സ്വാതന്ത്ര്യം; ജന്മാവകാശം

സ്വാതന്ത്ര്യം; ജന്മാവകാശം

സ്വാതന്ത്ര്യ ദിന ചിന്തകൾ

സ്വാതന്ത്ര്യത്തിന്റെ പാരതന്ത്ര്യം 

ഷാജൻ പാറക്കടവിൽ

സ്വതന്ത്ര ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെഴാമത് ജന്മദിനം ആഘോഷിക്കുന്ന ആവേശത്തിമിർപ്പിലാണ്.സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ ചെങ്കോട്ടയിൽ ഉയർന്ന ത്രിവർണ്ണ പതാക നാടെങ്ങും ഉയർത്തിക്കെട്ടിയും വീടുകളുടെ പൂമുഖങ്ങൾ അലങ്കരിച്ചും ഓഫീസുകളും മറ്റ് സർക്കാർ കേന്ദ്രങ്ങളിലും സംവിധാനങ്ങളിലും പതാക ഉയർത്തിയും ആഘോഷിക്കുകയാണ് ഇപ്പോൾ ഭാരത ജനത. സ്വാതന്ത്ര്യത്തിന്റെ മൂല്യം നന്നായി തിരിച്ചറിഞ്ഞു അത് ആവോളം ആസ്വദിക്കുന്ന ജനത സ്വാതന്ത്ര്യം നേടിത്തന്ന അവകാശങ്ങളെക്കുറിച്ച് അജ്ഞരാകരുത് ഈ ജന്മദിന ആഹ്ലാദങ്ങൾക്കിടയിൽ. 

ബഹുസ്വരതയുടെ നാടായി അറിയപ്പെടുന്ന ഭാരതം നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യം ഉയർത്തി സർവ്വമതങ്ങളുടെയും ആശയ വിശ്വാസപ്രമാണങ്ങൾക്കും ആരാധന ആചാര രീതികൾക്കും അനുഷ്ഠാനങ്ങൾക്കും ഒരുപോലെ സ്വാതന്ത്ര്യവും അംഗീകാരം നൽകുകയും എല്ലാ മതങ്ങളെയും അവയുടെ കാഴ്ചപ്പാടുകളെയും പരസ്പരം അംഗീകരിക്കുകയും അത് സ്വീകരിച്ച് വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുവാൻ അനുവാദം നൽകുകയും ചെയ്യുന്ന നാടായി നമ്മൾ അറിയപ്പെടുന്നുവെങ്കിലും നമ്മൾ ഉയർത്തിപ്പിടിക്കുന്ന ഈ സംസ്കാര സമ്പന്നത എത്രത്തോളം ഈ വർത്തമാനകാലത്തിൽ പ്രാവർത്തികമാകുന്നുയെന്നത് പുനർ വിചിന്തനത്തിന് വിധേയപ്പെടുത്തേണ്ടവ തന്നെയാണ്. മതനിരപേക്ഷതയിലും ജനാധിപത്യ മൂല്യങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലും തുടങ്ങി ഒരു വ്യക്തിയുടെ ആശയ രൂപീകരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒപ്പം വ്യക്തിയെ ബാധിക്കുന്ന സമസ്ത മേഖലകളിലും പൂർണ്ണ സ്വാതന്ത്ര്യവും അവകാശവും നൽകുന്ന ഭരണഘടന നമുക്കുണ്ടെന്നുള്ളതും ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും അനുഭവിക്കാനുള്ള നിയമപരിരക്ഷയും സാധൂകരിക്കപ്പെട്ടിട്ടുള്ളത് ഭാരതത്തെ ജനാധിപത്യ മൂല്യവും ബോധവുമുള്ള രാഷ്ട്രമായി ലോക ജനത മാതൃകയാക്കുന്നു. എന്നാൽ ഈ അവകാശങ്ങൾ വ്യക്തികളിലേക്കും അവിടെ നിന്നും അവരുടെ കൈകളിലെ ഭരണ സംവിധാനങ്ങളിലേക്കും വികേന്ദ്രീകരിക്കപ്പെടുമ്പോൾ അതിൽ എത്രത്തോളം നിയമപരിരക്ഷ ലഭിക്കുന്നു എന്നുള്ളതും പ്രാവർത്തിക തലത്തിൽ എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതും വർത്തമാനകാല സംഭവങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്ക് വിധേയപ്പെടുത്തേണ്ടതാണ്.

 തുല്യതയ്ക്കും വിശ്വാസ സ്വീകരണത്തിനും അഭിപ്രായത്തിനും വ്യക്തിസ്വാതന്ത്ര്യം നൽകുകയും അത് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുകയും ചെയ്യുന്നത് വർത്തമാനകാല അനുഭവങ്ങളിൽ നിന്നും ഓരോ പൗരനും ചിന്തിച്ചു തുടങ്ങും വൈദേശികാധിപത്യത്തിന്റെ പുതിയ ഉല് പ്പന്നങ്ങളായി നമ്മൾ നേടിയ സ്വാതന്ത്ര്യം മാറിയോ എന്ന്.നമുക്ക് ലഭിച്ച സ്വാതന്ത്ര്യവും ഭരണഘടന നൽകുന്ന അവകാശങ്ങളും മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിൻമ്മേൽ കൂര കെട്ടി ഉറപ്പിക്കാനുള്ള കയ്യൂക്കായി മാറുന്നെങ്കിൽ സംശയിക്കേണ്ട നാം ഇന്നും അധികാരത്തിന്റെ മേലെങ്കി അണിഞ്ഞ വെള്ളക്കാരന്റെ ജാര സന്തതികൾ തന്നെ. തുല്യതയും ദേശീയതയും ജനാധിപത്യവും മത നിരപേക്ഷതയും ബഹുസ്വരതയും നാനാത്വത്തവും ഒക്കെ ജനാധിപത്യ ബോധമുള്ള ഏതൊരു പൗരന്റെ ഉള്ളിലും നാവിൻ തുമ്പിലും പൗരബോധത്തോടൊപ്പം ഉണരുന്ന ചില കാല്പനിക പദങ്ങളായി മാത്രം മാറുന്ന കാഴ്ച ഈ ജന്മദിനാഘോഷവേളകളിലും നമ്മെ ഏറെ നൊമ്പരപെടുത്തുന്നു.

സ്വാതന്ത്ര്യം എന്നത് ജന്മാവകാശമാണ്.ഈ അവകാശം മറ്റൊരാൾക്ക് തീറെഴുതി കൊടുത്തിട്ട് അവരുടെ ഔദാര്യത്തിൽ ജീവിക്കേണ്ടി വരുന്ന ഗതികേട് ഉയർന്ന ജനാധിപത്യം മൂല്യങ്ങൾ ഉയർത്തുന്നവർക്ക് എന്നും നൊമ്പരങ്ങൾ തന്നെയാണ്. ബഹുസ്വരതയുടെ നാടെന്ന ആഗോള അംഗീകാരം നേടിയെടുക്കുന്ന നമ്മുടെ ഭാരതത്തിൽ വർത്തമാനകാലത്ത് അനുഭവിക്കേണ്ടി വരുന്നതും ഇന്നും തുടർന്നു കൊണ്ട് ഇരിക്കുന്നതുമായ ന്യൂനപക്ഷ പീഡനങ്ങൾ, വംശീയാധിക്ഷേപങ്ങൾ, നിയമപരമല്ലാത്ത കൈയേറ്റങ്ങൾ, തെളിവുകളുടെ പിൻബലമില്ലാതെ ചാർത്തപ്പെട്ട കുറ്റങ്ങൾ ആരോപണ വിധേയമാക്കി ന്യൂനപക്ഷങ്ങളെ വിശ്വാസപ്രചാരകരെ സാമൂഹിക പ്രവർത്തകരെ ജയിൽ അറകളിൽ അടയ്ക്കുന്ന സംഭവങ്ങളും ബഹുഭൂരിപക്ഷങ്ങളുടെ നിയമനിർമ്മാണങ്ങളും ഈ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പുനർവിചിന്തനത്തിന് വിധേയപ്പെടുത്തേണ്ടതാണ്.

ഇന്നു മണിപ്പൂർ പരിഹാരമില്ലാത്ത പൊതു നൊമ്പരമായി നമ്മൾ പേറുന്നു. ഉന്നത നീതിപീഠങ്ങളുടെ വ്യപഹാരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടങ്ങളും, വാതോരാതെ ദേശീയോദ്ഗ്രഥന പല്ലവികൾ നിയമനിർമ്മാണ സഭകളുടെ ചുമരുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ സ്വത്വം നഷ്ടപ്പെട്ട ജനതയുടെ തേങ്ങലുകൾ കഠോര വീചികളായി അവരുടെ കരണങ്ങളിൽ മുഴങ്ങുന്നു. തെല്ലൊരാശ്വാസത്തിനായി അവർ ചെറിയൊരു താരാട്ട് പാട്ട് പാടി ആ ജനതയുടെ കണ്ണുനീരുകൾ ഒപ്പുന്നു. ഇത് പുതിയ ജനാധിപത്യ സംസ്കൃതിയുടെ അപചയ മന്ത്രങ്ങൾ.

സ്വാതന്ത്ര്യം എന്ന ജന്മാവകാശം പാരതന്ത്ര്യം എന്ന കൈവിലങ്ങ് അണിഞ്ഞ് അനുഭവിക്കേണ്ടിവരുന്ന ഗതികേട് പൗരബോധമുള്ള ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഒരു പ്രഹേളികയാണ്. പിറന്ന മണ്ണിൽ നീതി നിഷേധിക്കപ്പെട്ടാൽ സ്വതം നഷ്ടപ്പെട്ട ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അവരുടെ കൈ കാലുകളിൽ വിലങ്ങണിയിച്ചിട്ട് സ്വാതന്ത്ര്യം ആവോളം കുടിക്കൂ എന്ന് ആക്രോശിക്കുന്നവരുടെ നീണ്ട നിര വ്യക്തമായ അജണ്ടകൾ നടപ്പിൽ വരുത്തുന്ന വ്യാജ രാജ്യസ്നേഹികൾ എന്ന പേരിൽ നമ്മുടെ പിറന്ന മണ്ണിൽ ഉയരുന്നു.

 പിറന്ന മണ്ണിന്റെ ജന്മദിനാഘോഷവേളകളിൽ നൊമ്പരം ഇല്ലാതെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഗീതകങ്ങൾ ഉറക്ക പാടാൻ എന്ന്‌ നമുക്ക് കഴിയുമോ ആ പുലരിയിൽ ആയിരിക്കും നാം യഥാർത്ഥ സ്വാതന്ത്ര്യം പ്രാപിച്ചവർ എന്ന് അവകാശപ്പെടാൻ കഴിയുക. സ്വാതന്ത്ര്യം അത് അവകാശമാണ് ഔദാര്യമല്ല. ജോർജ് ഓർവെൽ പറഞ്ഞതുപോലെ “ കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരു കാര്യം പറയാനുള്ള സ്വാതന്ത്ര്യത്തെയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്”. സ്വാതന്ത്ര്യം പാരതന്ത്ര്യമാണെന്ന് ഈ ജന്മദിനം എങ്കിലും നമുക്ക് പറയാതിരിക്കാം.....!.

Advertisement