കെൻ്റക്കിയിൽ വീണ്ടും 'പെന്തെക്കോസ്ത് '

കെൻ്റക്കിയിൽ വീണ്ടും  'പെന്തെക്കോസ്ത് '

ആനുകാലികം

കെൻ്റക്കിയിൽ വീണ്ടും ഉണർവ്വ്

പാസ്റ്റർ സണ്ണി പി. സാമുവൽ റാസ് അൽ ഖൈമ

വിശ്വപ്രസിദ്ധമായ KFC - യുടെ നാടായ കോർബിനിൽ നിന്നു 137 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നആസ്ബറിയിലെ ഒരു ഇവാജെലിക്കൽബൈബിൾ സെമിനാരിയായ ആസ്ബറി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ശക്തിയേറിയ ഉണർവ്വു പൊട്ടിപുറപ്പെട്ടതായി അവിടെ നിന്നുള്ള വാർത്തകൾ സാക്ഷീകരിക്കുന്നു. വിദ്യാർഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു നൂറുകണക്കിന് ആളുകളാണ് 24/7 പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുയുമായി സെമിനാരിയിലേക്ക് എത്തുന്നത്. 

1600 വിദ്യാർത്ഥികൾ പഠിക്കുന്ന അമേരിക്കയിലെ താരതമ്യേന ചെറിയ ഒരു യൂണിവേഴ്സിറ്റി കോളേജ് ആണ് ആസ്ബറി തിയോളജിക്കൽ സെമിനാരി. 2023 ഫെബ്രുവരി 8 ൹ ബുധനാഴ്ച അവിടെ ഹ്യൂസ് ഓഡിറ്റോറിയത്തിൽ പതിവുപോലെ നടന്ന ഒരു ചാപ്പൽ സർവീസ് അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെയും അദ്ധ്യാപകരെയും ഒപ്പം അനേകം വിശ്വാസികളെയും ഉണർവിൻ്റെ നഭോമണ്ഡലത്തിലേക്കു പിടിച്ചുയർത്തിയ ആത്മീയ മുന്നേറ്റമായി മാറി കൊണ്ടിരിക്കുകയാണ്.

ഫെബ്രുവരി എട്ടാം തീയതിയിലെ ചാപ്പൽ സർവീസ് മറ്റേതൊരു ദിവസത്തെ കൂടിവരവുപോലെ തന്നെ സാധാരണം ആയിരുന്നു. 10:00 ആവുന്നതിന് ചില മിനിറ്റുകൾക്ക് മുമ്പുമുതൽ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്കു വന്നു തുടങ്ങി. നിയമം അനുസരിച്ചു അവർ ഓരോ സെമസ്റ്ററിലും ഒരു നിശ്ചിതഎണ്ണം ചാപ്പൽ സർവീസ് കൂട്ടായ്മകൾ പങ്കെടുക്കേണ്ടതായിട്ടുണ്ട്. അന്നത്തെ ചാപ്പലിൽ റോമാലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൽ നിന്നു 'ഏറ്റുപറച്ചിൽ, അനുതാപം, സ്നേഹം പ്രവർത്തിയിലൂടെ' എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്യംപസിലെ ശുശ്രൂഷകൻ സാൿ മീർക്രീബ്സ് (Zach Meerkreebs) ദൈവവചനശുശ്രൂഷ നടത്തി. ആ പ്രസംഗം വിദ്യാർഥികളെ ആഴത്തിൽ സ്പർശിച്ചു.

ദൈവസ്നേഹം അവർക്കിടയിലേക്ക് പകർന്നു തുടങ്ങി. അവസാനം വ്യക്കിപരമായ ഏറ്റുപറച്ചിലിനും സാക്ഷ്യത്തിനും ശുശ്രൂഷകൻ ആഹ്വാനം ചെയ്തപ്പോൾ ഉണ്ടായ പ്രതികരണം സാധകാത്മകം ആയിരുന്നു. ചാപ്പൽ സർവീസ് കഴിഞ്ഞിട്ടും ഒരുകൂട്ടം വിദ്യാർത്ഥികൾ പിരിഞ്ഞുപോകാതെ ഓഡിറ്റോറിയത്തിൽ തന്നെ തുടർന്നു പ്രാർത്ഥന ആരംഭിച്ചു. അനുതാപവും ഏറ്റുപറച്ചിലും കരച്ചിലും സമർപ്പണവും ഒക്കെയായി ആ കൂട്ടം സമയം ചെലവഴിച്ചു. ഇതറിഞ്ഞു കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ അവരോട് ചേർന്നു. "ഞങ്ങൾ ഞങ്ങളെ അല്ല ക്രിസ്തുവിൻ്റെ നാമത്തെ ഉയർത്തുവാനും സ്തുതിക്കുവാനും സമൂലമായ വിനയഭാവം പുലർത്തുവാനും പരസ്പരം ഉത്സാഹിച്ചു," എന്നാണ് അവർ പറഞ്ഞത്. ഓഡിറ്റോറിയം ഉണർവിലേക്ക് മാറുകയായിരുന്നു.

 

ക്രമേണ ഉണർവിൻ്റെ ചലനം ഓഡിറ്റോറിയത്തിനു പുറത്തേക്കും വ്യാപിച്ചു. 11 മണിക്കുള്ള ക്ലാസിൽ പങ്കെടുക്കുവാനായി പുറത്തിറങ്ങിയ സീനിയർ വിദ്യാർത്ഥിയും ആസ്ബറി കൊളീജിയൻ എന്ന വിദ്യാർത്ഥിപത്രത്തിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ അലെക്സാൺഡ്ര പ്രെസ്റ്റോ അപൂർവമായ ഒരു കാഴ്ച കണ്ടു. പുറത്ത് ഗായകസംഘവും വിദ്യാർത്ഥികളും ക്ലാസിൽ പോകാതെ ആലാപനം തുടരുന്നു. അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. 

തുടർന്ന് സെമിനാരിയിലെ മിക്ക പ്രൊഫെസേഴ്സും ക്ലാസുകൾ നിർത്തിവച്ചു, അസൈൻമെൻറ് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി വച്ചു. കൂടുതൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രാർത്ഥനയിലും കൂട്ടായ്മ സംബന്ധിക്കുവാൻ ഇത് അവസരം നല്കി.

വാർത്ത ഓൺലൈനിൽ പരന്നതോടെ യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി, കംബർലാൻഡ്സ് യൂണിവേഴ്സിറ്റി, പർഡ്യൂ യൂണിവേഴ്സിറ്റി, ഇന്ത്യാന വെസ്ലിയൻ യൂണിവേഴ്സിറ്റി, ഒഹായോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ട്രാൻസിൽവാനിയ യൂണിവേഴ്സിറ്റി, മിഡ്വേ യൂണിവേഴ്സിറ്റി, ലീ യൂണിവേഴ്സിറ്റി, ജോർജ്ജ് ടൗൺ കോളേജ്, മൗണ്ട് വെർനൺ നസറീൻ യൂണിവേഴ്സിറ്റി, തുടങ്ങി വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ആസ്ബറിയിലേക്കു ഒഴുകിയെത്തി. 

കൂടാതെ, സമീപ നഗരമായ ലെക്സിങ്ടണൽ മുതൽ 885 കിലോമീറ്റർ ദൂരെ മിഷിഗണിൽ നിന്നും 710 കിലോമീറ്റർ ദൂരെ സൗത്ത് കരോളിനായിൽ നിന്നും 925 കിലോമീറ്റർ ദൂരെ പെൻസിവാനിയായിൽ നിന്നും വരെ ആളുകൾ യാത്ര ചെയ്തു ഉണർവ്വിൻ്റെ ഭാഗമാകുവാൻ സെമിനാരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. "ആസ്ബറിയിൽ സംഭവിക്കുന്നത് എനിക്ക് പ്രോത്സാഹനം തരുന്നു. കർത്താവ് അവരെ സംരക്ഷിക്കുവാനായി നമുക്ക് പ്രാർത്ഥിക്കാം. എഴുന്നേറ്റു പണിയാം എന്നു ആത്മാവു ആഹ്വാനം ചെയ്യുമ്പോൾ, എഴുന്നേൽക്കുക നശിപ്പിക്കുക മുടിക്കുക എന്നു സാത്താനും പറയുന്നുണ്ട്," ബ്രോഡ്വേ ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്ററും സതേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രൊഫസറുമായ റ്റിം ബ്യൂഗർ "കെൻ്റക്കി റ്റുഡേ" പത്രത്തോടു പറഞ്ഞു. 

വ്യാഴാഴ്ച ആയപ്പോഴേക്കും ഇരിക്കുവാൻ ഇടമില്ലാതെ 1500 സീറ്റിങ് കപ്പാസിറ്റിയുള്ള ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. അതിനാൽ ആൾക്കാർക്ക് നില്ക്കേണ്ടിവന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടർമാനമായി യോഗങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ശനിയാഴ്ച വൈകുന്നേരമായപ്പോഴേക്കും നില്ക്കുവാൻ പോലും ഇടമില്ലാതെ ജനം പുറത്ത് കാത്തു നില്ക്കേണ്ടി വന്നു.

"ആസ്ബറി തിയോളജിക്കൽ സെമിനാരിയിൽ ഞാൻ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കേട്ടപ്പോൾ, അതു നേരിൽ കാണുവാനായി ഞാൻ ചാപ്പലിലേക്ക് പോയി. അവിടെ എത്തിയപ്പോൾ നൂറുകണക്കിന് വിദ്യാർത്ഥികൾ നിശബ്ദമായി പാടുന്നത് ഞാൻ കണ്ടു. അവർ തങ്ങൾക്കും അയൽക്കാർക്കും നമ്മുടെ ലോകത്തിനും വേണ്ടി ആത്മാർത്ഥമായി സ്തോത്രം ചെയ്യുന്നതും പ്രാർത്ഥിക്കുന്നതും കണ്ടു. പാപം ഏറ്റുപറഞ്ഞു അനുതാപത്തോടും താഴ്മയോടു കൂടെ രോഗശാന്തി, ദൈവികസമ്പൂർണ്ണത, സമാധാനം, നീതി എന്നിവയ്ക്കായി മദ്ധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു. ചിലർ തിരുവെഴുത്തുകൾ വായിക്കുകയും മനപ്പാഠം ചൊല്ലുകയും ചെയ്യുന്നു. മറ്റുചിലർ കൈകൾ ഉയർത്തി നില്ക്കുന്നു. നിരവധി പേർ ചെറിയ കൂട്ടങ്ങളായി ഒരുമിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുപേർ ഓഡിറ്റോറിയത്തിന്റെ മുൻവശത്തെ അൾട്ടർ റെയിലിൽ പിടിച്ചു മുട്ടുകുത്തി നില്ക്കുന്നു. ചിലർ സാഷ്ടാംഗം വീണു കിടക്കുന്നു, മറ്റുചിലർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു, അവരുടെ മുഖം സന്തോഷം കൊണ്ട് തിങ്ങിവിളങ്ങുന്നു.ഉച്ചകഴിഞ്ഞ് ഞാൻ പോകുമ്പോഴും വൈകുന്നേരം തിരികെ വരുമ്പോഴും അവർ ആരാധനയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഞാൻ എത്തിയപ്പോഴും അവർ ആരാധനയിൽ മുഴുകിയിരുന്നു-രാവിലെ നൂറുകണക്കിനാളുകൾ വീണ്ടും ഓഡിറ്റോറിയത്തിൽ നിറഞ്ഞു. ഓരോ ദിവസവും നിരവധി വിദ്യാർത്ഥികൾ ചാപ്പലിലേക്ക് ഓടുന്നത് ഞാൻ കണ്ടു." പ്രൊഫെസർ മൿകാളിൻ്റെ സാക്ഷ്യമാണ്ത്.

"ആശ്ചര്യകരമായ ദൈവപ്രവൃത്തിക്കു ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു," എന്നാണ് ആസ്ബറിയിലെ ഒരു പ്രൊഫെസർ ന്യൂസ് മീഡിയയോടു പറഞ്ഞത്. *"ഒരുപക്ഷേ ഇവൻജെലിക്കൽ വിശ്വാസമാർഗ്ഗത്തിൻ്റെ നെരിപ്പോട്ടിലെ കനലിൽ അല്പം തീകൂടെ ബാക്കിയുണ്ടായിരിക്കും. ദൈവം അതിനെ ആളിക്കത്തിക്കട്ടെ," എന്നാണ് ഉണർവ്വിനെ വിലയിരുത്തി ലൂൿ സ്റ്റാംപ്സ് തൻ്റെ നിരൂപണലേഖനത്തിൽ എഴുതിയത്.

ഫെബ്രുവരി 13-നു രാത്രി കെൻ്റക്കി സമയം 9-൹ CBN ന്യൂസ് ആസ്ബറി സീനിയർ വിദ്യാർത്ഥി അലെൿസാൺഡ്ര പ്രെസ്റ്റുമായി നടത്തിയ ഇൻ്റർവ്യൃ ടെലികാസ്റ്റ് അനുസരിച്ചു 120 മണിക്കൂർ നോൺസ്റ്റോപ് മീറ്റിങ്ങാണ് അപ്പോൾ അവിടെ നടന്നുവരുന്നത്. ഇതിനുമുമ്പ് 1970 ൽ 144 മണിക്കൂർ നീണ്ടു നിന്ന ഒരു യോഗവും അചിരേണയുണ്ടായ ഉണർവ്വു ചരിത്രരേഖയാണല്ലോ. 

ഇതിനിടെ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിലുള്ള ലീ യൂണിവേഴ്സിറ്റിയിലും ചാപ്പൽ സർവീസ് സമയം മറ്റൊരു ഉണർവ്വു ആരംഭിച്ചതായി റവ. ഡോ.മിഖായേൽ എച്ച്. യീഗർ ഫെബ്രുവരി 14-നു രാവിലെ പുറത്തുവിട്ട വീഡിയോ സാക്ഷ്യപ്പെടുത്തുന്നു.

കോവിഡനന്തരം അമേരിക്കയേയും മുഴുലോകത്തെ മൊത്തമായും ബാധിച്ചിരിക്കുന്ന ഉൽകണ്ഠയുടെയും, അശാന്തിയുടെയും, സ്വൈര്യക്കേടിൻ്റെയും, ആത്മികമുരടിപ്പിൻ്റെയും ഭൗതിക/സാമ്പത്തികമാന്ദ്യത്തിൻ്റെയും പരിഹാരമായും നഷ്ടം നികത്തലായും ഈ ഉണർവ്വു മാറട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം.

Advertisement