ബൈബിൾ പരിഭാഷയിൽ അതുല്യ പങ്കുവഹിച്ച പണ്ഡിത രമാബായി

ബൈബിൾ പരിഭാഷയിൽ അതുല്യ പങ്കുവഹിച്ച പണ്ഡിത രമാബായി

പ്രസിദ്ധ സാമൂഹ്യ ആത്മീയ പരിഷ്കർത്താവ് പണ്ഡിത രമാബായി മരിച്ചിട്ട് ഇന്ന് നൂറ്റൊന്നുവർഷങ്ങൾ തികയുന്നു

സാം കൊണ്ടാഴി

ന്ന് എപ്രിൽ 5 ന് പണ്ഡിത രമാബായി മരിച്ചിട്ട് നൂറ്റൊന്നുവർഷങ്ങൾ തികയുന്നു. ഇന്ത്യയിലെ നിരാലംബരായ അനാഥർക്കും വിധവകൾക്കും അവിവാഹിതരായ അമ്മമാർക്കുമായി ജീവിതം മാറ്റിവെച്ച നവോത്ഥാനനായികയായ അവർ ഒരു ബൈബിൾ പരിഭാഷകയും കൂടി ആയിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ ആത്മീയ പരിഷ്കർത്താവായ അവർ ഇന്ത്യൻ ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിക്കാതെപോയ വനിതാരത്നമാണ്.

പുരോഹിത ബ്രാഹ്മണ ജാതിയിൽപ്പെട്ട മറാത്തി സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് 1858-ൽ പണ്ഡിത രമാബായി ജനിച്ചത്.

സംസ്‌കൃതത്തിലെ പുരാണ വേദഗ്രന്ഥങ്ങൾ വായിച്ച് നന്നെ ചെറുപ്പത്തിൽ തന്നെ രമാബായി പുലർത്തി. 1876-78-ലെ വലിയ ക്ഷാമകാലത്ത് അവളുടെ മാതാപിതാക്കളും സഹോദരിയും പട്ടിണി മൂലം മരിച്ചത് രമാബായിയുടെ മനസ്സിലെ മായാത്ത മുറിപ്പാടായി. പട്ടിണിയിൽ നിന്ന് രക്ഷനേടാനായി എകസഹോദരനോടൊപ്പം വേദഗ്രന്ഥങ്ങൾ വായിച്ച് 4000 മൈലുകൾ കാൽനടയായി കൽക്കട്ടയിലെത്തി. 18000 സംസ്കൃതശ്ലോകങ്ങൾ മനഃപാഠമായി രമാബായി ചൊല്ലുമായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചും പ്രസംഗിക്കുവാൻ ധാരാളം അവസരം ലഭിച്ചു. കൽക്കട്ട സർവകലാശാലയിലെ പണ്ഡിതന്മാർ ‘സരസ്വതി’ എന്ന സ്ഥാനം നൽകിയതോടെ അവർ പണ്ഡിത രമാബായി എന്നറിയപ്പെട്ടു.

1880-ൽ അവളുടെ ഏകസഹോദരനും മരിച്ചു. ലോകത്ത് തനിച്ചായ അവൾ ശൂദ്രജാതിയിൽ നിന്നുള്ള ഒരു അഭിഭാഷകനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൾ ജനിക്കുകയും ഏറെകഴിയുന്നതിനുമുമ്പ് അവളുടെ ഭർത്താവ് മരിക്കുകയും ചെയ്തു. അങ്ങനെ രമാബായി അനാഥയും വിധവയും ഏകാകിയായ അമ്മയുമായി ഒറ്റപ്പെട്ടു. താൻ വിശ്വാസിക്കുന്ന മതത്തിൽ മോക്ഷത്തിനായി സ്ത്രീകളുടെ സ്ഥാനം വളരെ പിന്നിലാണെന്ന് അവരെ കൂടുതൽ നിരാശയാക്കി. 

ബൈബിൾ വായിക്കുവാൻ അവസരം കിട്ടിയപ്പോൾ ശമര്യക്കാരിയായ സ്ത്രീയുടെ കഥ തന്നെ പിടിച്ചുകുലുക്കി. സ്ത്രീകളും ദൈവത്തിൻറെ മുമ്പിൽ തുല്യരെന്ന് ബൈബിൾ പഠനത്തിലൂടെ മനസ്സിലായ അവർ ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി കണ്ടെത്തി.

നിരാലംബരായ അനാഥർക്കും വിധവകൾക്കും അവിവാഹിതരായ അമ്മമാർക്കുമായി അവർ 1889-ൽ മുക്തി മിഷൻ സ്ഥാപിച്ചു.

1905-ൽ 70 പേർ ചേർന്ന് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഇടപ്പെടൽ അവർ അനുഭവിക്കുകയും സാധാരണക്കാരുടെ ഭാഷയിൽ തിരുവെഴുത്തുകൾ ഉണ്ടാകണമെന്ന ഒരു ബോധ്യം ലഭ്യക്കയും ചെയ്തു. അതിനായി അവർ ഹീബ്രു, ഗ്രീക്ക് ഭാഷകൾ പഠിച്ച് ബൈബിൾ പരിഭാഷയ്ക്കായി സമയം മാറ്റിവെച്ചു. അനേകം സംസ്‌കൃത പദങ്ങളുണ്ടായിരുന്ന അന്നത്തെ മറാത്തി ബൈബിൾ സാധാരണക്കാർക്കും സ്‌ത്രീകൾക്കും മനസ്സിലാകുന്ന വിധത്തിൽ വിവർത്തനം ചെയ്‌ത്‌ ജനകീയമാക്കി. വിവർത്തനത്തിന്റെ അന്തിമ പരിശോധന പൂർത്തിയാക്കുന്ന വേളയിൽ 1922-ൽ രമാബായി അന്തരിച്ചു.

ബൈബിൾ പരിഭാഷാ ചരിത്രത്തിൽ ജോൺ വിക്ലിഫ്, മാർട്ടിൻ ലൂഥർ, ടിൻഡെയ്ൽ, കാമറൂൺ ടൗൺസെൻഡ്, വില്യം കേറി എന്നിവരോടൊപ്പം പണ്ഡിത രമാബായിക്കും ഒരു സ്ഥാനമുണ്ട്. സ്ത്രീയെന്ന പരിമിതിയിൽ ഒതുങ്ങികൂടാതെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വന്തം ഭാഷയിൽ ബൈബിൾ നൽകി അവർ നവോത്ഥാനം സൃഷ്ടിച്ചു.