്ക് ഈ രാജ്യത്തെ മടക്കിവരുത്തേണം എന്നതുമാണ് ഈ കൂടാരത്തിൻ്റെ ലക്ഷ്യമായി സംഘാടകർ എടുത്തുകാട്ടുന്നത്.

2015 -മുതൽ തുടർമാനമായി ഇവിടെ ആരാധനയും പ്രാർത്ഥനയും വചന പാരായണവും നടക്കുന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനേകം ശുശ്രൂഷകന്മാരും ക്വയറും കഴിഞ്ഞ വർഷങ്ങളിൽ രണ്ടു മണിക്കൂറിലെ സെഗ്മെന്റുകളിൽ ആരാധനയ്ക്കു നേതൃത്വം നൽകി ഈ സ്നേഹജ്വാല ആളിക്കത്തിക്കുന്നു.

ലോകരാജ്യങ്ങൾക്കായി, പ്രത്യേകിച്ച് സുവിശേഷത്തിനായി വാതിൽ തുറന്നിട്ടില്ലാത്ത രാജ്യങ്ങൾക്കു വേണ്ടിയും അമേരിക്കയുടെ 50 സംസ്ഥാനങ്ങൾക്കു വേണ്ടിയും ഇവിടെ തുടർമാനമായ പ്രാർത്ഥന നടക്കുന്നു. ഇതൊരു പൊതുസ്ഥലമായതിനാൽ രാത്രി 9 മണിക്കു ശേഷം ഉച്ച ഭാഷിണി ഉപയോഗിക്കാൻ കഴിയാത്തതിനാൽ വൈദ്യുതി ആവശ്യമില്ലാത്ത ഗിറ്റാർ, അക്കൗസ്റ്റിക് പിയാനോ തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചു രാവിലെ വരെ തുടരുന്ന ആരാധനയാണ് നടക്കുന്നത്.

അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങളിൽ നിന്നുള്ള സുവിശേഷ സംഘങ്ങളാണ് ഓരോ മാസവും ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നത്. ആ സംസ്ഥാനത്തിൻ്റെ കൊടി വേദിയിൽ പ്രദർശിപ്പിക്കുന്നതിനാൽ ഏതു സംസ്ഥാനത്തു നിന്നുള്ള സംഘമാണ് നേതൃത്വം നൽകുന്നതെന്ന് സന്ദർശകർക്ക് മനസ്സിലാക്കാൻ കഴിയും.

വാഷിംഗ്‌ടൺ DC യിൽ ഈ പ്രാർത്ഥനാകൂടാരം അനേകർക്ക് ഒരു വെളിച്ചമായും ആയിരങ്ങളെ ക്രിസ്തുവിലുള്ള പ്രത്യാശയിലേക്കും ആത്മീയ നവോത്ഥാനത്തിലേക്കും നയിക്കാൻ ദൈവം ഉപയോഗിക്കുന്നു. അതിവേഗം ചലിക്കുന്ന ഈ പട്ടണത്തിൽ ആത്മീയ മൂല്യച്യുതിയുടെയും പ്രതിസന്ധികളുടെയും മദ്ധ്യേ ആത്മീയശുശ്രൂഷയും പിന്തുണയും ആവശ്യമുള്ളവർ വർദ്ധിച്ചുവരുന്നത് മുന്നിൽകണ്ടാണ് ഈ ശുശ്രൂഷ ആരംഭിച്ചത്. 'ജീവിതത്തിന്റെ ഏതു തുറകളിൽ ഉള്ളവർക്കും ഏതു നേരത്തും ദൈവസ്നേഹത്തെ തിരിച്ചറിയാനും പ്രത്യാശ കണ്ടെത്താനും കഴിയുന്ന ഇടം സ്ഥാപിക്കാൻ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തിൽ തന്ന ദർശനത്തിൻ്റെ ഫലമായാണ് എതിർപ്പുകളുടെ മദ്ധ്യത്തിലും ഈ കൂടാരം സ്ഥാപിച്ചത്; ഇത് കേവലം മറ്റൊരു ആരാധനാലയം എന്നതിലുപരി ദൈവത്തിനു മഹത്വം കൊടുക്കുവാനായി മാത്രം നിർമ്മിക്കപ്പെട്ട ആലയമാണ്' - സ്ഥാപകനായ പാസ്റ്റർ ജെയ്‌സൻ്റെ വാക്കുകളിൽ ദൈവീക ദർശനപൂർത്തീകരണത്തിൻ്റെ സംതൃപ്തി നിറയും.

ഇതിന്റെ നടത്തിപ്പിന് ഭീമമായ തുക ആവശ്യമുള്ളപ്പോൾ തന്നെ ഭവനരഹിതരായവർക്കും അശരണർക്കും ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഡേവിഡ്സ് ടെൻ്റ് വിതരണം ചെയ്യുന്നുണ്ട്. പ്രാദേശിക ചാരിറ്റി സംഘടനകളും ഇതിനായി ഡേവിഡ്‌സ് ടെന്റിനെ സഹായിക്കുന്നു. അങ്ങനെ അശരണർക്കുള്ള ഒരു സഹായ കേന്ദ്രമായും ഈ കൂടാരം പ്രവർത്തിക്കുന്നു. നാഷണൽ പാർക്ക് എന്ന ഒരു പൊതു ഇടത്തിലാണ് ഡേവിഡ്സ് ടെന്റ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഈ തുറന്ന കൂടാരത്തിലെ ആരാധനയുടെ ശബ്ദം കേട്ട് അകത്തു വന്ന് ദൈവസാന്നിദ്ധ്യം അനുഭവിച്ച് ആത്മഹത്യയുടെ വക്കിൽ നിന്നും കഞ്ചാവിൻ്റെയും മയക്കുമരുന്നിന്റെയും അടിമത്വത്തിൽ നിന്നും അനേകർ രക്ഷപെട്ട് കർത്താവിനെ സ്വന്ത രക്ഷിതാവായും കർത്താവായും സ്വീകരിക്കുന്ന സാക്ഷ്യങ്ങൾ അനേകമാണ്.

ദൈവമക്കളുടെ പ്രാർത്ഥനയുടെ പിൻബലം ഈ ശുശ്രൂഷയ്ക്ക് ആവശ്യമാണ്. കാരണം, അമേരിക്കയുടെ മാറിമറിയുന്ന രാഷ്ട്രീയ പരിതസ്ഥിതികൾ ഈ കൂടാരത്തിൻ്റെ നിലനില്പിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. സർക്കാർ വക പൊതുസ്ഥലത്താണ് ഈ പ്രാർത്ഥനാകൂടാരം സ്ഥിതി ചെയ്യുന്നതെന്നത് സംഘാടകർക്ക് കടുത്ത വെല്ലുവിളിയാണ്. സുവിശേഷത്തെ എതിർക്കുന്ന ചില സംഘടനകൾ കഴിഞ്ഞ വർഷം ഡേവിഡ്സ് ടെൻ്റ് പ്രാർത്ഥനാകൂടാരത്തിനെതിരെ മാർച്ച് നയിച്ചതും കുറച്ചു മാസങ്ങളിലേക്ക് നാഷണൽ പാർക്കിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് കൂടാരം മാറ്റി സ്ഥാപിക്കേണ്ടിയും വന്നു. എന്നാൽ ദൈവമക്കളുടെ ശക്തമായ പ്രാർത്ഥനയുടെ ഫലമായി പഴയ സ്ഥലത്തേക്കു തന്നെ ഡേവിഡ്സ് ടെന്റ് പുനഃസ്ഥാപിക്കപ്പെട്ടു.

തിരക്കേറിയ ജീവിതത്തിൽ ഇതുപോലെ തുടർമാനമായി, വർഷങ്ങളായി ദൈവത്തെ ആരാധിക്കുവാൻ കഴിയുമോ? ദർശനവും പ്രാർത്ഥനയുമാണ് എല്ലാം സാദ്ധ്യമാക്കുന്നത്.

ലേവ്യ 6:12-ൽ യാഗപീഠത്തിൽ തീ കെട്ടുപോകാതെ നിരന്തരം കത്തിക്കൊണ്ടിരിക്കണം എന്ന വചനംപോലെ, നമ്മുടെ ഭാരതത്തിൻ്റെ തലസ്ഥാന നഗരിയായ ഡെൽഹി യിലും മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ലോകരക്ഷിതാവായ യേശുകർത്താവിനെ വാഴ്ത്തട്ടെ. കർത്താവിനെ ഇടതടവില്ലാതെ ആരാധിക്കുന്ന സംഘങ്ങളും ഡേവിഡ്സ് ടെന്റ പോലെയുള്ള പ്രാർത്ഥനാകൂടാരങ്ങളും സ്ഥാപിതമാകട്ടെ. 'വീണുപോയ ദാവീദിൻ്റെ കൂടാരത്തെ ഞാൻ അന്നാളിൽ നിവർത്തും” എന്ന വചനംപോലെ നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്ന പ്രാർത്ഥനയുടെയും ആരാധനയുടെയും മാധുര്യം തിരിച്ചറിഞ്ഞ് അതിലേക്കു മടങ്ങിവരുന്ന ഒരു തലമുറ ഭാര തത്തിലും എഴുന്നേല്ക്കട്ടെ!

Advertisement

Advertisement