പാസ്റ്റർ സജിമോന്റെ കുടുംബത്തിനു തലചായ്ക്കാനിടം നല്കി ഐപിസി തിരുവനന്തപുരം ജില്ല

പാസ്റ്റർ സജിമോന്റെ കുടുംബത്തിനു തലചായ്ക്കാനിടം നല്കി ഐപിസി തിരുവനന്തപുരം ജില്ല

വാർത്ത: പാസ്റ്റർ എൻ. വിജയകുമാർ

തിരുവനന്തപുരം : പാസ്റ്റർ സജിമോന്റെ കുടുംബത്തിനു തലചായ്ക്കാനിടം നല്കി ഐപിസി തിരുവനന്തപുരം ജില്ലാ കൗൺസിൽ മാതൃകയായി.

ശുശ്രൂഷയിലിരിക്കെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ സജിമോന്റെ കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കി കുടുംബത്തിനു പാർക്കാനായി തിരുവനന്തപുരം അരുവിക്കരയിൽ നല്ല സൗകര്യങ്ങളുള്ള ഒരു ഭവനം വാങ്ങി നല്കി. കുന്നുകുഴി സഭയിൽ ശുശ്രൂഷയിലായിരിക്കുമ്പോഴാണ് പാസ്റ്റർ സജിമോൻ നിത്യതയിൽ ചേർക്കപ്പെട്ടത്. സ്വന്തമായി ഒരു ഭവനം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു. ഭാര്യ സെബിയും വിദ്യാർത്ഥികളായ രണ്ടു മക്കളും ഇതിനായി ഏറെ പ്രാർത്ഥിക്കും പലരോടായി അഭ്യർത്ഥിക്കുകയും ചെയ്തു. മകൾ ബ്ലസി എസ്. ജോർജ് സിഎംഎ വിദ്യാർത്ഥിയും മകൻ ജോയൽ എസ്. ജോർജ് ബി.എ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയുമാണ്.

വീടിന്റെ സമർപ്പണ ശുശ്രൂഷ ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് നിർവ്വഹിച്ചു തിരുവനന്തപുരം നോർത്ത് സെന്റെർ മിനിസ്റ്റർ പാസ്റ്റർ കെ.ശാമുവേൽ പ്രാർത്ഥിച്ച് ഭവന പ്രവേശനം നിർവഹിച്ചു.

പാസ്റ്റർ സ്റ്റാൻലി ജോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗം  പീറ്റർ മാത്യു കലൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ശ്രീകാര്യം സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. 

കാട്ടാക്കട സെന്റർ മിനിസ്റ്റർ പാസ്റ്റർ എച്ച്. റൂഫസ്, കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ പാസ്റ്റർ എൻ. വിജയകുമാർ , ബിനു വി. ജോർജ്, താബോർ സഭ ശുശ്രൂഷകൻ പാസ്റ്റർ വി. പി ഫിലിപ്പ്, സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികൾ, മേഖലാ സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ മേഴ്സി ദാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു.

 നോർത്ത് സെന്റെർ ജോ. സെകട്ടറി നന്ദി രേഖപ്പെടുത്തി. നോർത്ത് സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലയിൽ ദുരിതമനുഭവിക്കുന്ന ഒട്ടേറെ പേർക്ക് വിവിധ പദ്ധതികളിലൂടെ സഹായം നല്കി വരുന്നത് ശ്രദ്‌ധേയമാണ്. ജില്ലയിൽ ഐപിസി കേരളാ സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡിന്റെ നേതൃത്വത്തിൽ വൺ റുപ്പി ചലഞ്ചിൽ സജീവമാണ്. സഭകളിൽ നല്കിയ കോയിൻ ബോക്സിലെ ഒന്നാം ഘട്ട കളക്ഷൻ പൂർത്തി വരുന്നതായി ജില്ലാ കോർഡിനേറ്ററും കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ഡേവിഡ് സാം ഗുഡ്ന്യൂസിനോട് പറഞ്ഞു.

കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം  പീറ്റർ മാത്യു കലൂരിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതിന്റെ പിന്നിൽ ഏറെ പ്രയത്നിച്ചത്.