പുരോഹിതനെ കുത്തിവീഴ്ത്തി; വിശ്വാസികള്‍ക്ക് നേരെയും ആക്രണം

പുരോഹിതനെ കുത്തിവീഴ്ത്തി; വിശ്വാസികള്‍ക്ക് നേരെയും ആക്രണം

സിഡ്‌നിയില്‍ നടന്ന കത്തിയാക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അക്രമി പുരോഹിതന്‍റെ നേര്‍ക്ക് നടന്നു ചെല്ലുന്നതും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുളളത്. സംഭവത്തില്‍ പുരോഹിതന്‍ കൂടാതെ ഒട്ടേറെ പേര്‍ക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവര്‍ ചികില്‍സയിലാണെന്നും ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് കുത്തിക്കുത്ത് നടന്നത്. തിങ്കളാഴ്ച വൈകിട്ട് പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. പള്ളിയിലെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പുരോഹിതനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിക്കുന്നത് കണ്ടതോടെ വിശ്വാസികള്‍ പരിഭ്രാന്തരായി ചിതറിയോടി. ഇതോടെ അക്രമി വിശ്വാസികള്‍ക്ക് നേരെ തിരിയുകയും അവര്‍ക്ക് നേരെയും കത്തിയാക്രമണം നടത്തുകയുമായിരുന്നു. 

സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തതായും പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുദിവസം മുന്‍പാണ് സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ സമാനമായ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറും മുന്‍പേയാണ് സിഡ്‌നിയിലെ ക്രിസ്ത്യന്‍ പള്ളിയിലും ആക്രമണമുണ്ടായത് . ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.