ഡോ. ഓമന റസ്സൽ പരിഭാഷ നിർവ്വഹിച്ച 'വാനിയ' വി.ഡി. സതീശൻ പ്രകാശനം ചെയ്യും; മെയ് 21 ന്

ഡോ. ഓമന റസ്സൽ പരിഭാഷ നിർവ്വഹിച്ച 'വാനിയ' വി.ഡി. സതീശൻ പ്രകാശനം ചെയ്യും; മെയ് 21 ന്

എറണാകുളം : അനുഭവിച്ചറിഞ്ഞ വിശ്വാസത്തിനായി ജീവൻ ബലിയർപ്പിച്ച റഷ്യൻ പട്ടാളക്കാരൻ വാനിയയുടെ ജീവിതകഥ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്യും. റവ. ഡോ. പോൾ തേലക്കാട്ട് പുസ്തകം ഏറ്റുവാങ്ങും. 

1970കളിൽ റഷ്യയിൽ നടന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നേർചിത്രമാണ് വാനിയയിലൂടെ ലഭിക്കുക. മെയ് 21 ന് ഞായറാഴ്ച വൈകിട്ട് 5 ന് പാലാരിവട്ടം വൈഎംസിഎ യൂത്ത് സെന്ററിലാണ് പ്രകാശനകർമ്മം നടക്കുന്നത്. രാഷ്ട്രീയ -സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. ക്രൈസ്തവചിന്തയുടെ പ്രസിദ്ധീകരണ വിഭാഗമായ കൊച്ചിൻ ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാസ്റ്റർ റ്റി.റ്റി. ജേക്കബ് , പാസ്റ്റർ ബെന്നി ജോസഫ് , പാസ്റ്റർ ബിനു എൻ. ബേബി എന്നിവർ നേതൃത്വം നൽകും.

'വാനിയ' അതിസുന്ദരനായിരുന്നു. റഷ്യൻ പട്ടാളക്കാരനും. കിരാതനായ സ്റ്റാലിന് ശേഷം വന്ന യുഎസ്എസ്ആറിന്റെ ഭരണാധികാരി ക്രൂഷ്‌ചോവും ഒട്ടും മോശക്കാരനായിരുന്നില്ല. ക്രിസ്തുവിശ്വാസിയായ വാനിയ സഹപട്ടാളക്കാരോട് യേശുവിനെ സാക്ഷിച്ചതാണ് അവൻ ചെയ്ത 'കുറ്റം'. 

എന്നാൽ ബ്രഷ്നേവിന്റെ ഭരണകാലത്താണ് വാനിയ നിഷ്ഠൂരമായി കൊല്ലപ്പെടുന്നത്. പട്ടാള മേധാവിമാരുടെ ക്രൂരതകൾ എല്ലാം വാനിയ സന്തോഷപൂർവ്വം സഹിച്ചു. സുവിശേഷം പങ്ക് വയ്ക്കുന്നതറിഞ്ഞാലുടനെ ശിക്ഷ ആരംഭിക്കുകയായി. ഡൈയ്നിങ് ഹാൾ മുട്ടിലിഴഞ്ഞ് വൃത്തിയാക്കേണ്ടി വന്നു. രാത്രി മുഴുവൻ അവന്റെ കാലുകൾ ഐസ് പെട്ടിയ്ക്കകത്ത് പൂഴ്ത്തിവയ്പ്പിച്ചു. ഐസ് ചേമ്പറിനകത്ത് അടച്ചിട്ടു. പ്രഷർ സ്യൂട്ടണിയിച്ച് കാറ്റ് പമ്പ് ചെയ്തപ്പോൾ ശ്വാസം കിട്ടാതെ വനിയ പിടഞ്ഞു. മരണം അടുത്തു എന്നറിഞ്ഞിട്ടും അവൻ ക്രിസ്തുവിനെ തള്ളി പറഞ്ഞില്ല. നിരവധി ശിക്ഷകൾക്ക് അവൻ വിധേയനായി. ഇതിനിടയിലും കിട്ടുന്ന സമയങ്ങളിൽ അവൻ യേശുവിലൂടെ കരഗതമാകുന്ന ആത്‌മരക്ഷയെപ്പറ്റി സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ക്രിസ്തുവിശ്വാസം ത്യജിക്കാൻ പട്ടാളമേധാവികൾ അവനെ നിർബ്ബന്ധിച്ചു. ഒടുവിൽ കേണൽ മാൽസിനും കെജിബി സംഘവും ചേർന്ന് സൗണ്ട് പ്രൂഫ് റൂമിലിട്ട് വാനിയ അടിച്ചു കൊന്നു. 

മരണത്തോട് അടുക്കുമ്പോൾ 'യേശു അങ്ങയെ സ്നേഹിക്കുന്നു'എന്ന് മാൽസിനെ നോക്കി പറഞ്ഞാണ് വാനിയ ജീവൻ വെടിയുന്നത്. മരണശേഷം കരിങ്കടലിൽ 'മുങ്ങി മരിച്ചു' എന്ന സാക്ഷ്യപത്രത്തോടൊപ്പം മൃതദേഹം മാതാപിതാക്കളെ ഏൽപിച്ച് പട്ടാള മേധാവികൾ ധൃതി പിടിച്ച് മടങ്ങി.

1975-ൽ മിർന ഗ്രന്റാണ് ഈ പുസ്തകം രചിച്ചത്. ഇംഗ്ലണ്ടിലെ കിഗ്‌സ്‌വേ പബ്ളിക്കേഷൻസാണ് ആദ്യ എഡിഷനുകൾ പുറത്തിറക്കിയത്. ഇപ്പോൾ അമേരിക്കയിലെ ഒരു ക്രിസ്റ്റ്യൻ സംഘടനയാണ് ഇതിന്റെ പ്രസാധകർ. പുസ്തകരചയിതാവും എഴുത്തുകാരനുമായ മനു ഫിലിപ്പ് ഫ്ലോറിഡയുടെ ശ്രമഫലമായിട്ടാണ് മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ അനുവാദം ലഭിച്ചത്.

കാലടി സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗം റിട്ട. പ്രൊഫസറും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക് ഫെലോയുമായ ഡോ. ഓമന റസ്സൽ ആണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. നിറകണ്ണുകളോടെ മാത്രമേ ' വാനിയ ' വായിച്ച് തീർക്കാനാവൂ. ക്രൈസ്തവചിന്തയുടെ പബ്ളിക്കേഷൻസ് വിഭാഗമായ കൊച്ചിൻ ബുക്ക്സാണ് വാനിയ പ്രസിദ്ധീകരിക്കുന്നത്.

കൂടുതൽ അറിയാൻ : 94465 71642