ഇവ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ്

ഇവ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ്

ഇവ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ്

മതവിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വളരെ പ്രാധാന്യം നല്‍കുകയും അതിന്റെ പ്രചാരണങ്ങള്‍ക്കും മതകര്‍മ്മങ്ങളും ആചാരങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായി നിലനിൽക്കുന്ന ഒരു രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ പീഡിപ്പിക്കപ്പെടുന്നു എന്നുള്ളതും അതിന് ഒത്താശ ചെയ്യുന്നവരുടെ സംഖ്യ മുൻകാലങ്ങളെക്കാൾ വര്‍ദ്ധിച്ചു വരുന്നു എന്നുള്ളതും മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് കളങ്കം ചാര്‍ത്തുന്ന കൊടും ക്രൂരത മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അരങ്ങേറുന്നു എന്നത് വര്‍ത്തമാനകാലത്തിന്റെ ആശങ്കകളില്‍ ഒന്നായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസ സമൂഹത്തിനു നേരെയും ആരാധനാലയങ്ങള്‍, മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇതര ക്രൈസ്തവ കൂട്ടങ്ങള്‍ എന്നിവക്കു നേരെയും സംഘടിതമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ഈ സമൂഹത്തില്‍ ഉള്ളവരെ ഏറെ ഭയചകിതരാക്കുന്നു.  

യുപി, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്,കര്‍ണാടക, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു സി എഫ്) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ റിപ്പോർട്ട് അനുസരിച്ച്, 2023ൽ 23 സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടന്നിട്ടുണ്ട്. 155 സംഭവങ്ങളുമായി ഉത്തർപ്രദേശ് മുന്നിലും 84 സംഭവങ്ങളുമായി ഛത്തീസ്ഗഢും തൊട്ടുപിന്നിൽ ജാർഖണ്ഡ് 35, ഹരിയാന 32, മധ്യപ്രദേശ് 21, പഞ്ചാബ് 12, കർണാടക. 10, ബിഹാർ 9, ജമ്മു & കശ്മീർ 8, ഗുജറാത്ത് 7, ഉത്തരാഖണ്ഡ് 4, തമിഴ്നാട് 3, പശ്ചിമ ബംഗാൾ 3, ഹിമാചൽ പ്രദേശ് 3, മഹാരാഷ്ട്ര 3, ഒഡീഷ 2, ഡൽഹി 2, ആന്ധ്രാപ്രദേശ് , അസം, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിൽ ഓരോ സംഭവവും.

ഈ കണക്കുകള്‍ക്കിടയില്‍ പ്രാദേശികമായ ഭീഷണികളുടെ നടുവില്‍ കഴിയുന്ന ക്രൈസ്തവ സമൂഹങ്ങള്‍ ഏറെയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങളില്‍ പ്രത്യേക അന്വേഷണസംഘടന രൂപീകരിക്കുക, ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ സംഘങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക, നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഫെബ്രുവരി മാസത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കയുണ്ടായി. 

 രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയോ ഒത്താശ നല്‍കുകയോ ചെയ്യാതെ അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും അതിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ പോലും സംഘടിപ്പിക്കുകയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന എല്ലാ തിന്മകള്‍ക്കുമെതിരെ നിരന്തരം പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, സർവ്വോപരി രാജ്യത്തിന്റെ സമാധാനത്തിനും അധികാരികളുടെ ആയുസ്സിനും ആരോഗ്യത്തിനും കൃത്യനിര്‍വഹണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹം നിരന്തരം അകാരണമായി പീഡിപ്പിക്കപ്പെടുന്നു എന്നുള്ളത് ജനാധിപത്യമൂല്യങ്ങളും ഭരണഘടന സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തിന് ഭൂഷണമല്ല എന്ന് അധികാരികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്‌നേഹത്തിന്റെയും നന്മയുടെയും സമാധാനത്തിന്റെയും വക്താക്കള്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പീഡന പരമ്പരകള്‍ അഴിച്ചുവിടുന്നത് തികച്ചും അപലപനീയമാണ്.  

മതന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്നും എല്ലാവിധമായ സ്വാതന്ത്ര്യവും ഭരണഘടനാപരമായി അവകാശങ്ങളും ഭയാശങ്ക കൂടാതെ അനുഭവിക്കുവാന്‍ നിയമം അനുവദിക്കുന്നവരുമായ ഈ സമൂഹം നിരന്തരം പീഡിപ്പിക്കപ്പെടുന്നത് പറയാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. മതന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്ത് ക്രൈസ്തവ സമൂഹങ്ങളുമായി പുതിയ ബാന്ധവത്തിന് ഒരുങ്ങുന്ന കേന്ദ്രഭരണ മുന്നണി സുശക്തമായ ഒരു ബന്ധമാണ് ആഗ്രഹിക്കുന്നെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളും ഉണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങള്‍ പ്രാദേശികമാണെന്ന് പറഞ്ഞ് ഒഴിയാതെ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം.

അതോടൊപ്പം വടക്കേ ഇന്ത്യയിൽ ആത്മീയ ശുശ്രൂഷയ്ക്കായി വരുന്നവർക്കു പാട്നയിലെ ഗുഡ്‌ന്യൂസ് കോഓർഡിനേറ്റർ ജേക്കബ് പാലയ്ക്കൽ ജോൺ നൽകുന്ന നൽകുന്ന ചില സുപ്രധാന നിർദ്ദേശങ്ങളുണ്ട്: കേരളത്തിൽ നിന്നും മറ്റും വടക്കേ ഇന്ത്യയിലെ ശുശ്രൂഷയ്ക്കായി വരുന്നവർ ഇവിടുത്തെ സാഹചര്യങ്ങളെ മനസ്സിലാക്കി ശുശ്രൂഷ ചെയ്യുവാൻ തയ്യാറാകണം. കേരളത്തിലെ സാഹചര്യം അല്ല ഇവിടെ. കേരളത്തിലെ ശുശ്രൂഷകളും രീതികളും എല്ലാം തന്നെ ഇവിടെ ചെയ്യാൻ പരിശ്രമിക്കരുത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ക്രിസ്തീയ സഭകൾ മിഷൻ സ്ഥാപനങ്ങൾ എന്നിവയെല്ലാം തന്നെ വളരെ വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി ഉടലെടുത്തിട്ടുള്ളതാണ്. ആയതിനാൽ ഇവിടെ ശുശ്രൂഷയ്ക്കായി എത്തുന്ന ദൈവദാസന്മാർ ഇവിടത്തെ പരിമിതികൾ മനസ്സിലാക്കി ശുശ്രൂഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം അങ്ങനെയുള്ള സഭയും സ്ഥാപനങ്ങളും പ്രതിസന്ധികളെ നേരിടേണ്ടതായി വന്നേക്കാം. കഴിവുണ്ടെങ്കിൽ അനൗദ്യോഗികമായ എല്ലാ സന്ദർശകരെയും പരമാവധി ഒഴിവാക്കാൻ പരിശ്രമിക്കണം. സന്ദർശനം നടത്തുന്നവരും ഇത് അറിഞ്ഞിരിക്കണം.

ഇവിടെ ഇപ്പോൾ സന്ദർശക ശുശ്രൂഷകരെ അല്ല, മറിച്ച് സമർപ്പണമുള്ള പൂർണസമയ ശുശ്രൂഷകരെയാണ് ആവശ്യം. അതിനു കഴിയുന്ന ദൈവദാസന്മാരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു.

Advertisement