കാനം അച്ചനു യുപിസിയുടെ ആദരം

കാനം അച്ചനു യുപിസിയുടെ ആദരം

മണര്‍കാട്: ആറുപതിറ്റാണ്ടോളം സുവിശേഷപ്രഭാഷണരംഗത്തും ക്രൈസ്തവ സാഹിത്യമേഖലകളിലും നിറസാന്നിധ്യമായി പ്രശോഭിക്കുന്ന കാനം അച്ചനെ കോട്ടയത്തെ ഐക്യപെന്തെക്കോസ്തു കൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്‍ ആദരിച്ചു. 1984 മുതല്‍ യുണൈറ്റഡ് പ്രെയര്‍സെല്‍ ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തുവരുന്ന ഇവാ. പി.ഐ. ഏബ്രഹാം ഐക്യതയുടെ ദര്‍ശനം ദൈവമക്കളിലേക്കു പകരുവാന്‍ ഏറെ പ്രതിജ്ഞാബദ്ധനാണ്. സഭാസംഘടനാഭാരവാഹിത്വം ഒന്നും വഹിക്കാത്ത കാനം അച്ചന്‍ എക്കാലത്തും നിര്‍മ്മലസുവിശേഷത്തിന്‍റെയും പെന്തെക്കോസ്ത് ഉപദേശസത്യങ്ങളുടെയും വക്താവാണ്. 

ആഗസ്റ്റ് 27-ന് മണര്‍കാട് സയോന്‍ അസംബ്ലീസ് ഓഫ് ഗോഡ് ഹാളില്‍ നടന്ന യുപിസി വാര്‍ഷികത്തോടനുബന്ധിച്ചാണ് കാനം അച്ചനെ മെമൊന്‍റോ നല്‍കി ആദരിച്ചത്. യുപിസി ജനറല്‍ കോര്‍ഡിനേറ്റര്‍ ഇവാ. എം.സി. കുര്യന്‍ അധ്യക്ഷനായിരുന്നു. ന്യൂ ഇന്ത്യ ദൈവസഭ സംസ്ഥാനപ്രസിഡന്‍റ് പാസ്റ്റര്‍ ടി.എം. കുരുവിള അനുമോദനപ്രസംഗം നടത്തി. ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപനനാളുകളില്‍ സഭയ്ക്കും വൈപിസിക്കും കാനം അച്ചന്‍ പേരിട്ടതും പാസ്റ്റര്‍ വി.എ. തമ്പിയുടെ ശുശ്രൂഷകള്‍ക്ക് അച്ചന്‍ നല്‍കിയ പ്രോത്സാഹനങ്ങളും പാസ്റ്റര്‍ ടി.എം. കുരുവിള അനുസ്മരിച്ചു.  

കര്‍ത്തൃശുശ്രൂഷകരും വിശ്വാസികളും തന്നോടുകാട്ടുന്ന ആത്മാര്‍ഥ സ്നേഹത്തിനു താന്‍ നന്ദിയുള്ളവനാണെന്ന് പി.ഐ. ഏബ്രഹാം പറഞ്ഞു. എജി മലയാളം ഡിസ്ട്രിക്റ്റ് സുപ്രണ്ട് പാസ്റ്റര്‍ ടി. ജെ. സാമുവേല്‍, പാസ്റ്റര്‍മാരായ കെ. സി. സാമുവേല്‍, എം. ഒ. ഏലിയാസ്, വിന്‍സി ഫിലിപ്പ്, ഫെയ്ത്ത് അടിമത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement