ഒത്തുകൂടലിൽ 'കോട്ടയത്തെ' വർണ്ണാഭമാക്കി കോട്ടയം കൂട്ടായ്മ

ഒത്തുകൂടലിൽ 'കോട്ടയത്തെ' വർണ്ണാഭമാക്കി കോട്ടയം കൂട്ടായ്മ

ഹൂസ്റ്റൺ: ഓർമ്മകളിൽ 'കോട്ടയത്തെ' വർണ്ണാഭമാക്കി കോട്ടയംകാരുടെ ഒത്തുകൂടൽ കൗതുകമായി.

'ഞങ്ങൾ കോട്ടയംകാരാ'ണെന്ന ഗർവ്വം ഒട്ടുമില്ലാതെ തനി നാടൻ കോട്ടയം വിശ്വാസികളായി അവർ ഓർമ്മകളിൽ ചെഞ്ചായം പൂശി.

ഹൂസ്റ്റണിൽ നടക്കുന്ന പിസിനാക് കോൺഫറൻസിനിടെ അമേരിക്കയിലെ കോട്ടയം വിശ്വാസികൾ ഒത്തുകൂടിയപ്പോൾ മറ്റു നാട്ടുകാർക്കും അതു പ്രചോദനമായി.

കോട്ടയം ബിലിവേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച യോഗത്തിൽ കോട്ടയം ജില്ലയിലെ പെന്തെക്കോസ്തു വിശ്വാസികളായ 250 ൽ പരം പേർ പങ്കെടുത്തു.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കോട്ടയംകാർ ഹൂസ്റ്റണിൽ 'കോട്ടയം ജില്ല ' യിൽ കണ്ടുമുട്ടിയപ്പോൾ പലർക്കും അടക്കാനാവാത്ത ആവേശവും സന്തോഷവും ഒപ്പം ദൈവത്തോടുള്ള നന്ദികരേറ്റലുമായി.

ഒട്ടേറെ കാലത്തിനു ശേഷം കണ്ടുമുട്ടിയവർ തമ്മിൽ ആനന്ദാശ്രു പൊഴിച്ച് വിശേഷങ്ങൾ പങ്കിട്ടു.

പ്രായം വരുത്തിയ മാറ്റങ്ങൾ ഏറെയെങ്കിലും കോട്ടയം കൂട്ടായ്മയിൽ പലരും ചെറുപ്പക്കാരായി. ഓർമ്മ പങ്കുവയ്ക്കലിൽ പുതുപ്പള്ളിയും സിഎംഎസ് കോളേജും ഐപിസി ഫിലെദെൽഫിയയും ടാബർനാക്കിലും മുണ്ടക്കയവും പഴയ കാല താലന്തു പരിശോധനകളും യോംഗി ചോ ക്രൂസേഡും തുടങ്ങി പ്രിയപ്പെട്ട നേതാവ് ഉമ്മൻ ചാണ്ടി വരെയും സ്മരണകളിൽ നിറഞ്ഞുനിന്നു.

പാസ്റ്റർ പി.സി ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി.കെ ജോസഫ് പ്രാരംഭ പ്രാർഥന നടത്തി. കുര്യൻ ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഹുസ്റ്റൻ കോൺഫറൻസ് നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുമ്മൂട്ടിൽ ആശംസ അറിയിച്ചു. ബിനോയ്‌ കരുമാങ്കൽ, റ്റിജു തോമസ്, ജോജോ മാത്യു, വെസ്ലി മാത്യു എന്നിവരുടെ ശ്രമമാണ് കൂട്ടായ്മക്കു മാറ്റുകൂട്ടിയത്.  

പാസ്റ്റർ ജേക്കബ് മാത്യു സമാപന സന്ദേശം നൽകി.

ദൈവം നടത്തിയ വിധങ്ങൾ വർണ്ണിച്ചവർ ഒത്തു പാടി ആരാധിച്ച് കൂട്ടായ്മയെ മാധുര്യമാക്കി.

ചിക്കാഗോയിലും കോട്ടയം കൂട്ടായ്മ കൂടാമെന്ന പ്രതീക്ഷകൾ പങ്കിട്ടു അവർ ചരിത്രത്തിൻ്റെ ഭാഗമായി.