ക്രിസ്മസ് ആരവമില്ലാതെ ബത്ലഹേം
ചാക്കോ കെ.തോമസ് ബാംഗ്ലൂർ
ഡമാസ്കസ്: യേശുപിറന്നുവീണ ബത്‌ലഹേമിൽ, ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കാര്യമായ ക്രിസ്മസ് ആഘോഷങ്ങളില്ല. ക്രിസ്മസിന്റെ തലേദിവസം നടക്കാറുള്ള തിരുപ്പിറവി ആഘോഷങ്ങൾ ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റി ഒഴിവാക്കി. യുദ്ധം ഉടൻ അവസാനിപ്പിക്കണണെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു.
യുദ്ധത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന ഗാസയിലെ പലസ്തീൻകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിറിയയും ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കി. പ്രധാനപള്ളികളിൽ ആഘോഷം മതപരമായ ചടങ്ങുകളിലൊതുങ്ങും. പലസ്തീൻ ജനതയ്ക്കായി പ്രത്യേക പ്രാർഥനയുമുണ്ടാകും. “ഉണ്ണിയേശു പിറന്നുവീണ മണ്ണാണ് പലസ്തീനിലേത്. അവിടെ ജനങ്ങൾ ദുരിതത്തിലാണ്. അതിനാൽ എല്ലാവിധ ക്രിസ്മസ് ആഘോഷങ്ങളും ഞങ്ങൾ ഒഴിവാക്കുന്നു.” അലെപ്പോയിലെ സിറിയാക് കാത്തോലിക് ആർച്ച്ബിഷപ്പ് മോർ ഡിയോനിസിയൂസ് അന്റോയിൻ ഷഹ്ദ പറഞ്ഞു.
പൊതുവേ ക്രിസ്മസ് നാളുകളിൽ കൂറ്റൻ ക്രിസ്മസ് ട്രീയൊരുക്കുകയും പ്രത്യേകചന്ത നടത്തുകയും ചെയ്യുന്ന അസീസിയിലെ തെരവുകുകൾ ഇക്കുറി ഏറെക്കുറെ വിജനമാണ്. സിറിയാക് കാത്തോലിക് ചർച്ച് കൂടാതെ സിറിയയിലെ മൂന്നു പ്രധാന സഭകളായ ഗ്രീക്ക് ഓർത്തഡോക്സും സിറിയാക് ഓർത്തഡോക്സും മെൽകിറ്റ് ഗ്രീക്ക് ഓർത്തഡോക്സും ആഘോഷങ്ങൾ ഒഴിവാക്കി.