A I ജെൻ : പുതിയ തീം അവതരിപ്പിച്ച് എക്സൽ വിബിഎസ്  

A I ജെൻ : പുതിയ തീം അവതരിപ്പിച്ച്  എക്സൽ വിബിഎസ്  

കുമ്പനാട്‌: എക്സൽ മിനിസ്ട്രീസ് 2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം പ്രകാശനം ചെയ്തു. എ ഐ ജെൻ - എന്നതാണ് പുതിയ തീം. ഉല്പത്തി 1:1 ആണ് പ്രധാന വേദഭാഗം. 

ആർട്ടിഫിഷൽ ഇന്റലിജെൻസ് (എഐ) എന്ന നിർമ്മിത ബുദ്ധിക്ക് പകരം കുഞ്ഞു ഹൃദയങ്ങളിലേക്ക് ഒതന്റിക്ക് ഇൻറലിജൻസ് (എഐ) യഥാർത്ഥ ജ്ഞാനം എന്ന ആശയമാണ് ഈ തീം ലൂടെ നൽകുന്നത്. ലോകം മുഴുവൻ കൈവെള്ളയിൽ ഒതുങ്ങുന്ന ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ആനുകാലികപ്രസക്തമായ ചിന്താവിഷയമാണ് എ ഐ ജെൻ എന്ന് മുഖ്യാതിഥിയായ റവ. ഐസക് തര്യൻ ബാഗ്ലൂർ അഭിപ്രായപ്പെട്ടു. പ്രപഞ്ച സൃഷ്ടിതാവായ ദൈവത്തെ വ്യക്തിപരമായി രുചിച്ചറിയുവാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന സിലബസ് ആണ് തയ്യാറാക്കുന്നതെന്ന് എക്സൽ വിബിഎസ് ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കരയും അനിൽ ഇലന്തൂരും പ്രസ്താവിച്ചു.

ഒക്ടോബർ 7 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഇൻറർനാഷണൽ ഓഫീസിന്റെ പുതിയ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ നടത്തപ്പെട്ട പ്രകാശന ചടങ്ങിൽ റവ. തമ്പി മാത്യു അറ്റ്ലാന്റ , വർക്കി എബ്രഹാം കാച്ചാണത്ത്, റിബി കെന്നത്ത്, ഷിനു തോമസ്, സ്റ്റാൻലി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു.

2007 ൽ ആരംഭിച്ച എക്സൽ മിനിസ്ട്രിയുടെ പ്രവർത്തനം പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ 15 ഭാഷകളിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളിലേയ്ക്ക് ദൈവവചനം എത്തിക്കുവാനുള്ള പ്രവർത്തന പദ്ധതിയാണ് ആവിഷ്കരണം ചെയ്തിരിക്കുന്നത്. ജോബി. കെ.സിയും ബെൻസൻ വർഗീസും നേതൃത്വം നൽകിയ ചടങ്ങിൽ ഷിബു കെ ജോൺ, ബ്ലസൻ തോമസ്, ബ്ലെസൻ പി ജോൺ എന്നിവരും സംസാരിച്ചു. ഗ്ലാഡ്സൺ ജെയിംസ്, ബ്ലസി ബെൻസൻ എന്നിവർ ഗാനശുശ്രൂഷ നയിച്ചു.

Advertisement