പാസ്റ്റർ ബിജു ബേബിക്കു യാത്രയയപ്പ് നൽകി

റിയാദ്: ഇരുപത്തിയൊന്നിലേറെ വര്‍ഷത്തെ സ്തുത്യര്‍ഹമായ ജോലിക്കും ശുശ്രൂഷക്കും ശേഷം അയർലണ്ടിലേക്കു പോകുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ബിജു ബേബി(കൊട്ടാരക്കര)ക്ക് റിയാദിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പ് യാത്രയയപ്പ് നല്‍കി.
റിയാദ് റീജിയണിലെ പാസ്റ്റർമാരും അവരുടെ കുടുംബാംഗങ്ങളും നിരവധി ദൈവമക്കളും ഒത്തുചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് യോഗത്തിൽ പാസ്റ്റർ സി.ടി. വർഗ്ഗീസ്(അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് റിയാദ് റീജിയൺ പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിച്ചു.
ആടുകള്‍ക്കു മുമ്പെ നടക്കുന്ന നല്ല ഇടയനായ യേശുക്രിസ്തുവിൻ്റെ നിയോഗപ്രകാരം കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷക്കാലം സൗദി അറേബ്യയിലും ഭാരതത്തിലുമായി ജോലിയോടൊപ്പം കർത്തൃശുശ്രൂഷക്കും സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയും, പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാളും കുടുംബത്തേക്കാളുമധികം തന്നെ ഏൽപ്പിച്ച ആട്ടിൻകൂട്ടത്തെ പരിപാലിക്കുകയും അവരുടെ ആത്മീയവളര്‍ച്ചക്കും, ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പാസ്റ്റർ ബിജു ബേബിയെന്നു അധ്യക്ഷ പ്രസംഗത്തിൽ പാസ്റ്റർ സി.ടി.വർഗ്ഗീസ് ഓർമ്മിപ്പിച്ചു.
പാസ്റ്റർ വി.ഐ. ഉമ്മച്ചൻ മൊമെൻ്റൊ നൽകി. പാസ്റ്റർ റെജി തലവടി (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൗദി അറേബ്യ പ്രസിഡന്റ് ), പാസ്റ്റർ റെജി ഓതറ (ഐപിസി റിയാദ് റീജയൺ പ്രസിഡന്റ്), പാസ്റ്റർ റെജി തുവയൂർ(ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയൻ ഓവർസിയർ), പാസ്റ്റർ റെജി കുമളി(ഐപിസി മിഡ് വെസ്റ്റ് പ്രസിഡൻ്റ്), ഇവാ.ജോർജ്ജ് ഫിലിപ്പ് , പാസ്റ്റർ സ്റ്റാൻലി പോൾ , ഇവാ. രാജു(ബിജു പാലസ്) എന്നിവർ അനുമോദന സന്ദേശം നല്കി. സ്നേഹോപഹാരം ബ്രദർ ഷാജി വർഗീസ് കൈമാറി.
പാസ്റ്റർ ബിജു ബേബി മറുപടി പ്രസംഗം നടത്തി. ഭാര്യ ലീന ബിജുവും മക്കളായ ലിയോണ ബിജു, ലിഡിയ ബിജു, അബിയാ ബിജുവും പങ്കെടുത്തു.