പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയം ഈജിപ്തിൽ

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയം ഈജിപ്തിൽ

കെയ്റോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയമെന്ന പദവി ഈജിപ്തിൽ പണികഴിപ്പിക്കപ്പെട്ട സെന്റ് സൈമൺ ദ ടാണർ എന്ന കോപ്റ്റിക് ദേവാലയത്തിന് സ്വന്തം. രാജ്യ തലസ്ഥാനമായ കെയ്റോയിൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ശ്രദ്ധേയമായ വസ്തുതയെന്ന് പ്രമുഖ കത്തോലിക്ക മാധ്യമമായ 'അലീറ്റിയ' റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ച വിശുദ്ധ ശിമയോന്റെ പേരാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. സബലീനെന്ന് വിളിക്കപ്പെടുന്ന ഒരുകൂട്ടം വരുന്ന മാലിന്യം ശേഖരിച്ച് ഉപജീവനമാർഗ്ഗം നടത്തുന്ന ആളുകളാണ് ദേവാലയം നിർമ്മിച്ചത്.

1969ൽ നഗരത്തിന്റെ മേയർ ഇവരെയെല്ലാം ഒരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. മാലിന്യം ശേഖരിക്കുന്നവരിൽ ഭൂരിപക്ഷവും കോപ്റ്റിക് വിശ്വാസികൾ ആയിരുന്നു. 1975ൽ അവർ തകരവും, ഈറ്റയും ഉപയോഗിച്ച് ഒരു ദേവാലയം നിർമ്മിച്ചെങ്കിലും അത് അഗ്നിയിൽ നശിച്ചുപോയി. അതിൽ മനസ്സുമടുക്കാതെയാണ് സെന്റ് സൈമൺ ദ ടാണർ ദേവാലയ നിർമ്മാണത്തിലേക്ക് അവർ കടക്കുന്നത്. ഒരു ഗുഹയുമായി ബന്ധിപ്പിച്ചാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്.

തന്റെ ജീവിതകാലയളവില്‍ ചെരിപ്പ് നിർമ്മാണം അടക്കം നടത്തിയാണ് ശിമയോൻ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ജോലിക്ക് പോകുന്നതിനു മുന്‍പ് രോഗികളെയും, പ്രായമായവരെയും അദ്ദേഹം ശുശ്രൂഷിക്കുമായിരുന്നു. അതിനാലാണ് മിക്ക ചിത്രങ്ങളിലും ഒരു സഞ്ചിയോ, കൂജയോ പിടിച്ചിരിക്കുന്നതായി വിശുദ്ധനെ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ ആശ്രമ ദേവാലയത്തിൽ വിശുദ്ധ ശിമയോന്റെ തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പാവങ്ങൾക്ക് വെള്ളം നൽകാൻ ഉപയോഗിച്ചിരുന്ന കൂജയും ഇതിൽ ഉൾപ്പെടുന്നു.

Advertisement