മുപ്പത് കുടുംബങ്ങൾക്ക് വരുമാനവർദ്ധന പദ്ധതി; സഹായവുമായി ക്രൈസ്റ്റ് എ ജി.ന്യൂയോർക്ക്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ന്യൂയോർക്ക് ക്രൈസ്റ്റ് എ. ജി.സഭയുടെ W4C വഴിയായി നടപ്പിലാക്കുന്ന പദ്ധതി തിരുവനന്തപുരം ജില്ലയിലെ 30 കുടുംബങ്ങൾക്ക് സഹായമായി. ക്രൈസ്റ്റ് ഏജിയിലെ സഹോദരിമാരുടെ സാമ്പത്തിക സഹായത്തിലൂടെയാണ് ഈ കുടുംബങ്ങളിൽ പദ്ധതി നടപ്പിലാക്കിയത്.
തിരുവനന്തപുരം ജില്ലയിലെ ആര്യനാട്, കാട്ടാക്കട, പെരുങ്കടവിള, വെള്ളറട എന്നീ സെക്ഷനിലെ 14 പേർക്കും ജില്ലയിലെ മറ്റു സെക്ഷനുകളിൽ 16 പേർക്കും ആണ് സഹായം നൽകിയത്.മറ്റു സഹായങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ക്രൈസ്റ്റ് എ.ജി ഇപ്രാവശ്യം പദ്ധതി നടപ്പിലാക്കിയത്. ഒരു തവണ നൽകുന്ന കൈത്താങ്ങ് ഒരു കുടുംബത്തിന്റെ സ്ഥിരം വരുമാനം ഉറപ്പ് വരുത്തുന്ന രീതിയാണ് ക്രമീകരിച്ചത്.
ഇതിനായി ആടുവളർത്തലിൽ താല്പര്യമുള്ള കുടുംബങ്ങളെ തിരഞ്ഞെടുത്ത് ആട് വളർത്തൽ പദ്ധതിയാണ് (Goat Rearing) നടപ്പിലാക്കിയത്. ക്രൈസ്റ്റ് ഏജി സഭ 8000 രൂപയും ഗുണഭോക്താക്കളുടെ വിഹിതമായി കുറഞ്ഞത് 2000 രൂപയും ചേർത്ത് ആട് വാങ്ങുന്നതാണ് പദ്ധതി. ആടുവളർത്തലിലൂടെ തങ്ങൾക്കു ലഭിക്കുന്ന ആദ്യത്തെ ആട്ടിൻകുട്ടിയെ ബന്ധപ്പെട്ടവരെ തിരികെ ഏൽപ്പിക്കണം. ആ ആടിനെ മറ്റൊരു കുടുംബത്തിനു നല്കി ചങ്ങലയായി നിലനില്ക്കുന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
പ്രൊജക്റ്റിന്റെ ഉദ്ഘാടനം അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷനിലെ പ്രത്യേക സമ്മേളനത്തിൽ നടന്നു. എ.ജി.മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജോർജ് ഏബ്രഹാം വാഴയിൽ അദ്ധ്യക്ഷനായിരുന്നു. കൺവീനർ പാസ്റ്റർ ബിജി ഫിലിപ്പ് ആമുഖ സന്ദേശം നല്കി. ക്രൈസ്റ്റ് ഏജി W4C പ്രസിഡന്റ് സിസ്റ്റർ അനു ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് ഏ.ജി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് പി. ചാക്കോ, പാസ്റ്റർ ജയിംസ് ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. എ.ജി.മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി ഡിപ്പാർട്ട്മെന്റ്, റേ ഓഫ് ലൗ ഡെവലെപ്പ്മെന്റ് ഫൗണ്ടേഷൻ എന്ന എൻജിഒ എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.പദ്ധതിയുടെ ലോക്കൽ ക്രമീകരങ്ങൾക്ക് പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് , വിവിധ സെക്ഷൻ പ്രസ്ബിറ്റർമാർ തുടങ്ങിയവർ നേതൃത്വം നല്കി.