വേദനിക്കുന്നവർക്ക് വൈദ്യസഹായവുമായി അമേരിക്കയിൽ നിന്നും ഐസിപിഎഫ് മെഡിക്കൽ ടീം

വേദനിക്കുന്നവർക്ക് വൈദ്യസഹായവുമായി  അമേരിക്കയിൽ നിന്നും ഐസിപിഎഫ് മെഡിക്കൽ  ടീം
അമേരിക്കയിൽ നിന്നുള്ള മെഡിക്കൽ ടീം ഡോ.കെ.മുരളീധർ, പാസ്റ്റർ പി.സി. ജേക്കബ് എന്നിവരോടൊപ്പം

വയനാട് : ഒറ്റപ്പെട്ടവരും വേദനിക്കുന്നവരുമായ മലബാറിലെ ഉൾഗ്രാമങ്ങളിൽ വൈദ്യശുശ്രൂഷ നല്കി അമേരിക്കയിൽ നിന്നും ഐസിപിഎഫിന്റെ മലയാളി മെഡിക്കൽ ടീം. 

വയനാട്, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സൗകര്യങ്ങൾ ഒട്ടുമില്ലാത്ത തിരഞ്ഞെടുത്ത ഉൾഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കാണ് ആശ്വാസമായി ഇവരെത്തിയത്.

ഡോ. കെ. മുരളീധരർ രോഗികളെ പരിശോധിക്കുന്നു 

മലയാളി പെന്തെക്കോസ്തുകാർക്കിടയിൽ സുപരിചിതനായ പാസ്റ്റർ പി.സി. ജേക്കബിന്റെ നേതൃത്വത്തിൽ ഒക്കലഹോമയിൽ നിന്നും ഡോ. ടോണി ജോസഫ് , ഡോ.ഷീബ ജോസഫ് , ഹ്യൂസ്റ്റണിൽ നിന്നും സിസ്റ്റർ സെലിൻ ചാക്കോ ,സിസ്റ്റർ ലിബി ജോൺ, സിസ്റ്റർ മിനി മാത്യു , ഫ്ലോറിഡയിൽ നിന്നും ജേക്കബ് അഞ്ചേരിൽ, സിസ്റ്റർ സൂസൻ അഞ്ചേരിൽ, സിസ്റ്റർ എലിസബെത്ത് അഞ്ചേരിൽ എന്നിവരാണ് രോഗികളെ പരിശോധിക്കുകയും അവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തത്. 

അമേരിക്കയിൽ പ്രശസ്തമായ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉയർന്ന പദവിയിൽ പ്രവർത്തിക്കുന്ന ഇവരിൽ പലരും ഇതൊരു ദൈവീക ശുശ്രൂഷയായി മാത്രം കണ്ടാണ് ദുരിതമനുഭവിക്കുന്നവരുടെയിടയിലെത്തിയത്.

അസൗകര്യങ്ങളുടെ നടുവിൽ ഒരുക്കിക്കൂട്ടിയ ടെന്റുകളുടെ കീഴിൽ രാപകൽ രോഗികളെ ശുശ്രൂഷിച്ചും അവരോട് കൂടുതൽ സംസാരിച്ചും ഇടപഴകിയും ക്യാമ്പിനെ സജീവമാക്കിയ മെഡിക്കൽ ടീമിനെ അതാതു സ്ഥലത്തെ നാട്ടുകാർ കണ്ണിരോടാണ് യാത്രയാക്കിയത്.

പാസ്റ്റർ ജോർജ് പി. ചാക്കോ പ്രസംഗിക്കുന്നു 

അമേരിക്കയിൽ നിന്നും ഈ ശുശ്രൂഷയ്ക്ക് സമർപ്പിതരായവരെ മാത്രം സംഘടിപ്പിച്ച് ടീം ഒരുക്കിയത് ഒക്കലഹോമയിലെ ഐപിസി  ക്രോസ് പോയിന്റ് സഭയിലെ പാസ്റ്റർ പി.സി.ജേക്കബ് ആയിരുന്നു. ഏറെ നാളുകളായുള്ള കഠിന പ്രയത്നത്താലാണ് ടീം സെറ്റു ചെയ്ത് യാത്രാ ക്രമീകരണങ്ങൾ ചെയ്തത്. പാസ്റ്റർ പി.സി. ജേക്കബിന്റെ നേതൃത്വത്തിൽ തുടർവർഷങ്ങളിലും ഏറെ ദുരിതവും പ്രയാസവും മെഡിക്കൽ സൗകര്യമില്ലാത്ത ഉൾഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്താനുള്ള ഒരുക്കത്തിലാണ്.

ഇവർക്കായുള്ള മെഡിക്കൽ സൗകര്യങ്ങളും സൗജന്യ മരുന്നുകളും മറ്റു സഹായങ്ങളും നല്കിയത് ഡോ.മുരളീധരിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ ആനക്കട്ടിയിലെ ബഥനി മെഡിക്കൽ സെന്റർ ആയിരുന്നു.

ഗൂഡല്ലൂരിൽ ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏ.ജി സഭയുടെ ഭാരതത്തിലെ സന്നദ്ധ സംഘടനയായ റേ ഓഫ് ലൗ ഡെവലെപ്പ്മെന്റ് സൊസൈറ്റിയും വയനാട്ടിൽ ട്രൈബൽ മിഷനും ഐസിപിഎഫും സംയുക്തമായാണ് ലോക്കൽ ക്രമീകരണങ്ങൾ ഒരുക്കിയത്.

ന്യൂയോർക്കിൽ നിന്നും ക്രൈസ്റ്റ് ഏജി സീനിയർ ശുശ്രൂഷകൻ റവ.ജോർജ് പി. ചാക്കോ , മിഷൻ ഡയറക്ടർ ജോർജ് ഏബ്രഹാം വാഴയിൽ, ട്രഷറാർ സന്തോഷ് ഏബ്രഹാം , ബോർഡംഗങ്ങളായ പാസ്റ്റർ ജയിംസ് ചാക്കോ റാന്നി, ഷാജൻ ജോൺ ഇടയ്ക്കാട് , സജി മത്തായി കാതേട്ട് എന്നിവരും ഐസിപിഎഫ് മലബാർ മേഖല കോർഡിനേറ്റർ ബോബു ഡാനിയേൽ, നെൽസൻ പി.ജി, ഷിബിൻ വർഗീസ് എന്നിവരും നേതൃത്വം നല്കി.

Advertisement