എൽജിബിടി മൂവ്മെന്റിനെ നിരോധിച്ചു റഷ്യ
വാർത്ത : മോൻസി മാമൻ തിരുവനന്തപുരം
മോസ്കോ: എല്‍ജിബിടി മൂവ്മെന്റിനെ തീവ്രവാദികളുടെയും ഭീകരസംഘടനകളുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. എല്‍ജിബിടി പ്രവർത്തകരെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന റഷ്യൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കം.
2023 നവംബറിലായിരുന്നു LGBT മൂവ്മെന്റിനെതിരെ സുപ്രീംകോടതിയുടെ വിധിയുണ്ടായത്.
ഭീകരരായി പ്രഖ്യാപിച്ചവർ ഉള്‍പ്പടെ 14,000-ത്തിലധികം വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനോടകം മരവിപ്പിച്ച Rosfin monitoring എന്ന ഏജൻസിയാണ് പ്രസ്തുത പട്ടിക പരിപാലിക്കുന്നത്. ഈ പട്ടികയില്‍ അല്‍-ഖ്വയ്ദ മുതല്‍ യുഎസ് ടെക് ഭീമനായ മെറ്റയും റഷ്യൻ മുൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവല്‍നിയുടെ കൂട്ടാളികളുമടക്കം ഉള്‍പ്പെടുന്നു. "ഇൻ്റർനാഷണല്‍ എല്‍ജിബിടി സോഷ്യല്‍ മൂവ്‌മെൻ്റിനെയും അതിന്റെ യൂണിറ്റുകളെയും" പട്ടികയില്‍ കൂട്ടിച്ചേർത്തുവെന്നാണ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ RIA റിപ്പോർട്ട് ചെയ്യുന്നത്.
സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ രാജ്യത്തെ സ്വവർഗരതിക്കാർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ പ്രസിഡന്റ് പുടിൻ ഒപ്പുവയ്‌ക്കുകയും ചെയ്തു.