ഒരു ഫോൺ വിളിയും; ഗുഡ്ന്യൂസിൽ നിന്നൊരു വീടും

റോയ് വാകത്താനം
അരനൂറ്റാണ്ടിലധികം പുതുപ്പള്ളി മണ്ഡലത്തിന്‍റെ ജനപ്രതിനിധിയായിരുന്നു ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയും ബാലജനസഖ്യത്തിലൂടെയുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഉമ്മന്‍ ചാണ്ടി ആദ്യ മത്സരത്തില്‍ വിജയിക്കുമ്പോള്‍ ഞാന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. ആഹ്ലാദപ്രകടനം വീടിനു മുന്നിലുള്ള റോഡിലൂടെ കടന്നുപോയത് ഇന്നും ഓര്‍ക്കുന്നു. നിലവില്‍ ഉണ്ടായിരുന്ന ജനപ്രതിനിധി ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിക്കുന്നത്. ത്രികോണമത്സരം ഒഴിവാക്കി പി.സി. ചെറിയാന്‍ പിന്മാറിയാണ് ചാണ്ടി സാറിനു വിജയം ഒരുക്കിയത്. മനോരമയുടെ ഒന്നാം പേജിലെ തലക്കെട്ട് ഞാന്‍ സ്മരിക്കുന്നു. പുതുപ്പള്ളിയില്‍ മാര്‍ക്സിസ്റ്റ് വിജയം ഒഴിവാക്കുവാന്‍ പി.സി. ചെറിയാന്‍ പിന്മാറി. ആര്‍ക്കും തോല്‍പ്പിക്കുവാന്‍ കഴിയാത്ത വ്യക്തി ബന്ധങ്ങളുടെ ഉടമയായി അദ്ദേഹം വളര്‍ന്നു. 50 വര്‍ഷങ്ങള്‍ ചാണ്ടി സാറിനെ പരാജയപ്പെടുത്താന്‍ നിരവധി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നു. പക്ഷേ, പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് അതിനെയെല്ലാം അതിജീവിച്ചു.
കേരളം കണ്ട ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. രാഷ്ട്രീയ ചാണക്യന്‍ ആയിരുന്ന അദ്ദേഹത്തിന്‍റെ സേവനം വിവിധ വകുപ്പുകള്‍ കടന്ന് മുഖ്യമന്ത്രി പദത്തില്‍ എത്തി. കേരളത്തിന്‍റെ പുരോഗതിയില്‍ എടുത്തു പറയാവുന്ന നിരവധി സംരംഭങ്ങള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. പെന്തെക്കോസ്തു സമൂഹത്തിന്‍റെ അടുത്ത മിത്രം ആയിരുന്നു ഉമ്മന്‍ചാണ്ടി.
കുമ്പനാട് കണ്‍വന്‍ഷന് നിരവധി പ്രാവശ്യം സാന്നിധ്യം കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി. ഹെബ്രോന്‍പുരത്തിന് മുന്നിലൂടെ പോകുമ്പോള്‍ പലപ്പോഴും അദ്ദേഹം ബംഗ്ലാവ് സന്ദര്‍ശിച്ച്, പാസ്റ്റര്‍ ടി. എസ്. എബ്രഹാമിനെ കണ്ട് കുശലപ്രശ്നം നടത്തുമായിരുന്നു. ഇതര പെന്തെക്കോസ്തു സഭകള്‍ക്കും ഇത്തരം സ്മരണകള്‍ പറയുവാന്‍ ഉണ്ടാകും.
ഗുഡ്ന്യൂസ് വീക്കിലുമായി അദ്ദേഹത്തിനു വളരെ അടുപ്പം ഉണ്ടായിരുന്നു. ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ഗുഡ്ന്യൂസ് ഓഫീസിലേക്ക് ഒരു ഫോൺ വിളിയെത്തി. സി.വി. മാത്യു സാറാണ് ഫോൺ അന്റന്റ് ചെയ്തത്. ഇതു ഗുഡ്ന്യൂസല്ലെയെന്ന് തിരക്കി. ഗുഡ്ന്യൂസ് പെന്തെക്കോസ്തുകാർക്കു മാത്രമേ ഭവന സഹായം കൊടുക്കുയുള്ളൂ എന്നാരാഞ്ഞു. ഇതാരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഉമ്മൻ ചാണ്ടിയെന്നു മറുപടി.
ഇതു കേട്ടപാടെ സി.വി. മാത്യു സാറിന് സന്തോഷവും അമ്പരപ്പുമുണ്ടായി. എല്ലാവർക്കും നല്കുമെന്ന് സി.വി. മറുപടി നല്കി. എങ്കിൽ ഞാൻ പറയുന്ന ഒരു പാവപ്പെട്ട വ്യക്തിക്കു വീടു നല്കാമോ എന്ന് ചോദിച്ചു. ഉറപ്പായും നല്കാമെന്നു മറുപടി നല്കി.
അങ്ങനെ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചയാൾക്ക് വീടു വെച്ചു കൊടുക്കുവാൻ ഗുഡ്ന്യൂസിനു കഴിഞ്ഞു.അതൊരു ഹൈന്ദവ സഹോദരനായിരുന്നു.
ചെയര്‍മാന്‍ ആയിരുന്ന വി.എം. മാത്യുസാറും ബാലലോകം ചുമതല വഹിച്ച സുവിശേഷകന്‍ എം.സി. കുര്യനും ഞാനുമൊക്കെ അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.
തന്‍റെ മണ്ഡലത്തിലെ മരണവീടുകള്‍ ഒന്നുപോലും വിട്ടു പോകാതെ താന്‍ സന്ദര്‍ശിക്കുമായിരുന്നു. സ്ഥലത്തില്ലെങ്കില്‍ മടങ്ങിയെത്തുമ്പോള്‍ ആ ഭവനങ്ങളില്‍ താന്‍ പോകുമായിരുന്നു. ഗുഡ്ന്യൂസ് ചെയര്‍മാന്‍ വി.എം. മാത്യു സാര്‍ മരിച്ചപ്പോഴും എന്‍റെ പിതാവ് മരിച്ച സമയത്തും ഭവനം സന്ദര്‍ശിച്ചത് ഞാന്‍ ഓര്‍ക്കുന്നു.
2022 മെയ്മാസം ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ഞാലിയാകുഴി ഐപിസി ശാലേം സഭയിലെ മോനിസാറിന്‍റെ ഭാര്യ മരിച്ചപ്പോള്‍ അതീവ ക്ഷീണിതനായിരുന്നെങ്കിലും പരസഹായത്തോടെ ആ ഭവനത്തിലെത്തി. സംസാരിക്കാന്‍ തൊണ്ടവേദന മൂലം കഴിഞ്ഞില്ല. അദ്ദേഹത്തെ ഞാന്‍ അവസാനം കണ്ടതും ആ മരണവീട്ടിലാണ്.
നമ്മുടെ പെന്തെക്കോസ്തു നേതാക്കള്‍ കണ്ടു പിന്തുടരേണ്ടതായ മാതൃകയാണത്. മുഖ്യകാര്‍മികന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വയം തിരക്കിന്‍റെ കൂട്ടുകെട്ടി കൂട്ടുവേലക്കാരന്‍റെ ശവസംസ്കാരം ബഹിഷ്കരിക്കുന്നവര്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കഴിയുകയില്ല.
എല്ലാവരെയും കരുതുന്ന ഹൃദയത്തിന്‍റെ ഉടമയായിരുന്നു ചാണ്ടി സാര്‍. രാഷ്ട്രീയമോ മതമോ കുടുംബമഹിമയോ താന്‍ നോക്കിയിരുന്നില്ല. ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാനുള്ള കാതുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജനവികാരം മനസ്സിലാക്കാന്‍ കഴിയാത്ത ആധുനിക പെന്തെക്കോസ്തു നേതൃത്വം അത് മനസ്സിലാക്കിയിരുന്നെങ്കില്‍!!.
പെന്തെക്കോസ്തു സമൂഹത്തിന് അഭിമാനമായി വളര്‍ന്ന ഐപിസി തിയോളജിക്കല്‍ സെമിനാരി ചാണ്ടി സാറിന്‍റെ മണ്ഡല്തിന്‍റെ ഭാഗമാണ്. ഒരുവിധത്തില്‍ കോട്ടയം സെമിനാരി ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടിയോടു കടപ്പെട്ടിരിക്കുന്നു. വളരെ ചെറിയ നിലയില്‍ ആരംഭിച്ച സ്ഥാപനത്തിന്‍റെ വളര്‍ച്ച അതിവേഗമായിരുന്നു. സെമിനാരി പ്രവര്‍ത്തകരോടു എന്തെങ്കിലും ആവശ്യമുണ്ടോ എന്നു ചോദിച്ചറിയുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.
ചാണ്ടിസാറിന്‍റെ ജീവിതത്തിലെ അഗ്നിപരീക്ഷണമായിരുന്നു ലൈംഗിക അപവാദച്ചുഴിയില്‍ അദ്ദേഹത്തെ കുടുക്കിയത്. സത്യം ജയിക്കും എന്നു താന്‍ കൂടെക്കൂടെ പറയുമായിരുന്നു. സാമാന്യബോധമുള്ളവര്‍ക്കു ഉള്‍ക്കൊള്ളുവാന്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയാതിരുന്ന അപവാദച്ചുഴിയില്‍നിന്നും വീരപരിവേഷത്തോടെ അദ്ദേഹം പുറത്തുവന്നു. എതിരാളികളെ നശിപ്പിക്കാന്‍ ചെറുകുറുക്കന്മാര്‍ക്കു ഒത്താശചെയ്തു കസേരമത്സരം നടത്തുന്ന നമ്മുടെ സമൂഹത്തില്‍ പടച്ചു വിടുന്ന കഥകള്‍ക്കും അപവാദങ്ങള്‍ക്കും കണക്കുണ്ടോ? സത്യം ജയിക്കും, അതിന് മൂന്ന് ദിവസത്തെ താമസം ഉണ്ടാവുകയുള്ളൂ.
മനോരമ ദിനപത്രത്തില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ക്കു മുമ്പു ഉമ്മന്‍ചാണ്ടിയോടുള്ള ബന്ധത്തില്‍ വന്ന ഒരു നര്‍മ്മം ഓര്‍മ്മയില്‍ നിന്നും പങ്കുവെച്ച് ഈ സ്മരണയ്ക്ക് വിരാമം കുറിക്കുന്നു. റെയ്ഗന്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരിക്കുന്ന കാലം ഒരു പുതുപ്പള്ളി മണ്ഡലവാസി അമേരിക്കയിലേക്ക് കുടിയേറുന്നു. ഒരു ശുപാര്‍ശകത്തിനായി അദ്ദേഹം ഉമ്മന്‍ചാണ്ടിയെ സമീപിച്ചു. ആ കത്തിന്‍റെ ഏകദേശം രൂപം ഇപ്രകാരമാണ്, ബഹുമാനപ്പെട്ട പ്രസിഡണ്ട് റെയ്ഗന്‍, ഈ കത്തുമായി വരുന്ന തോമസ് എന്‍റെ വേണ്ടപ്പെട്ട ആളാണ്. താങ്കളുടെ രാജ്യത്തേക്ക് വളരെ പ്രതീക്ഷയോടെ വരുന്ന ഇദ്ദേഹത്തെ വേണ്ട രീതിയില്‍ സഹായിക്കണം.
മനുഷ്യസമൂഹത്തില്‍ അനേകം വര്‍ഷങ്ങള്‍ക്കിടയില്‍ ജനിക്കുന്ന ചില ജന്മങ്ങളുണ്ട്. സമൂഹത്തില്‍ വലിയ സ്വാധീനവും ജനഹൃദയങ്ങളില്‍ അവിസ്മരണീയമായ ഓര്‍മകളും ഭൂമിയില്‍ അവരുടെ കൈയൊപ്പും ചാര്‍ത്തിയെ അവര്‍ വിടപറയൂ. ആ ഗണത്തില്‍പ്പെടുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടിസാര്‍. ആദരാഞ്ജലികള്‍...
Advertisement