വിളക്ക് അണയാതെ സൂക്ഷിക്കാം

വിളക്ക് അണയാതെ സൂക്ഷിക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

രു സന്ധ്യാസമയത്ത് രണ്ടു പെൺകുട്ടികൾ പ്രാർത്ഥനായോഗം കഴിഞ്ഞു മടങ്ങിവരികയായിരുന്നു. അവർ കൈകളിൽ മെഴുകുതിരി കത്തിച്ചു പിടിച്ചിരുന്നു. പുറത്തുള്ള കൂരിരുട്ടിൽ മെഴുകുതിരികൾ അവർക്ക് ഏറെ സഹായമായിരുന്നു. എന്നാൽ ഒരു പെൺകുട്ടി കൂട്ടുകാരിയോട് സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് ചെറിയ കാറ്റ് വീശിയതുമൂലം അവളുടെ മെഴുകുതിരി കെട്ടുപോയി. ഇത് ക്രിസ്തീയജീവിതത്തെക്കുറിച്ചു ചിന്തിക്കുവാൻ നമുക്കു പ്രേരണ നൽകുന്നു.

'ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു' എന്ന് അരുളിച്ചെയ്ത നമ്മുടെ അരുമനാഥനായ യേശുകർത്താവിൽ നിന്നും പ്രകാശം ഉൾക്കൊണ്ട് ഈ ലോകത്തിന്റെ ഘനീഭവിച്ച ഇരുട്ടിലൂടെ നാം നിങ്ങുമ്പോൾ നമ്മുടെ വെളിച്ചം ഈ ലോകത്തിനു മുമ്പിൽ പ്രകാശിക്കേണ്ടത് ആവശ്യമാണ്. എന്നാൽ പല സമയവും നമ്മുടെ വെളിച്ചം കെടാതെ സൂക്ഷിക്കുന്നതിന് പലപ്പോഴും നമുക്കു കഴിയാതെ പോകുന്നു. അതിലെ വെളിച്ചം കെടുത്തുന്ന പ്രശ്നക്കാറ്റുകൾ പിശാച് നമുക്കുനേരെ ആഞ്ഞു വീശാറുണ്ട്. നമ്മുടെ പ്രകാശത്തെ ഇരുട്ടാക്കിക്കൊണ്ട് നമ്മെ ലോകത്തിനു മുമ്പിൽ നിന്ദാപാത്രങ്ങളാക്കുവാനാണ് പിശാച് ശ്രമിക്കുക. എന്നാൽ നമ്മിൽ കത്തിയ ദീപം അണയാതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതാണ്.

പത്ത് കന്യകമാരുടെ ഉപമയിലൂടെ വലിയ ഒരു ആത്മീയരഹസ്യമാണ് യേശുകർത്താവ് നമുക്കു മുമ്പിൽ വെളിപ്പെടുത്തുന്നത്. (മത്തായി 25 : 1...13). അവരിൽ അഞ്ചു പേർ മണവാളന്റെ വരവിൽ വിളക്ക് തെളിയിക്കുവാൻ കഴിയാതെ ബുദ്ധിശൂന്യരായിത്തീർന്നപ്പോൾ അഞ്ചു പേർ അവസരത്തിനൊത്ത് ബുദ്ധിപൂർവം പ്രവർത്തിച്ചു. അഞ്ചു പേർ വിളക്കിൽ എണ്ണ കരുതിയപ്പോൾ അഞ്ചു പേർ എണ്ണ കരുതാതെ പോയി. നാം ഒരിക്കലും ബുദ്ധിയില്ലാത്ത കന്യകമാരായിത്തീരരുത്. ബുദ്ധിശൂന്യരാകുന്നതുമൂലം പല സന്ദർഭങ്ങളിലും നമ്മുടെ വിളക്ക് കെട്ടുപോകുകയാണു പതിവ്.

യേശുകർത്താവിന്റെ പ്രകാശമേന്തി യാത്ര ചെയ്യുന്ന നാം ബുദ്ധിയുള്ളവരാകേണ്ടത് അനിവാര്യമാണ്. തെളിഞ്ഞ ബുദ്ധി ഒരു ദൈവപൈതലിനെ ഏതു സമയവും ഒരു നല്ല വിശ്വാസിയായി ജീവിക്കുവാൻ സഹായിക്കും. ഈ ലോകത്തിന്റെ ബുദ്ധിയെക്കുറിച്ചല്ല ഇവിടെ വിശദമാക്കുന്നത്. മറിച്ച്, ലോകത്തിന് ഭോഷത്വമായതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠമായതു ചെയ്യുവാനുള്ള തന്റേടവും വിവേകവുമാണ് ഇവിടെ ബുദ്ധി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

അരുമനാഥനായ യേശുകർത്താവ് നമ്മെ ഓരോരുത്തരെയും സത്യത്തിന്റെ വിളക്ക് ഏൽപിച്ചിട്ടുണ്ട്. ആ വിളക്ക് കത്തിക്കൊണ്ടിരിക്കുവാൻ പരിശുദ്ധാത്മാവിന്റെ പരിജ്ഞാനമാകുന്ന എണ്ണ നമ്മുടെ പക്കൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. വിളക്ക് എടുത്തെങ്കിൽ പരിജ്ഞാനത്തിനനുസരിച്ച് പ്രവർത്തിക്കുവാനും നാം സന്നദ്ധരാകണം. അല്ലെങ്കിൽ വിളക്ക് എടുക്കാതിരിക്കുകയാണ് ഉത്തമം. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ ദൈവിക പ്രകാശം കെടാതെ സൂക്ഷിക്കുവാൻ നമുക്കു സാധിക്കുകയുള്ളൂ. ആകയാൽ നമ്മുടെ വിളക്കിൽ എണ്ണയുണ്ടോ എന്ന് ഓരോ ദിവസവും പരിശോധിച്ചുകൊണ്ട് നമുക്കു ജീവിക്കാം.

ചിന്തക്ക് : 'നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ. നിങ്ങളെത്തന്നെ ശോധന ചെയ്‌വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ ?' (2 കൊരിന്ത്യർ 13 : 5).